ഇറാന്റെ ആണവ-മിസൈല്‍ പദ്ധതികളും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെയും (ഐആര്‍ജിസി) തകര്‍ക്കുക എന്നതായിരുന്നു അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാന ലക്ഷ്യമെന്ന് അവരുടെ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലുപരി, 47 വര്‍ഷമായി രാജ്യം ഭരിക്കുന്ന പുരോഹിത നേതൃത്വത്തെ ജനകീയ പ്രക്ഷോഭത്തിലൂടെ തൂത്തെറിയാനുള്ള വഴിതുറക്കുക എന്നൊരു ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമുണ്ട്. ഇറാനിലെ ജനങ്ങള്‍ക്ക് തങ്ങളുടെതായൊരു ഭരണകൂടത്തെ സൃഷ്ടിക്കാനുള്ള അപൂര്‍വ്വ അവസരമാണെന്നൊക്കെ ട്രംപ് പറയുന്നുണ്ടെങ്കിലും, അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ‘ഭരണമാറ്റം’ ഒരു ആഗ്രഹം മാത്രമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അല്ലാതെ, അത്തരമൊരു നേതൃത്വമാറ്റത്തിനായി കൃത്യമായൊരു പദ്ധതിയൊന്നുമില്ല. ഈയൊരു അവസ്ഥ, നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലേക്കും പ്രവചനാതീതമായ ഫലങ്ങളിലേക്കും നയിച്ചേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഇപ്പോഴത്തെ മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ അനന്തരഫലമായി നാല് പ്രധാന സാഹചര്യങ്ങള്‍ ഇറാനില്‍ സംഭവിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സമാധാനപരമായൊരു ഭരണ മാറ്റം മുതല്‍ രക്തരൂക്ഷിതമായ അരാജകത്വം വരെ ഇറാനില്‍ സംഭവിക്കാനുള്ള സാധ്യതകളാണവ. അതെന്തൊക്കെയാണെന്നു പരിശോധിക്കാം;
വേഗത്തിലുള്ള മാറ്റവും താല്‍ക്കാലിക സര്‍ക്കാരും
അമേരിക്കന്‍-ഇസ്രയേല്‍ നേതൃത്വങ്ങള്‍ സ്വപ്നം കാണുന്ന ഒരു സാഹചര്യമാണിത്. ട്രംപ് ആവശ്യപ്പെട്ടതുപോലെ ഇറാന്റെ സൈന്യവും ഐ.ആര്‍.ജി.സിയും ആയുധം വെച്ച് കീഴടങ്ങുകയും, വിവിധ പ്രതിപക്ഷ ഗ്രൂപ്പുകള്‍ ഒന്നിച്ച് ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുന്നുവെന്നതാണ് ആ സ്വപ്നം. മുന്‍പ് രാജ്യം ഭരിച്ചിരുന്ന ഷായുടെ മകന്‍ റെസ പഹ്ലവി ഈ സര്‍ക്കാരിന്റെ നേതൃത്വത്തിലേക്ക് വന്നേക്കാം. ഈ പുതിയ സര്‍ക്കാര്‍ ഇറാന്റെ ആണവ സാമഗ്രികളും 440 കിലോയോളം വരുന്ന യുറേനിയവും അമേരിക്കയ്ക്ക് കൈമാറുകയും മിസൈല്‍ പരീക്ഷണങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യും. പകരം ഇറാന്റെ എണ്ണവിപണിയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ പങ്കാളിത്തം നല്‍കും.
എന്നാല്‍, ബോംബാക്രമണങ്ങളിലൂടെയും അക്രമത്തിലൂടെയും ഉണ്ടാകുന്ന മാറ്റങ്ങള്‍ ജനാധിപത്യം സൃഷ്ടിക്കാനുള്ള സാധ്യതയില്ലെന്നാണ് ചരിത്രത്തില്‍ നിന്നും വ്യക്തമാകുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പഹ്ലവിയെ പല ഇറാനികളും ഇപ്പോഴും വിശ്വസിക്കുന്നില്ല എന്നതും ഐ.ആര്‍.ജി.സി അത്ര എളുപ്പത്തില്‍ കീഴടങ്ങില്ല എന്നതും ഈ സാധ്യതയുടെ പ്രസക്തി കുറയ്ക്കുന്നു.
