June 23, 2026 |
Share on

നമ്മുടെ കുട്ടികൾ വീടുകളിൽ എത്രത്തോളം സുരക്ഷിതരാണ്?ഉത്തരം കണക്കുകൾ പറയും

ഓരോ വർഷവും ശരാശരി 1500-ൽ അധികം പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു

വിദ്യാസമ്പന്നമായ ഒരു സമൂഹം എന്ന നിലയിൽ കേരളം അഭിമാനിക്കുമ്പോഴും, നമ്മുടെ കുട്ടികൾക്ക് സുരക്ഷ നൽകേണ്ട കൈകളെയും അതൊരുക്കേണ്ട ചുമരിനെയും നമുക്ക് ചോദ്യം ചെയ്യേണ്ടി വരുന്നു. സ്വന്തം വീട്ടിൽ നമ്മുടെ കുട്ടികൾ എത്രത്തോളം സുരക്ഷിതരാണ്? വീട്, ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം സുരക്ഷിതത്വത്തിന്റെയും സ്നേഹത്തിന്റെയും നല്ലിടമാണ്. നിർഭാഗ്യവശാൽ പലർക്കും അതങ്ങനെയല്ല. ലോകത്തിലെ എല്ലാ വെല്ലുവിളികളിൽ നിന്നും ആശങ്കകളിൽ നിന്നും അവർക്ക് അഭയം നൽകേണ്ടിടത്ത് നിന്ന് തന്നെയാണ് ഇന്ന് നമ്മുടെ കുട്ടികൾക്ക് ഏറ്റവും വലിയ ഭീഷണികൾ നേരിടേണ്ടി വരുന്നത്. സമീപകാല സംഭവങ്ങളും പഠനങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നതും അത് തന്നെയാണ്.

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ 2020 മുതൽ 2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ അതിനുത്തരം തരും. സ്വന്തം വീടുകളിലും സമൂഹത്തിലും നമ്മുടെ കുട്ടികൾ നേരിടുന്ന ഭീഷണികളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ 2024-ൽ (2161 കേസുകൾ) ഉണ്ടായ വർദ്ധന ഞെട്ടിക്കുന്നതാണ്.

2020-മായി താരതമ്യം ചെയ്യുമ്പോൾ ഇത് 73% അധികമാണ്. ഓരോ വർഷവും ശരാശരി 1500-ൽ അധികം പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത്, കുട്ടികളുടെ ലൈംഗിക സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മൾ നേരിടുന്ന പരാജയത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2025 ൽ 9 മാസത്തിനുള്ളിൽ 1500-ൽ അധികം പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Also Read : വടിയും അടിയും ശിക്ഷണമല്ല!വീട്ടകങ്ങളിലും സുരക്ഷയില്ലാതെ കുട്ടികൾ

റിപ്പോർട്ട് ചെയ്യപ്പെട്ട 4294 ആകെ കുറ്റകൃത്യങ്ങളിൽ 2653 കേസുകൾ ശാരീരിക പീഡനം, ഭീഷണിപ്പെടുത്തൽ, മറ്റ് നിയമലംഘനങ്ങൾ എന്നിവ ഉൾപ്പെടുന്നു, അതായത് പകുതിയിലധികം. റിപ്പോർട്ട് ചെയ്യപ്പെടാത്ത എത്രയോ കേസുകൾ ഇതിന് പുറമെ…ഇതിൽ പലതും വീടിനുള്ളിൽ, ബന്ധുക്കളിൽ നിന്നോ അടുത്ത സുഹൃത്തുക്കളിൽ നിന്നോ ഉണ്ടാകുന്ന, അതിക്രമങ്ങളാണ്. കുട്ടികൾക്ക് നേരെ നടക്കുന്ന വൈകാരികവും ശാരീരികവുമായ അവഗണനയുടെയും ദുരുപയോഗത്തിൻ്റെയും നേർചിത്രം ഈ സംഖ്യകൾ വരച്ചു കാട്ടുന്നു. ഓരോ ദിവസവും ശരാശരി 5-ൽ അധികം കുട്ടികൾ കേരളത്തിൽ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു.

അതിന്റെ ഞെട്ടിക്കുന്ന ഒരു ഉദാഹരണമാണ് മഞ്ചേരി അതിവേഗ കോടതി ഈ മാസം ആദ്യം വിധിച്ച കേസ്. മലപ്പുറത്തെ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കൊടിയ പീഡനം നേരിടേണ്ടി വന്നത് സ്വന്തം വീടിനുള്ളിൽ നിന്നായിരുന്നു. പീഡനം നടത്തിയത് രണ്ടാനച്ഛനായിരുന്നെങ്കിൽ അതിനു ഒത്താശ ചെയ്തതാകട്ടെ സ്വന്തം അമ്മയും.

