30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ പത്രപ്രവര്‍ത്തകനും കവിയും നോവലിസ്റ്റുമായ ഡാനി കസോളരോയെ വെസ്റ്റ് വിര്‍ജീനിയയിലെ മാര്‍ട്ടിന്‍സ്ബര്‍ഗിലുള്ള ഷെറാട്ടണ്‍ ഹോട്ടലിന്റെ 517-ാം മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 44 വയസ്സുള്ള ഡാനിയുടെ, കൈത്തണ്ടയില്‍ ടെന്‍ഡോണുകള്‍ വേര്‍പെടുത്താന്‍ തക്ക ആഴത്തില്‍ ഒരു ഡസന്‍ മുറിവുകളുണ്ടായിരുന്നു. മുറിയിലാകെ രക്തം പടര്‍ന്നിരുന്നു. ഡാനിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് വിധി എഴുതി. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ഡാനിയുടെ കുടുംബവും, സുഹൃത്തുക്കളും രംഗത്തെത്തി.
ആ മരണത്തിന് പിന്നിലെ ദുരുഹൂത ഇപ്പോഴും ചോദ്യ ചിഹ്നം പോലെ അവശേഷിക്കുകയാണ്. ഡാനി ആത്മഹത്യ ചെയ്തതാണെങ്കില്‍, എന്തിന് ? ഡാനിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണത്തില്‍ പത്രവര്‍ത്തകന്‍ എന്തെല്ലാം വിവരങ്ങളാണ് കണ്ടെത്തിയത്?
യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍ അടിസ്ഥാനമാക്കി ത്രസിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും പുതിയ സീരിസ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഡാനി കസോളരോയെ ഇതിവൃത്തമാക്കിയുള്ളതാണ്. കള്ളപ്പണം വെളുപ്പിക്കല്‍, ചാരവൃത്തി, അഴിമതി രാഷ്ട്രീയം, മയക്കുമരുന്ന് കടത്ത്, പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ ഉള്‍പ്പെട്ട വൈറ്റ് ഹൗസ്- ഇറാന്‍-കോണ്ട്ര ആയുധ ഇടപാട് തുടങ്ങി ഗുരുതരമായ നിരവധി കുറ്റകൃത്യങ്ങളുടെ പിന്നില്‍ ഉണ്ടെന്നു വിശ്വസിച്ചിരുന്ന ഒരു വലിയ ശൃംഖലയെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഡാനി. അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെട്ടിരുന്നുവെന്ന് കരുതുന്ന ആ അദൃശ്യസംഘത്തെ ‘ദി ഒക്ടോപസ്’ എന്നായിരുന്നു ഡാനി വിളിച്ചത്. ഈ സംഭവങ്ങള്‍ ആസ്പദമാക്കിയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ ഡോക്യുമെന്ററി ‘ദി ഒക്ടോപസ് മര്‍ഡേഴ്‌സ്’ തയ്യാറാക്കിയിരിക്കുന്നത്. ഡാനിയുടെ മരണത്തില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമല്ല ഞെട്ടിക്കുന്ന പല വിവരങ്ങളും ഡോക്യുമെന്ററി പുറത്തു കൊണ്ടുവരുന്നുണ്ട്. ”ഒരു എഴുത്തുകാരനോ പത്രപ്രവര്‍ത്തകനോ എന്താണെന്നതിന്റെ കാല്‍പ്പനിക ആദര്‍ശമാണ് ഡാനി,” ഡോക്യൂമെന്ററിയുടെ സംവിധായകന്‍ സക്കറി ട്രെയ്റ്റ്‌സ് ദ ഗാര്‍ഡിയനോട് പറയുന്നു.
