ആന്‍ഡമാന്‍ കടലില്‍ ബോട്ട് മറിഞ്ഞ് 250 ഓളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കാണാതായി

മോശം കാലാവസ്ഥയും അമിതമായി ആളെ കയറ്റിയതുമാണ് അപകടത്തിന് കാരണമായി പറയുന്നത്

rohingya refugees

ആന്‍ഡമാന്‍ കടലില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ബംഗ്ലാദേശ് പൗരന്മാരും സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് ഏകദേശം 250-ഓളം പേരെ കാണാതായതായി വിവരം. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി-കുടിയേറ്റ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉള്‍പ്പെടെ 250-ലധികം പേരുമായി പോയ ട്രോളര്‍, മോശം കാലാവസ്ഥയെയും അമിതഭാരത്തെയും തുടര്‍ന്നാണ് കടലില്‍ മുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെക്കന്‍ ബംഗ്ലാദേശിലെ ടെക്‌നാഫില്‍ നിന്ന് പുറപ്പെട്ട ബോട്ട് മലേഷ്യയിലേക്കാണ് പോയിരുന്നതെന്നാണ് വിവരം.

ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും അമിതമായി ആളുകളെ കയറ്റിയതുമാണ് അപകടത്തിന് കാരണമായതെന്ന് യുഎന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മ്യാന്‍മറില്‍ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന മുസ്ലീം ന്യൂനപക്ഷമായ റോഹിങ്ക്യകള്‍, അടിച്ചമര്‍ത്തലുകളില്‍ നിന്നും ആഭ്യന്തരയുദ്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് പേരാണ് ഇത്തരത്തില്‍ ജീവന്‍ പണയപ്പെടുത്തി യാത്ര ചെയ്യുന്നത്. സുരക്ഷിതമല്ലാത്ത ബോട്ടുകളിലാണ് ഇവരുടെ ഈ ദുഷ്‌കരമായ യാത്ര.

മ്യാന്‍മറിലെ രാഖൈന്‍ സംസ്ഥാനത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ പത്ത് ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ കഴിയുന്ന തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ക്യാമ്പുകളില്‍ നിന്നുള്ളവരാകാം ബോട്ടിലുണ്ടായിരുന്നതെന്നാണ് കരുതുന്നത്. രാഖൈനില്‍ മ്യാന്‍മര്‍ സൈന്യവും ന്യൂനപക്ഷ വിമത ഗ്രൂപ്പായ അരകാന്‍ ആര്‍മിയും തമ്മില്‍ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി നടക്കുന്ന ശക്തമായ പോരാട്ടം ഈ പലായനത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.

ഏപ്രില്‍ 4-ന് ബംഗ്ലാദേശില്‍ നിന്ന് പുറപ്പെട്ട ഈ ബോട്ടില്‍ ഏകദേശം 280 പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരങ്ങള്‍. ഇന്തോനേഷ്യയിലേക്ക് പോകുകയായിരുന്ന ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ഏപ്രില്‍ 9-ന് ഒരു സ്ത്രീയുള്‍പ്പെടെ ഒമ്പത് പേരെ രക്ഷപ്പെടുത്തിയിരുന്നു. ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം കടലില്‍ തടികളിലും ഡ്രമ്മുകളിലും പിടിച്ച് ഒഴുകുകയായിരുന്ന ഇവരെ ബംഗ്ലാദേശി ഫ്‌ലാഗ് കാരിയറായ ‘എംടി മേഘ്ന പ്രൈഡ്’ കണ്ടെത്തുകയായിരുന്നുവെന്ന് ബിസിജി വക്താവ് ലഫ്റ്റനന്റ് കമാന്‍ഡര്‍ സബ്ബീര്‍ ആലം സുജന്‍ അറിയിച്ചു.

ദീര്‍ഘകാലമായുള്ള കുടിയിറക്കലും റോഹിങ്ക്യന്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമില്ലാത്തതും മനുഷ്യജീവനുകള്‍ക്ക് എത്രത്തോളം വലിയ വില നല്‍കേണ്ടി വരുന്നു എന്നതിന്റെ തെളിവാണ് ഈ ദുരന്തമെന്ന് യുഎന്‍എച്ച്‌സിആറും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും സംയുക്തമായി പ്രസ്താവിച്ചു. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തുകാര്‍ തന്നെ ബോട്ടിലേക്ക് ആകര്‍ഷിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവരില്‍ ഒരാളായ 40-കാരനായ റഫീഖുല്‍ ഇസ്ലാം പറഞ്ഞു. നാല് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ബോട്ട് മറിഞ്ഞതെന്നും, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് മുന്‍പ് ഏകദേശം 36 മണിക്കൂര്‍ കടലില്‍ ഒഴുകി നടന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും അവരെ സ്വീകരിച്ച ബംഗ്ലാദേശി സമൂഹത്തിനുമായി അന്താരാഷ്ട്ര സമൂഹം കൂടുതല്‍ ധനസഹായം നല്‍കണമെന്ന് ഏജന്‍സികള്‍ അഭ്യര്‍ത്ഥിച്ചു. 2017-ല്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ സൈനിക നടപടിയെത്തുടര്‍ന്ന് 7.3 ലക്ഷത്തിലധികം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ആ സമയത്ത് നടന്ന കൊലപാതകങ്ങളും കൂട്ടബലാത്സംഗങ്ങളും വംശഹത്യയുടെ പരിധിയില്‍ വരുമെന്ന് ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ സമിതി നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍ മ്യാന്‍മര്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.

Content Summary: About 250 missing after boat carrying Rohingya refugees capsizes in Andaman Sea. due to heavy winds, rough seas and overcrowding

This post was last modified on April 15, 2026 9:48 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment