കേരള സർവകലാശാലയിലെ സംസ്കൃതം വകുപ്പ് ഡീനിനെതിരെ ഗവേഷക വിദ്യാർത്ഥി ജാതിവിവേചനം ആരോപിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ കേരള സർവകലാശാല സെനറ്റ് യോഗത്തിൽ വൻ പ്രതിഷേധം. ജാതി അധിക്ഷേപം നടത്തിയ ഡീൻ സി. എൻ വിജയകുമാരിയെ പുറത്താക്കുക എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വിജയകുമാരിയെ സെനറ്റിൽ നിന്നും പുറത്താക്കണമെന്ന ആവശ്യത്തിൽ തന്നെയാണ് ഇടത് സെനറ്റ് അംഗങ്ങൾ ഉറച്ചുനിൽക്കുന്നതെന്നും വിജയകുമാരിയെ സംരക്ഷിച്ച് നിർത്തുന്നത് വൈസ് ചാൻസലറാണെന്നും കേരള സർവകലാശാല സെനറ്റ് അംഗം ഷിജു ഖാൻ അഴിമുഖത്തോട് പറഞ്ഞു.
‘ആരോപണം നേരിടുന്ന സി. എൻ വിജയകുമാരി എന്ന വ്യക്തി ഡീൻ എന്ന നിലയിൽ ഇപ്പോഴും കേരള സർവകലാശാല സെനറ്റിൽ പങ്കെടുക്കുന്നുണ്ട്. അത് തീർത്തും അംഗീകരിക്കാനാകാത്ത കാര്യമാണ്. വളരെ ഗൗരവമുള്ള ഒരു വിഷയമാണിത്. ഒരു ഗവേഷക വിദ്യാർത്ഥിയുടെ പ്രബന്ധം ജാതിയുടെ പേരിൽ നിരസിച്ച ഒരു അധ്യാപികയ ഡീൻ പദവിയിൽ തുടരാനോ സെനറ്റിൻ്റെ ഭാഗമായിരിക്കാനോ യോഗ്യയല്ല. വിജയകുമാരിയുടെ ഡീൻ പദവി റദ്ദാക്കി സെനറ്റിൽ നിന്നും പുറത്താക്കണമെന്നാണ് സെനറ്റ് അംഗങ്ങൾ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടത്. എന്നാൽ അദ്ദേഹം അത് നടപ്പാക്കാൻ തയ്യാറായില്ല. അതുകൊണ്ടാണ് ഞങ്ങൾക്ക് പ്രതിഷേധിക്കേണ്ടി വന്നത്.
സി. എൻ വിജയകുമാരിയെ സംരക്ഷിക്കുന്ന നിലപാടാണ് വിസി സ്വീകരിക്കുന്നത്. ഇവരെ പുറത്താക്കാൻ വൈസ് ചാൻസലർ തയ്യാറാകത്തതാണ് പ്രതിഷേധം ഉയരാനുള്ള അടിസ്ഥാന കാരണം. ഗവേഷക വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അവയെല്ലൊം മുന്നോട്ട് വെച്ച് കൊണ്ടായിരുന്നു സെനറ്റ് അംഗങ്ങൾ നമ്മുടെ ആവശ്യങ്ങൾ ഉന്നയിച്ചത്. സെനറ്റിൽ തുടർന്നുള്ള അജണ്ടകൾ തീരുമാനിക്കേണ്ടത് സി. എൻ വിജയകുമാരിയെ ഒഴിവാക്കികൊണ്ടാകണം. ഈ നിലപാടിൽ തന്നെയാണ് സെനറ്റ് അംഗങ്ങൾ ഉറച്ച് നിൽക്കുന്നത്, ഷിജു ഖാൻ അഴിമുഖത്തോട് പറഞ്ഞു.
Also read; https://azhimukham.com/kerala-university-sanskrit-department-phd-student-alleges-caste-discrimination-by-dean-c-m-vijayakumari/
സെനറ്റ് അംഗങ്ങൾ തനിക്ക് വേണ്ടി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ജാതിവിവേചനം നേരിട്ട ഗവേഷക വിദ്യാർത്ഥി വിപിൻ വിജയൻ അഴിമുഖത്തോട് പറഞ്ഞു.
സെനറ്റ് അംഗങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ ശരിക്കും വിസി നടപ്പാക്കേണ്ടതാണ്. ഇത്രയും ജാതിവെറി മനസിൽ കൊണ്ടുനടക്കുന്ന അവരെ പോലുള്ള ഒരാൾക്ക് സെനറ്റിൽ വന്നിരിക്കാൻ എന്ത് യോഗ്യതയാണുള്ളത്. ഒരു വിദ്യാർത്ഥിയുടെ പിഎച്ച്ഡി സ്വപ്നങ്ങൾ തല്ലിക്കെടുത്തിയിട്ട് സെനറ്റിൽ പോയിരുന്ന് ന്യായീകരണം നടത്താൻ അവർക്ക് നാണമില്ലേ? വൈസ് ചാൻസലർ ഇങ്ങനെ തന്നെയായിരുക്കും പ്രതികരിക്കുക എന്ന് എനിക്ക് അറിയാമായിരുന്നു. സംഘപരിവാർ ബന്ധം ഡീനിനും വിസിക്കുമെല്ലാം ഉള്ളപ്പോൾ അവർ അങ്ങനെയാണ് നിലപാട് സ്വീകരിക്കുന്നത്. സി. എൻ വിജയകുമാരിയുടെ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. എനിക്ക് നേരെയുണ്ടായ ക്രൂരതയ്ക്ക് ഞാൻ കേസുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും, വിപിൻ വിജയൻ അഴിമുഖത്തോട് പറഞ്ഞു.
ഇക്കഴിഞ്ഞ നവംബർ നാലിനാണ് കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കാര്യവട്ടം ക്യാമ്പസിലെ പിഎച്ച്ഡി വിദ്യാർത്ഥി അധ്യാപികയിൽ നിന്ന് തനിക്ക് നേരിട്ട ജാതിവിവേചനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സംസ്കൃതം ഡിപ്പാർട്ട്മെന്റിൽ എം ഫിൽ ചെയ്യുന്ന വിപിൻ വിജയന് അക്കാദമിക് യോഗ്യതയില്ലെന്നും സംസ്കൃതം വായിക്കാൻ അറിയില്ലെന്നും ചൂണ്ടിക്കാട്ടി സംസ്കൃത വകുപ്പ് ഡീൻ ഡോ. സി. എൻ വിജയകുമാരി വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു. ഇത് ജാതി വിവേചനത്തിൻ്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി വിപിൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഗവേഷക വിദ്യാർത്ഥിയുടെ പിഎച്ച്ഡി പ്രബന്ധം നിരസിക്കാൻ ഡീൻ ശ്രമിച്ചത്.
Content Summary: kerala university sanskrit department phd student alleges caste discrimination; left syndicate members protest that VC is protecting Vijayakumari