അമേരിക്കന്‍ ചരിത്രം തന്നെ മാറ്റിയെഴുതിയേക്കാവുന്ന ഒരു ഗൂഢാലോചന സിദ്ധാന്തം പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തോടെ ഇപ്പോഴും ചുരുളഴിയാതെ കിടക്കുന്ന ഡാനിയുടെ മരണത്തിന്റെ പിന്നാമ്പുറ കഥകള്‍ അന്വേഷിച്ചിറങ്ങുന്ന ക്രിസ്റ്റ്യന്‍ ഹാന്‍സെന്‍ എന്ന പത്രപ്രവര്‍ത്തകനെയാണ് ഡോക്യുസീരിസ് പിന്തുടരുന്നത്. നാല് ഭാഗങ്ങളുള്ള ‘ദി ഒക്ടോപസ് മര്‍ഡേഴ്‌സ്’ നെറ്റ്ഫ്‌ളിക്സിന്റെ ടിവി ഷോ റേറ്റിംഗ് ചാര്‍ട്ടില്‍ കഴിഞ്ഞാഴ്ച രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റ് ക്രിസ്റ്റ്യന്‍ ഹാന്‍സെന്‍, ഒക്ടോപസ് കൊലപാതകങ്ങള്‍ക്ക് പിന്നിലെ കാതലായ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിന് ഡാനി തുടങ്ങിവച്ച അന്വേഷണ പാതയിലൂടെ യാത്ര ചെയ്യുകയാണ്. ഡാനി നേരിടേണ്ടിവന്ന സമാനമായ അപകടസാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ ഉത്തരങ്ങള്‍ക്കായുള്ള രാജ്യവ്യാപകമായ അന്വേഷണം ഹാന്‍സെന്‍ ആരംഭിക്കുന്നത്. സങ്കീര്‍ണമായ നിഗൂഢതയുടെ ആഴത്തിലേക്ക് ഇറങ്ങി ചെന്ന്, ഇതിലെ പ്രധാന വ്യക്തികളെ കണ്ടെത്താനാണ് ഹാന്‍സെന്‍ ശ്രമിക്കുന്നത്. എന്നാല്‍ 10 വര്‍ഷമായി നീളുന്ന അദ്ദേഹത്തിന്റെ അന്വേഷണം ഇന്നും തുടരുകയാണ്.
ആരാണ് ഡാനി കസോളരോ, എന്താണ് അദ്ദേഹം അന്വേഷിച്ചത്?
സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സിഐഎ) ആസ്ഥാനമായ വിര്‍ജീനിയയിലെ മക്ലീനിലാണ് ഡാനി വളര്‍ന്നത്. ചാരവൃത്തിയില്‍ ആകൃഷ്ടനായിരുന്നു അദ്ദേഹം. 16-ാം വയസ്സില്‍, നഷ്ടപ്പെട്ട ഇന്‍കാന്‍ നിധി വേട്ടയാടാന്‍ തെക്കേ അമേരിക്കയിലേക്ക് അദ്ദേഹം വീട് വിട്ടിറങ്ങി. കോര്‍വിന മത്സ്യം ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു ബിസിനസ് പദ്ധതിയുമായാണ് ഡാനി മടങ്ങിയെത്തിയത്. 1970-കളില്‍, ലോകത്ത് തന്നെ കുപ്രസിദ്ധിയാര്‍ജ്ജിച്ച അമേരിക്കയിലെ രാഷ്ട്രീയ അഴിമതിയായ വാട്ടര്‍ഗേറ്റ് വിവാദം ഡാനി റിപ്പോര്‍ട്ട് ചെയ്തു. പിന്നീട്, ഒരു ചെറിയ ന്യൂസ് ലെറ്ററിനു വേണ്ടി കമ്പ്യൂട്ടറുകളെ കുറിച്ചു എഴുതാന്‍ തുടങ്ങി. അവിടെ അദ്ദേഹം ഒടുവില്‍ ഉടമയും മാനേജിംഗ് എഡിറ്ററും ആയി.
തന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ ഡാനി ശ്രദ്ധേയനായി. ക്യൂബയിലെ സോവിയറ്റ് നാവിക സാന്നിധ്യം, കാസ്‌ട്രോ രഹസ്യാന്വേഷണ ശൃംഖല, യുഎസിലേക്കുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് കറുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം നടത്തിക്കൊണ്ട് അദ്ദേഹത്തിലെ പത്രപ്രവര്‍ത്തകന്‍ കര്‍ത്തവ്യനിരതനായി. മരണത്തിനു മുമ്പായി, ‘ദി ഐസ് കിംഗ’് എന്ന പേരില്‍ ഒരു നോവലും അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിരുന്നു.
