സർവകലാശാലകളിലെ വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. കേരളത്തിലെ രണ്ട് സർവകലാശാലകളിൽ ഗവർണർ നടത്തിയ താൽക്കാലിക വൈസ് ചാൻസലർ നിയമനങ്ങൾ നിയമപരമല്ലെന്ന് നേരത്തെ പുറപ്പെടുവിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലർ കൂടിയായ ഗവർണർ അപ്പീൽ നൽകിയിരുന്നു. അതിലാണ് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഗവര്‍ണറുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി, താത്കാലിക വിസി നിയമനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സിസ തോമസ് അടക്കമുള്ളവർ പുറത്താകും. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ കെ ശിവപ്രസാദിനെ വിസിയായി നിയമിച്ചതും നിയമപരമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
വിസി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ നിർദേശിക്കുന്ന പാനലിൽ നിന്നുള്ള പേരുകൾ മാത്രമേ പരിഗണിക്കാവൂ എന്നുള്ളതാണ് നിയമം. അവയിലൊരാളെ നിയമിക്കുക എന്നത് മാത്രമാണ് ഗവർണറുടെ ചുമതല. എന്നാൽ, സർവകലാശാലകളിലെ സർക്കാരിന്റെ അധികാരം ഗവർണർ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല, സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് വിസിമാരെ നിയമിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് നാളുകളായി ഗവർണറുടെ യുക്തിസഹമല്ലാത്ത വാശി കാരണം ഉന്നത വിദ്യാഭ്യാസ രംഗം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരള സർവകലാശാല രജിസ്ട്രാർ സസ്പെൻഷൻ വിവാദമാണ് ഇതിൽ അവസാനത്തേത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഉന്നത നിലവാരം പുലർത്തുന്ന ആളായിരിക്കണമെന്നാണ് ഗവർണറെക്കുറിച്ച് ഭരണഘടനയിൽ പറയുന്നത്. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായെത്തിയത് മുതൽ തീർത്തും വിദ്യാർത്ഥിവിരുദ്ധമായ നിലപാടുകളാണ് കൈക്കൊണ്ടത്. വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാരിന്റെ താൽപര്യം പരിഗണിക്കേണ്ട ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചതോടെയാണ് കാര്യങ്ങൾ വഷളാകാൻ തുടങ്ങിയത്. കേരളത്തിലെ സർവകലാശാലകളിലെ വിദ്യാർത്ഥികൾ ചാൻസറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. അന്ന് പലയാവർത്തിയാണ് ഗവർണറും സർക്കാരും പോർവിളികളുമായി തെരുവിലിറങ്ങിയത്.
നിലവിലെ ഗവർണറായ രാജേന്ദ്ര ആർലേക്കറും പിന്തുടർന്നത് ഇതേ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ തന്നെയാണ്. രാജ്ഭവനിൽ ഭാരതാംബയെ പൂജിക്കുന്നതടക്കമുള്ള സംഭവങ്ങൾ വിവാദമായിരുന്നു. വൈസ് ചാൻസലറുടെ അനുമതിയില്ലാതെ അവധിയിൽ പ്രവേശിച്ച് ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിനെ ചുമതലകളില്‍ നിന്ന് മാറ്റുകയും, പ്ലാനിങ് ഡയറക്ടർ ഡോ. മിനി കാപ്പന് രജിസ്ട്രാറുടെ താല്‍ക്കാലിക ചുമതല നൽകി വിസി ഉത്തരവിറക്കുകയും ചെയ്തതാണ് കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമാക്കിയത്. സംസ്ഥാന സർക്കാരിന്റെ ഫണ്ടോട് കൂടിയാണ് സർവകലാശാലകളിൽ ഗവർണർ അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
സർക്കാർ പാനൽ മറികടന്നാണ് ചാൻസലർ കൂടിയായ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. കെ ശിവപ്രസാദിനെയും ഡോ. സിസ തോമസിനെയും നിയമിച്ചത്. താല്‍ക്കാലിക വിസിമാരുടെ കാലാവധി ആറു മാസത്തില്‍ കൂടുതലാകരുതെന്നാണ് നിലവിൽ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമന കാലതാമസം സര്‍വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. സ്ഥിര വി സി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
Content Summary: VC appointments: Governor faces setbacks in High Court
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.