UPDATES

അന്വേഷണ ഏജന്‍സികളെയും പെരുമാറ്റ ചട്ടം പഠിപ്പിക്കൂ

സിബിഐയ്ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി മഹുവ

                       

കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എംപിയുമായ മഹുവ മൊയ്ത്ര മാർച്ച് 25 ഞായറാഴ്ച ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു കത്തെഴുതി സി.ബി.ഐ തന്നെ ഉപദ്രവിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണ ശ്രമങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നു എന്നായിരുന്നു കത്തിലെ ഉള്ളടക്കം. കാഷ് ഫോർ ക്വറി കേസുമായി ബന്ധപ്പെട്ട് സി ബി ഐ മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ പരിശോധന നടത്തി ഒരു ദിവസത്തിന് ശേഷമാണ് കത്തയക്കുന്നത്.

2023 ഡിസംബറിൽ “അധാർമ്മിക പെരുമാറ്റം” ആരോപിച്ച് ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെടുന്നതുവരെ മഹുവ മൊയ്ത്ര കൃഷ്ണനഗർ എംപിയായിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുമ്പോൾ അന്വേഷണം നടത്തുന്നതിന് കേന്ദ്ര ഏജൻസികൾക്ക് അടിയന്തരമായി മാർഗനിർദേശം നൽകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് അയച്ച കത്തിൽ മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.

‘എൻ്റെ പ്രചാരണ ശ്രമങ്ങളെ തടയുന്നതിനായി  “സിബിഐ നടത്തിയ നിയമവിരുദ്ധവും നീതിപൂർവകമല്ലാത്തതുമായ പ്രവൃത്തികൾ” എന്നാണ് കത്തിൽ മഹുവ മൊയ്ത്ര എഴുതിയിരിക്കുന്നത്. എന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ബോധ്യമുണ്ടായിട്ടും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ബോധപൂർവം തുടർച്ചയായി നാല് റെയ്ഡുകൾ നടത്താൻ തീരുമാനിച്ചു. എൻ്റെ പ്രചാരണ പ്രക്രിയയെ തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തത്. സിബിഐ നടത്തിയ തെരച്ചിലിൽ, ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല സിബിഐ വെറുംകൈയോടെയാണ് മടങ്ങിപ്പോയത്’.

ലോക്പാലിൻ്റെ നിർദ്ദേശപ്രകാരം മാർച്ച് 21 ന് മഹുവ മൊയ്ത്രക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് സിബിഐ റെയ്ഡുകൾ നടത്തിയത്.

‘തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ അവസരത്തിൽ, എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തുല്യത ഉറപ്പാക്കാൻ ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ മുമ്പ് സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഞാൻ എടുത്തുപറയാൻ ആഗ്രഹിക്കുന്നു, കേന്ദ്ര ഏജൻസികൾ കേന്ദ്രത്തിൽ അധികാരത്തിലുള്ള പാർട്ടിക്ക് അനുകൂലമായ രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സി.ബി.ഐ ഉപയോഗിച്ചിരിക്കുന്ന സമയവും രീതിയും, അവർ രാഷ്ട്രീയ ആജ്ഞയുടെ താളത്തിനൊത്ത് പ്രവർത്തിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ്, ആരോഗ്യകരമായ ഒരു ജനാധിപത്യത്തിൽ, ഇത്തരം പ്രവർത്തികൾക്ക് ഇടമില്ല. ഓരോ സ്ഥാനാർത്ഥിക്കും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തുല്യവും നീതിയുക്തവുമായ അവസരം ഉണ്ടായിരിക്കണം. അതിനാൽ, ജനാധിപത്യവും തെരഞ്ഞെടുപ്പും, കേവലം പ്രഹസനമല്ലെന്നും വോട്ടർമാരുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കാനുള്ള യഥാർത്ഥ പ്രക്രിയയാണെന്നും ഉറപ്പാക്കാൻ ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും അല്ലെങ്കിൽ ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയും ചെയ്യേണ്ടത് അടിയന്തിരമായി ആവശ്യമാണ്, ‘ എന്നും മഹുവ മൊയ്‌ത്ര തന്റെ കത്തിൽ വിശദമാക്കിയിരിക്കുന്നു.

മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ കാലത്ത് സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക. മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ കാലയളവിൽ സ്ഥാനാർത്ഥികൾ/രാഷ്ട്രീയ പ്രവർത്തകർ/ തുടങ്ങിയ വ്യക്തികൾക്കെതിരെ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കാൻ സി ബി ഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഉചിതമായ ഉത്തരവും നിർദേശവും പുറപ്പെടുവിക്കുക; തുടങ്ങിയ നിർദേശങ്ങളും മഹുവ മൊയ്ത്ര കത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

അതേസമയം, സിബിഐ തെരച്ചിൽ ചോദ്യം ചെയ്തതിന് മഹുവ മൊയ്ത്രയെ ബിജെപി വിമർശിക്കുകയും, സി ബി ഐ അന്വേഷണത്തിൽ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി യാതൊരുവിധ ബന്ധമില്ലെന്ന് വാദിക്കുകയും ചെയ്തു.

‘എംസിസി പ്രാബല്യത്തിൽ വരുമ്പോൾ ഒരു അന്വേഷണ ഏജൻസിയെ അന്വേഷണം നടത്തുന്നതിൽ നിന്ന് തടയുന്ന ഒരു നിയമവുമില്ല. മഹുവ മൊയ്‌ത്രയ്‌ക്കെതിരെ, രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്യുന്ന ഗുരുതരമായ ആരോപണമുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. സിബിഐ അന്വേഷണത്തെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതും രാഷ്ട്രീയ പകപോക്കലായി ഇതിനെ മുദ്രകുത്തുന്നതും അനാവശ്യമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്നതിൽ നിന്ന് തന്നെ തടയുകയാണെന്ന് അവർ കരുതുന്നുവെങ്കിൽ, ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും കോടതി സമീപിക്കാനും മഹുവ മൊയ്ത്രക്ക് പൂർണ്ണ അവകാശമുണ്ട്,’ എന്ന് ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.

മറുവശത്ത് തൃണമൂൽ കോൺഗ്രസ് മഹുവ മൊയ്ത്രയ്‌ക്കൊപ്പം നിൽക്കുകയും ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും ആരോപിച്ചു. പാർലമെൻ്റിൽ പ്രധാനമന്ത്രിക്കും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനുമെതിരെ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, മഹുവ മൊയ്ത്രയെ ഉപദ്രവിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. സിബിഐ തങ്ങളുടെ അധികാരം അവർക്കെതിരെ ഉപയോഗിക്കുന്നു. മഹുവ മൊയ്‌ത്രയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാലും അവർ ജയിലിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുമെന്ന് ടിഎംസി സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