UPDATES

ഫിനാന്‍സ്/ ബിസിനസ്‌

ബൈജൂസിലെ കസേര ഉറപ്പിക്കാന്‍ ബൈജു രവീന്ദ്രന്‍

സിഇഒ സ്ഥാനത്ത് നിന്നും അര്‍ജുന്‍ മോഹന്‍ പടിയിറങ്ങി

                       

ബൈജൂസിന്റെ സിഇഒ അർജുൻ മോഹൻ തന്റെ സ്ഥാനം രാജി വച്ചു. ചുമതലയേറ്റ് ആറ് മാസത്തിനുള്ളിലാണ് അർജുനന്റെ രാജി. ബൈജൂസിന്റെ ദൈനംദിന ഉത്തരവാദിത്തങ്ങൾ ബൈജു രവീന്ദ്രന്റെ ഉത്തരവാദിത്തത്തിൽ പുനരാരംഭിച്ചതായി കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. അർജുൻ മോഹൻ ഇനി മുതൽ ബാഹ്യ ഉപദേശകൻ മാത്രമായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യൂക്കേഷണൽ ടെക് സ്റ്റാർട്ടപ്പ് എന്ന വിശേഷണം പേറി ആഗോള തലത്തിൽ ഖ്യാതി നേടിയ സ്ഥാപനമാണ് ബൈജൂസ്‌. ഏപ്രിൽ 15 -നാണ് അർജുൻ മോഹൻ സി ഇ ഓ സ്ഥാനമൊഴിഞ്ഞത്. തകർച്ചയുടെ വക്കോളം എത്തിനിൽക്കുന്ന കമ്പനിയെ തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ 2023 സെപ്റ്റംബർ 20 നാണ് അർജുൻ ബൈജൂസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനമേൽക്കുന്നത്.

ബിസിനസ് കുറഞ്ഞതിനാൽ ബൈജു രവീന്ദ്രൻ കൂടുതൽ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുമെന്നും മറ്റ് അവസരങ്ങൾ തേടിയാണ് താൻ ഇറങ്ങുന്നതെന്നും അർജുൻ മോഹൻ മണികൺട്രോളിനോട് വ്യക്തമാക്കിയിരുന്നു. നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബൈജു രവീന്ദ്രൻ വീണ്ടും നായകസ്ഥാനത്ത് തിരിച്ചെത്തുന്നത്.

“വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ ബൈജൂസ്‌ എന്ന സ്ഥാപനത്തെ നയിക്കാൻ അർജുൻ കഠിനമായി പ്രവർത്തിച്ചിട്ടുണ്ടെന്നും, അർജുന്റെ സേവനങ്ങൾക്ക് തങ്ങൾ നന്ദിയുള്ളവരാണെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു. കൂടാതെ ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ അദ്ദേഹത്തിൻ്റെ തുടർ സംഭാവനകൾ ബൈജൂസിന് ആവശ്യമുണ്ടെന്നും ബൈജു രവീന്ദ്രൻ കൂട്ടിച്ചേർത്തു.

ബൈജൂസിന്റെ മുൻ സി ഇ ഓ ആയിരുന്ന മൃണാൾ മോഹിന് പകരക്കാരനായാണ് അർജുൻ മോഹൻ ചുമതലയേറ്റത്. ലേണിംഗ് ആപ്പ്, ഓൺലൈൻ ക്ലാസുകൾ & ട്യൂഷൻ സെൻ്ററുകൾ, ടെസ്റ്റ്-പ്രെപ്പ് എന്നിങ്ങനെ മൂന്ന് കേന്ദ്രീകൃത ഡിവിഷനുകളായി കമ്പനി അതിൻ്റെ പ്രവർത്തനങ്ങൾ ഏകീകരിച്ച സമയത്താണ് അർജുൻ സ്ഥാനമേൽക്കുന്നത്.

2023 സെപ്റ്റംബറിലാണ്, ‘ബൈജൂസ്‌ 2.0’ എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ നേതൃമാറ്റം കൊണ്ടുവന്നത്. പുതിയ മാറ്റം ‘ബൈജൂസ്‌ 3.0 യുടെ ഭാഗമാണ്.
യഥാർത്ഥത്തിൽ, അർജുൻ മോഹനൻ്റെ പ്രധാന ജോലികളിലൊന്ന് കമ്പനിയെ പുനഃസംഘടിപ്പിക്കുകയും അംഗബലം കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു. ബൈജൂസിലെ 4,000 മുതൽ 5,000 വരെ ജോലികൾ ഇല്ലാതാക്കുന്നതിലേക്ക് നയിച്ച ഒരു വലിയ പുനർനിർമ്മാണ പ്രവർത്തനങ്ങൾ സി ഇ ഓ സ്ഥാനമേറ്റതിന് പിന്നാലെ അർജുൻ മോഹൻ നടപ്പിലാക്കാകുകയും ചെയ്തിരുന്നു. ചെലവ് വെട്ടിക്കുറയ്ക്കലിനൊപ്പം നിലവിലെ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളായിരുന്നു അർജുൻ ലക്ഷ്യം വച്ചിരുന്നത്.

കരാർ ജീവനക്കാർ ഉൾപ്പെടെ 19,000-ത്തിലധികം ജീവനക്കാർ 2023 ഓഗസ്റ്റ് അവസാനം വരെയുണ്ടായിരുന്നു. പിരിച്ചുവിടൽ നടപടികൾ പൂർത്തിയായപ്പോൾ, മുഴുവൻ ജീവനക്കാരുടെ എണ്ണം 15,000 ആയി കുറഞ്ഞിരുന്നു. 2021 നവംബറിൽ യുഎസിൽ നിന്ന് സമാഹരിച്ച 1.2 ബില്യൺ ഡോളറിന്റെ ടേം ലോൺ ബിയുടെ കടം നൽകിയവർക്കെതിരെ ബൈജൂസ് കേസ് ഫയൽ ചെയ്ത സമയത്താണ് ചിലവ് കുറക്കുന്നതിനായുള്ള ഈ നടപടികൾ വരുന്നത്. 2020-2021 ലെ കണക്കുകൾ പ്രകാരം കമ്പനിക്ക് 4,588 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു ബില്യൺ ഡോളർ സമാഹരിക്കാൻ സാധ്യതയുള്ള പുതിയ ഓഹരി ഉടമകളുമായി ബൈജു രവീന്ദ്രൻ അന്ന് ചർച്ച നടത്തുകയും ചെയ്തിരുന്നു.

ബൈജൂസിന്റെ നാല് നിക്ഷേപകർ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻ സി എൽ ടി) സമീപിച്ചതിനാൽ കമ്പനി നിക്ഷേപകരുമായി നിയമ പോരാട്ടത്തിലാണ്. അടിച്ചമർത്തലും കെടുകാര്യസ്ഥതയും ആരോപിച്ച് നിക്ഷേപകർ ഫയൽ ചെയ്ത നിയമപരമായ കേസ് പരിഹരിക്കപ്പെടുന്നതുവരെ എൻസിഎൽടി കമ്പനിക്ക് റൈറ്സ് ഇഷ്യൂവിൽ (ഒരു കമ്പനി അതിൻ്റെ നിലവിലുള്ള ഓഹരി ഉടമകൾക്ക് അവരുടെ പഴയ ഓഹരികൾ കൈവശം വയ്ക്കുന്നതിന് ആനുപാതികമായി പ്രത്യേക വിലയ്ക്ക് വാഗ്ദാനം ചെയ്യുന്ന ഓഹരികളുടെ ഒരു ഇഷ്യു.) നിന്ന് ലഭിച്ച ഫണ്ട് എസ്‌ക്രോ അക്കൗണ്ടിൽ കൈവശം വയ്ക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

ട്യൂട്ടർവിസ്ത, മാത്ത് അഡ്വഞ്ചേഴ്സ്, ഒസ്മോ, വൈറ്റ്ഹാറ്റ് ജൂനിയർ, ലാബിൻ ആപ്പ്, സ്‌കോളർ, ഹാഷ്ലേൺ, ആകാശ് എജ്യൂക്കേഷൻ സർവീസസ്, എപിക്, ഗ്രേറ്റ് ലേണിംഗ്, ഗ്രേഡപ്പ്, ടിങ്കർ, ജിയോജിബ്ര തുടങ്ങിയവയാണ് ബൈജൂസ് ഏറ്റെടുത്ത പ്രമുഖ കമ്പനികൾ. ഈ കമ്പനികൾ ഉൾപ്പടെ നിക്ഷേപം നടത്തിയ മറ്റു കമ്പനികളും വിറ്റഴിച്ചും കട ബാധ്യത കുറക്കുന്നതിനും ബൈജൂസ് നടപടിയെടുത്തിരുന്നു. അമേരിക്കൻ വായ്പാദാതാക്കളിൽ നിന്നെടുത്ത മുതലും പലിശയും തീർക്കുക എന്നതായിരുന്നു ഈ വിറ്റഴിക്കലിന്റെ പ്രധാന ഉദ്ദേശ്യം. 120 കോടി ഡോളറിന്റെ (ഏകദേശം 9,800 കോടി രൂപ)ബാധ്യതയായിരുന്നു ബൈജൂസിനുണ്ടായിരുന്നത്.

Share on

മറ്റുവാര്‍ത്തകള്‍