ഹൃദയശൂന്യമെന്നോ, അതിക്രൂരമെന്നോ പറയാവുന്ന ആരോപണമാണ് ഇന്ത്യന്‍ അധികാരികള്‍ക്കെതിരേ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഉന്നയിച്ചിരിക്കുന്നത്. അഭയം തേടി ഇന്ത്യയിലെത്തിയ തങ്ങളുടെ കൂട്ടത്തിലെ 32 മനുഷ്യരെ ദയയേതുമില്ലാതെ കടലില്‍ എറിഞ്ഞെന്നാണ് ഇന്ത്യന്‍ അധികൃതര്‍ക്കെതിരേയുള്ള പരാതി. ദി വയ്ര്‍ ആണ് ഇത്തരമൊരു പരാതിയെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അഭയാര്‍ത്ഥികളെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് ആരോപണം. കടലില്‍ എറിയപ്പെട്ട മനുഷ്യര്‍ വീണ്ടും മ്യാന്‍മറിലേക്ക് തന്നെ തിരികെ പോകേണ്ടതായി വന്നതായി പറയുന്നു. അവിടെ നിന്നാണ് അവര്‍ പ്രാണനാശം ഭയന്ന് രക്ഷതേടി ഇന്ത്യയിലേക്ക് വന്നത്. അങ്ങനെ വന്ന മനുഷ്യരെ യാതൊരു മനുഷ്യത്വവും ഇല്ലാതെ കടലില്‍ എറിഞ്ഞ് ഇന്ത്യ കൈകഴുകിയെന്നാണ് ഇപ്പോള്‍ ഉയരുന്ന അക്ഷേപം.
രണ്ട് അഭയാര്‍ത്ഥികള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, 15, 16 വയസ് മാത്രമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍, 66 വയസ്സ് വരെ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍, കാന്‍സര്‍, ക്ഷയം, ഹൃദ്രോഗം, പ്രമേഹം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയില്‍ നിന്നും നാടുകടത്തല്‍ നടപടി നേരിട്ടതായും, ഇതവരെ സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിലേക്ക് എത്തിച്ചതായും പറയുന്നു.
ഇന്ത്യയിലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, വൃദ്ധര്‍, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിവരുള്‍പ്പെടെയുള്ള റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതിയുണ്ട്. മെയ് 6 ന് രാത്രി ‘ബയോമെട്രിക് ഡാറ്റ ശേഖരണത്തിന് എന്ന വ്യാജേന ന്യൂഡല്‍ഹിയിലെ അവരുടെ വീടുകളില്‍ നിന്ന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പൊലീസ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് പരാതി. വയറിനോട് സംസാരിച്ച ഒരു അഭയാര്‍ത്ഥി സ്ത്രീ (ആമിന എന്നാണ് വയ്ര്‍ അവര്‍ക്ക് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്) അവരുടെ അനുഭവം പറയുന്നുണ്ട്. അവരുടെ സഹോദരനെയും പൊലീസ് ബയോമെട്രിക് പരിശോധനയ്ക്ക് എന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടു പോയത്. പിന്നീട് അദ്ദേഹത്തെ തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് ആമിന പറയുന്നത്.
മാധ്യമങ്ങളിലെയും ഹര്‍ജിയിലെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം 43 റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ അന്താരാഷ്ട്ര ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ്. എന്നാല്‍, കേസില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍എച്ച്‌സിആറിന്റെ സോഷ്യോ ലീഗല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ നിയമ ഉദ്യോഗസ്ഥനായ ദില്‍വാര്‍ ഹുസൈന്‍ ദി വയറിനോട് പറഞ്ഞത്, 38 പേരെയാണ് വെള്ളത്തില്‍ തള്ളിയതെന്നാണ്. ഹര്‍ജിയില്‍ ഇക്കാര്യം വ്യക്തമാക്കി മാറ്റം വരുത്തേണ്ടതുണ്ടെന്നും ഹുസൈന്‍ പറയുന്നു.
നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് തന്റെ സഹോദരനെ ഉള്‍പ്പെടെ പൊലീസ് കൊണ്ടുപോയതെന്നാണ് ആമിന പറയുന്നത്. വാറണ്ടുകളോ, മുന്‍കൂര്‍ നോട്ടീസുകളോ, വാദം കേള്‍ക്കാന്‍ അവസരങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. കോടതിയില്‍ ഹാജരാക്കാതെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ 24 മണിക്കൂറിലധികം അവരെയെല്ലാം കസ്റ്റഡിയില്‍ വച്ചിരുന്നുവെന്നും ആമിന കൂട്ടിച്ചേര്‍ക്കുന്നു. പോലീസിന്റെ നടപടികള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22 ന്റെയും, 24 മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും ഏകപക്ഷീയമായ തടങ്കലില്‍ വയ്ക്കുന്നത് നിരോധിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്ന ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ വിവിധ നടപടിക്രമങ്ങളുടെയും ലംഘനമാണെന്നാണ് റോഹിംഗ്യന്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ഊന്നിപ്പറയുന്നതെന്നും വയ്ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹി പൊലീസ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കള്ളം പറഞ്ഞു വഞ്ചിക്കുകയായിരുന്നുവെന്നാണ് ദില്‍വാര്‍ ഹുസൈന്‍ പറയുന്നത്. മെയ് 6 ന് വൈകുന്നേരമാണ് ഡല്‍ഹിയിലെ ഉത്തം നഗര്‍, വികാസ്പുരി, ഹസ്തല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 38 റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ബയോമെട്രിക്‌സ് ശേഖരിക്കാനെന്ന വ്യാജേന പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുന്നത്. അവിടെ അവരെ 24 മണിക്കൂര്‍ അന്യായമായി തടങ്കലില്‍ വച്ചുവെന്നുമാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നത്. സ്റ്റേഷനില്‍ നിന്നും 38 പേരെയും പിറ്റേദിവസം(മേയ് 7) ഇന്ദര്‍ലോക് തടങ്കല്‍ പാളയത്തിലേക്ക് കൊണ്ടു പോയി. അതിനുള്ള കാരണമായി പറഞ്ഞത്, അവിടെ മാത്രമാണ് ബയോമെട്രിക് പരിശോധന സൗകര്യമുള്ളതെന്നായിരുന്നു. അവിടെയെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ എല്ലാവരെയും വിട്ടയക്കുമെന്നും അവരോട് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അങ്ങനെയൊന്നുമല്ല നടന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
കസ്റ്റഡിയില്‍ എടുത്തവരില്‍ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടായിരുന്നു. എന്നാല്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ജുവനൈല്‍ ജസ്റ്റീസ് നടപടി ക്രമങ്ങള്‍ പാലിക്കുകയോ ചെയ്തില്ലെന്നാണ് ദില്‍വാര്‍ ഹുസൈന്‍ പറയുന്നത്. ഒരു രാത്രി മുഴുവന്‍ അന്യായമായി തടങ്കലില്‍ വച്ചശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ പോലും ഹാജരാക്കാത് നേരിട്ട് തടങ്കല്‍ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു എല്ലാവരെയും. വളരെ മോശമായിട്ടായിരുന്നു പൊലീസുകാര്‍ അഭയാര്‍ത്ഥി മനുഷ്യരോട് പെരുമാറിയത്. ‘അമിതമായി മദ്യപിച്ചതായി തോന്നിയ മൂന്ന് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍, ഒരു റോഹിംഗ്യന്‍ സ്ത്രീയെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു. അസഭ്യം പറയുകയും അവരുടെ വീടുകളില്‍ അന്യായമായി കടന്നു കയറി തിരച്ചില്‍ നടത്തുകയും ചെയ്തു. രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തിയ ഒരു പുരുഷനെ കസ്റ്റഡിയില്‍ എടുത്തു മര്‍ദ്ദിച്ചു. തുടങ്ങിയ പരാതികള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.
