July 21, 2026 |
Share on

ബ്രൂസ് ലീ ജയിക്കാനായ് ജനിച്ചവന്‍

32-ാം വയസില്‍ കഥാവശേഷനായ ആ മനുഷ്യന്‍ ഇന്നും അത്ഭുതമായി മരണത്തേയും തോല്‍പ്പിച്ച് അനശ്വരനായി.

ലോക ചരിത്രത്തില്‍ തന്നെ ആയോധനകലയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാളാണ് ബ്രൂസ് ലീ . 53 വര്‍ഷം മുന്‍പ് ബ്രൂസ് ലീ വിട പറഞ്ഞത് ഇതേ ദിവസമാണ് .

‘You just wait. I’m going to be the biggest Chinese Star in the world.’
Bruce Lee.

1970 കളുടെ ആദ്യം, ഗ്രന്ഥകാരനും ഹോളിവുഡ് പങ്തികാരനും പത്രപ്രവര്‍ത്തകനുമായ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ പത്രത്തിലെ ജോ ഹയാംസ് സെന്‍ ബുദ്ധിസം പഠിക്കാനായി ഹോളിവുഡില്‍ ഒരു സെന്‍ സ്‌കൂളില്‍ ചേര്‍ന്നു. ടെന്നീസും കുങ്ഫുവുമൊക്കെ, അവിടെ പരിശീലിപ്പിച്ചിരുന്നു. കുങ്ഫുവില്‍ കൂടുതല്‍ വൈദഗ്ധ്യം നേടാന്‍ ഹയാംസ് സ്വകാര്യമായി പഠിക്കാന്‍ തീരുമാനിച്ചു. അവിടെ കുങ്ഫൂ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ ഏറ്റവും മിടുക്കന്‍ ഹോംങ്കോങ്ങുകാരനായ ഒരു ചൈനീസ് യുവാവായിരുന്നു. ഒറ്റയാനായി നടന്നിരുന്ന അയാളോട് ഹയാംസ് സഹായം തേടി. വളരെ നിര്‍ബന്ധിച്ച ശേഷം അയാള്‍ പഠിപ്പിക്കാമെന്ന് സമ്മതിച്ചു. പരിശീലന കാലത്ത് ഇരുവരും സുഹൃത്തുക്കളായി. ഒരിക്കല്‍ അയാള്‍ പറഞ്ഞു ‘ എന്റെ പല പരിമിതികളും മറികടന്നാണ് ഈ വൈദഗ്ധ്യം നേടിയത് പലര്‍ക്കും എന്റെ ദൗര്‍ബല്യങ്ങളറിയില്ല. എന്റെ വലത്തേ കാലിന് ഇടത്തേ കാലിനേക്കാള്‍ ഒരിഞ്ച് നീളം കുറവാണ്. ചില പ്രത്യേക നീക്കങ്ങള്‍ക്ക് അത് സഹായകരമാക്കി മാറ്റിയതാണ് ഞാന്‍. ഞാന്‍ കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നു. ദൂരക്കാഴ്ച ഇല്ലാത്തതിനാല്‍ മുഖാമുഖം പൊരുതാനും ശ്രദ്ധിക്കുന്നു. പരിമിതികളേയും ദൗര്‍ബല്യങ്ങളേയും ശക്തിയാക്കി മാറ്റണമെന്നാണ് സെന്‍ തത്വം , അയാള്‍ ഓര്‍മ്മിപ്പിച്ചു.

bruce lee

എന്റെ ആകാരം ചെറുതാണ്. ഇംഗ്ലീഷ് കഷ്ടി. എങ്കിലും ഞാന്‍ പോവുന്നു. അമേരിക്കയിലെ ഏറ്റവും വലിയ താരമാവാനുള്ള സമയമായി. എന്റെ പരിമിതികളേക്കാള്‍ വലുതാണല്ലോ എന്റെ കഴിവുകള്‍’ ശാന്തനായി അയാള്‍ പറഞ്ഞപ്പോള്‍ ഹയാംസ് അമ്പരന്നു.
രണ്ട് വര്‍ഷത്തിനു ശേഷം അയാള്‍ ഹോളിവുഡ് കീഴടക്കി, താരമായി. ലോകമെമ്പാടുമുള്ള യുവാക്കളുടെ ആരാധന പാത്രമായി , കള്‍ട്ട് ഫിഗറായി. അയാളുടെ പേര് ബ്രൂസ് ലീ എന്നായിരുന്നു.

