June 06, 2026 |
Share on

മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയോട് സംസാരിച്ചു; മഹാരാഷ്ട്രയിൽ 21 കാരനായ മുസ്ലീം യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

രക്ഷിക്കാൻ ശ്രമിച്ച അമ്മയെയും സഹോദരിയെയും ആക്രമിച്ചു

മഹാരാഷ്ട്രയിൽ 21 കാരനായ മുസ്ലീം യുവാവിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ജാംനറിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് മക്തൂബ് മീഡിയയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സുലൈമാൻ റഹിം ഖാനെന്ന യുവാവാണ് ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ടത്. രക്ഷിക്കാൻ ശ്രമിച്ച അമ്മയെയും സഹോദരിയെയും ആക്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

മറ്റൊരു സമുദായത്തിൽപ്പെട്ട 17 വയസ്സുള്ള പെൺകുട്ടിയോടൊപ്പം സഞ്ചരിച്ചുവെന്നും സംസാരിച്ചുവെന്നും ആരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ മർദിച്ചത്. ജാംനർ പോലീസ് സ്റ്റേഷൻ പരിസരത്തുള്ള ഒരു കഫേയിൽ നിന്നാണ് 15 പേരടങ്ങുന്ന ഒരു സംഘം സുലൈമാൻ റഹിം ഖാനെ തട്ടിക്കൊണ്ടുപോതയത്. വാഹനത്തിലെത്തിയ സംഘം റഹിം ഖാനെ വലിച്ചിഴച്ച് കൊണ്ടുപോവുകയും മർദിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ വാതിൽപ്പടിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഉടൻ തന്നെ റഹിം ഖാനെ ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വടിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് മർദ്ദിച്ചതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും ആന്തരിക അവയവങ്ങൾക്ക് മാരകമായ പരിക്കുകൾ സംഭവിച്ചതായും പൊലീസ് പറഞ്ഞു.

അടുത്തിയെയാണ് സുലൈമാൻ റഹിം ഖാൻ 12ാം ക്ലാസ് പാസായത്. പൊലീസിൽ ചേരാൻ ആ​ഗ്രഹിച്ചിരുന്നുവെന്നും ആക്രമണം നടന്ന ദിവസം അപേക്ഷ സമർപ്പിക്കാൻ ജാംനറിൽ പോയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തന്റെ മകന്റെ ശരീരത്തിൽ മുറിവുകളില്ലാത്ത ഒരു സ്ഥലം പോലുമുണ്ടായിരുന്നില്ലെന്നും അക്രമികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നും പിതാവ് റഹിം ഖാൻ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റഹീം ഖാന്റെ കൊലപാതകം ജാംനറിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജാംനർ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധക്കാർ ഒത്തുകൂടിയിരുന്നു. സംഭവത്തിൽ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഞ്ച് പേരെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് സൂപ്രണ്ട് മഹേശ്വർ റെഡ്ഡി പറഞ്ഞു. ഭാരതീയ ന്യായ സംഹിത പ്രകാരം പ്രതികൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Content Summary: 21-year-old Muslim youth beaten to death in Maharashtra

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×