മാഡുറോ മാതൃകയിലുള്ള മാറ്റം
വെനിസ്വേലയില്‍ സംഭവിച്ചതുപോലെ ഭരണാധികാരിയെ മാറ്റുകയും എന്നാല്‍ ഭരണകൂട സംവിധാനം നിലനിര്‍ത്തുകയും ചെയ്യുന്ന രീതിയാണിത്. അയത്തുള്ള അലി ഖമേനിയുടെ വധത്തിന് ശേഷം പകരം വരുന്ന ഒരു മിതവാദി നേതൃത്വം അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറായാല്‍ ട്രംപിന് അത് സ്വീകാര്യമായേക്കാം. ഹസന്‍ റൂഹാനിയെപ്പോലെയുള്ള ഒരാളോ അല്ലെങ്കില്‍ ഐ.ആര്‍.ജി.സിയിലെ പ്രായോഗികവാദികളോ അധികാരത്തില്‍ വരികയും ആണവ പദ്ധതിയടക്കമുള്ള കാര്യങ്ങളില്‍ അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കുകയും ചെയ്യുന്ന സാഹചര്യമാണിത്. ഇതിനു പകരമായി സ്വന്തം നാട്ടിലെ എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ ഈ ഭരണകൂടത്തിന് അമേരിക്ക അനുവാദം നല്‍കിയേക്കാം. യുദ്ധം അവസാനിപ്പിക്കാന്‍ ഇരുപക്ഷവും തയ്യാറാകുന്ന ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥയാണിത്.
വെല്ലുവിളികള്‍ അതിജീവിക്കുന്ന ഭരണകൂടം
മറ്റൊരു സാധ്യത, ഇപ്പോഴുള്ള ആക്രമണങ്ങളെ അതിജീവിച്ച് നിലവിലെ ഭരണകൂടം ശക്തമായി തിരിച്ചുവരുന്നതാണ്. ബോംബാക്രമണങ്ങള്‍ക്കിടയിലും ഖമേനിയുടെ അതേ നിലപാടുള്ള മറ്റൊരു കടുത്ത യാഥാസ്ഥിതിക നേതാവിനെ അവര്‍ തിരഞ്ഞെടുത്തേക്കാം. അമേരിക്കയുടെ സൈനിക നടപടി പരിമിത കാലയളവിലേക്ക് മാത്രമാണെന്ന് മനസ്സിലാക്കി ഇവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. ഈ സാഹചര്യത്തില്‍ ഇറാന്‍ തങ്ങളുടെ ആണവ-മിസൈല്‍ പദ്ധതികള്‍ കൂടുതല്‍ രഹസ്യമായി ഭൂഗര്‍ഭ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. നിലവിലുള്ള യുറേനിയം ഉപയോഗിച്ച് ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ഓട്ടത്തിലായിരിക്കും അവര്‍. ഉത്തരകൊറിയയെപ്പോലെ ലോകത്തില്‍ ഒറ്റപ്പെട്ട, എന്നാല്‍ ആണവായുധങ്ങളുള്ള ഒരു ഭീകര ഭരണകൂടമായി ഇറാന്‍ മാറാന്‍ ഇത് കാരണമായേക്കാം.
ആഭ്യന്തര യുദ്ധവും അരാജകത്വവും
ഏറ്റവും മോശമായ സാഹചര്യം ഇറാന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്തുന്നതാണ്. ആഴ്ചകള്‍ നീളുന്ന ബോംബാക്രമണത്തില്‍ ഭരണകൂടത്തിന്റെ കരുത്ത് ചോരുകയും സൈന്യത്തില്‍ ഭിന്നത ഉണ്ടാവുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങും. ഈ അവസരം മുതലെടുത്ത് ഇറാനിലെ വിവിധ വംശീയ ന്യൂനപക്ഷങ്ങള്‍ സ്വയംഭരണത്തിനായി ആയുധമെടുക്കും. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ ആസേരികളും, ഏറ്റവും സംഘടിതരായ കുര്‍ദുകളും തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടും. തെക്കുകിഴക്കന്‍ പ്രവിശ്യയില്‍ ബലൂചി വിഭാഗങ്ങളും സജീവമാകും. ഇതോടെ ഇറാന്റെ അതിര്‍ത്തികള്‍ തകരുകയും അയല്‍രാജ്യങ്ങള്‍ ഈ ബലഹീനത മുതലെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഈ അരാജകത്വത്തിനിടയില്‍ 440 കിലോയോളം വരുന്ന ആണവ സാമഗ്രികള്‍ ആരുടെ കൈവശം എത്തും എന്നത് ലോകത്തിന് വലിയ ഭീഷണിയാകും. ഇത് വിദേശ രാജ്യങ്ങളിലേക്ക് കടത്തപ്പെടാനോ തീവ്രവാദ ഗ്രൂപ്പുകളുടെ കയ്യില്‍ അകപ്പെടാനോ സാധ്യതയുണ്ട്. ഏറ്റവും ഭീകരമായ ഈ സാഹചര്യം തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇറാനിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ എളുപ്പമല്ലെന്നും, സൈനിക നടപടികള്‍ വലിയൊരു മാറ്റത്തിന് വഴിതുറന്നേക്കാമെങ്കിലും അത് സമാധാനത്തിലേക്കാണോ അതോ ഭീകരമായ അരാജകത്വത്തിലേക്കാണോ നയിക്കുക എന്നത് കണ്ടുതന്നെ അറിയണമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
Content Summary; What next for Iran after US- Israel middle east war; peaceful transition to bloody chaos. US-Israel War On Iran
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.