‘തെക്ക് വടക്ക് ഡല്‍ഹിയിലുള്ള ഒന്നിലധികം പോലീസ് സ്റ്റേഷനുകളില്‍ നിയമവിരുദ്ധമായി 40-ലധികം റോഹിംഗ്യകളെയാണ് തടങ്കലില്‍ വച്ചതെന്നാണ് ദില്‍വാര്‍ ഹുസൈന്‍ പരാതിപ്പെടുന്നത്. ഭക്ഷണം, വെള്ളം, അവശ്യ മരുന്നുകള്‍ എന്നിവയൊന്നും നല്‍കാതെ 48 മണിക്കൂറിലധികം അവരെ പോലീസ് കസ്റ്റഡിയില്‍ വച്ചതായും ഹുസൈന്‍ ആരോപിക്കുന്നു.
ബയോമെട്രിക്‌സ് ശേഖരിച്ച ശേഷം, മോചിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ മൂന്ന് ഡസനിലധികം പേര്‍ വരുന്ന റോഹിംഗ്യകളുടെ ആദ്യ സംഘത്തെ ‘കണ്ണുകള്‍ മൂടിക്കെട്ടി, കൈകാലുകള്‍ ബന്ധിച്ച് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്ക് നാടുകടത്തുന്നതിനായി കൊണ്ടുപോയി എന്നാണ് യുഎന്‍എച്ച്‌സിആറിന്റെ സോഷ്യോ ലീഗല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ നിയമ ഉദ്യോഗസ്ഥനായ ദില്‍വാര്‍ ഹുസൈന്‍, ഈ സംഭവത്തെ കുറിച്ചുള്ള വിവരണത്തില്‍ പറയുന്നത്. പോര്‍ട്ട് ബ്ലെയറിലേക്ക് വിമാനത്തില്‍ കൊണ്ടുപോയ അഭയാര്‍ത്ഥികളെ മേയ് എട്ടിന് ഇന്ത്യയുടെ നാവിക കപ്പലിലേക്ക് മാറ്റുകയായിരുന്നു.
കപ്പലില്‍ വെച്ച് തടവുകാര്‍ ശാരീരികമായും ലൈംഗികമായും ആക്രമിക്കപ്പെട്ടുവെന്ന ഗുരുതരമായ ആരോപണവുമുണ്ട്. കപ്പലില്‍ വനിത ഓഫിസര്‍മാര്‍ ആരുമില്ലായിരുന്നു. മ്യാന്‍മറില്‍ നിന്നുള്ള ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞ, ഒരു നാടുകടത്തപ്പെട്ട സ്ത്രീയ്ക്ക് കപ്പലില്‍ വച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി പരാതി പറഞ്ഞിരുന്നുവെന്നാണ് ദില്‍വാര്‍ ഹുസൈന്‍ പറയുന്നത്.
കപ്പല്‍ മ്യാന്‍മറിന്റെ തീരത്തിനടുത്തെത്തിയപ്പോള്‍, തടങ്കലില്‍ വച്ചിരുന്ന അഭയാര്‍ത്ഥികളുടെ ബന്ധന വിമുക്തരാക്കി. തുടര്‍ന്ന് അവര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കി. അവരോട് കടലില്‍ ചാടി നീന്താനായിരുന്നു ആജ്ഞ. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇന്തോനേഷ്യയിലേക്കോ മ്യാന്‍മറിലേക്കോ പോകണോ? എന്നൊരു ചോദ്യവും ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ വകയായി ഉണ്ടായിരുന്നു.
കരയില്‍ നിന്നും എത്രദൂരം അകലെ വച്ചാണ് അഭയാര്‍ത്ഥികളെ കടലില്‍ തള്ളിയതെന്നതിന് കൃത്യമായ ഉത്തരമില്ലെങ്കിലും ഏകദേശം 12 മണിക്കൂര്‍ നീന്തിയാണ് ആ മനുഷ്യര്‍ കരയില്‍ എത്തിയതെന്ന് ദില്‍വാര്‍ ഹുസൈന്‍ പറയുന്നു.
