June 06, 2026 |

കുമാരനാശാനും ടി കെ മാധവനും ഇരുന്ന കസേരയില്‍ നിന്നു വെള്ളാപ്പള്ളിയെ എഴുന്നേല്‍പ്പിക്കുമ്പോള്‍

എസ്എന്‍ഡിപി പിടിച്ചെടുക്കാനുള്ള പരാജയപ്പെട്ട രാഷ്ട്രീയ നീക്കത്തിന്റെ പിന്‍തന്ത്രമായി അധികാര കസേര കിട്ടിയവര്‍ക്ക് യോഗത്തിന്റെ ചരിത്രമോ മഹത്വമോ മനസിലാകണമെന്നില്ല

ശ്രീനാരായണ ഗുരുവിനു കോടതി കയറേണ്ടി വരുമായിരുന്ന കേസ് പണ്ടുണ്ടായി. ഒരു നായര്‍ പ്രമാണി ഇഷ്ടദാനമായി നല്‍കിയ ഭൂമിയാണ് ഗുരുവിനു ശനിപ്പിഴയായി മാറിയത്. ഈ ഭൂമിയുടെമേല്‍ കേസ് വന്നു. ഭൂമി ഗുരുവിന് അവകാശപ്പെട്ടതല്ലെന്ന് കോടതി ഉത്തരവിട്ടു. കേസിന്റെ ആവശ്യത്തിലേക്കായി ഗുരുവിനോട് കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടു.

കാര്യമറിഞ്ഞ അന്നത്തെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പൊട്ടിത്തെറിച്ചു. ഗുരുവിനെ കോടതിവ്യവഹാരങ്ങളില്‍ നിന്ന് ഒഴിവാക്കിയെ തീരു, അദ്ദേഹം ഉഗ്രശബ്ദത്തില്‍ സര്‍ക്കാരിനോട് ആജ്ഞാപിച്ചു. സര്‍ക്കാരിന് അനുസരിക്കുകയെ മാര്‍ഗമുണ്ടായിരുന്നുള്ളൂ. കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിക്കപ്പെട്ടൊരാളെ അതില്‍ നിന്നൊഴിവാക്കുക; അങ്ങനെയൊരു സംഭവം മുമ്പ് തിരുവിതാംകൂറില്‍ കേട്ടറിവുണ്ടായിരുന്നില്ല. എന്നാല്‍ യോഗം ജനറല്‍ സെക്രട്ടറിയുടെ ഇച്ഛാശക്തിക്ക് അസാധ്യമായത് സാധ്യമാക്കാന്‍ പറ്റി. അന്ന് ശ്രീനാരയണ ധര്‍മപരിപാലന യോഗത്തിന്റെ ജനറല്‍ സെക്രട്ടറി കസേരയില്‍ ഇരുന്നയാളുടെ പേര് കുമാരനാശാന്‍ എന്നായിരുന്നു.

Kumaranasan

കേരളത്തിന്റെ സാമൂഹിക-നവോഥാന-രാഷ്ട്രീയ ചരിത്രത്തിന്റെ ഉമ്മറത്തിട്ടിരിക്കുന്ന ഒരു കസേരയാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെത്. ആ കസേരയില്‍ ഇരുന്നുകൊണ്ട് കോടതിയെ ചോദ്യം ചെയ്ത ജനറല്‍ സെക്രട്ടറിയുണ്ടായിരുന്നെങ്കില്‍, ഇന്ന് അതേ കസേരയില്‍ ഇരിക്കുന്നൊരാളോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി.

അരനൂറ്റാണ്ടിലേറെ എസ്എന്‍ഡിപി, എസ് എന്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലിരുന്നു ഈഴവ സമുദായത്തിന്റെ മൊത്തം നേതാവായി വിലസിയ വെള്ളാപ്പള്ളി നടേശന്‍ അയോഗ്യനാക്കപ്പെടുമ്പോള്‍, അതിന്റെ നാണക്കേട് മറയ്ക്കാന്‍ പത്മഭൂഷണ്‍ പുരസ്‌കാര പ്രഭയൊന്നും പോരാതെ വരും.

