തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. രാമേശ്വരം സെരങ്കോട്ടൈ സ്വദേശിനിയും ജില്ലാ ഗവൺമെൻ്റ് സ്കൂളിലെ വിദ്യാർത്ഥിനിയുമായ ശാലിനിയാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് 21 വയസ്സുകാരനായ മുനിയരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാലിനിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തുകയും നിർബന്ധിച്ച് പ്രണയബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നത് മുനിയരാജാണെന്ന് പോലീസ് അറിയിച്ചു. പ്രണയം നിരസിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ പിതാവ് നേരത്തെ ഇടപെട്ടതാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന വൈരാഗ്യത്തിന് കാരണമായതെന്നാണ് സൂചന.
ശാലിനിയെ മുനിയരാജ് ശല്യം ചെയ്യുന്ന വിവരം പിതാവായ മാരിയപ്പനെ പെൺകുട്ടി അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് മാരിയപ്പൻ മുനിയരാജിൻ്റെ വീട്ടിലെത്തി ബന്ധുക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പകയാണ് ബുധനാഴ്ചത്തെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്.
ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന ശാലിനിയെ മുനിയരാജ് വഴിയിൽ തടഞ്ഞുനിർത്തി. കത്തി കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും പ്രണയം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ശാലിനി വിസമ്മതിച്ചതോടെ മുനിയരാജ് വിദ്യാർത്ഥിനിയെ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി മരിച്ചു.
ശാലിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട മുനിയരാജിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനിയുടെ കൊലപാതകത്തോടെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിമർശനങ്ങളും ശക്തമാണ്. സംഭവത്തെ പി.എം.കെ. നേതാവ് അൻപുമണി രാമദാസ് ശക്തമായി അപലപിച്ചു.
പ്രതി മുനിയരാജിനെ “മനുഷ്യ മൃഗം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തമിഴ്‌നാട്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ഡി.എം.കെ. സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടു എന്ന് ആരോപിച്ചു.
ഡി.എം.കെ. ഭരണകാലയളവിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളും പോക്സോ കേസുകളും വലിയ തോതിൽ വർദ്ധിച്ചു എന്ന് ചൂണ്ടിക്കാട്ടിയ രാമദാസ്, “ഭരിക്കുന്ന പാർട്ടിയുടെ പക്ഷം ചേരുന്ന സാമൂഹിക വിരുദ്ധർക്ക് മാത്രമേ ഇവിടെ സംരക്ഷണം ലഭിക്കുന്നുള്ളൂ” എന്നും വിമർശനമുയർത്തി. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും, ശാലിനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, സംസ്ഥാന സർക്കാർ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് വേണ്ടി മെച്ചപ്പെട്ട സാഹചര്യം സൃഷ്ടിക്കണമെന്നും അൻപുമണി രാമദാസ് ആവശ്യപ്പെട്ടു.
content summary: 21-year-old man stabs Class 12 girl to death in Tamil Nadu after she rejects him
This post was last modified on November 19, 2025 3:18 pm
Leave a Comment