തങ്ങളെ തിരിച്ച് മ്യാന്‍മാറിലേക്ക് അയക്കരുതെന്ന് കപ്പലിലുണ്ടായിരുന്ന അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് അപേക്ഷിച്ചിരുന്നുവെന്ന് ഹുസൈന്‍ പറയുന്നു. മരണം, ബലാത്സംഗം, തടവ്, പീഡനം എന്നിവയാണ് തങ്ങളെ അവിടെ കാത്തിരിക്കുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു. മ്യാന്മാറിന് പകരം ഇന്തോനേഷ്യയിലേക്ക് അയക്കാമോ എന്നും അവര്‍ ചോദിച്ചിരുന്നു. എന്നാല്‍ അവരുടെ അപേക്ഷകള്‍ അവഗണിക്കപ്പെട്ടു. ഇന്തോനേഷ്യയിലേക്ക് ആരെങ്കിലും വന്നു കൊണ്ടുപൊയ്‌ക്കോളുമെന്നു മാത്രമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
തുടര്‍ന്ന് അഭയാര്‍ത്ഥികളെ ഒരോരരുത്തരെയായി കടലിലേക്ക് തള്ളിയിട്ടു. രക്ഷിക്കാന്‍ ആളുണ്ടാകുമെന്നായിരുന്നു ഉറപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെയൊരു രക്ഷകന്‍ ആ മനുഷ്യര്‍ക്കായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നില്ല. ആരുടെയും കരുതലില്ലാതെ, ജീവിതത്തിലേക്ക് കയറി ചെല്ലാന്‍ തങ്ങള്‍ക്ക് ആകുമെന്ന് യാതൊരു ഉറപ്പുമില്ലാതെ, ഇന്തോനേഷ്യന്‍ സംഘത്തിന്റെ സാന്നിധ്യത്തിന്റെ ചെറു തിരയിളക്കം പോലുമില്ലാതെ ആ മനുഷ്യര്‍ സ്വന്തം ജീവന്‍ കൈയില്‍ പിടിച്ച് കടലിനോട് പൊരുതി നീന്തി.
മണിക്കൂറുകള്‍ ആ മനുഷ്യര്‍ നീന്തി. അവര്‍ തീര്‍ത്തും ക്ഷീണിതരായി. ദിശാബോധമില്ലാതെയാണവര്‍ മുന്നോട്ട് നീങ്ങിയത്. ഒടുവില്‍ ദ്വീപുകളുടെ ഒരു കൂട്ടത്തിലേക്ക് അവര്‍ക്ക് എത്താന്‍ കഴിഞ്ഞു. അവിടെ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ അവരെ കണ്ടെത്തി. ആ മത്സ്യത്തൊഴിലാളികളോട് സംസാരിച്ചപ്പോഴാണ് തങ്ങള്‍ വീണ്ടും മ്യാന്മറില്‍ തന്നെയെത്തിയിരിക്കുന്നുവെന്ന് അവര്‍ക്ക് മനസിലായത്. മത്സ്യത്തൊഴിലാളികള്‍ സംസാരിച്ച ഭാഷ അവര്‍ക്ക് മനസിലാകുന്നതായിരുന്നു. തങ്ങള്‍ എത്തിയിരിക്കുന്നത് മ്യാന്മറിലെ തനിന്തര്യ മേഖലയിലാണെന്നും അവര്‍ക്ക് മനസിലായി.
ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസ് (FRRO)-ന്റെ നാടുകടത്തല്‍ സംബന്ധിച്ച സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ ഇല്ലാതെയാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തിയതെന്നാണ് പരാതി. എഫ്ആര്‍ആര്‍ഒ-യ്ക്ക് മാത്രമാണ് നാടുകടത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയൂ എന്നിരിക്കെ, അത്തരം നാടുകടത്തല്‍ ഉത്തരവിന്റെ നോട്ടീസോ പകര്‍പ്പോ ഇല്ലാതെ എങ്ങനെയാണ് റോഹിംഗ്യന്‍ സംഘത്തെ നാടുകടത്താന്‍ കഴിയുക എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
രേഖകളില്ലാത്ത റോഹിംഗ്യനുകളെ അഭയാര്‍ത്ഥികളായി ഇന്ത്യ അംഗീകരിക്കില്ലെന്നാണ് സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കര്‍ ദത്ത, എന്‍. കോടിശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിനോട് രേഖകളില്ലാത്ത റോഹിംഗ്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നത് നിലവിലെ നിയമങ്ങള്‍ക്കനുസൃതമായി നടത്തുമെന്നും മേത്ത ഉറപ്പ് നല്‍കിയിരുന്നു.
പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന അഭയാര്‍ത്ഥികളെ(റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെപ്പോലെ) നാടുകടത്തുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. എന്‍എച്ച്ആര്‍സി-അരുണാചല്‍ പ്രദേശ് കേസില്‍, ആര്‍ട്ടിക്കിള്‍ 21 പ്രകാരം എല്ലാ വ്യക്തികളുടെയും, പൗരന്മാരുടെയും പൗരന്മാരല്ലാത്തവരുടെയും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സംസ്ഥാനം ബാധ്യസ്ഥമാണെന്നായിരുന്നു സുപ്രീം കോടതി വിധി. എല്ലാ നാടുകടത്തലുകളും തടയണമെന്ന് സുപ്രിം കോടതി പറയുന്നില്ലെങ്കിലും, ഒരു വ്യക്തിയെയും, പ്രത്യേകിച്ച് ഒരു അഭയാര്‍ത്ഥിയെയും, അവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ രാജ്യത്ത് നിന്നും പുറത്താക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. മറ്റൊരു സുപ്രധാന നിര്‍ദേശമുള്ളത് ഒരാളെ നാടുകടത്തേണ്ടിവന്നാലും, അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി അവരുടെ മാതൃരാജ്യത്തെ എംബസിയുമായി ബന്ധപ്പെടുകയും ആ വ്യക്തിയെ അവര്‍ തങ്ങളുടേതാണെന്ന് അംഗീകരിക്കുകയാണെങ്കില്‍, ആ രാജ്യം ഒരു യാത്രാ രേഖ നല്‍കുകയും വേണം. അതിനുശേഷം മാത്രമേ അവരെ നാടുകടത്താന്‍ കഴിയൂ എന്നതാണ്. ഈ മാര്‍ഗനിര്‍ദേശങ്ങളോ നിയമങ്ങളോ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ പാലിച്ചിട്ടില്ലെന്നാണ് പരാതി.
ഇന്ത്യന്‍ സര്‍ക്കാര്‍ ഈ അഭയാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത്. മ്യാന്‍മര്‍ എംബസി അവരെ സ്വീകരിക്കുന്നില്ലെങ്കില്‍, ഈ ആളുകള്‍ മ്യാന്‍മര്‍ പൗരന്മാരാണെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍, ഇന്ത്യന്‍ സര്‍ക്കാരിന് അവരെ എങ്ങനെ നാടുകടത്താന്‍ കഴിയും? എന്നാണ് ദില്‍വാര്‍ ഹുസൈന്‍ ചോദിക്കുന്നത്. ഇന്ത്യ കടലില്‍ തള്ളിയ 38 പേരെ കണ്ടെത്താനും സഹായം നല്‍കാനും ശ്രമിക്കുന്ന യുഎന്‍എച്ച്‌സിആര്‍ ഇന്ത്യ മ്യാന്‍മറിലെ യുഎന്‍ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, ആദ്യത്തെ പ്രതികരണങ്ങള്‍ക്ക് ശേഷം പിന്നീട് അവരുടെ ഭാഗത്ത് നിന്നും ബന്ധപ്പെട്ടിട്ടില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതുകൊണ്ട് ഇക്കാര്യത്തില്‍ പ്രതികരണത്തിനില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ ദി വയ്‌റിന് മറുപടി നല്‍കിയത്. 38 Rohingya refugees, was reportedly thrown into international waters by Indian officials
Content Summary; 38 Rohingya refugees, was reportedly thrown into international waters by Indian officials
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.