5 കോടി രൂപ, 22 ആഡംബര വാച്ചുകള്‍, മെഴ്സിഡസ്, ഓഡി കാറുകള്‍, നോട്ടുകെട്ടുകള്‍; പഞ്ചാബ് ഡിഐജിയുടെ കൈക്കൂലി ശേഖരം ഞെട്ടിക്കുന്നത്

അവനില്‍ നിന്ന് 8 ലക്ഷം വാങ്ങണം

കൈക്കൂലിയുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ആരോപണത്തില്‍ കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡി.ഐ.ജി.) ആയ ഹര്‍ചരണ്‍ സിംഗ് ഭുള്ളറെ സിബിഐ അറസ്റ്റ് ചെയ്തത്. ഫത്തേഗഢ് സാഹിബ് ജില്ലയിലെ ഒരു ഇരുമ്പ് വ്യാപാരിയില്‍ നിന്നും എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതാണ് അറസ്റ്റിന് കാരണം. എന്നാല്‍ അറസ്റ്റിന് പിന്നാലെ അന്വേഷണ ഏജന്‍സിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. 5 കോടി രൂപയുടെ കറന്‍സി നോട്ടുകെട്ടുകള്‍, മെഴ്സിഡസ്, ഓഡി തുടങ്ങിയ ആഡംബര കാറുകള്‍, 22 ആഡംബര വാച്ചുകള്‍, ഇറക്കുമതി ചെയ്ത മദ്യക്കുപ്പികള്‍, 1.5 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ ഹര്‍ചരണ്‍ സിംഗ് ഭുള്ളറുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

ഇരുമ്പ് വ്യാപാരിയായ അകാശ് ഭട്ട നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഡി.ഐ.ജി. ഭുള്ളറുടെ തട്ടിപ്പ് പുറം ലോകത്തെത്തിയത്. പഞ്ചാബ് മുന്‍ ഡി.ജി.പി. മെഹല്‍ സിംഗ് ഭുള്ളറുടെ മകനാണ് ഹര്‍ചരണ്‍ സിംഗ് ഭുള്ളര്‍.

ഇടനിലക്കാരനായ ‘കിര്‍ഷാനു’ വഴിയാണ് ഭുള്ളര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഭട്ടയുടെ ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ പോലീസ് നടപടികള്‍ ഉണ്ടാകാതിരിക്കാന്‍, ‘സേവാ-പാനി’ എന്ന പേരില്‍ മാസപ്പടിയായി ആവര്‍ത്തിച്ച് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടു. 2023-ല്‍ ഇരുമ്പ് വ്യാപാരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. ഒതുക്കിത്തീര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഈ പ്രതിമാസ പണമിടപാടുകള്‍ എന്നാണ് റിപ്പോര്‍ട്ട്.

കേസിനാസ്പദമായ സംഭവം

2007 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഹര്‍ചരണ്‍ സിംഗ് ഭുള്ളര്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് റോപ്പര്‍ റേഞ്ച് ഡി.ഐ.ജി. ആയി ചുമതലയേറ്റത്. ഒക്ടോബര്‍ 11-ന് ഇരുമ്പ് വ്യാപാരി സി.ബി.ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ആരംഭിച്ചത്. കൈക്കൂലി ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നാല്‍, കള്ളക്കേസില്‍ കുടുക്കുമെന്ന് ഭുള്ളര്‍ പരാതിക്കാരനെ, ഭീഷണിപ്പെടുത്തിയിരുന്നു.

ആന്റി കറപ്ഷന്‍ ബ്രാഞ്ചിലെ (എ.സി.ബി.) സബ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ. അന്വേഷണമാണ് ഭുള്ളറിനെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്തിയത്.

ഭുള്ളറും ഇടനിലക്കാരനായ കിര്‍ഷാനുവും തമ്മിലുള്ള വാട്‌സ് ആപ് കോളാണ് കുറ്റകൃത്യത്തിന്റെ ഭീകരത വെളിപ്പെടുത്തിയത്. സംഭാഷണത്തില്‍, ഭുള്ളര്‍ പറയുന്നത് ഇപ്രകാരമാണ്: ‘അവനില്‍ നിന്ന് 8 ലക്ഷം വാങ്ങണം’. തുടര്‍ന്ന്, ‘അവന്‍ തരുന്നതെല്ലാം വാങ്ങിക്കോ, എന്നിട്ട് 8 ലക്ഷം തരണമെന്നും അവനോട് ആവശ്യപ്പെടൂ’ എന്നും ഇയാള്‍ പറയുന്നുണ്ട്.