ഏഷ്യയിലെ ആദ്യ സൂപ്പര്‍ താരമായ ലീ ജൂണ്‍ ഫാന്‍ ,എന്ന ബ്രൂസ് ലീ ഓര്‍മ്മയായിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ആകാരവും ജീവിതവും ഹ്രസ്വമായിരുന്ന , അഞ്ചടി ഏഴ് ഇഞ്ചു പൊക്കക്കാരന്‍ വെറും അഞ്ച് സിനിമ സിനിമകളിലൂടെ ആ ബാലവൃദ്ധജനങ്ങളുടെ മനസ് കീഴടക്കി. ലോകമെങ്ങുമുള്ള ജനപ്രിയ സംസ്‌കാരത്തെ സ്വാധീനിച്ച ആ നടന്‍ ലോക വാണിജ്യ ചലചിത്രങ്ങള്‍ക്ക് ഏഷ്യയിലെ , മുന്‍ ധാരണകളെ തകര്‍ത്തു. ജീവിച്ചിരിക്കെ അയാള്‍ ഒരു ഇതിഹാസമായിരുന്നു മരണശേഷമാകട്ടെ കള്‍ട്ട് ഫിഗറായി ജനങ്ങളുടെ മനസില്‍ ഇടം പിടിച്ചു. 32-ാം വയസില്‍ കഥാവശേഷനായ ആ മനുഷ്യന്‍ ഇന്നും അത്ഭുതമായി മരണത്തേയും തോല്‍പ്പിച്ച് അനശ്വരനായി. ഇന്നും ലോകം അയാളെ ഓര്‍ക്കുന്നു. അമേരിക്കാരനല്ലാത്ത ഒരാള്‍, വെറും കൈകാലുകളും മുറിയിഗ്ലീഷും കൊണ്ട് വന്‍മതിലിന്റെ നാട്ടില്‍ നിന്നെത്തി ഹോളിവുഡ് കീഴടക്കിയ കഥയാണ് ബ്രൂസ്‌ലീയുടേത്.

bruce lee
.ബ്രൂസ്‌ലീ

1940 നവംബര്‍ 27 ന് അമേരിക്കയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള ചൈനാ ടൗണിലെ ജാക്ക്‌സണ്‍ ആശുപത്രിയിലാണ് ബ്രൂസ് ലീ ജനിച്ചത്. ഹോംങ്കോങ്ങിലെ ഒരു നാടക കമ്പനിയില്‍ ഹാസ്യനടനായ ലീ ഗോയ് ചുന്‍ ആയിരുന്നു പിതാവ്, അമ്മ ഗ്രേസ്. അവരുടെ മൂന്നാമത്തെ മകനായ ലീയെ ജൂന്‍ ഫാന്‍ എന്നാണ് ആദ്യം വിളിച്ചത്. എന്നാല്‍ ആശുപത്രിയിലെ ഡോക്ടറായ മേരി ഗ്ലോവര്‍ അവനെ ബ്രൂസ് എന്ന് വിളിച്ചു. പിന്നീട് കുടുംബ പേര് കൂട്ടി ചേര്‍ത്തപ്പോള്‍ അവന്‍ ബ്രൂസ് ലീ എന്നറിയപ്പെട്ടു.

ഒരു നടന്റെ മകനായതിനാല്‍ സെറ്റുകളിലായിരുന്നു ബ്രൂസ് ലീ തന്റെ ശൈശവ കാലം ചിലവിട്ടത്. ശൈശവ പ്രായം തൊട്ടെ സ്റ്റുഡിയോ വെളിച്ചവും ബഹളങ്ങളും അവന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്നിരുന്നു. ഒന്നാം വയസില്‍ തന്നെ അവന്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചു. 1941 ല്‍ സാന്‍ ഫ്രാന്‍സിസ്‌ക്കോയില്‍ നിര്‍മ്മിച്ച കാന്റണീസ് ഭാഷയിലെ ഹോംങ്കോങ്ങ് ചിത്രമായ ‘ഗോള്‍ഡന്‍ ഗേറ്റ്’ ആയിരുന്നു അത്. 1941 ല്‍ ലീ കുടുംബം ഹോംങ്കോങ്ങില്‍ മടങ്ങിയെത്തി. ചെറുപ്പത്തില്‍ ബ്രൂസ് ലീ അടങ്ങിയിരിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. സാധാരണക്കാരായ കുട്ടികളോടായിരുന്നു ചങ്ങാത്തം. ഇവരെല്ലാം ചേര്‍ന്ന് തെരുവില്‍ ഒരു സംഘമുണ്ടാക്കി.’ ദി ടൈഗേഴ്‌സ് ഓഫ് ജംഗ്ഷന്‍ സ്ട്രീറ്റ്’. അക്കാലത്ത് തെരുവില്‍ തമ്മിലടിക്കുന്ന അനേകം സംഘങ്ങള്‍ പോലെ ഒന്ന്. തെരുവില്‍ അടിയുണ്ടാക്കുന്ന സ്വഭാവമുള്ള അയാളെ സ്വന്തം സഹോദരി വിളിച്ചത്
‘ ലിറ്റില്‍ ഡ്രാഗണ്‍’ എന്നായിരുന്നു. പിന്നീട് ഏഷ്യ മുഴുവനും അയാള്‍ അറിയപ്പെട്ടത് ഈ പേരിലാണ്.
സ്‌കുളില്‍ പോകാതെ തെരുവില്‍ കളിച്ചും തല്ല് പിടിച്ചും നടക്കുന്ന ചെറുക്കനെക്കൊണ്ട് അമ്മ പൊറുതി മുട്ടി.
‘ സ്‌കൂളില്‍ പോകാതെ, പഠനത്തില്‍ ശ്രദ്ധിക്കാതെ എങ്ങനെ, നല്ല നിലയിലെത്തും?’ അമ്മ പയ്യനോട് ചോദിച്ചു.
‘അമ്മ നോക്കിക്കോ. ഒരിക്കല്‍ ഞാന്‍ വലിയ സിനിമാതാരമാകും’ പയ്യന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു’
തെരുവിലെ അടിപിടികളില്‍ ജയിക്കാനായാണ് അയാള്‍ ആയോധന കലയായ കുങ്ഫു പഠിക്കാന്‍ തുടങ്ങിയത്. യിപ്പ് മാന്‍ എന്നൊരു വിദഗ്ധനായിരുന്നു ഗുരു. ബ്രൂസ് ലീ അത് വേഗം പഠിച്ചു. മാത്രമല്ല പഠനം കഴിഞ്ഞാലും, പഠിപ്പിക്കുന്നത് നോക്കിയിരിക്കും. പിന്നീട് തന്നെക്കാള്‍ മുതിര്‍ന്നവരുമായി പൊരുതാന്‍ തുടങ്ങുകയും അവരെ നിഷ്പ്രയാസം നിലംപരിശാക്കാനും തുടങ്ങി. ക്രമേണ അയാളുടെ ശരീര ചലനം പോലും കുങ് ഫു വിലേതു പോലെയായി. തെരുവിലെ പോരാട്ടങ്ങളില്‍ എന്നും ജയിക്കണയെന്ന വാശി അയാള്‍ക്കുണ്ടായിരുന്നു.

