UPDATES

അദാനി വിചാരിച്ചാൽ ഇരിപ്പിടങ്ങൾ മാത്രമേ നശിപ്പിക്കാൻ സാധിക്കു, നിശ്ചയദാർഢ്യത്തിനും കൂട്ടായ്മക്കും കോട്ടം വരുത്താൻ സാധിക്കില്ല

ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ അവഗണിച്ചാണ് ഇവിടെ ഖനനം തുടരുന്നത്

                       

ഛത്തീസ്ഗഡ് സുർഗുജ ജില്ലയിലെ ഹരിഹർപൂർ ഗ്രാമത്തിൽ, ഹസ്ദിയോ വനം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിഷേധങ്ങൾ രണ്ട് വർഷത്തിലേറെയായി ഊർജ്ജിതമായി തുടർന്നു വരികയാണ്. പ്രതിഷേധക്കാരുടെ ഇരിപ്പിടങ്ങൾ തീയിട്ടു നശിപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ. എന്നാൽ സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങൾക്ക് തടയിടുന്നതിനും പ്രതിഷേധക്കാരെ പിരിച്ചു വിടാനും വേണ്ടി ബോധപൂർവം തീയിട്ടതായാണ് ഇവർ ആരോപിക്കുന്നത്. 750 ദിവസത്തിലധികമായി തുടരുന്ന പ്രതിഷേധം, വനത്തിൻ്റെ ജൈവവൈവിധ്യം, തദ്ദേശീയമായ ഭൂമി, ജലസ്രോതസ്സുകൾ, പ്രാദേശിക പരിസ്ഥിതി, ആദിവാസി സമൂഹത്തിൻ്റെ സാംസ്കാരിക പൈതൃകം എന്നിവ സംരക്ഷിക്കാൻ ശ്രമിക്കുന്നതിന് വേണ്ടിയുള്ളതാണ്.

അദാനിയുടെ സ്വാധീനത്താൽ ഞങ്ങളുടെ പ്രസ്ഥാനത്തെ  തകർക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ കാണുന്നത്. ഞങ്ങളുടെ പ്രസ്ഥാനത്തെ തകർക്കാൻ അദാനിയുടെ കമ്പനിയോ ഭരണകൂടമോ ശ്രമിക്കുന്നത് വിഫലമാണ്. അവർ വിചാരിച്ചാൽ ഞങ്ങളുടെ സ്ഥലത്തിന് തീയിടാൻ മാത്രമേ സാധിക്കു. പക്ഷെ ഞങ്ങളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിനും കൂട്ടായ്മക്കും കോട്ടം വരുത്താൻ സാധിക്കില്ല. ഹരിഹർപൂർ നിവാസിയും പ്രതിഷേധ സംഘത്തിൽ അംഗവുമായ ഒരു വ്യക്തി പറയുന്നു.’

പ്രതിഷേധക്കാർക്ക് ഇരിപ്പിടം മുഴുവനും തീയിട്ട് നശിപ്പിച്ചു ഞങ്ങളുടെ പ്രവർത്തനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഇത്തരം ശ്രമങ്ങളെ ഞങ്ങൾ ഓരോരുത്തരും ശക്തമായി അപലപിക്കുന്നു. ഇതെല്ലാവർക്കും സങ്കടമുളവാക്കുന്ന കാര്യമാണ്. ഞങ്ങൾ ഞങ്ങളുടെ ഗ്രാമങ്ങളെയും വനത്തെയും ഒപ്പം നമ്മുടെ മുഴുവൻ പൈതൃകത്തെയും സംരക്ഷിക്കാൻ പോരാടുകയാണ്, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹസ്ദിയോ ഫോറസ്റ്റ് കൽക്കരി ഖനന പ്രതിഷേധം