കിര്‍ഷാനുവിനെ ചണ്ഡീഗഡിലെ സെക്ടര്‍ 9ഡി മാര്‍ക്കറ്റില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനുമായുള്ള ഒരു സംഭാഷണത്തില്‍, പ്രതിമാസ കൈക്കൂലി ഭുള്ളര്‍ ആവശ്യപ്പെട്ടിരുന്നു എന്നതിന് തെളിവായി ഇടനിലക്കാരന്‍ സംസാരിക്കുന്നുണ്ട്: ‘എന്താണ് പറയേണ്ടതെന്ന് അറിയാമല്ലോ… ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും പണം തന്നില്ലെന്ന് പറയണം’ ഇത് കേസില്‍ നിര്‍ണായകമായി. റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തില്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ റോപ്പര്‍ ഡി.ഐ.ജി.യുടേതാണെന്ന് സി.ബി.ഐ. സ്ഥിരീകരിച്ചതോടെ, അനധികൃതമായി പണം ആവശ്യപ്പെട്ടതിനും അതിന് ധാരണയായതിനും വ്യക്തമായ തെളിവായി.

ഓഫീസിലും വീട്ടിലും റെയ്ഡ്

വ്യാഴാഴ്ച മൊഹാലിയിലെ ഓഫീസില്‍ നിന്നാണ് ഹര്‍ചരണ്‍ സിംഗ് ഭുള്ളറെ അറസ്റ്റ് ചെയ്തത്. ഭുള്ളറുടെ ഓഫീസിലും ചണ്ഡീഗഡിലെ സെക്ടര്‍ 40-ലെ സ്വകാര്യ വസതിയിലും സി.ബി.ഐ. സംഘങ്ങള്‍ ഒരേ സമയം നടത്തിയ തിരച്ചിലില്‍ 5 കോടി രൂപ പണവും 1.5 കിലോഗ്രാമിലധികം സ്വര്‍ണവും കണ്ടെടുത്തു. ഒരു മെഴ്സിഡസ്, ഒരു ഓഡി എന്നിവയുടെ താക്കോലുകള്‍, സ്ഥാവര സ്വത്തുക്കളുടെ രേഖകള്‍, ലോക്കര്‍ താക്കോലുകള്‍, 22 ആഡംബര വാച്ചുകള്‍, 40 ലിറ്റര്‍ ഇറക്കുമതി ചെയ്ത മദ്യം, ഒരു പിസ്റ്റള്‍, റിവോള്‍വര്‍, ഇരട്ടക്കുഴല്‍ തോക്ക്, എയര്‍ഗണ്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത മറ്റു സാധനങ്ങളില്‍ ഉള്‍പ്പെടുന്നു.

സി.ബി.ഐ.യുടെ കെണി

ഡി.ഐ.ജി. ഭുള്ളറെ പിടികൂടാന്‍ സി.ബി.ഐ. കൃത്യമായ പദ്ധതി ആസൂത്രണം ചെയ്തു. ചണ്ഡീഗഡിലെ സെക്ടര്‍ 21-ല്‍ വെച്ച് 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്നതിനിടെ ഇടനിലക്കാരനെ സി.ബി.ഐ. കൈയോടെ പിടികൂടി.

കേന്ദ്ര ഏജന്‍സിയുടെ പ്രസ്താവന പ്രകാരം, അറസ്റ്റിന് മുന്നോടിയായി ഭുള്ളറിനെ ഫോണില്‍ വിളിച്ചു. കൈക്കൂലിപ്പണം കിട്ടിയ കാര്യം ഭുള്ളര്‍ ഈ കോളില്‍ സമ്മതിക്കുകയും ഇടനിലക്കാരനോടും പരാതിക്കാരനോടും ഓഫീസിലേക്ക് വരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെ തെളിവുകള്‍ ശക്തമായി. തുടര്‍ന്ന്, സി.ബി.ഐ. സംഘം ഭുള്ളറെ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ഇടനിലക്കാരനായ കിര്‍ഷാനുവിനെ ചണ്ഡീഗഡില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഭുള്ളറിനും കിര്‍ഷാനുവിനും എതിരെ അഴിമതി നിരോധന നിയമത്തിലെ 7, 7എ വകുപ്പുകള്‍ പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ 61(2) വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഭുള്ളറുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സി.ബി.ഐ. സൂക്ഷ്മമായി പരിശോധിക്കുന്നതിനാല്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Content Summary: Punjab DIG’s shocking hoard: ₹5 crore, 22 luxury watches, mercedes, audi cars, and piles of cash uncovered

This post was last modified on October 17, 2025 3:52 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment