രണ്ട് പതിറ്റാണ്ട്, മൂന്ന് അന്വേഷണ ഏജന്‍സികള്‍; ആരും പ്രതികളായില്ലാതെ 2006 മലേഗാവ് സ്‌ഫോടന കേസ്‌

31 മനുഷ്യജീവനുകളെടുത്ത ഭീകാരാക്രമണമായിരുന്നു നടന്നത്‌

2006 malegaon bombings

31 മനുഷ്യ ജീവനുകളെടുത്ത 2006 ലെ മലേഗാവ് സ്‌ഫോടനം എങ്ങനെ സംഭവിച്ചു? എകദേശം ഇരുപത് വര്‍ഷകൊണ്ട്, മൂന്ന് അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഉത്തരം കണ്ടെത്തിയിട്ടില്ല. ഈ ഭീകരാക്രമണത്തില്‍ വിചാരണ നേരിടാന്‍ ഇനി ആരും ബാക്കിയില്ല. ബുധനാഴ്ച, കേസിലെ അവസാനത്തെ നാല് പ്രതികള്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ കോടതി അനുവദിച്ചു. 2025-ല്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ കേസില്‍ ഇനി പ്രതികളായി ആരുമില്ല.

മനോഹര്‍ നര്‍വാരിയ, രാജേന്ദ്ര ചൗധരി, ധന്‍ സിംഗ്, ലോകേഷ് ശര്‍മ്മ എന്നിവരാണ് ഹൈക്കോടതിയുടെ നടപടിയോടെ കുറ്റവിമുക്തരായത്. ഇവര്‍ക്ക് മുമ്പ് ഈ കേസില്‍ അറസ്റ്റിലായ ഒമ്പത് മുസ്ലീം യുവാക്കളെ 2016-ല്‍ കുറ്റവിമുക്തരാക്കിയിരുന്നു. 2008-ലെ മറ്റൊരു മലേഗാവ് സ്ഫോടനക്കേസില്‍ ബിജെപി മുന്‍ എംപി സാധ്വി പ്രജ്ഞ സിംഗ് താക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴ് പ്രതികളെയും മതിയായ തെളിവുകളില്ലെന്ന് കണ്ട് പ്രത്യേക എന്‍ഐഎ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അതിന് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ വിധി വരുന്നത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്), പിന്നീട് സിബിഐ, ഒടുവില്‍ നിലവിലെ അന്വേഷണ ഏജന്‍സിയായ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) എന്നിവരാണ് ഈ കേസ് അന്വേഷിച്ചത്.

2006 സെപ്റ്റംബര്‍ 8-ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഉച്ചയ്ക്ക് 1.50-ഓടെ മഹാരാഷ്ട്രയിലെ നാഷിക്കിനടുത്തുള്ള മുസ്ലീം ഭൂരിപക്ഷ നഗരമായ മലേഗാവിലെ ഹമീദിയ മസ്ജിദ്, ബഡാ ഖബറിസ്ഥാന്‍ പ്രവേശന കവാടം, പാര്‍ക്കിംഗ് ഏരിയ, പവര്‍ സപ്ലൈ റൂം, മുഷാവറത്ത് ചൗക്ക് എന്നിവിടങ്ങളില്‍ നാല് ബോംബുകള്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 312 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും 2006 ഒക്ടോബറില്‍ കേസ് എടിഎസിനെ ഏല്‍പ്പിച്ചു.

നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധമുള്ള 13 മുസ്ലീം യുവാക്കളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് എടിഎസ് ആരോപിച്ചു. നൂറുല്‍ ഹുദ, ഷബീര്‍ മസിയുള്ള, റയീസ് മന്‍സൂരി, സല്‍മാന്‍ ഫാര്‍സി, ഡോ. ഫറോഗ് മഗ്ദുമി, ഷെയ്ഖ് മുഹമ്മദ് അലി, ആസിഫ് ഖാന്‍, മുഹമ്മദ് സാഹിദ്, അബ്രാര്‍ അഹമ്മദ് എന്നീ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ അലിയെയും ആസിഫിനെയും 2006 ജൂലൈ 11-ന് നടന്ന മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലും എടിഎസ് പ്രതിചേര്‍ത്തിരുന്നു. 2025 ജൂലൈയില്‍ ബോംബെ ഹൈക്കോടതി ഈ കേസില്‍ ഇരുവരെയും കുറ്റവിമുക്തരാക്കി. എടിഎസിന്റെ അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ കോടതി, കുറ്റസമ്മത മൊഴികള്‍ സ്വീകാര്യമല്ലെന്നും അവര്‍ പീഡനത്തിന് ഇരയായെന്നും വ്യക്തമാക്കി. മലേഗാവ് കേസില്‍, ഒമ്പത് പേരില്‍ ഏഴ് പേരും കുറ്റസമ്മതം നടത്തിയെന്നാണ് എടിഎസ് അവകാശപ്പെട്ടത്. ഹുദയുടെ വിവാഹസമയത്ത് മെയ് 2006-ലാണ് ഗൂഢാലോചന നടന്നതെന്നും മുംബൈയില്‍ വെച്ച് രണ്ട് പാകിസ്ഥാന്‍ പൗരന്മാരുടെ സഹായത്തോടെയാണ് ബോംബുകള്‍ നിര്‍മ്മിച്ചതെന്നും എടിഎസ് ആരോപിച്ചു. 2007-ല്‍ സിബിഐ കേസ് ഏറ്റെടുത്തു, അവരും ഇതേ പ്രതികളെത്തന്നെയാണ് ആരോപിച്ചത്.

2007 മെയ് 18-ന് ഹൈദരാബാദിലെ മക്ക മസ്ജിദില്‍ സ്‌ഫോടനം നടന്നു. സിബിഐ നടത്തിയ അന്വേഷണത്തില്‍ 2010-ല്‍ സ്വാമി അസീമാനന്ദിനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്‌ഫോടനത്തിലും മറ്റ് ആക്രമണങ്ങളിലും അദ്ദേഹത്തിന് പങ്കുണ്ടെന്ന് സിബിഐ ആരോപിച്ചു. 2010-ല്‍ മജിസ്ട്രേറ്റിന് മുന്നില്‍ അസീമാനന്ദ് നല്‍കിയ കുറ്റസമ്മതമൊഴിയില്‍, സുനില്‍ ജോഷിയും കൂട്ടാളികളുമാണ് മലേഗാവ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞതായി സിബിഐ അവകാശപ്പെട്ടു. 2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭീകരവാദ കേസുകള്‍ എന്‍ഐഎയ്ക്ക് കൈമാറാന്‍ തീരുമാനിച്ചു. മലേഗാവ് കേസും എന്‍ഐഎ ഏറ്റെടുത്തു. അന്വേഷണത്തില്‍ അറസ്റ്റിലായ ഒമ്പത് മുസ്ലീം യുവാക്കള്‍ക്ക് കേസുമായി ബന്ധമില്ലെന്നും അവരുടെ കുറ്റസമ്മത മൊഴികള്‍ സമ്മര്‍ദ്ദം ചെലുത്തി വാങ്ങിയതാണെന്നും കണ്ടെത്തി. 2011-ല്‍ അവര്‍ക്ക് ജാമ്യം ലഭിച്ചു.

2013-ല്‍ എന്‍ഐഎ മറ്റൊരു കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ നര്‍വാരിയ, ചൗധരി, സിംഗ്, ശര്‍മ്മ എന്നിവരും ഉള്‍പ്പെടുന്നു. സുനില്‍ ജോഷി (2007ല്‍ കൊല്ലപ്പെട്ടു), രാംജി കല്‍സംഗ്ര, സന്ദീപ് ഡാംഗെ, രമേഷ് മഹല്‍ക്കര്‍ എന്നിവരെയും പ്രതിചേര്‍ത്തു. നേരത്തെ അറസ്റ്റിലായ ഒമ്പത് പേരെ ഒഴിവാക്കുന്നതിനെ ഏജന്‍സി പിന്തുണച്ചു. 2016 ഏപ്രില്‍ 25-ന് എട്ടുപേരെ കുറ്റവിമുക്തരാക്കി. ഒരാളായ ഷബീര്‍ അപ്പീല്‍ നിലനില്‍ക്കെ മരിച്ചു. ഈ കുറ്റവിമുക്തരാക്കലിനെതിരെ എടിഎസും ഇപ്പോള്‍ ഹൈക്കോടതിയുടെ ആശ്വാസം ലഭിച്ച നാല് പേരും അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ അപ്പീല്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്.

സുനില്‍ ജോഷിയുടെ നേതൃത്വത്തില്‍ ഇന്‍ഡോറില്‍ നിന്ന് ബോംബുകള്‍ മലേഗാവിലെത്തിച്ചത് ഈ നാല് പേരാണെന്ന് എന്‍ഐഎ ആരോപിച്ചു. സൈക്കിളുകള്‍ വാങ്ങി ബോംബുകള്‍ മസ്ജിദിലും പരിസരത്തും സ്ഥാപിച്ചത് ഇവരാണെന്ന് എന്‍ഐഎ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷമുള്ള മലേഗാവ് വര്‍ഗീയ കലാപമുണ്ടാക്കാന്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്തതാണെന്നും എന്‍ഐഎ ആരോപിച്ചു. 2013-ല്‍ അറസ്റ്റിലായ ഇവര്‍ ആറ് വര്‍ഷം ജയിലില്‍ കിടന്നു. 2019 ജൂണ്‍ 14-ന് ഹൈക്കോടതി ജാമ്യം നല്‍കി. ബോംബുകള്‍ സ്ഥാപിക്കുന്നതോ സൈക്കിള്‍ വാങ്ങുന്നതോ ആരും കണ്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ചതിന് ശേഷം കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് നാലുപേരും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ആ ആവശ്യം അവര്‍ പിന്‍വലിച്ചു. തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ കോടതി ഇവര്‍ക്കെതിരെ കുറ്റം ചുമത്തി. എന്നാല്‍ ഇതിനെതിരെ ഇവര്‍ നല്‍കിയ അപ്പീല്‍ ബുധനാഴ്ച ഹൈക്കോടതി അനുവദിക്കുകയും, ഇവര്‍ക്കെതിരെയുള്ള ആ നടപടി റദ്ദാക്കുകയും ചെയ്തു.

Content Summary: 20 years, three probes, there are no accused left in the 2006 Malegaon blast case. 31 people killed blast.

This post was last modified on April 23, 2026 7:34 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment