വൈറ്റ് ഹൗസില്‍ ഇരുന്നും ബിറ്റ് കോയ്ന്‍, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി പലതരം ബിസിനസുകളിലൂടെ കോടികള്‍ ഉണ്ടാക്കുന്നയാളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ആ ട്രംപിനെ വച്ച് കാശുണ്ടാക്കിയൊരു വിരുതന്‍ ഉണ്ടെങ്കിലോ! അത് വേറാരുമല്ല, ട്രംപിന്റെ സ്വകാര്യ ടെലിപ്രോംപ്റ്റര്‍ ഓപ്പറേറ്റര്‍.
അമേരിക്കന്‍ പ്രസിഡന്റ് പ്രസംഗിക്കുമ്പോള്‍ ഏതൊക്കെ വാക്കുകള്‍ പ്രയോഗിക്കും എന്ന് മുന്‍കൂട്ടി പ്രവചിച്ച് ബെറ്റിങ് വിപണിയില്‍ നിന്ന് ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്നാണ് പ്രസിഡന്റിന്റെ സ്വകാര്യ ടെലിപ്രോംപ്റ്റര്‍ ഓപ്പറേറ്റര്‍ക്കെതിരായ പരാതി. യുഎസ് റെഗുലേറ്റര്‍മാര്‍ ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2016 മുതല്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ ടെലിപ്രോംപ്റ്റര്‍ ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുന്ന ഗബ്രിയേല്‍ പെരസ് ആണ് ഗുരുതരമായ ഇന്‍സൈഡര്‍ ട്രേഡിങ് ആരോപണം നേരിടുന്നത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ പൊതുപ്രസംഗങ്ങളുടെ പകര്‍പ്പ് ഔദ്യോഗിക പദവിയിലുള്ള ടെലിപ്രോംപ്റ്റര്‍ ഓപ്പറേറ്റര്‍ക്ക് മുന്‍കൂട്ടി ലഭിക്കും. ഈ സൗകര്യമാണ് പെരസ് അവസരമാക്കിയത്. പ്രസിഡന്റ് പ്രസംഗത്തില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വാക്കുകള്‍ മുന്‍കൂട്ടി അറിയുന്ന ഇയാള്‍ ആ വിവരങ്ങള്‍ ചോര്‍ത്തിയാണ് ബെറ്റിങ് നടത്തിയതെന്നാണ് ആരോപണം. ജനപ്രിയ പ്രവചന വിപണിയായ ‘കല്‍ഷി’യിലെ ‘മെന്‍ഷന്‍ മാര്‍ക്കറ്റുകള്‍’ വഴിയായിരുന്നു ഈ ഇടപാടുകള്‍. കല്‍ഷിയുടെ നിരീക്ഷണ വിഭാഗം ഈ സംശയസ്പദമായ ഇടപാടുകള്‍ കണ്ടെത്തി ഉടന്‍ തന്നെ കമ്മോഡിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡിങ് കമ്മീഷന് (സിഎഫ്ടിസി) റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ കല്‍ഷിയുടെ വിപണി നിരീക്ഷകരും വിദഗ്ദ്ധരും പെരസിന്റെ അക്കൗണ്ട് നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ഒടുവില്‍ കല്‍ഷി ഈ അക്കൗണ്ട് മരവിപ്പിച്ചു. നിയമവിരുദ്ധമായ ഇത്തരം ബെറ്റിംഗിലൂടെ പെരസ് സമ്പാദിച്ച തൊണ്ണൂറായിരം ഡോളറിലധികം (ഏകദേശം 86.64 ലക്ഷം രൂപ) മരവിപ്പിച്ച അകൗണ്ടിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയ വാര്‍ഷിക നയപ്രഖ്യാപന പ്രസംഗം ഉള്‍പ്പെടെയുള്ള പ്രധാന പ്രസംഗങ്ങളിലാണ് പെരസ് വലിയ തുകയ്ക്ക് ബെറ്റിങ് നടത്തിയത്. വിവിധ രാജ്യങ്ങളുടെ പേരുകള്‍, സാമ്പത്തിക പദങ്ങള്‍, ട്രംപിന്റെ പ്രശസ്തമായ പ്രചാരണ മുദ്രാവാക്യങ്ങള്‍ എന്നിവ അദ്ദേഹം പ്രസംഗത്തില്‍ ഉപയോഗിക്കുമോ എന്നതിനെക്കുറിച്ചായിരുന്നു പ്രധാനമായും വാതുവെപ്പുകള്‍ നടന്നത്.
വിഷയം വലിയ വിവാദമായതോടെ ഗബ്രിയേല്‍ പെരസിനെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു. പെരസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവൃത്തി തികച്ചും നിര്‍ഭാഗ്യകരവും ലജ്ജാകരവുമാണെന്ന് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ പെരസ് അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം, അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ സിഎഫ്ടിസി തയ്യാറായിട്ടില്ല.
2016-ല്‍ ട്രംപ് ക്യാമ്പയിന്‍ ഗൂഗിളില്‍ ‘ടെലിപ്രോംപ്റ്റര്‍’ എന്ന് തിരഞ്ഞപ്പോള്‍ യാദൃശ്ചികമായി കണ്ടെത്തിയ ‘വിഐപി പ്രോംപ്റ്റിംഗ്’ എന്ന കമ്പനിയിലൂടെയാണ് പെരസ് ട്രംപിന്റെ ടീമിലെത്തുന്നത്. ഔദ്യോഗിക വിവരങ്ങള്‍ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ച് ബെറ്റിങ് നടത്തുന്നത് കല്‍ഷി കര്‍ശനമായി വിലക്കിയിട്ടുണ്ട്. എങ്കിലും ഇത്തരം മെന്‍ഷന്‍ മാര്‍ക്കറ്റുകള്‍ ഇന്‍സൈഡര്‍ ട്രേഡിങ്ങിന് ദുരുപയോഗം ചെയ്യാന്‍ വലിയ സാധ്യതയുണ്ടെന്ന് മുന്‍പും ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതിനു മുന്‍പും ഇത്തരത്തില്‍ പ്രവചന വിപണി ദുരുപയോഗം ചെയ്ത കേസുകള്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവചന വിപണികള്‍ അതിവേഗം വളരുന്ന സാഹചര്യത്തില്‍, കനത്ത ലാഭം ലക്ഷ്യമിട്ടുള്ള ഇത്തരം കൃത്രിമത്വങ്ങള്‍ വരുംദിവസങ്ങളില്‍ യുഎസ് റെഗുലേറ്റര്‍മാര്‍ക്ക് വലിയ തലവേദനയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Summary; Donald Trump’s long-time teleprompter operator Gabriel Perez is under investigation for allegedly placing prediction market bets using leaked speech details.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.