June 13, 2026 |
Share on

രാഹുലിനെതിരെ കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍, രാജിവച്ചില്ലെങ്കില്‍ പ്ലാന്‍ ബി

രാഹുല്‍ രാജി വച്ചാല്‍ ഉപതിരെഞ്ഞെടുപ്പ് വേണ്ടി വരുമോ?

ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കടുപ്പിച്ച് നേതാക്കള്‍. രാഹുല്‍ രാജിവയ്ക്കണമെന്ന് തന്നെയാണ് കെപിസിസി നേതൃത്വത്തിന്റെ കൂട്ടായ തീരുമാനം. രാഹുലിന്റെ രാജി സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ രാഹുലിന്റെ രാജി ഉടനെയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ രാജി വച്ചാല്‍ ഉപതിരെഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം നിയമോപദേശം തേടുകയാണ്. അതേസമയം, രാഹുല്‍ രാജി വച്ചില്ലെങ്കില്‍ പ്ലാന്‍ ബി ആയി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതിരിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്നത് വിവരങ്ങള്‍.

രാജിയുമായി ബന്ധപ്പെട്ട് രാഹുലിന്റെ അടൂരിലെ നെല്ലിമൂടുളള വീട്ടില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പാലക്കാട്ടെ നേതാക്കള്‍ രാഹുലുമായി ചര്‍ച്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പരാതി നല്‍കാത്ത സാഹചര്യത്തില്‍ തിരക്കിട്ട രാജി ആവശ്യമില്ലെന്ന രാഹുല്‍ അനുഭാവികളും പാര്‍ട്ടിക്കുള്ളിലുണ്ട്.

മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും രാഹുല്‍ അടിയന്തരമായി രാജിവയ്ക്കമെന്ന് തന്നെയാണ് ആവശ്യപ്പെടുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രിയങ്ക ഗാന്ധി എംപിക്കും നിരവധി പരാതികളാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് കെസി വേണുഗോപാലിന് പ്രിയങ്കനിര്‍ദേശം നല്‍കി.

ഇനി വരാനിരിക്കുന്നത് ഗുരുതരമായ വെളിപ്പെടുത്തലുകളാണ്. അതെല്ലാം അംഗീകരിക്കേണ്ട സാഹചര്യം പാര്‍ട്ടിക്ക് ഇല്ലെന്നും ഇത് കോണ്‍ഗ്രസിന് ഒന്നടങ്കം ദോഷം ചെയ്യുമെന്നുമാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. രാഹുലിനോട് ഉടനടി രാജി ആവശ്യപ്പെടാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രാഹുലിനെതിരായ ആരോപണങ്ങളുടെ തുടക്കം മുതല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും ശക്തമായ വിയോജിപ്പാണുള്ളത്. മുഖം നോക്കാതെ കനത്ത നടപടി ഉണ്ടാകുമെന്ന് തന്നെയാണ് വിഡി സതീശനും പറഞ്ഞത്.

രാഹുലിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ മുസ്ലിം ലീഗും കടുത്ത അതൃപ്തിയിലാണ്. ആരോപണങ്ങള്‍ ഗൗരവമുള്ളതായതിനാല്‍ രാഹുല്‍ രാജിവയ്ക്കണമെന്ന് തന്നെയാണ് ഒരു വിഭാഗം ലീഗ് നേതാക്കളും ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച നിലപാട് ലീഗ് ഹൈക്കമാന്‍ഡിനെ അയിച്ചതായാണ് സൂചന.

എന്നാല്‍, രാജിയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നായിരുന്നു കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. തുടര്‍ന്ന് മാധ്യമങ്ങളെ കാണാനായി വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ ശാസനയെ തുടര്‍ന്നായിരുന്നു വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരാതിക്കാരെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിഡി സതീശന്‍ രാഹുലിന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്നാണ് വിവരം. Rahul Mamkootathil to resign mla post?

Content Summary: Rahul Mamkootathil to resign mla post?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×