1970-കളുടെ അവസാനത്തില്‍, ഡാനി പത്രപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിര്‍ത്തി കമ്പ്യൂട്ടര്‍ വ്യവസായത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള നിരവധി മാസികകള്‍ അദ്ദേഹം വാങ്ങി, പക്ഷേ ഒടുവില്‍ 1980-കളുടെ അവസാനത്തില്‍ അവ വിറ്റു. 1990 കളുടെ തുടക്കത്തില്‍, പത്രപ്രവര്‍ത്തനത്തിലേക്ക് വീണ്ടും മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു സോഫ്റ്റ്വെയര്‍ കമ്പനിയും നീതിന്യായ വകുപ്പും ഉള്‍പ്പെടുന്ന INSLAW കേസിലെ ചില നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയതോടെയാണ് അദ്ദേഹം വീണ്ടും മാധ്യമ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്.
എന്താണ് ഒക്ടോപസ് ഗൂഢാലോചന?
1991-ല്‍ മരിക്കുന്നതിന് മുമ്പ് കാസോളരോ അന്വേഷിച്ചുകൊണ്ടിരുന്ന സങ്കീര്‍ണവും വിവാദപരവുമായ സിദ്ധാന്തമാണ് ഒക്ടോപസ് ഗൂഢാലോചന. ബന്ധപ്പെട്ടു കിടക്കുന്ന രഹസ്യങ്ങളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഒരു വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനെ അദ്ദേഹം ‘ദി ഒക്ടോപസ്’ എന്ന് വിളിച്ചു. അധികാരത്തിന്റെയും സ്വാധീനത്തിന്റെയും വിവിധ മേഖലകളിലേക്ക് ഈ ഗൂഢാലോചന എങ്ങനെ വ്യാപിച്ചുവെന്ന് കാണിക്കുന്ന ഒരു ചിഹ്നം പോലെയായിരുന്നു ഈ പേര്. INSLAW കേസ്, ഇറാന്‍-കോണ്ട്ര ആയുധ ഇടപാട്, ഒക്‌ടോബര്‍ സര്‍പ്രൈസ്, ബി.സി.സി.ഐ അടച്ചുപൂട്ടല്‍ എന്നിവ കൂടാതെ ആഗോള ശ്രദ്ധ നേടിയ വാട്ടര്‍ഗേറ്റ്, ബേ ഓഫ് പിഗ്‌സ് എന്നി അഴിമതികളും ഒരു കൂട്ടം ഇന്റലിജന്‍സ് ഓഫീസര്‍മാരുമായി സങ്കീര്‍ണമായ രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നവെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.
ഡാനി കസോളരോയ്ക്ക് എന്ത് സംഭവിച്ചു?
1991 ഓഗസ്റ്റില്‍, ഡാനി വെസ്റ്റ് വിര്‍ജീനിയയിലെ മാര്‍ട്ടിന്‍സ്ബര്‍ഗിലേക്ക് ഒരു യാത്ര പോയി. വര്‍ഷാവര്‍ഷം താന്‍ അന്വേഷിച്ചിരുന്ന ഒക്ടോപസ് ഗൂഢാലോചനയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഒരാളെ കാണാനായിരുന്നു യാത്ര. നിര്‍ഭാഗ്യവശാല്‍, 1991 ഓഗസ്റ്റ് 10-ന് രാവിലെ, ഷെറാട്ടണ്‍ ഹോട്ടലിലെ ക്ലീനിംഗ് ജീവനക്കാര്‍ കൈത്തണ്ടയില്‍ നിരവധി മുറിവുകളുമായി ഡാനിയുടെ നഗ്നമായ മൃതശരീരം കണ്ടെത്തി.
ഡാനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ റൂമില്‍ ഒരു ബിയര്‍ ക്യാന്‍, ചവറ്റുകുട്ടകള്‍, ഒരു റേസര്‍ ബ്ലേഡ് എന്നിവ കണ്ടെത്തിയിരുന്നു. മുറിയില്‍ ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലായിരുന്നു. മേശപ്പുറത്ത് ഒരു നോട്ട്പാഡില്‍ ഡാനിയുടെ കൈപ്പടയില്‍ എഴുതിയതെന്ന് വിശ്വസിക്കുന്ന ഒരു കുറിപ്പുണ്ടായിരുന്നു. ‘എന്നോട് ക്ഷമിക്കണം, പ്രത്യേകിച്ച് എന്റെ മകനോട്.’