കുങ് ഫു എന്ന ആയോധന കല ലോകത്തിനു പരിചയപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ബ്രൂസ് ലീ അതിനെ കാലോചിതമായി പരിഷ്‌കരിച്ചു. ആയോധന കല ആക്രമിക്കാനല്ല. പ്രതിരോധിക്കാനെന്ന സന്ദേശമാണ് പിന്‍ക്കാലത്ത് അയാള്‍ തന്റെ വിഖ്യാതമായ ചലചിത്രങ്ങളിലൂടെ ലോകത്തിന് നല്‍കിയത്. ഈ നിലക്ക് പോയാല്‍ അവന്റെ ഭാവി ജീവിതം ജയിലിലാകുമെന്ന് അമ്മ ഗ്രേസ് ഭയന്നു. ഒടുവില്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് അവനെ അമേരിക്കയിലേക്ക് പറഞ്ഞയച്ചു. മനസില്ലാമനസോടെ 100 ഡോളറുമായി ബ്രൂസ് ലീ അങ്ങനെ അമേരിക്കയിലേക്ക് വിമാനം കയറി.

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു കുടുംബ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച് അയാള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി. വാഷിങ്ങ്ടണ്‍ സര്‍വ്വകലാശാലയില്‍ തത്വ ശാസ്ത്രമായിരുന്നു പഠിച്ചത്. ഇഷ്ട വിഷയമായ മനശാസ്ത്രവും. നാടകവും പഠിക്കാനുണ്ടായിരുന്നു. പാര്‍ട്ട് ടൈമായി ഒരു ഹോട്ടലില്‍ വെയ്റ്ററായും ജോലി ചെയ്തു. എന്നാല്‍ അയാളുടെ മനസ്സില്‍ ഏറ്റവും പ്രധാനമായത് കുങ് ഫുവായിരുന്നു. യൂണിവേഴ്‌സിറ്റിയി ലെ സഹപാഠികളെ കുങ് ഫു പഠിപ്പിക്കാന്‍ തുടങ്ങിയ ബ്രുസ് ലീ അക്കാലത്ത് ആയോധന കലയില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തി. പുതുമകള്‍ അവതരിപ്പിച്ചു. ഒരു പുതിയ രീതിയിലുള്ള പോരാട്ട രീതി ( Fighting Style) ബ്രൂസ് ലീ രൂപപ്പെടുത്തി ഇതാണ് .’ ജീത് കുനെ ഡോ ( Jeeth Kune Do ) അതോടെ ബ്രൂസ് ലീ പ്രശസ്തനായി. കാര്‍ഷെഡില്‍ നടത്തിയ ക്ലാസ് ഒരു കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നു. ‘ ജൂന്‍ ഫാന്‍ ജുങ് ഇന്‍സ്റ്റിട്യൂട്ട്’ എന്നായിരുന്നു പരിശീല ക്ലാസിന്റെ പേര്. അക്കാലത്ത് അമേരിക്കയില്‍ ജനിച്ച എവറ്റ് കാരിയായ ലിന്‍ഡ എമറിയുമായി ബ്രൂസ് ലീ അടുപ്പത്തിലാവുകയും പിന്നിട് വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് മക്കള്‍ ഇവര്‍ക്കുണ്ടായി.

bruce lee son
ബ്രൂസ് ലീ കുഞ്ഞായ മകൻ ബ്രണ്ടൻ ലീയെ ആയോധന കലയുടെ ആദ്യ ചുവടുകൾ പഠിപ്പിക്കുന്നു