ഈഴവ സമുദായത്തെ വളര്‍ത്താനും ഒരു വിലപേശല്‍ ശക്തിയാക്കാനുമെല്ലാം കഴിഞ്ഞത് വെള്ളാപ്പള്ളിക്കാണെന്നാണ് അദ്ദേഹത്തിന്റെ സ്തുതിപാഠകര്‍ പ്രചരിപ്പിക്കുന്നത്. ഈഴവര്‍ സമം നടേശന്‍ എന്ന് ഇവിടുത്തെ ഭരണ-രാഷ്ട്രീയവൃത്തങ്ങളും വിശ്വസിച്ചു പോരുന്നു. വെള്ളാപ്പള്ളിക്ക് രാഷ്ട്രീയം കളിക്കാന്‍ അറിയാം, ആ കളിയിലൂടെ പലതും നേടിയിട്ടുമുണ്ട്. സമുദായത്തിനാണോ, വെള്ളാപ്പള്ളിക്കാണോ നേട്ടമുണ്ടായതെന്നു ചിന്തിക്കുന്നവര്‍ക്ക് മനസിലാകും.

വെള്ളാപ്പള്ളി നടേശനെ ഒരു ബിംബമായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ എസ്എന്‍ഡിപിയുടെ ചരിത്രം ശരിക്കും മനസിലാക്കാത്തവര്‍ ആയിരിക്കും. വെള്ളാപ്പള്ളി കസേരയില്‍ ഇരിക്കുന്നതിനും മുമ്പേ ശ്രീനാരായണ ധര്‍മപരിപാലനയോഗം കേരളത്തിലെ ഏറ്റവും കരുത്തുറ്റൊരു രാഷ്ട്രീയ-വിപ്ലവ പ്രസ്ഥാനമായിരുന്നു. അതങ്ങനെയാക്കിയത് ആ പ്രസ്ഥാനത്തെ നയിച്ചവരാണ്. അവരാരും തന്നെ രാഷ്ട്രീയ ഉപജാപങ്ങളുടെ അന്തപുരത്തില്‍ സേവകരായിരുന്നില്ല.

സമുദായത്തിന് വേണ്ടി എന്ന ബാനര്‍ കെട്ടിയാണ് വെള്ളാപ്പള്ളി ഓരോ വിലപേശലും നടത്തിയിരുന്നത്. പക്ഷേ ചരിത്രം നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെ കരുത്ത് നടേശനില്‍ കാണാന്‍ കഴിയില്ല. വിലപിക്കാനല്ല, പിടിച്ചു വാങ്ങിക്കാന്‍ തക്കശേഷിയുണ്ടായിരുന്നു അവര്‍ക്ക്.

പ്രജാസഭയില്‍ അംഗമായിരുന്ന കുമാരനാശാന്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കായി നിരന്തരം പോരാടി. ഈഴവര്‍ നേരിടുന്ന അവഗണന, മാറ്റിനിര്‍ത്തപ്പെടല്‍, അവകാശനിഷേധം എല്ലാം അക്കമിട്ട് അവതരിപ്പിച്ചു. വേണ്ടത് നേടിയെടുത്തു. ഞങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കൂളുകള്‍ വേണം, യോഗ്യരായവര്‍ക്ക് ഉദ്യോഗം വേണം; ആശാന്റെ ആവശ്യങ്ങളതൊക്കെയായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ആശാന്‍ പ്രജാസഭയില്‍ നടത്തിയ പ്രസംഗങ്ങളുടെ ക്രോഡീകരിച്ച പതിപ്പ് വായിച്ചാല്‍ ഒരു സമുദായ നേതാവ് എങ്ങനെയായിരിക്കണമെന്ന് വെള്ളാപ്പള്ളി ഭക്തര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.

ഈഴവരെ സംരക്ഷിക്കാന്‍ മാത്രമല്ല, അവര്‍ കാണിക്കുന്ന ശരികേടുകള്‍ തിരുത്താനും കഴിഞ്ഞിരുന്നു കുമാരനാശാന്‍ എന്ന നേതാവിന്. ഹരിജനങ്ങള്‍ക്ക് ഒരു സ്‌കൂളില്‍ പ്രവേശനം കിട്ടിയപ്പോള്‍, താഴ്ന്നജാതിക്കാരെ തുരത്താന്‍ എത്തിയവരില്‍ ഈഴവ പ്രമാണികളുമുണ്ടായിരുന്നു. രോഷം കൊണ്ട ആശാന്‍ വിവേകോദയത്തില്‍ ഉശിരനൊരു മുഖപ്രസംഗം എഴുതി. അവിടം കൊണ്ടും നിര്‍ത്തിയില്ല, നാരായണഗുരുവിനെ കൂട്ടിക്കൊണ്ടുചെന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചു. യോഗനാദത്തിന്റെ വരിസംഖ്യ പിരിക്കാന്‍ ഉത്സാഹം കാണിക്കുന്നവര്‍ അതൊന്നു മറിച്ചു നോക്കിയാല്‍ ഇത്തരം ചരിത്രങ്ങളൊക്കെ വായിക്കാവുന്നതാണ്.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി കസേരയില്‍ ഇരുന്ന് കുമാരനാശാന്‍ തന്റെ ജനതയ്ക്കും പ്രസ്ഥാനത്തിനുവേണ്ടി എന്തൊക്കെ ചെയ്തെന്നും മനസ്സിലാക്കിയാല്‍ തീരുന്നതേയുള്ളൂ ഇപ്പോള്‍ സമുദായത്തിനകത്ത് വെള്ളാപ്പള്ളിക്കുള്ള സ്വാധീനം.

വെള്ളാപ്പള്ളി നടേശന്‍ അധികാരമൊഴിഞ്ഞാല്‍ എസ്എന്‍ഡിപി തകര്‍ന്നു പോകുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. അവര്‍ക്ക് അറിയാത്ത ഒരേയൊരു കാര്യം വെള്ളാപ്പള്ളിക്കു മുമ്പും ഈ പ്രസ്ഥാനം ഇവിടെയുണ്ടായിരുന്നുവെന്നതാണ്. കേരളത്തിലെ പല പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം കൊടുത്തത് ഈ പ്രസ്ഥാനമാണ്. ദേവസ്വം-റവന്യു വകുപ്പുകള്‍ ഒരുമിച്ചു ചേര്‍ത്ത് ഭരിച്ചു പോന്നിരുന്ന സവര്‍ണ തന്ത്രത്തെ പൊളിച്ചതൊക്കെ ചരിത്രത്തിലെ ആവേശഭരിതമായ അധ്യായമാണ്. ഉന്നതവിദ്യാഭാസമുള്ള ഈഴവരെ ഉദ്യോഗങ്ങളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി എസ്എന്‍ഡിപി രംഗത്തിറങ്ങി. 1918 ല്‍ നടന്ന പൗരസമത്വ പ്രക്ഷോഭണം ഈ ആവശ്യമുന്നയിച്ചായിരുന്നു. പൗരാവകാശലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി കോട്ടയത്ത് വലിയൊരു സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തില്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തുകൊണ്ട് അന്നത്തെ ജനറല്‍ സെക്രട്ടറി നടത്തിയൊരു പ്രസംഗം ഉണ്ട്. ആ പ്രസംഗത്തെ റിപ്പോര്‍ട്ട് ചെയ്ത മലയാള മനോരമ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ വിശേഷിപ്പിച്ചത് പൗരാവകാശത്തിനുവേണ്ടി പടപൊരുതുന്ന ലോകൈക വാഗ്മി എന്നായിരുന്നു. ടി കെ മാധവന്‍ എന്നായിരുന്നു ആ ജനറല്‍ സെക്രട്ടറിയുടെ പേര്.

ടി കെ മാധവന്‍

പ്രസ്ഥാനത്തിന്റെ അടിസ്ഥാനശില ഭദ്രമാക്കിയ ആശാനെയും മാധവനെപ്പോലുള്ളവരുടെ കരുത്തായിരുന്നു വെള്ളാപ്പള്ളി നടേശന്‍ കയറി ഇരിക്കാന്‍ വരുമ്പോള്‍ ആ കസേരയ്ക്കുണ്ടായിരുന്നത്.

