ഇടതുപക്ഷ ആഭ്യന്തര ഭീകര ശൃംഖലയെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള പ്രസിഡൻഷ്യൽ മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തലിനുള്ള ലൈസൻസായി ട്രംപ് ഇതിനെ മാറ്റുമെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചു. ഇത് നിയമപരമായ വലിയ വെല്ലുവിളികൾക്ക് കാരണമായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
സംഘടിത രാഷ്ട്രീയ അക്രമങ്ങളെയും ആഭ്യന്തര ഭീകരവാദത്തെയും തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് എന്ന സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന ശതകോടീശ്വരനായ ജോർജ്ജ് സോറോസും റീഡ് ഹോഫ്മാനും തൻ്റെ ലക്ഷ്യങ്ങളിൽ ഒന്നാണെന്നും മെമ്മോറാണ്ടത്തിൽ ഒപ്പുവെക്കുന്ന വേളയിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
സിവിൽ സമൂഹത്തിനെതിരെ രാഷ്ട്രീയ പ്രേരിതമായ ആക്രമണങ്ങൾ ട്രംപ് ഭരണകൂടം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് നേരത്തെ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ സംഘർഷങ്ങളെ ‘ആഭ്യന്തര ഭീകരവാദം’ എന്ന് തെറ്റായി മുദ്ര കുത്തി ലാഭരഹിത സംഘടനകളെയും പ്രവർത്തകരെയും ലക്ഷ്യമിടാനാണ് ട്രംപിൻ്റെ നീക്കമെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ അംഗം ആരോപിച്ചതായി ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് ലജ്ജാകരവും അപകടകരവുമായ നീക്കമാണെന്നും അവർ കുറ്റപ്പെടുത്തി.
ഭീകരവാദത്തിന് പല ഗ്രൂപ്പുകളും ധനസഹായം നൽകുന്നുണ്ടെന്ന് പറഞ്ഞ ട്രംപ് ഏതൊക്കെ ഗ്രൂപ്പുകളാണ് ഫണ്ട് ചെയ്യുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയില്ല. ഇവർ അരാജകവാദികളാണ്. സമ്പന്നരായ ആളുകളാണ് ഇവരെ നിയമിക്കുന്നത്, അവരിൽ ചിലരെ എനിക്കറിയാം. അവരെ ഉടൻ കണ്ടെത്തും, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ ഈ നീക്കത്തെ ചരിത്രപരവും പ്രധാനപ്പെട്ടതും എന്നാണ് വിശേഷിപ്പിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 10 ന് തീവ്ര വലതുപക്ഷ ചിന്തകനായ ചാർലി കിർക്ക് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ മെമ്മോറണ്ടം വരുന്നത്. കൊലപാതകത്തിന് പിന്നിൽ ഒരു സംഘടിത ഇടതുപക്ഷ ശൃംഖലയാണെന്ന് ട്രംപും അദ്ദേഹത്തിന്റെ അനുയായികളും ആരോപിച്ചിരുന്നു.
ഡാളസിലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് കേന്ദ്രത്തിൽ ബുധനാഴ്ച നടന്ന ആക്രമണവും മെമ്മോറാണ്ടത്തിൽ ഒപ്പുവെക്കാൻ കാരണമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ആക്രമണത്തിൽ ഒരു തടവുകാരൻ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Content Summary: Donald Trump has signed a memorandum aimed at combating and curbing domestic terrorism within the United States
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.