ഇക്കഴിഞ്ഞ നവംബർ നാലിനാണ് കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കാര്യവട്ടം ക്യാമ്പസിലെ പിഎച്ച്ഡി വിദ്യാർത്ഥി അധ്യാപികയിൽ നിന്ന് തനിക്ക് നേരിട്ട ജാതിവിവേചനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സംസ്കൃതം ഡിപ്പാർട്ട്മെന്റിൽ എം ഫിൽ ചെയ്യുന്ന വിപിൻ വിജയന് അക്കാദമിക് യോഗ്യതയില്ലെന്നും സംസ്കൃതം വായിക്കാൻ അറിയില്ലെന്നും ചൂണ്ടിക്കാട്ടി സംസ്കൃത വകുപ്പ് ഡീൻ ഡോ. സി. എൻ വിജയകുമാരി വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു. ഇത് ജാതി വിവേചനത്തിൻ്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി വിപിൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
വിജയകുമാരിയുടെ സവർണ മനോഭാവത്തെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് തന്നോട് കാണിച്ചതെന്നും തൻ്റെ സഹപാഠികളിൽ പലരെയും ഇവർ ജാതി പറഞ്ഞ് അധിക്ഷേപിക്കാറുണ്ടെന്നും വിപിൻ വിജയൻ അഴിമുഖത്തോട് പറഞ്ഞു.
‘എനിക്ക് സംസ്കൃതം അറിയില്ലെന്ന വിശേഷണം നൽകിയ വിജയകുമാരി ടീച്ചറിന് കൃത്യമായ ആർഎസ്എസ് രാഷ്ട്രീയമുണ്ട്. ഏത് വിധേനയും എന്നെ ഇല്ലായ്മ ചെയ്യുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, എന്നെ പഠിപ്പിച്ച അധ്യാപികയാണെന്നും എൻ്റെ എം ഫിൽ പ്രബന്ധത്തിൻ്റെ ഗൈഡ് ആണെന്നുമുള്ള കാര്യം അവർ ഓർത്തില്ല. എന്തിൻ്റെ അടിസ്ഥാനത്തിലാണ് എനിക്ക് സംസ്കൃതം അറിയില്ല എന്നുള്ള കാര്യം അവർ പറഞ്ഞത്. എന്തിനും പോന്ന അവരുടെ രാഷ്ട്രീയവും ഉള്ളിലുള്ള ജാതിവെറിയുമാണ് അവരെ കൊണ്ട് ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യിപ്പിച്ചത്. എനിക്കും രാഷ്ട്രീയമുണ്ട്. എന്നാൽ ഇതുപോലൊരു നെറികെട്ട രാഷ്ട്രീയമല്ല ഞാൻ എന്റെ ജീവിതത്തിൽ പിന്തുടരുന്നത്.
എന്നോട് മാത്രമായിരുന്നില്ല സി. എൻ. വിജയകുമാരി ജാതിവിവേചനം കാണിച്ചിരുന്നത്. എന്നോടൊപ്പം പഠിച്ച പലരോടും ഇവർ മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ട്.
എം ഫിൽ പഠിക്കുന്ന കാലം മുതൽ തന്നെ എന്നോട് വ്യക്തിപരമായ പ്രശ്നങ്ങൾ ഇവർക്കുണ്ടായിരുന്നു. വിദ്യാർത്ഥികളോടുള്ള അവരുടെ പെരുമാറ്റത്തെയും സവർണ ബോധത്തെയും ഞാൻ എപ്പോഴും ചോദ്യം ചെയ്തതായിരുന്നു അവരുടെ വൈരാഗ്യത്തിൻ്റെ പ്രധാന കാരണം. ബ്രാഹ്മണർക്ക് മാത്രമേ സംസ്കൃതം വഴങ്ങൂവെന്നും മറ്റുള്ളവർക്ക് അത് പഠിക്കാനുള്ള അർഹതയില്ലെന്നും ഒരു അധ്യാപിക പറയുന്നത് എന്ത് നീചമായ സ്വഭാവമാണ്. ആ സ്ത്രീയെ ടീച്ചർ എന്ന് വിളിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. പട്ടികജാതിയിൽ പെട്ട ഞാൻ അവരുടെ പെരുമാറ്റത്തെ നിരന്തരം ചോദ്യം ചെയ്തിരുന്നത് കൊണ്ട് തന്നെ വ്യക്തിപരമായ വിദ്വേഷം എന്നോട് ഉണ്ടായിരുന്നു. എം.എ, എം എഡ്, എം ഫിൽ അടക്കം വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ് ഞാൻ. പിഎച്ച്ഡി കൂടി ലഭിച്ചിരുന്നെങ്കിൽ അവർക്കൊപ്പം വിദ്യാഭ്യാസ യോഗ്യത എനിക്കുണ്ടാകുമായിരുന്നു. അത് അവർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തനിക്ക് മുകളിൽ ഒരു പട്ടികജാതിക്കാരൻ നിൽക്കണ്ട എന്നുള്ള അധികാര മനോഭാവം എന്നും അവർ എന്നോട് കാണിച്ചിരുന്നു.
