ക്രിസ്മസ് എല്ലാവര്‍ക്കും സന്തോഷത്തിന്റെ ദിവസമാണ്, എന്നാല്‍ 2004ല്‍ ഉണ്ടായ സുനാമിക്ക് ശേഷം എടവനക്കാട്ടെ ഓരോ ആളുകളുടെയും ക്രിസ്മസ് കണ്ണീര്‍ ഓര്‍മയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ ഇന്നും ദുരിതം പേറുകയാണ് എടവനക്കാട് പതിമൂന്നാം വാര്‍ഡിലെ ആളുകള്‍. സുനാമിയില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് വീടുകള്‍ പുനനിര്‍മിച്ച് നല്‍കിയെങ്കിലും കടല്‍ ഭിത്തിയോ, തീരദേശ റോഡ് നിര്‍മാണമോ എങ്ങുമെങ്ങും എത്താത്ത അവസ്ഥയിലാണ്. രണ്ട് പിഞ്ച് കുഞ്ഞുങ്ങളെയടക്കം അഞ്ച് പേരെയാണ് സുനാമിയില്‍ കടലെടുത്തത്. സ്വന്തമായി സ്വരുക്കൂട്ടിയ സ്വത്തുക്കള്‍ ഒലിച്ച് പോകുന്നത് കണ്‍മുന്നില്‍ കാണുമ്പോഴും ജീവനുണ്ടെങ്കില്‍ അതെല്ലാം തിരച്ച് പിടിക്കാമെന്ന് ആശ്വസിച്ച് അവര്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തി. എന്നാല്‍ ദുരന്തം നടന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും പുനരധിവാസ പദ്ധതിയില്‍ വാഗ്ദാനം ചെയ്ത ചില വീടുകള്‍ നിര്‍മിച്ച് നല്‍കിയതൊഴികെ മറ്റ് പ്രഖ്യാപിത പദ്ധതികളെല്ലാം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.Remembering Edavanakkad Tsunami Disaster

എടവനക്കാട്ടെ തീരദേശത്തേക്ക് എത്തിപ്പെടുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കടപ്പുറത്തേക്ക് എത്തിപ്പെടാന്‍ നടക്കുക മാത്രമാണ് ഏക മാര്‍ഗം, ഓട്ടോറിക്ഷയോ, ഇരുചക്രവാഹനങ്ങളോ പോലും കടന്ന് പോകാന്‍ കഴിയാത്ത രീതിയിലാണ് റോഡുകളുടെ അവസ്ഥ. സുനാമിക്ക് ശേഷം മണല്‍ കയറി ഉപയോഗ ശൂന്യമായ രീതിയിലാണ് റോഡുകള്‍. Tsunami Disaster
കടലിന്റെ ഇരപ്പ് ശീലമാണെങ്കിലും മനസില്‍ ആധിയാണ് ഈ നാട്ടുകാര്‍ക്ക്. അല്‍പം വെള്ളമൊന്നുയര്‍ന്നാല്‍ അന്ന് തിരമാല കയറി ഇറങ്ങുക കടപ്പുറത്തെ വീടുകളിലാണ്. ഉപ്പുവെള്ളം ദിവസങ്ങളോളം കെട്ടിക്കിടക്കുന്നതിനാല്‍ പല വീടുകള്‍ക്കും നാശനഷ്ടം സംഭവിക്കുകയും ആളുകള്‍ക്ക് പലവിധ അസുഖങ്ങള്‍ പടരുകയും ചെയ്യുന്ന അവസ്ഥ നിലവിലുണ്ട്. കാലങ്ങളായി എടവനക്കാട്ടെ ആളുകള്‍ ഈ പ്രശ്നം നേരിടുന്നു. പല പ്രശ്നങ്ങള്‍ക്കും താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്നല്ലാതെ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ ഇന്നും അധികാരികള്‍ക്ക് സാധിച്ചിട്ടില്ല.Remembering Edavanakkad Tsunami Disaster

ചാത്തങ്ങാട് മുതല്‍ അണിയില്‍ കടപ്പുറം വരെ രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇപ്പോഴും റോഡ് മണല്‍ മൂടി കിടക്കുകയാണ്. ആളുകളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും അത്യാവിശ്യത്തിന് വാഹനങ്ങള്‍ പ്രദേശത്ത് എത്തുകയില്ല. രോഗികളെ തലയില്‍ ചുമന്നും മറ്റുമാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഇത് എത്ര ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്. vypin, kochi ,eranakulam
‘സുനാമി ഉണ്ടായിട്ട് 20 വര്‍ഷമായി, ഇക്കാലത്തിന്റെ ഇടയ്ക്ക് പല ഫണ്ടുകളും പാസായിട്ടുണ്ട് എന്നാല്‍ ഇവയൊക്കെ നിര്‍ദിഷ്ട കാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട് അത് പ്രകാരമുള്ള കാര്യങ്ങളാണ് നടക്കുന്നത്്. സുനാമി വന്നതിന് ശേഷം ഇവിടെ ഒരു പുലിമുട്ടോ, മെയിന്റനന്‍സോ ഒന്നും ചെയ്തിട്ടില്ല. തീരദേശ റോഡ് പൊളിഞ്ഞ് കിടന്നിട്ട് അതിനും ഒരു നീക്ക് പോക്കില്ല. റോഡ് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കയറി ഇറങ്ങാത്ത ഓഫീസുകളില്ല, അവിടുന്നെല്ലാം പറയുന്നത് റോഡ് പണി നടക്കാത്തത് സീവാള്‍ ഇങ്ങനെ കിടക്കുന്നത് കൊണ്ടാണ് എന്നാണ്. ഇവിടെ താമസിക്കുന്ന ആളുകള്‍ക്ക് ഈ പ്രദേശം വിട്ട് പോകാന്‍ കഴിയില്ല, അവരില്‍ പലരും ഈ കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.’എടവനക്കാട് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ പറയുന്നു.

തീരദേശത്തെ ഈ പ്രശ്നങ്ങള്‍ കാരണം നിരവധി ആളുകളാണ് പ്രദേശം വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നത്. അതില്‍ പലരും സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയില്‍ നിന്നിട്ടും കടലിനെ ഭയന്ന് വാടക വീടുകളിലേക്കും മറ്റും മാറിയിരിക്കുകയാണ്. അതിന് പോലും നിവൃത്തിയില്ലാത്തവരും കടലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരുമാണ് ഇപ്പോഴും അവിടെ താമസിക്കുന്നത്. എടവനക്കാടിന് അടുത്തുള്ള പ്രദേശങ്ങളില്‍ പുലിമുട്ടുകളുണ്ട് അതിനാല്‍ തന്നെ വെള്ളം ഏറ്റവും കൂടുതല്‍ തള്ളി വരിക പുലിമുട്ടില്ലാത്ത എടവനക്കാട്ടെ തീരത്തേക്കാണ്, ഇത് പ്രദേശവാസികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു.Remembering Edavanakkad Tsunami Disaster
‘ഇന്ന് ഉച്ചകഴിഞ്ഞ് ഇപ്പോഴാണ് വീടിനകത്ത് നിന്ന് വെള്ളം ഒഴുകി പോയത്. വീടിന്റെ അകത്ത് മുഴുവന്‍ ഉപ്പാണ്, ഉപ്പുവെള്ളം നിന്നിട്ട് വീട് നശിച്ച് പോവുകയാണ്. കുട്ടികളെ പഠിപ്പിക്കാന്‍ വിടാന്‍ പോലുമുള്ള സൗകര്യം ഇവിടെ ഇല്ല, അതുകൊണ്ട് ബന്ധുവീടുകളില്‍ മറ്റും നിന്നാണ് കുട്ടികള്‍ പഠിക്കുന്നത്. 20 വര്‍ഷമായിട്ട് റോഡ്ഇങ്ങനെ നശിച്ച് കിടക്കുന്നു. പ്രതിഷേധവും സമരങ്ങളും നടത്തി മടുത്തു.’ പ്രദേശവാസികള്‍ പറയുന്നു.

