UPDATES

ഇലക്ട്രൽ ബോണ്ട് ; ഖനന സ്റ്റീൽ കമ്പനികൾ ചെലവാക്കിയത് 825 കോടി രൂപ

ഇലക്ട്രൽ ബോണ്ടിന്റെ വിശദശാംശങ്ങൾ പുറത്ത് വിട്ട് തെരെഞ്ഞെടുപ്പ് കമ്മീഷൻ

                       

 

ഖനന സ്റ്റീൽ കമ്പനികളിൽ അതികായരായ വേദാന്ത ലിമിറ്റഡ്, രുംഗ്ത സൺസ് പ്രൈവറ്റ് ലിമിറ്റഡ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ (ജെഎസ്പിഎൽ), എസ്സൽ മൈനിംഗ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ഇഎംഐഎൽ), ഡെമ്പോ എന്നിവ ചേർന്ന് 825 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായി വ്യക്തമാക്കുന്ന കണക്കുകൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു.

മേൽ പറഞ്ഞ കമ്പനികളിൽ രുംഗ്ത സൺസ് പ്രൈവറ്റ് ലിമിറ്റഡ് 100 കോടിയും വേദാന്ത ലിമിറ്റഡ് 376 കോടിയും ഇഎംഐഎൽ 224.5 കോടിയും ജെഎസ്പിഎൽ 123 കോടിയും ഡെംപോ 1.5 കോടിയും ചെലവഴിച്ചിട്ടുണ്ട്. വേദാന്ത ലിമിറ്റഡ് സംഭാവന നൽകിയ 376 കോടി രൂപയിൽ 98 കോടി രൂപ, 2022 ജനുവരി കാലയളവിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്ത്രപരമായി ബോണ്ടുകൾ വാങ്ങാൻ വിനിയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഇരുമ്പയിര്, എണ്ണ, വാതകം, ചെമ്പ്, അലുമിനിയം, സ്റ്റീൽ തുടങ്ങിയവ വേദാന്തയുടെ വൈവിധ്യമാർന്ന മേഘലകളാണ്. വേദാന്തയുടെ അനുബന്ധ സ്ഥാപനമായ സെസ ഗോവ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഖനന കമ്പനികളിൽ ഒന്നാണ്. കൂടാതെ ഒഡീഷയിലും ഗണ്യമായ ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ഇന്ത്യയുടെ വ്യാവസായിക-സാമ്പത്തിക ഭൂപ്രകൃതിയിൽ വേദാന്തയുടെ നിർണായക പങ്കിനെ ഈ വിശാലമായ സാന്നിധ്യം അടിവരയിടുന്നു. ജെഎസ്പിൽ -ൻ്റെ ഖനനം പ്രധാനമായും ഛത്തീസ്ഗഡ്, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് . 2022 ഒക്ടോബറിനും 2023 നവംബറിനുമിടയിൽ കമ്പനി തങ്ങളുടെ എല്ലാ സംഭാവനകളും നൽകിയിട്ടുണ്ട്.

ആദിത്യ ബിർള ഗ്രൂപ്പിൻ്റെ ഇഎംഐഎൽ -ന് മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ ബന്ദർ ഡയമണ്ട് പദ്ധതിക്കായി നിയമപരമായ അനുമതികൾ തീർപ്പുകൽപ്പിക്കാതെയുണ്ട്. 2019 നും 2022 നും ഇടയിൽ, ഇഎംഐഎൽ 224.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായും രേഖകൾ വ്യക്തമാക്കുന്നു. ( 2019 ൽ 50 കോടി, 2020 ൽ 20 കോടി, 2021 ൽ 104.5 കോടി, 2022 ൽ 50 കോടി.) രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കൽക്കരി ഖനി കമ്പനികളിൽ ഒന്നായ ഇഎംഐഎൽ, 2019-ൽ ചിന്ദ്വാര ജില്ലയിലെ ബണ്ടർ ഡയമണ്ട് പദ്ധതിയുടെ ഖനന പാട്ടം ഏറ്റെടുത്തിരുന്നു. ശക്തമായ പ്രാദേശിക എതിർപ്പുകൾ ഉയർന്നതിനാൽ പദ്ധതി പരാജയപ്പെടുകയും ചെയ്തു.