നവോഥാന ചരിത്രത്തിലെ തിളങ്ങുന്ന ഏടായ നിവര്‍ത്തന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതും എസ്എന്‍ഡിപിയാണ്. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ നിവര്‍ത്തനപ്രക്ഷോഭ സംയുക്ത രാഷ്ട്രീയസമിതി നിര്‍ത്തിയ എല്ലാ എല്ലാ സ്ഥാനാര്‍ത്ഥികളും വിജയിച്ചുവന്നതിന്റെ കഥയും വെള്ളാപ്പള്ളിക്ക് അറിയണമെന്നില്ല. എസ്എന്‍ഡിപിയെ രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ പഠിപ്പിച്ചത് വെള്ളാപ്പള്ളിയല്ലെന്നു മനസിലാക്കാന്‍ ഇത്തരം ചരിത്രങ്ങള്‍ അടിസ്ഥാനം.

തിരുവിതാംകൂറിലെ മന്ത്രിയായിരുന്ന വൈക്കം മാധവന്‍ തന്റെ മന്ത്രി സ്ഥാനം രാജിവച്ചത് ഈഴവര്‍ക്കു വേണ്ടിയായിരുന്നു. ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യുന്നത് സംവരണത്തിനുവേണ്ടിയാണ്. ഒന്നാം ഭരണഘടന ഭേദഗതിയില്‍ എഴുതിച്ചേര്‍ത്ത 16/4 വകുപ്പ് അനുസരിച്ച് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തെ കണ്ടെത്താനുള്ള അവകാശം അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുകയാണ്. ഈ ഭേദഗതി പ്രകാരം തന്റെ സമുദായത്തെയും സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് മാധവന്‍ വാദിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന വേലായുധന്‍ നായരും പനമ്പള്ളിയുമെല്ലാം മാധവനെ എതിര്‍ത്തു. തന്റെ സമുദായത്തിന്റെ കഷ്ടപ്പാടുകള്‍ തനിക്കേ മനസ്സിലാകൂവെന്നും കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടൊരു ജനതയാണ് തങ്ങളെന്നും ഉദ്ധരിച്ച് മാധവന്‍ തന്റെ വിമര്‍ശകര്‍ക്ക് നല്ല മറുപടി കൊടുത്തൂ. പിന്നീട് അദ്ദേഹം ചെയ്തത് തന്റെ രാജിക്കത്ത് നല്‍കല്‍ ആയിരുന്നു. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും എല്ലാ ഫയലുകളും നോക്കി തീര്‍ത്തിട്ടുണ്ടെന്നും അറിയിച്ചശേഷമാണ് മാധവന്‍ രാജിക്കത്ത് നല്‍കിയത്. ഇതോടെ വിറളിപൂണ്ട വേലായുധന്‍ നായര്‍ മാധവന്റെ പുറകെ വന്ന് ആശ്വസിപ്പിക്കുകയും അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. തന്റെ മന്ത്രി പദവി പോലും സ്വസമുദായത്തിന് അപമാനം നേരിടുമെന്ന് കണ്ട് വലിച്ചെറിയാന്‍ മടികാണിക്കാതിരുന്ന മാധവനൊക്കെയാണ് തന്റെ മുന്‍ഗാമികളെന്ന് വെള്ളാപ്പള്ളി എന്നെങ്കിലും ആലോചിച്ചുണ്ടാകുമോ?

എസ്എന്‍ഡിപി പിടിച്ചെടുക്കാനുള്ള പരാജയപ്പെട്ട രാഷ്ട്രീയ നീക്കത്തിന്റെ പിന്‍തന്ത്രമായി അധികാര കസേര കിട്ടിയവര്‍ക്ക് യോഗത്തിന്റെ ചരിത്രമോ മഹത്വമോ മനസിലാകണമെന്നില്ല. എന്നാല്‍ എസ്എന്‍ഡിപി യോഗം എന്ന മഹാപ്രസ്ഥാനത്തെ ഇന്നും ബഹുമാനിക്കുന്ന, അതിന്റെ മുന്‍കാല നേതാക്കളെ മാര്‍ഗദര്‍ശികളായി കാണുന്ന ഈഴവ സമുദായ പോരാളികള്‍ വെള്ളാപ്പള്ളിക്കും കൂട്ടര്‍ക്കും ശരിക്കും മനസിലാക്കി കൊടുത്തിരിക്കുകയാണ്; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ കസേരയുടെ വില.

Content Summary: Court-disqualified Vellappally Natesan and the prestige of the SNDP General Secretaryship.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×