ഛത്തിസ്ഗഢിലെ കോർബ, സൂരജ്പൂർ, സുർഗുജ എന്നീ മൂന്ന് ജില്ലകളിലായി ഒരു ലക്ഷത്തി എഴുപതിനായിരം ഏക്കറിൽ പരന്നു കിടക്കുന്ന കാടാണ് ഹസ്ദിയോ. നാനൂറിലേറെ തരം സസ്യങ്ങൾക്കും ജീവികൾക്കുമൊപ്പം ആദിവാസി ജനത കാലങ്ങളായി ജീവിച്ചു പോരുന്ന ഇടമാണ്. പത്തുവർഷത്തിലേറെയായി ഈ കാടിന്റെ പല ഭാഗങ്ങളും കൽക്കരി ഖനനത്തിനായി സ്വകാര്യ കമ്പനികൾക്ക് വിട്ട് നൽകിയിരിക്കുകയാണ് ഛത്തിസ്ഗഢ് സർക്കാർ. ഖനനത്തിന്റെ പേരിൽ ഫെബ്രുവരി 7 ന് ഛത്തിസ്ഗഢ് നിയമസഭയിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കൽക്കരി ഖനന പദ്ധതിക്ക് വേണ്ടി 2023 ഡിസംബർ 21 ന് ഹസ്ദിയോ-ആരണ്ട് വനങ്ങളിലെ 15,000 മരങ്ങൾ മുറിച്ചതിനെതിരെ കോൺഗ്രസ് നിയമസഭാംഗങ്ങൾ പ്രതിഷേധിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു.

13 വർഷമായി ഖനനത്തിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. അടുത്തിടെ, പാർസ ഈസ്റ്റ്, കെറ്റെ ബസാൻ ബ്ലോക്കുകളിൽ കൽക്കരി ഖനനത്തിൻ്റെ രണ്ടാം ഘട്ടത്തിനായി 137 ഹെക്ടറിൽ കൂടുതൽ മരങ്ങൾ മുറിച്ചിരുന്നു. 2012 മുതൽ 15,000-ലധികം മരങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെന്നും 399,000 മരങ്ങൾ ഇനിയും കൽക്കരി ഖനനത്തിനായി മുറിക്കേണ്ടിവരുമെന്നും പ്രവർത്തകർ പറയുന്നു. സർക്കാരിന്റെ ഈ തീരുമാനം പ്രദേശത്ത് താമസിക്കുന്ന സസ്യജന്തുജാലങ്ങളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും വിദഗ്ദ്ധരും ആശങ്ക അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിന് കീഴിലുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പഠനം പ്രകാരം ഈ മേഖലയിൽ ഖനനം തുടർന്നാൽ വെള്ളപ്പൊക്കമുൾപ്പടെ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് ഇവിടെ ഖനനം തുടരുന്നത്.

രണ്ട് പതിറ്റാണ്ടിലേറെയായി ഛത്തീസ്ഗഡിനെ 15 വർഷത്തോളം ബിജെപി നയിച്ചു. എന്നിരുന്നാലും, തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളെ ബിജെപിയോ കോൺഗ്രസോ മാനിക്കുന്നില്ലെന്ന് ഹസ്ദിയോയിലെ ആദിവാസികൾ വാദിക്കുന്നു.

കാടുമായി ഇടചേർന്ന് കിടക്കുന്നതാണ് ആദിവാസികൾക്ക് ജീവിതം. ഇവിടെ നിന്നും കുടിയൊഴിക്കപ്പെടുന്നത് നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നു. വനത്തിനുള്ളിൽ ഖനന പ്രവർത്തനങ്ങൾക്ക് ഗ്രാമഭസകളുടെ കൂടി സമ്മതം വേണമെന്ന നിബന്ധനയിലിപ്പോൾ സർക്കാർ വെള്ളം ചേർക്കുകയാണെന്ന് ആദിവാസി പ്രവർത്തകർ പറയുന്നു. മരം മുറിക്കുക എന്നാൽ ആദിവാസികളുടെ പരമ്പരാഗത വിശ്വാസങ്ങളനുസരിച്ച് പാപമാണ്. ഭൂമിയോട് മാപ്പപേക്ഷിച്ചാണ് ഇവർ മരത്തിൽ മഴു വെക്കുന്നത്. വ്യാപകമായി കാട് വെട്ടി നശിപ്പിക്കുന്നത് സ്വന്തം വീട് തകർക്കുന്നതിന് തുല്യമാണെന്ന് ഇവർ പറയുന്നു. കൽക്കരി ക്ഷാമം തീർക്കാൻ കാട് വിട്ടു നൽകുന്നത് അപകടമാണെന്ന് ആദിവാസി ജനത സർക്കാരിനെ തങ്ങളുടെ നിരന്തര പ്രതിഷേധങ്ങളിലൂടെ ഓർമ്മിപ്പിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