UPDATES

ഉത്തരകാലം

ലീഗിന്റെ പൊന്നാനി കോട്ട

മണ്ഡലപര്യടനം

                       

കേരളത്തിലെ മുസ്ലിം ലീഗിന്റെ ശക്തമായ കോട്ടയാണ് പൊന്നാനി പാര്‍ലമെന്റ് നിയോജക മണ്ഡലം. കോണ്‍ഗ്രസിന് 1952 നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മാത്രമാണ് പാര്‍ലമെന്റിലേക്ക് ജയിച്ചു കേറുവാന്‍ സാധിച്ചത്. വെല്ല ഇച്ചരനായിരുന്നു അന്ന് കോണ്‍ഗ്രസിന് വേണ്ടി പൊന്നാനിയില്‍ നിന്ന് ജയിച്ചത്. 1952ലെ രണ്ടാമത് തിരഞ്ഞെടുപ്പില്‍ കേരള ഗാന്ധി എന്ന് വിശേഷണമുള്ള കെ കേളപ്പന്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി പ്രതിനിധിയായി പൊന്നാനിയില്‍ നിന്ന് ജയിച്ചിട്ടുണ്ട്. ഗുരുവായൂര്‍ സത്യാഗ്രഹത്തിലും, വൈക്കം സത്യാഗ്രഹത്തിലും പ്രധാന പങ്കാളിയായിരുന്ന അദ്ദേഹത്തിന് മാത്യഭൂമി പത്രം തുടങ്ങുന്നതില്‍ പ്രധാന പങ്കുണ്ട്. കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം 1962 ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇ കെ ഇബിച്ചി ബാബയും, 1967 ല്‍ ചക്രപാണിയും 1971ല്‍ എം കെ കൃഷ്ണനും വിജയം കണ്ടു.

മണ്ഡലത്തിന്റെ പുനര്‍നിര്‍ണയത്തിന് ശേഷം 1977 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗിലാണ് പൊന്നാനിയില്‍ വിജയിച്ചിട്ടുള്ളത് എന്നത് എടുത്തു പറയണം. ഇക്കാലയളവില്‍ ബനാത്ത് വാല, ഇബ്രാഹിം സുലൈമാന്‍ സേഠ്, ഇ. ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് മണ്ഡലത്തിന്റെ പ്രതിനിധിയായി വന്നിട്ടുള്ളത്. മലയാളി അല്ലാത്ത ബനാത്ത്‌വാല 1977, 1980, 1984, 1989 തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് മുസ്ലിം ലീഗിന്റെ പേര് പറഞ്ഞാണ്. മണ്ഡലത്തില്‍ മുസ്ലിം ലീഗിന് അത്രയ്ക്ക് സ്വാധീനമുണ്ട്. 2004ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനിക്കു കീഴിലായിരുന്നു. മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങള്‍ പൊന്നാനിയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു.

കഴിഞ്ഞ മൂന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ ഇ. ടി. മുഹമ്മദ് ബഷീര്‍ ആയിരുന്നു പൊന്നാനിയുടെ പ്രതിനിധി. ഇത്തവണ മുസ്ലിം ലീഗിന്റെ അബ്ദുല്‍ സമദ് സമദാനിയാണ് മത്സരിക്കുന്നത്. മുസ്ലിം ലീഗിന്റെ തന്നെ സജീവ പ്രവര്‍ത്തകനും നേതാവുമായിരുന്ന കെ എസ് ഹംസ ലീഗ് ഉപേക്ഷിച്ച് സിപിഎമ്മില്‍ വന്ന് സിപിഎമ്മിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തന്നെയാണ് മത്സരിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി ഇരുന്നൂറ്റി എഴുപത്തി മൂന്ന് (1,93,273) വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. അന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായ പി വി അന്‍വര്‍ പരാജയപ്പെടുകയും ചെയ്തു.

പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും 2019ല്‍ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. എന്നാല്‍ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി, തിരൂര്‍, കോട്ടക്കല്‍ എന്നീ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് ജയിക്കാന്‍ സാധിച്ചത്. മൂന്നിടത്തും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളായിരുന്നു ജയിച്ചുവന്നത്. ശേഷിച്ച നാല് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് വിജയിക്കാന്‍ സാധിച്ചത്. തൃത്താല, പൊന്നാനി, തവനൂര്‍, താനൂര്‍ എന്നീ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയം കൊയ്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പവും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാലങ്ങളായി യുഡിഎഫിനെപ്പവുമാണ് പൊന്നാനി. ഇവിടെ നിവേദിതയാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുള്ളത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വി. ടി രമ പിടിച്ച ഒരുലക്ഷത്തിലേറെ വോട്ടിനെ മറികടക്കാനുള്ള ശ്രമത്തിലാണവര്‍.

Share on

മറ്റുവാര്‍ത്തകള്‍