December 13, 2024 |

നമ്മള്‍ പിന്തിരിഞ്ഞ് നടക്കുകയാണോ…?

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-89

രജീന്ദര്‍ പുരി ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റും മുതിര്‍ന്ന കോളമിസ്റ്റും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട അദ്ദേഹം ദി ഹിന്ദുസ്ഥാന്‍ ടൈംസ്, ദി സ്റ്റേറ്റ്‌സ്മാന്‍ എന്നിവയുടെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു. ഇന്ത്യയിലെ ശക്തനായ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായ രജീന്ദ്രപുരിയുടെ കാര്‍ട്ടൂണുകളെ ബൈറ്റിംഗ് കാര്‍ട്ടൂണുകള്‍ എന്നാണ് പൊതുവില്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ ആദ്യകാല വിമര്‍ശകനും ഇന്ദിര ഗാന്ധിയുടെ കടുത്ത എതിരാളിയുമായിരുന്ന പുരി 1977 ല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ജനതാ പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനവും കാര്‍ട്ടൂണും എറ്റെടുത്തും ശക്തമായി കൊണ്ടുപോയി. ജനതാ പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞുപോയി രൂപം കൊണ്ട ലോക്ദള്‍, ബിജെപി തുടങ്ങിയ പാര്‍ട്ടികളുമായി അദ്ദേഹം പിന്നീട് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1988 ന് ശേഷം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധം സ്ഥാപിക്കാതിരുന്ന അദ്ദേഹം രാഷ്ട്രീയ രംഗം ഉപേക്ഷിച്ചു. 2015 ഫെബ്രുവരി 16-ന് 80-ആം വയസ്സില്‍ ഉറക്കത്തില്‍ രജീന്ദര്‍ പുരി മരിച്ചു.

രാവണന്‍ തട്ടികൊണ്ടുപോയതില്‍ സീതയ്ക്ക് ആശ്വാസമോ…?

1992 ഡിസംബര്‍ 6ന് അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത അവസരത്തില്‍ രാജ്യത്താകമാനം മാധ്യമപ്രവര്‍ത്തകരും കാര്‍ട്ടൂണിസ്റ്റുകളും ശക്തമായി അതിനെ അപലപിച്ചിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മതേതരത്ത്വത്തെ കളങ്കപ്പെടുത്തുന്ന നടപടിയായിരുന്നു അതെന്ന് വ്യാപകമായി സംസാരമുണ്ടായി. അങ്ങനെ അപലപിച്ചവരുടെ കൂട്ടത്തില്‍ കാര്‍ട്ടൂണിസ്റ്റും, എഴുത്തുകാരനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ രജീന്ദ്രപൂരിയും ഉണ്ടായിരുന്നു. ജര്‍ണയില്‍സിങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാനായി 1984 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സേന സുവര്‍ണ്ണക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്നറിയപ്പെടുന്നത്. 1984 ജൂണ്‍ 5-6 തീയതികളിലാണ് ഈ സൈനിക നടപടി നടന്നത്. സുവര്‍ണ ക്ഷേത്രത്തില്‍ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന സിഖ് വിഘടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ നടപടി. സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ പേരില്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടു. ഈ നടപടി സിഖ് സമൂഹത്തില്‍ ഇന്ദിര ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും, 1984 ഒക്ടോബര്‍ 31-നു സ്വന്തം സിഖ് കാവല്‍ക്കാരുടെ വെടിയേറ്റുള്ള അവരുടെ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു.

രജീന്ദ്രപുരി അക്കാലത്ത് ദി സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിലായിരുന്നു കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. അദ്ദേഹം ഡിസംബര്‍ ഒമ്പതാം തീയതി ദി സ്റ്റേറ്റ്‌സ്മാനില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. ഇന്ത്യയിലെ മനുഷ്യര്‍ പ്രാചീന കാലത്തേക്ക് പോകുന്നതായിട്ടാണ് അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചത്. ഒരു ഡയലോഗും ഇല്ലാതെ വരച്ച ശക്തമായ കാര്‍ട്ടൂണ്‍. 1984ലെ സുവര്‍ണ ക്ഷേത്ര സൈനിക നടപടിയും, 1992ലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെയും വിഷയമാക്കി മനുഷ്യന്റെ പ്രാകൃത രൂപത്തിലേക്ക് പോകുന്നതുമായി അദ്ദേഹം ഇന്ത്യന്‍ എവല്യൂഷന്‍ എന്ന തലക്കെട്ടില്‍ ചിത്രീകരിച്ചത് അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായ കാര്‍ട്ടൂണാണ്. വര്‍ത്തമാന കാലത്തും ഈ കാര്‍ട്ടൂണ്‍ പ്രസക്തമാണെന്ന് നമുക്ക് വിലയിരുത്താം. കാരണം ഈ നിശബ്ദ കാര്‍ട്ടൂണ്‍ തന്നെ സാക്ഷിയാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി സ്റ്റേറ്റ്‌സ്മാന്‍

 

×