ഈ ക്രൂരതയ്ക്ക് മഞ്ചേരി അതിവേഗ പ്രത്യേക കോടതി വിധിച്ചത് രണ്ടാനച്ഛനും അമ്മയ്ക്കും ചേർന്ന് 180 വർഷം കഠിനതടവാണ്. 2019 മുതല്‍ 2021 വരെയുള്ള കാലയളവിൽ ആ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനമായിരുന്നു. മുറിക്കുള്ളിൽ പൂട്ടിയിട്ട പെൺകുട്ടിയെ ബന്ധുക്കളുടെ സഹായത്തോടെ ചൈൽഡ് ലൈൻ അധികൃതരാണ് രക്ഷപെടുത്തിയത്. കാസര്‍കോട് ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഒരു സ്‌കൂളിലെ പ്രധാന അധ്യാപകനാണ്.

‘എനിക്ക് അമ്മയില്ല കേട്ടോ. എനിക്ക് രണ്ടാനമ്മയാണ് കേട്ടോ. എന്റെ വാപ്പിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. ഉമ്മിയും കൂടി’… മനസിലൊരു വിതുമ്പലോടെയാണ് കേരളം വായിച്ച ഈ കത്ത് ആലപ്പുഴ ആതികുളങ്ങരയിൽ പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും നാലാം ക്ലാസുകാരി നേരിട്ട ദുരനുഭവം വിവരിക്കുന്നതായിരുന്നു.

പലപ്പോഴും കുട്ടികൾക്ക് കൂടുതലും പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത് അവർക്ക് പരിചയമുള്ളവരിൽ നിന്ന് തന്നെയാണ്. കോഴിക്കോട് ബിലാത്തിക്കുളത്ത് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അതിഥി നമ്പൂതിരി അച്ഛനും രണ്ടാനമ്മയും ചേർന്ന് ക്രൂരമായ ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കി കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന വേദന കേരളമിപ്പോഴും പേറുന്നുണ്ട്, അങ്ങനെ എത്രയെത്ര സംഭവങ്ങൾ..

കണ്ണൂരിലെ കുറുമാത്തൂർ പൊക്കുണ്ടിന് സമീപം 2 മാസം പ്രായമുള്ള കുട്ടിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നതും, ഏറ്റവും ഒടുവിലായി കൊച്ചിയിൽ ആണ്‍സുഹൃത്തിന്റെയും അമ്മയുടേയും മര്‍ദനമേൽക്കേണ്ടി വന്ന 12കാരനുമെല്ലാം പുറം ലോകമറിയുന്ന ക്രൂരതകളുടെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. കണ്ടതും കാണാത്തതുമായി എത്രയോ നിരവധി ബാല്യ കൗമാരങ്ങളാണ് ഉറ്റവരുടെ കൈകളിൽ തന്നെ ഇല്ലാതാകുന്നത്.

വീടിൻ്റെ ‘സ്വകാര്യത’ വാദത്തിൻ്റെ മറവിൽ, ഒരു കുട്ടിക്ക് എതിരെ നടക്കുന്ന ലൈംഗികവും ശാരീരികവുമായ പീഡനങ്ങൾ പുറംലോകം അറിയാതിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടിയെ സംരക്ഷിക്കാനായി നൽകിയ കൈകൾ തന്നെ അവരെ മുറിവേൽപ്പിക്കുമ്പോൾ, സഹായത്തിനായി അവർക്ക് പുറത്തേക്കോടാൻ കഴിയില്ല. അവിടെയാണ്, സർക്കാർ സംവിധാനങ്ങൾ രക്ഷയുടെ കവചം അണിയേണ്ടത്. വീട് ഒരു ‘സുരക്ഷിത കോട്ട’ അല്ലാതാകുമ്പോൾ, അയൽക്കാർ, സ്കൂൾ അധികൃതർ, മറ്റ് ബന്ധുക്കൾ എന്നിവർക്ക് സാമൂഹിക ബാധ്യതയുണ്ട്.

ഒരു കുട്ടിയുടെ പെരുമാറ്റത്തിലോ, വസ്ത്രധാരണത്തിലോ, ആരോഗ്യത്തിലോ അസ്വാഭാവികമായ മാറ്റങ്ങൾ കാണുമ്പോൾ അത് ‘കുടുംബകാര്യം’ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാതെ, സംശയം ജാഗ്രതയായി മാറണം. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോക്സോ നിയമം അനുസരിച്ച് റിപ്പോർട്ട് ചെയ്യാനുള്ള നിയമപരമായ ബാധ്യത നമുക്കുണ്ട്.

നമ്മുടെ അന്വേഷണം തുടങ്ങേണ്ടത് ഇരുട്ട് നിറഞ്ഞ തെരുവുകളിൽ നിന്നല്ല, മറിച്ച് സ്നേഹം നിറഞ്ഞതായിരിക്കേണ്ട സ്വന്തം വീടുകളുടെ അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ നിന്നാണ്. കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഓരോ വീടകങ്ങളും നിരീക്ഷണത്തിൽ വരണം. കാലം അത് ആവശ്യപ്പെടുന്നുണ്ട്.

content summary: Domestic violence in childrens; whos is responsible for the safety of children

Leave a Reply

Your email address will not be published. Required fields are marked *

×