50 ശതമാനം താരിഫ് വര്‍ദ്ധനവിലൂടെ ഇന്ത്യക്കെതിരേ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച 25 ശതമാനം താരിഫിന് പുറമേയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുവെന്ന പേരില്‍ 25 ശതമാനം ശിക്ഷാ തീരുവ കൂടി ചുമത്തിയിരിക്കുന്നത്. അമേരിക്കയ്ക്ക് ഇന്ത്യയോടുള്ള സമീപനത്തില്‍ ഉണ്ടായിരുന്ന കണക്കുകൂട്ടലുകളൊക്കെയും തകര്‍ക്കുന്നതാണ്. രണ്ടാം തവണയും അധികാരത്തില്‍ എത്തിയ ട്രംപ്, ചൈനീസ് വെല്ലുവിളികള്‍ പ്രതിരോധിക്കാന്‍ ഇന്ത്യയെ ഒരു കവചമാക്കുമെന്നായിരുന്നു കരുതിയിരുന്നത്. അമേരിക്കയുടെ ‘ നല്ല സുഹൃത്ത്’ ആണ് തങ്ങളെന്ന് ഇന്ത്യന്‍ ഭരണകൂടവും അങ്ങനെ തെറ്റിദ്ധരിച്ചിരുന്നു.
ബ്രസീലിനൊപ്പം 50 ശതമാനം താരിഫ് ഇന്ത്യക്കെതിരേയും ചുമത്തിയതോടെ ട്രംപ് പ്രഖ്യപിച്ചിരിക്കുന്നത്, സുഹൃത്തല്ല ഇന്ത്യ അവരുടെ രാഷ്ട്രീയ ശത്രു ആണെന്നാണ്. ഇപ്പോഴുണ്ടായിരിക്കുന്നത്, വ്യാപരബന്ധങ്ങളെ ബാധിക്കുന്ന പ്രതിസന്ധികള്‍ മാത്രമാണെന്ന് നിരീക്ഷകര്‍ കാണുന്നില്ല.
പെട്ടെന്നുള്ള പ്രകോപനമല്ല ട്രംപില്‍ നിന്നുണ്ടായിരിക്കുന്നത്. ജൂലൈ 30 ന് ട്രംപില്‍ നിന്നുണ്ടായ പ്രസ്താവന ശ്രദ്ധേയമാണ്. ‘ഇന്ത്യന്‍ സാമ്പദ്‌വ്യവസ്ഥ മരിച്ചു’ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ആക്ഷേപം. വ്യാപാരബന്ധം മെച്ചപ്പെടുത്തുക എന്ന തന്ത്രത്തോടെ, അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ ട്രംപ് നിരന്തര സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ഇഷ്ടപ്രകാരം മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയ ട്രംപ് ഭരണകൂടത്തിനെതിരേ ഇന്ത്യയും അതേ നിലപാട് സ്വീകരിച്ചതോടെയാണ് യുഎസ് പ്രസിഡന്റ് ഭീഷണി സ്വരമുയര്‍ത്താന്‍ തുടങ്ങിയത്.
കഴിഞ്ഞ ഏപ്രിലില്‍ ആഗോളതലത്തില്‍ ഞെട്ടലുണ്ടാക്കി കൊണ്ട് ട്രംപ് തീരുവ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഇന്ത്യ-അമേരിക്ക ചങ്ങാത്തത്തിന് വിള്ളല്‍ വീഴുന്നത്. അതിനു മുമ്പ് വരെ ഇരു രാജ്യങ്ങളും നല്ല ബന്ധത്തിലായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേള. വൈറ്റ്ഹൗസില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മോദി തന്റെ രാജ്യത്തിന്റെ പ്രതീക്ഷ പങ്കുവച്ചിരുന്നു. അമേരിക്കയുടെ പങ്കാളിയായിക്കൊണ്ട്, ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി മാറുകയാണ് ഇന്ത്യയുടെ ഉദ്ദേശമെന്നായിരുന്നു മോദി ലക്ഷ്യമായി പറഞ്ഞത്.
മോദിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; ‘അമേരിക്കയുടെ ഭാഷയില്‍ പറഞ്ഞാല്‍, ‘ഇന്ത്യയെ വീണ്ടും മഹത്തരമാക്കുക’ – MIGA(Make India Great Again), അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, ഈ MAGA പ്ലസ് MIGA(Make America Great Again) ‘സമൃദ്ധിക്കായുള്ള ഒരു മെഗാ പങ്കാളിത്തമായി(MEGA Partnership)’ ആയി മാറുന്നു.’ ഇതെല്ലാം കേട്ട് സമീപമിരുന്ന് ട്രംപ് പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
ഇന്ത്യയുമായി ചങ്ങാത്തം പറയുമ്പോഴും അമേരിക്കയുടെ മുന്നില്‍ ചൈനയായിരുന്നു. ബീജിംഗിനെ ചെറുക്കാനാണ്, യഥാര്‍ത്ഥ്യത്തില്‍ ഇന്ത്യയുടെ ആവശ്യം യുഎസിനുള്ളത്. ഇന്ത്യക്കും ചൈനയെ മറികടക്കേണ്ടതുണ്ട്. ഇന്ത്യയോട് സമാനമായ ജനസംഖ്യയും അതിനെക്കാള്‍ ശക്തമായ സമ്പദ്വ്യവസ്ഥയുമുണ്ട് ചൈനയ്ക്ക്. അമേരിക്കയെ സംബന്ധിച്ച് അവരുടെ പ്രധാന സാമ്പത്തിക എതിരാളി ചൈനയാണ്. ചൈനയെ തടയണമെങ്കില്‍ ഇന്ത്യയുടെ സഹായം വേണമെന്ന് അമേരിക്ക മനസിലാക്കി, ഇന്ത്യന്‍ കമ്പോളത്തില്‍ അവര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. മറിച്ച് ഇന്ത്യയ്ക്കും ചൈനീസ് ഭീഷണി മറികടക്കാന്‍ അമേരിക്കയുടെ പിന്തുണ ആവശ്യമെന്ന് തോന്നി.
കഴിഞ്ഞ വര്‍ഷം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള മൊത്തം വ്യാപാരം ഏകദേശം 130 ബില്യണ്‍ ഡോളറിന്റെതായിരുന്നു. ഔഷധങ്ങള്‍, ഓട്ടോ പാര്‍ട്സ്, ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍, രത്‌നക്കല്ലുകള്‍ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത്. വ്യാപരബന്ധം മാത്രമല്ല, അതിനു പുറമെയും അമേരിക്കയ്ക്ക് ഇന്ത്യയുടെ മേല്‍ താത്പര്യം ഉണ്ടെന്ന് മോദിക്ക് അറിയാം, അതുകൊണ്ട് തന്നെ അവരെയും പങ്കാളികളാക്കി ഇന്ത്യ വളരുമെന്ന് വലിയ ആത്മവിശ്വാസത്തിലാണ് മോദി പ്രഖ്യാപിച്ചതെന്നു കാണാം. ആണവായുധശേഷിയുള്ള, ചൈനയോട് പ്രതിരോധ മനോഭാവം പുലര്‍ത്തുന്ന ഇന്ത്യ, അമേരിക്കയെ സംബന്ധിച്ച് വളരെ തന്ത്രപരമായൊരു പങ്കാളിയാണ്. ട്രംപിന്റെ കാലത്ത് മാത്രമല്ല, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി അതങ്ങനെയാണ്.
ചൈനയുടെ സമ്പദ്വ്യവസ്ഥ പക്വത പ്രാപിക്കുകയും കൂടുതല്‍ ഉറച്ച നിലയിലാകുകയും ചെയ്തതോടെ അമേരിക്കന്‍ ഡോളര്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. കോവിഡ്-19 പകര്‍ച്ചവ്യാധിയും യുക്രെയ്നിലെ യുദ്ധവും നിക്ഷേപ കുതിച്ചുചാട്ടത്തിന് ഉത്തേജകമായി എന്നും നിലവിലെ താരിഫ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ദി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയുമായുള്ള ഒരു വ്യാപാര യുദ്ധത്തിനും ഒരുപക്ഷേ തായ്വാനുമായുള്ള ഒരു യഥാര്‍ത്ഥ യുദ്ധത്തിനും സാധ്യതയുള്ളതിനാല്‍, ചൈനയുമായുള്ള ഇടപാടുകള്‍ കുറച്ച് ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ആവേശംകാണിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു. താരതമ്യേന ചെറുപ്പക്കാര്‍ കൂടുതലുള്ള ജനസംഖ്യയും രാഷ്ട്രീയ സ്ഥിരതയുമുള്ള ഇന്ത്യയുടെ ഭാവി മുന്‍കൂട്ടി കണ്ടാണ് അമേരിക്കന്‍ വ്യാപരരംഗം കൂട്ടുകൂടാനെത്തിയത്.
എന്നാല്‍ ട്രംപിന്റെ നാടകീയ നീക്കങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കെട്ടിപ്പൊക്കിയതിനൊക്കെയും ഭീഷണിയായി. കഴിഞ്ഞ ഒരാഴ്ച്ചയായി ഇന്ത്യയെ ട്രംപ് നിരന്തരം ആക്രമിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് ലോകങ്ങളില്‍ അതിന്റെ ഭീദിതമായ പ്രതിധ്വനികള്‍ മുഴക്കി. മഹത്തരമായ പങ്കാളിത്തത്തിന്റെ പ്രതീക്ഷകളും ലക്ഷ്യങ്ങളും ഇവിടെ തകര്‍ന്നുവീഴുമോ എന്നാണ് ഇനി അറിയേണ്ടത്. 50% tariff; Will the India-US mega partnership collapse?
Content Summary; 50% tariff; Will the India-US mega partnership collapse?
This post was last modified on August 7, 2025 11:03 am
Leave a Comment