July 03, 2026 |
Share on

ആശമാര്‍ക്കും അങ്കന്‍വാടി വര്‍ക്കര്‍മാര്‍ക്കും ആശ്വാസം

വിദ്യാര്‍ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നു. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം ആയിരം രൂപ കൂട്ടി. സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ദിവസം 25 രൂപ വര്‍ധിപ്പിച്ചു. അങ്കന്‍വാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിച്ചു. സാക്ഷരാത പ്രേരകുമാരുടെ വേതനം 1000 രൂപ കൂട്ടി.

കാരുണ്യ പദ്ധതിക്ക് പുറത്തുള്ള ആളുകള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് രൂപം നല്‍കും. ഇതിനായി 50 കോടി വകയിരുത്തി. 606 കോടി കാരുണ്യ പദ്ധതിക്കായി ചെലവഴിച്ചതായും മന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. കൂടാതെ കാന്‍സര്‍, ക്ഷയം, കുഷ്ഠം, എയ്ഡ്‌സ് രോഗബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ധിപ്പിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയില്‍ തീര്‍പ്പുണ്ടാക്കും. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി. ഇതിനായി 15 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി 266.66 കോടി അധികമായി അനുവദിച്ചു.

ഡിഗ്രി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കും. നിലവില്‍ പ്ലസ് ടു വരെയാണ് സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം. മുഖ്യമന്ത്രിയുടെ ‘കണക്റ്റ് ടു വര്‍ക്ക്’ പദ്ധതിക്ക് 400 കോടി രൂപയും ആഗോള സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിന്റെ അധിക വിഹിതമായി 1000 കോടി രൂപ കൂടി നീക്കി വെയ്ക്കുന്നതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഹരിത കര്‍മ സേനാംഗങ്ങള്‍ക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.

സംസ്ഥാനത്തെ ഓട്ടോറിക്ഷ – ടാക്‌സി തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി. ഇലക്ട്രിക് ഓട്ടോ വാങ്ങുന്ന തൊഴിലാളികള്‍ക്ക് 40,000 രൂപ നല്‍കും. സ്മാര്‍ട്ട് ഓട്ടോ സ്റ്റാന്‍ഡുകള്‍ നിര്‍മിക്കും. ഇതിനായി 20 കോടി വകയിരുത്തി.

സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ 23.37 കോടി രൂപ വകയിരുത്തി. വന്യജീവി ആക്രമണം നേരിടാന്‍ 100 കോടി രൂപ അധികമായി അനുവദിച്ചു.

 കേരളത്തിലെ എല്ലാ പൗരർക്കും നേറ്റിവിറ്റി കാർഡ് ലഭ്യമാക്കുന്നതിനായുള്ള നിയമനിർമാണം നടത്തുമെന്നും ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.

Content Summary: Kerala Budget 2026: relief for Asha and Anganwadi workers

Leave a Reply

Your email address will not be published. Required fields are marked *

×