2020-ൽ, പരിസ്ഥിതി മന്ത്രാലയം പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷ നിരാകരിച്ചു, ‘പന്ന’ കടുവാ സങ്കേതത്തിന് സമീപമാണ് ഖനികൾ എന്നതിനാൽ ആദ്യം വനം വന്യജീവി അനുമതികൾ ഉറപ്പാക്കാൻ ഇഎംഐഎൽ-നോട് ആവശ്യപ്പെടുകയും ചെയ്തു.

2019 ഏപ്രിലിൽ 1 കോടി രൂപയുടെയും 2023 ഏപ്രിലിൽ 3 കോടി രൂപയുടെയും ബോണ്ടുകൾ വാങ്ങിയ ഇരുമ്പയിര് ഖനനത്തിൽ നിക്ഷേപമുള്ള നോയിഡ ആസ്ഥാനമായ ബാൽഡോട്ട ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ എംഎസ്പിഎൽ ലിമിറ്റഡ് മറ്റൊരു ഉദാഹരണമാണ്.

2022 ജനുവരിയിൽ, കർണാടകയിലെ ബെല്ലാരി ജില്ലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ എംഎസ്പിഎൽ ലിമിറ്റഡ്, 2021 നവംബറിൽ ഇരുമ്പയിര് സംസ്‌കരണ പ്ലാൻ്റിനും പെല്ലറ്റ് പ്ലാൻ്റ് പദ്ധതിക്കും ലഭിച്ചിട്ടുള്ള നിബന്ധനകളിൽ ഉൽപ്പാദന ശേഷിയിൽ ഗണ്യമായ വർദ്ധനവ്, പൊടിപടലങ്ങൾ പുറന്തള്ളുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ്, ഭൂഗർഭജലത്തിൻ്റെ താൽക്കാലിക ഉപയോഗം, നിർദിഷ്ട പ്ലാൻ്റും തുംഗഭദ്ര നദിയും തമ്മിലുള്ള ദൂരം കുറയ്ക്കൽ എന്നിവയുൾപ്പെടെയുള്ള ഭേദഗതികൾ വരുത്തണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന്, 2022 ഫെബ്രുവരിയിൽ, എംഎസ്പിഎൽ അഭ്യർത്ഥിച്ച മാറ്റങ്ങൾ ഉൾകൊള്ളുന്ന നിബന്ധന വ്യവസ്ഥകളിലെ ഭേദഗതികൾക്ക് പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകി.

2019ൽ 50 ലക്ഷം രൂപയുടെ ബോണ്ടുകൾ വാങ്ങിയ നോയിഡ ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയായ ജിഎച്സിഎൽ ലിമിറ്റഡാണ് സ്പെക്ട്രത്തിൻ്റെ ഏറ്റവും താഴെയുള്ളത്. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ സോഡാ ആഷ് ഫാക്ടറിയും ക്യാപ്റ്റീവ് പവർ പ്ലാൻ്റും നവീകരിക്കുന്നതിന് 2017 സെപ്റ്റംബറിൽ ജിഎച്സിഎൽ അനുമതി തേടിയിരുന്നു എന്നാൽ, മന്ത്രാലയത്തിൻ്റെ ചോദ്യങ്ങളോട് കമ്പനി പ്രതികരിച്ചില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയം 2019 നവംബറിൽ നിർദ്ദേശം ഉപേക്ഷിക്കുകയുമായിരുന്നു.

തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങിയ സ്ഥാപനങ്ങളുടെയും അവ ലഭിച്ച രാഷ്ട്രീയ പാർട്ടികളുടെയും വിവരങ്ങൾ എസ്ബിഐ തെരഞ്ഞെടുപ്പ് ബോഡിക്ക് മുൻമ്പാകെ സമർപ്പിച്ചിരുന്നു. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ ഇഷ്യൂ ചെയ്ത ബോണ്ടുകളുടെ വിശദാംശങ്ങൾ രണ്ട് വ്യത്യസ്ത ലിസ്റ്റുകളായാണ് സമർപ്പിച്ചിട്ടുള്ളത്. ഒരു ലിസ്റ്റിൽ ബോണ്ടുകൾ വാങ്ങിയ തീയതി, വാങ്ങുന്നയാളുടെ പേര്, ഓരോ ബോണ്ടിൻ്റെയും മൂല്യം എന്നിവയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സമാഹരിച്ച് പുറത്തുവിട്ടത്.

Related news


Share on

മറ്റുവാര്‍ത്തകള്‍