അക്കാലത്ത് അമേരിക്കയില്‍ ടി വി. പരമ്പരകള്‍ നിര്‍മ്മിച്ചിരുന്ന, വില്യം ഡോസിയര്‍ തന്റെ പുതിയ പരമ്പരയിലേക്ക് ഒരു നടനെ തപ്പി നടക്കുകയായിരുന്നു. ബ്രൂസ് ലീയുടെ പ്രകടനം കണ്ടതോടെ അയാള്‍ അന്വേഷണം അവസാനിപ്പിച്ച് ബ്രൂസ് ലീയെ പരമ്പരയില്‍ ഉള്‍പ്പെടുത്തി. 26 ഭാഗമായി ടിവിയില്‍ അവതരിപ്പിച്ച ‘ The Green Hornet ‘ ല്‍ അഭിനയിച്ച ബൂസ് ലീയുടെ കുങ് ഫൂ പ്രകടനത്തില്‍ അമേരിക്കന്‍ പ്രേക്ഷകര്‍ അന്തം വിട്ടു. ആയോധന കലയായ കുങ് ഫുവിന്റെ വേഗവും ഭംഗിയും ചടുലതയും അവതരിപ്പിച്ച ബ്രൂസ് ലീ അമേരിക്കന്‍ പ്രേക്ഷകരുടെ ആരാധനാപാത്രമായി. പ്രശ്‌സ്ത താരത്തിന്റെ അഭിമുഖങ്ങള്‍ ടിവി, റേഡിയോയിലൊക്കെ നിരന്തരം വരാന്‍ തുടങ്ങി.

മികച്ചൊരു ലൈബ്രറി സ്വന്തമുണ്ടായിരുന്ന ബ്രൂസ് ലീ ആയോധനകലയെ കുറിച്ചുള്ള എല്ലാ പുസ്തകങ്ങളും ശേഖരിച്ചിരുന്നു. താവോയിസം ബുദ്ധിസം എന്നിവ ഇഷ്ട വിഷയമായിരുന്ന ബ്രൂസ് ലീ ഇഷ്ടമുള്ള പുസ്തകം എന്ത് വിലയും കൊടുത്തു വാങ്ങുന്ന ഒരു നല്ല വായനക്കാരന്‍ കൂടിയായിരുന്നു.

കുങ് ഫു ലോകമറിയുന്ന, ആയോധന കലയാവണമെന്ന് ബ്രൂസ് ലീ ആഗ്രഹിച്ചു. അതിന് ഏറ്റവും നല്ല മാധ്യമം സിനിമയാണെന്നും അദ്ദേഹം മനസിലാക്കി. പക്ഷേ, ഒരു ചൈനക്കാരന്‍ നടന് പണം മുടക്കാന്‍ ഹോളിവുഡ് മടിച്ചു. 1969-ല്‍ ‘ മാര്‍ലോവ്’ എന്നൊരു കുറ്റാന്വേഷണ സിനിമയില്‍ തരക്കേടില്ലാത്ത, വേഷം കിട്ടി. അതിന്റെ തിരക്കഥാകൃത്തിനെ കൊണ്ട് കഥഎഴുതി ഒരു പടം ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അയാള്‍ നിരാശനായെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നു. എന്നെങ്കിലും ഒരു വലിയ നടനാവുമെന്നും തന്റെ നാളുകള്‍ വരാനിരിക്കുകയായകയാണെന്നും അയാള്‍ ഉറച്ചു വിശ്വസിച്ചു.

അതിനിടയില്‍ ഗ്രീന്‍ ഹോര്‍ണറ്റ് എഷ്യയില്‍ പല രാജ്യങ്ങളിലും ടിവിയില്‍ വന്നതോടെ ബ്രൂസ് ലീ പ്രശ്‌സ്തനായ താരമായിക്കഴിഞ്ഞിരുന്നു. 1971 ല്‍ ഹോംങ്കോങ്ങിലെ ഒരു നിര്‍മ്മാതാവായ റെയ്മണ്ട് ചൗ ബ്രൂസ് ലീ ക്ക് വേണ്ടി പടം നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നു. ബ്രൂസ് ലീയെ നായകനാക്കി ‘ ബിഗ് ബോസ്’ എന്ന പടത്തിലെ സംഘട്ടനരംഗങ്ങള്‍ ബ്രൂസ് ലീ തന്നെ മേല്‍നോട്ടം വഹിച്ചു.

bruce lee with raymond cho
റെയ്മണ്ട് ചോയും ബ്രൂസ് ലീയും

സാങ്കേതിക വിദ്യക്ക് പോലും ബ്രൂസ് ലീയുടെ മിന്നല്‍ വേഗത വെല്ലുവിളിയായിരുന്നു. എഡിറ്റിംഗ് ടേബിളില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വേഗത കുറച്ചു. സാധാരണ സിനിമകളില്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ വേഗത വര്‍ദ്ധിപ്പിക്കാറാണ് പതിവ്. ബ്രുസ് ലീ വേഗത കൊണ്ട് അതിശയിപ്പിച്ചു. തായ്ലണ്ടിലായിരുന്നു ബിഗ് ബോസ് ചിത്രീകരിച്ചത്. 1971 ഒക്ടോബറില്‍ ഹോംങ്കോങ്ങില്‍ ‘ബിഗ് ബോസിന്റെ ആദ്യ ഷോ പ്രദര്‍ശനത്തിനെത്തി. ലിന്‍ഡയോടൊപ്പം സിനിമ കാണാനെത്തിയ ബ്രൂസ് ലീ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. സിനിമയെങ്ങാനും മോശമായാല്‍ കാണികള്‍ വളരെ മോശമായി പ്രതികരിക്കും. കസേരകള്‍ കുത്തിക്കീറുകയും അലറി വിളിക്കുകയും ചെയ്യും..
സിനിമ അവസാനിച്ചപ്പോള്‍ തിയേറ്ററില്‍ സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദതയായിരുന്നു.
പെട്ടന്ന് അത് ഒരാവരത്തിന് വഴിമാറി. ആരാധകര്‍ ശബ്ദഘോഷങ്ങളോടെ ആഹ്ലാദത്തിമര്‍പ്പിലായി. വീര നായകനെ
കണ്ട അവര്‍ ബ്രൂസ് ലീയെ തോളിലേറ്റി തെരുവില്‍ ആനന്ദ നൃത്തം ചവുട്ടി. ഹോംങ്കോങ്ങില്‍ ഈ പടം 875 തവണയാണ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്.

ചൈനയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നാണ്. ”ഷാങ്ഹായ്’
പാര്‍ക്കിന്റെ മുന്‍ വശത്ത് ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട്.’ പട്ടികള്‍ക്കും ചൈനക്കാര്‍ക്കും പ്രവേശനമില്ല.’
ഇത് കണ്ട ബ്രൂസ് ലീ വായുവില്‍ മലക്കം മറിഞ്ഞ് ചാടി ഒറ്റച്ചവിട്ടിന് ആ ബോര്‍ഡ് തവിടുപൊടിയാക്കുന്ന രംഗം വെള്ളിത്തിരയില്‍ കണ്ടപ്പോള്‍ തിയറ്ററുകള്‍ ഇളകി മറിഞ്ഞു. ചൈനക്കാരുടെ ദേശീയ വികാരം ആളിക്കത്തിച്ച ഈ രംഗം ‘ ഫിസ്റ്റോഫ് ഫ്യൂറി’ എന്ന ബ്രൂസ് ലീയുടെ രണ്ടാമത്തെ ചിത്രത്തിലേതായിരുന്നു.

ആദ്യത്തെ നാലാഴ്ച കൊണ്ട് ബിഗ് ബോസിന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്ന ഈ ചിത്രത്തിലൂടെ ബ്രൂസ് ലീ ദേശീയ ഹീറോയായി.
സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ മുന്നില്‍ ഗതാഗതകുരുക്ക് പതിവായതോടെ ചിത്രം പിന്‍വലിച്ചു. ഫിലിപ്പൈന്‍സില്‍ മറ്റ് ചിത്രങ്ങള്‍ കാണാന്‍ ആളെ കിട്ടാനില്ലാതെ വന്നതോടെ ‘ഫിസ്റ്റ് ഓഫ് ഫ്യൂറി’ പിന്‍വലിക്കേണ്ട, സാഹചര്യവുമുണ്ടായി.

fist furee bruce lee
ഫിസ്‌റ്റ് ഫ്യൂറിയിലെ അവസാന രംഗം

രണ്ട് സിനിമയോടെ വന്‍ താരമായി വളര്‍ന്ന ബ്രൂസ് ലീയുടെ ഡേറ്റിന് വേണ്ടി നിര്‍മ്മാതാക്കള്‍ കാത്തു നിന്നു. ഒരു വര്‍ഷം മുന്‍പ് പതിനായിരം ഡോളര്‍ പ്രതിഫലമായി വാങ്ങിയ താരത്തിന് ഇരുപതിരട്ടി പ്രതിഫലം നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായി.
1972 ഡിസംബറില്‍ മൂന്നാമത്തെ ചിത്രമായ ‘ വേ ഓഫ് ഡ്രാഗണ്‍’ പുറത്ത് വന്നു. ആദ്യമായി ഹോംങ്കോങ്ങുകാര്‍ യൂറോപ്പില്‍ പൂര്‍ണമായി ചിത്രീകരിച്ച സിനിമയാണിത്. ബ്രൂസ് ലീ തന്നെ സവിധാനം ചെയ്ത ഈ സിനിമയുടെ പ്രധാന ഭാഗം റോമിലാണ് ചിത്രികരിച്ചത്. കോമഡി-ആക്ഷന്‍ എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈന്‍. അമേരിക്കന്‍ ആയോധന കലയറിയാവുന്ന നടന്‍ ‘ചക്ക് നോറിസ് ‘ പ്രധാന വില്ലന്‍ വേഷത്തില്‍ ഇതില്‍ അഭിനയിച്ചു. ഇരുവരും തമ്മിലുള്ള പോരാട്ടം ബ്രൂസ്ലീ ചിത്രങ്ങളിലെ എറ്റവും മികച്ചതായി കണക്കാക്കുന്നു.

enter the drgaon movie bruce lee
എൻ്റർ ദി ഡ്രാഗണിലെ ബ്രൂസ് ലീയുടെ പ്രശസ്തമായ പോരാട്ട രംഗം.