കടല്‍ കയറിയാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പോലും ആളുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട് പോകും, പിന്നീട് അവര്‍ക്ക് എന്തുപറ്റി എന്ന് അറിയാന്‍ പോലും വെള്ളം ഇറങ്ങണമെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.
എന്തെങ്കിലും ദുരന്തങ്ങള്‍ നടന്നാല്‍ മാത്രം തിരിഞ്ഞ് നോക്കുന്ന സംവിധാനമാണ് നമുക്ക് നിലവിലുള്ളത്, എന്നാല്‍ ദുരന്തങ്ങള്‍ വരുന്നതിനു മുന്‍പ് കഴിയുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഒരുക്കിവെച്ചാല്‍ അത്രയും ആഘാതം കുറഞ്ഞ് കിട്ടുമെന്ന കാര്യം അധികാരികള്‍ ഓര്‍ക്കാതെ പോവുകയാണ്.Remembering Edavanakkad Tsunami Disaster

‘സുനാമി ഉണ്ടായ ദിവസവും സാധാരണ പോലെ ഞങ്ങള്‍ കടപ്പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കടല്‍ നല്ല പോലെ ഉള്ളിലേക്ക് വലിയുന്നത് ശ്രദ്ധിച്ചത്. എന്തോ പന്തികേട് തോന്നി, അല്‍പനേരം നിന്നിട്ട് ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ച് പോയി. അപ്പോള്‍ എന്റെ പെങ്ങള്‍ പൈപ്പിന്റെ ചുവട്ടില്‍ കുഞ്ഞിനെ കുളിപ്പിക്കുകയായിരുന്നു. എന്തെങ്കിലും പറയുന്നതിന് മുന്‍പ് വെള്ളം ഇരച്ച് കയറി. കുഞ്ഞ് പോയത് കണ്‍മുന്നിലൂടെയായിരുന്നു, എന്നാലും ഒന്നും ചെയ്യാന്‍ പറ്റിയില്ല. പിന്നെ കുഞ്ഞിന് വേണ്ടി തോട്ടിലും മീന്‍കെട്ടിലും എല്ലാം അന്വേഷിച്ച് നടപ്പായിരുന്നു. അതൊക്കെ കഴിഞ്ഞിട്ട് ഇത്രയും വര്‍ഷമായെങ്കിലും എല്ലാം എന്റെ കണ്‍മുന്നിലുണ്ട്.’ സുനാമിയില്‍ മരണപ്പെട്ട കുഞ്ഞിന്റെ അമ്മാവന്‍ പറയുന്നു.Remembering Edavanakkad Tsunami Disaster

എടവനക്കാട്ടെ കടല്‍ത്തീരത്ത് താമസിക്കുക എന്നത് ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ് ഇവിടുത്തെ നാട്ടുകാര്‍ക്ക്. എന്നാല്‍ പോകാന്‍ മറ്റൊരു സ്ഥലമോ. ചാരാന്‍ മറ്റൊരു തോളോ ഇല്ലാതെ ദുരന്തത്തെ ഭയന്ന് ജീവിതം തള്ളി നീക്കുകയാണ് ഇവര്‍. ശരിയായ രീതിയിലുള്ള യാതൊരു ഇടപെടലുകളും സര്‍ക്കാരോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇവര്‍ക്ക് വേണ്ടി നടത്തുന്നില്ല. ആശുപത്രിയില്‍ പോകാന്‍ പോലും റോഡില്ലാതെ, കടലില്‍ നിന്ന് കയറുന്ന ഉപ്പുവെള്ളം കോരിക്കളഞ്ഞ വീടിനുള്ളില്‍ താമസിക്കുന്ന ഇവരുടെ ആരോഗ്യത്തിനും ജീവനും സ്വത്തിനുമൊന്നും വിലയില്ലാതെ പോകുന്നത് എന്തുകൊണ്ടാണ്?
content summary; Remembering Edavanakkad Tsunami Disaster: 20 Years On