ക്ലാസ് മുറിയിൽ വെച്ച് അവരുടെ അഭിപ്രായത്തോട് എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതൊരു വലിയ പ്രശ്നമാക്കാൻ ഞാൻ ശ്രമിച്ചിരുന്നില്ല. അതുകൊണ്ടാണ് വിജയകുമാരിക്കെതിരെ പരാതി നൽകാനോ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാനോ ഞാൻ ശ്രമിക്കാതിരുന്നത്. പിഎച്ച്ഡി വേണമെന്ന് എനിക്ക് അത്രയ്ക്ക് ആഗ്രഹമായിരുന്നു. അതിന് വേണ്ടിയാണ് ഈ അഞ്ച് കൊല്ലം ഞാൻ കഷ്ടപ്പെട്ടത്. അതിനൊരു തടസമുണ്ടാകാതിരിക്കാനാണ് ഇത്രയും നാൾ മിണ്ടാതിരുന്നത്.
ജാതിവിവേചനം നേരിട്ടതിൻ്റെ ദുരനുഭവം എനിക്ക് മാത്രമായിരുന്നില്ല ഉണ്ടായിട്ടുള്ളത്. ചന്ദ്രമതി എന്നൊരാളെ വിജയകുമാരി ടീച്ചർ നിരന്തരം ജാതിയുടെ പേരിൽ അധിക്ഷേപിക്കുമായിരുന്നു. അവസാനം പിഎച്ച്ഡി ഉപേക്ഷിച്ച് അവർ പോവുകയായിരുന്നു. മുസ്ലീം പെൺകുട്ടികളോടും ഇവർ വളരെ മോശമായ രീതിയിലാണ് പെരുമാറിയിരുന്നത്.
പ്രബന്ധവുമായി ബന്ധപ്പെട്ട സംശയം ചോദിക്കാനായി സ്റ്റാഫ്റൂമിൽ പോകുമ്പോൾ അവർ എന്നെ അതിനുള്ളിൽ കയറ്റിയിരുന്നില്ല. പലപ്പോഴും സ്റ്റാഫ്റൂമിന് പുറത്തിനിൽക്കാൻ ആവശ്യപ്പെടുമായിരുന്നു. പല കുട്ടികളോടും അവർ ഇങ്ങനെയാണ് ചെയ്തിരുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ അകത്ത് കയറിയാൽ വെള്ളം തളിച്ച് അവർ മുറി ശുദ്ധീകരിക്കും. പലയാവർത്തി ഞങ്ങളത് കണ്ടിട്ടുണ്ട്.
അഞ്ച് വർഷം കൊണ്ട് ഞാൻ നേടിയെടുത്ത എൻ്റെ പ്രയത്നം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി കളഞ്ഞ വ്യക്തിയാണവർ. ഇനിയൊരു രോഹിത് വെമുലയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് മാനസികമായി തളർന്നിട്ടും അവർക്കെതിരെ പോരാടാൻ ഞാൻ തീരുമാനിച്ചത്.
ഞാനുമൊരു അധ്യാപകനാണ്. കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി എഡ് കോളേജിൽ ഗസ്റ്റ് ലക്ചർ ആണ് ഞാൻ. എനിക്ക് കിട്ടുന്ന ശമ്പളം കൊണ്ടാണ് എൻ്റെ കുടുംബം കഴിഞ്ഞുപോകുന്നത്. വളരെ കാലമായുള്ള ആഗ്രഹമായിരുന്നു പിഎച്ച്ഡി. അതാണ് വിജയകുമാരി എന്ന വ്യക്തി ഇല്ലാതാക്കിയിരിക്കുന്നത്. എൻ്റെ മുഖത്ത് നോക്കി അവർ പറഞ്ഞിട്ടുണ്ട്, എനിക്ക് പിഎച്ചഡി കിട്ടില്ലെന്നും അതിന് അവർ സമ്മതിക്കില്ലെന്നും. എങ്ങനെയാണ് അവർക്കത് പറയാൻ സാധിക്കുന്നത്?
ഡീൻ ഒപ്പുവെക്കേണ്ട സ്ഥാനം ഒഴിച്ചിട്ടുകൊണ്ടാണ് അവർ എന്റെ പിഎച്ച്ഡി പേപ്പർ യൂണിവേഴ്സിറ്റിക്ക് അയച്ചത്. മനപൂർവ്വം എന്നെ മാനസികമായി തകർക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്തത്. ഇവരുടെയുള്ളിലുള്ളത് കൊടും വിഷമാണ്, ജാതിയുടെ അഹന്ത തലയ്ക്ക് പിടിച്ചുണ്ടായ വിഷം. ഒരിക്കലും ഒരു അധ്യാപികയും തന്റെ വിദ്യാർത്ഥികളോട് ഇത്തരത്തിൽ പെരുമാറരുത്.,’ വിപിൻ അഴിമുഖത്തോട് പറഞ്ഞു.
Content Summary: Kerala University Sanskrit Department PhD student alleges caste discrimination by Dean C.M. Vijayakumari.