ബ്രൂസ് ലീയെന്ന നടനെ ആയോധന കലയിലെ ദൈവമാക്കിയ ചിത്രമായിരുന്നു ‘
‘ എന്റര്‍ ദി ഡ്രാഗണ്‍’ മുടക്കിയ മൂലധനത്തിന്റെ 400 ഇരട്ടി തിരിച്ച് കിട്ടിയ അപൂര്‍വ ഹോളിവുഡ് ചിത്രം. ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്-വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ആദ്യ ചിത്രമായ ‘ എന്റ ദി ഡ്രാഗണ്‍’ ബ്രൂസ് ലീയുടെ ഏറ്റവും മികച്ച ചിത്രമാണ്. ഹോളിവുഡിലെ പ്രശസ്ത നടന്‍ ജോണ്‍ സാക്‌സന്‍ , അമേരിക്കന്‍ കരാട്ടേ ചാമ്പ്യനായ ജിം കെല്ലി എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.
ഹോളിവുഡിനെ പിടിച്ചു കുലുക്കാന്‍ പോകുന്ന സിനിമ ഇതാണെന്ന് ബ്രൂസ് ലീക്കറിയാമായിരുന്നു. നിരന്തരമായ പരിശീലനത്തോടെ ബ്രൂസ് ലീ ആയോധന കലയുടെ ഉന്നത ശിഖിരങ്ങളില്‍ എത്തിയിരുന്നു.
ഇതിനെ സൂചിപ്പിക്കുന്ന ഒരു വാചകം എന്റര്‍ ദി ഡ്രാഗണന്‍ ചിത്രത്തിന്റെ ആരംഭത്തിലുണ്ട്.
പടത്തില്‍ ബ്രൂസ് ലീയോട് ആചാര്യന്‍ പറയുന്നുണ്ട്
‘നിന്റെ കഴിവുകള്‍ ശാരീരിക നിലവാരത്തിനപ്പുറമെത്തിക്കഴിഞ്ഞു.”

bruce lee
ബ്രൂസ് ലീ യുടെ ഏറ്റവും പ്രശസ്തമായ രംഗങ്ങളിലൊന്ന്
(എൻ്റർ ദി ഡ്രാഗൺ 1973)

ഒരു പാട് വെല്ലുവിളികള്‍ അതിജീവിച്ചാണ് എന്റര്‍ ദി ഡ്രാഗണന്‍ ബ്രൂസ്ലീ പൂര്‍ത്തിയാക്കിയത്.
ഹോംങ്കോങ്ങിലേതില്‍ നിന്ന് വ്യത്യസ്തമായി ചിത്രീകരണ സമയത്ത് തന്നെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന ഹോളിവുഡ് രീതി ബ്രൂസ് ലീയെ ബുദ്ധിമുട്ടിച്ചു. സംഘട്ടനങ്ങളിലെ സ്വാഭാവിക ശബ്ദം വളരെ പ്രാധാന്യമുള്ളതിനാല്‍ അത് പകര്‍ത്തുക വളരെ വിഷമം പിടിച്ചതായി.
കുടാതെ തുടര്‍ച്ചയായ കഠിനാധ്വാനം അയാളുടെ ആരോഗ്യം തകര്‍ത്തു. ശരീരത്തില്‍ ജലാംശം നഷ്ടപ്പെടാന്‍ തുടങ്ങി സംഘട്ടന രംഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ നടുവേദന അലട്ടി.

1973 മെയ് 10 ന് ഗോള്‍ഡന്‍ ഹാര്‍വെസ്‌റ് സ്റ്റുഡിയോയില്‍
എന്റര്‍ ദി ഡ്രാഗണിന്റെ ഡബ്ബിങ്ങ് ജോലിയില്‍ മുഴുകിയ ബ്രൂസ് ലീ പെട്ടെന്ന് ബോധരഹിതനായി നിലംപതിച്ചു.
ആശുപത്രിയില്‍ പരിശോധനയില്‍ തലച്ചോറില്‍ ഒരു സ്രവം വന്ന് അത് നീര്‍ കെട്ടായിത് കണ്ടെത്തി., തലച്ചോറിലെ കോശങ്ങള്‍ അമിതമായി വളരാന്‍ തുടങ്ങി. ചികിത്സ കൊണ്ട് താല്‍ക്കാലികമായി രക്ഷപ്പെട്ടെങ്കിലും, അവസ്ഥ ശുഭകരമായിരുന്നില്ല.
തിരികെ, ലോസാഞ്ചലസിലെത്തി എന്റര്‍ ദി ഡ്രാഗണിന്റെ അവസാന ഡയലോഗും ഡബ്ബ് ചെയ്തു. സൗണ്ട് ട്രാക്ക് ഇല്ലാതെ, റിലീസിങ്ങിന് മുന്‍പായി തന്റെ സിനിമ കണ്ടു. അവസാന സീനും കഴിഞ്ഞ് തിയേറ്ററില്‍ വെളിച്ചം തെളിഞ്ഞപ്പോള്‍ ബ്രൂസ് ലീ ചാടിയെണീറ്റു ഉറക്കെ വിളിച്ചു പറഞ്ഞു ‘ ഇതാ ഇതാണ് സിനിമ’ തന്റെ മനസിലുള്ള മികച്ച സിനിമ പൂര്‍ത്തിയായതില്‍ ബ്രൂസ് ലീ മതിമറന്നു.

Bruce lee  biography books
ബ്രൂസ്‌ലിയുടെ പ്രശസ്തമായ 2 ജീവചരിത്രങ്ങൾ

ഹോംങ്കോങ്ങില്‍ തിരിച്ചെത്തിയ ബ്രൂസ് ലീ ഓര്‍മ്മിച്ചു. താന്‍ അമ്മക്ക് പണ്ട് കൊടുത്ത വാക്ക് പാലിക്കാന്‍ സമയമായി. ഇതാ താന്‍ ഒരു വലിയ സുപ്പര്‍ താരമാകാന്‍ പോകുന്നു. ഹോംങ്കോങ്ങില്‍ സ്വസ്ഥമായി യാത്ര ചെയ്യാന്‍ പോലും താരത്തിനായില്ല. എവിടെ ചെന്നാലും ആളുകള്‍ കൂട്ടത്തോടെ പൊതിയും ഓട്ടോഗ്രാഫിനും ഫോട്ടോക്കുമായി തിക്കും തിരക്കും കൂട്ടും..

enter the dragon bruce lee
എൻ്റർ ദി ഡ്രാഗൺ പോസ്റ്റർ.

1973 ജൂലൈ 20, താരത്തിന് അന്ന് ഒരു സാധാരണ ദിനമായിരുന്നു .
ബ്രൂസ് ലീ തന്റെ ചിത്രങ്ങളുടെ നിര്‍മ്മാതാവും സുഹൃത്തുമായ റെയ്‌മെണ്ട് ചോയുമായി രാവിലെ ബെറ്റി ടിങ് എന്ന സിനിമാ താരത്തിന്റെ ഹോംങ്കോങ്ങിലുള്ള വീട്ടില്‍ ഒരു സന്ദര്‍ശനത്തിന് പോയി. സംസാരത്തിനിടയില്‍ ഒരു തലവേദന അനുഭവപ്പെട്ട , ബ്രൂസ് ലീ ഒരു കിടക്കയില്‍ കയറിക്കിടന്നു. ബെറ്റി നല്‍കിയ ഒരു ഗുളികയും കഴിച്ചു.
ആ നിദ്ര അവസാന യാത്രയായിരുന്നു. നടുക്കുന്നതും പിന്നീട് യാഥാര്‍ഥ്യവുമായ ദുരന്ത വാര്‍ത്ത!. ലോകത്തെ ഞെട്ടിച്ച ആ വാര്‍ത്ത പുറത്ത് വരുമ്പോള്‍ തന്റെ മാസ്റ്റര്‍ പീസായായ എന്റര്‍ ദി ഡ്രാഗണ്‍ ആറു ദിവസം കഴിഞ്ഞ് ഹോംങ്കോങ്ങില്‍ റിലീസ് ചെയ്യാന്‍ പോകുകയായിരുന്നു..

50 വര്‍ഷം മുന്‍പ് ഹോങ്കോങ്ങില്‍ 32 വയസ്സുള്ളപ്പോള്‍ ബ്രൂസ് ലീ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചു. മരണ കാരണം ഇന്നും അജ്ഞാതമാണ്. എങ്കിലും തലച്ചോറിലെ കോശങ്ങളുടെ അമിതമായ വളര്‍ച്ചയാണ് അകാലമൃത്യു വിലവസാനിച്ചതെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.

bruce lee  death news
ബ്രൂസ്‌ലീയുടെ ചരമവാർത്ത

ഹോങ്കോങ്ങ് കണ്ട ഏറ്റവും വലിയ വിലാപയാത്രയായിരുന്നു ബ്രൂന് ലീയുടേത്. ഭാര്യ ലിന്‍ഡക്ക് ബ്രൂസ് ലീ ഏറ്റവും ആഹ്ലാദകരമായി ജീവിച്ച അമേരിക്കയില്‍ തന്നെ അടക്കം ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. 1973 ജൂലൈ 21 ന് സിയാറ്റിലിലെ ലേക് വ്യു സെമിത്തേരിയില്‍ ബ്രൂസ് ലീയെന്ന ഇതിഹാസം അന്ത്യവിശ്രമമം വരിച്ചു.

‘എന്റര്‍ ദി ഡ്രാഗണ്‍ ‘ഹോങ്കോങ്ങില്‍ റിലീസ് ചെയ്തു. 23 ദിവസം കഴിഞ്ഞ് അമേരിക്കയിലും .വന്‍ ഹിറ്റായ ഈ പടം നിര്‍മ്മാണത്തിന് ചിലവായതിന്റെ 400 കോടിയുടെ ഇരട്ടി നേടി. ആയോധനകലയിലെ ഏറ്റക്കാലത്തെയും മികച്ച ചിത്രമായാണ് എന്റര്‍ ദി ഡ്രാഗണ്‍ വിലയിരുത്തപ്പെടുന്നത്.

bruce lee  death pic
ബ്രൂസ് ലീ അന്ത്യ നിദ്രയിൽ

മുപ്പത്തിരണ്ട് വയസ് വരെ മാത്രം ജീവിച്ച ബ്രൂസ് ലീ കിഴക്കിനേയും പടിഞ്ഞാറിനേയും ചലചിത്ര മാദ്ധ്യമത്തിലൂടെ ഒരുമിപ്പിച്ചു. നടനെന്ന നിലയിലും ആയോധനകല വിദ്ഗ്ധന്‍ എന്ന നിലയിലും ബ്രൂസ് ലീയുടെ പ്രസക്തിയും പ്രാധാന്യവും അതാണ്.

ബ്രു സ്‌ലീയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ
ഹോളിവുഡ് താരങ്ങളായ സ്‌റ്റീവ് മക്വീൻ തുടങ്ങിയവർ

ചൈനയിലെ പ്രാചീന ആയോധന കലാ സമ്പ്രദായങ്ങളെ ഒരുമിപ്പിച്ച് എല്ലാ സംസ്‌ക്കാരങ്ങള്‍ക്കും സ്വീകാര്യമാക്കി കുങ് ഫുവിനെ മാറ്റി പ്രതിഷ്ഠിക്കുകയും അത് ലോക പ്രശസ്തമാക്കുകയും ചെയ്തു. അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ 2004 ല്‍ അവരുടെ ചലചിത്ര ശേഖരത്തിലേക്ക്, എന്റര്‍ ദി ഡ്രാഗണ്‍ തിരഞ്ഞെടുത്തു.’സാംസ്‌കാരികമായി, ചരിത്രപരമായി, മുന്നിട്ടുനില്‍ക്കുന്ന മികച്ച ചലചിത്രം’ എന്നാണ് ഈ ചിത്രത്തിനെ ലൈബ്രറി രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

game off death scene bruce lee
അവസാന ചിത്രമായ ഗെയിം ഓഫ് ഡെത്തിൽ ബ്രൂസിലിയുടെ ആക്ഷൻ

1950 കളുടെ പകുതിയില്‍ വെറും മൂന്ന് ചിത്രങ്ങളില്‍ മാത്രം അഭിനയിക്കുകയും ഹോളിവുഡിലെ വളരുന്ന, താരമാവുകയും, 24 വയസില്‍ കാറപകടത്തില്‍ മരണമടയുകയും ചെയ്ത ജെയിംസ് ഡീന്‍ എന്ന അമേരിക്കന്‍ യുവ നടന്‍ മരണശേഷം അമേരിക്കയില്‍ ഒരു കള്‍ട്ട് ഫിഗറായി മാറി അക്കാലത്തെ തലമുറയെ തന്നെ, വളരെ സ്വാധീനിച്ചു. ഇതിന് സമാനമായിരുന്നു ബ്രൂസ്ലീയുടെ ജീവിതവും. ബ്രൂസ് ലീയുടെ സ്വാധീനം എഷ്യയിലെ പ്രേക്ഷകരിലാണെന്ന വ്യത്യാസം മാത്രം.

tomb of bruce lee
ബ്രൂസ് ലീയുടെ ശവകുടീരം

ജെയിംസ് ഡീന്‍ അവസാനം അഭിനയിച്ച ഹിറ്റ് പടമായ ‘Giant” ഹിറ്റ് ചിത്രമാകുന്നത് കാണാന്‍ അയാള്‍ക്ക് ഭാഗ്യമുണ്ടായില്ല. അതിന് മുന്‍പ് മരിച്ചു. ബ്രൂസ് ലീക്ക് ‘എന്റര്‍ ദി ഡ്രാഗണ്‍ ‘ചരിത്രം സൃഷ്ടിച്ച, ചലചിത്രമാകുന്നത് കാണാനും ആയുസുണ്ടായില്ല. ജെയിംസ് ഡീനും ബ്രൂസ് ലീയും തങ്ങളുടെ പേരും പെരുമയും ലോകം മുഴുവന്‍ വ്യാപിച്ചത് അറിയാതെ കടന്ന് പോയ രണ്ട് ഹോളിവുഡ് സൂപ്പര്‍ താരങ്ങളാണ്.

actor james dean
24 വയസ്സിൽ വിട പറഞ്ഞ നടൻ ഹോളിവുഡ് ഐക്കൺ ജെയിംസ് ഡീൻ

1975 ല്‍ എന്റര്‍ ദി ഡ്രാഗണ്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തെത്തി. 4 കൊല്ലം മുന്‍പ് 1971 ഫെബ്രുവരിയില്‍ ബ്രൂസ് ലീ ഒരു പടത്തിന്റെ ലൊക്കേഷന്‍ നോക്കാനായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പ്രശസ്തനല്ലാത്തതിനാല്‍ അന്ന് വാര്‍ത്താ പ്രധാന്യം നേടിയില്ല. സിനിമയിലൂടെയാണെങ്കിലും പക്ഷെ, രണ്ടാം വരവ് ചരിത്രം കുറിച്ചു. പടം ഇന്ത്യയില്‍ വന്‍ വിജയമായി.

കേരളത്തില്‍ ബ്രൂസ് ലീ വന്‍ തരംഗം സൃഷ്ടിച്ചു. കരാട്ടെ, കുങ് ഫൂ എന്നിവക്ക് ആഗോള പ്രചാരം നല്‍കാനാണ് ബ്രൂസ് ലീ തന്റെ ചിത്രങ്ങളിലൂടെ ശ്രമിച്ചതെങ്കില്‍, ചൈനക്ക് പുറത്ത് അതു വിജയിച്ച ഒരു രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ അത് ഫലവത്തായത് കേരളത്തിലും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയോധന കലകള്‍ പഠിപ്പിക്കുന്ന സംസ്ഥാനം കേരളമായിരുന്നു. എന്റര്‍ ദി ഡ്രാഗണ്‍ കേരളത്തില്‍ വന്‍ ഹിറ്റായി. ബ്രൂസ് ലീയെന്ന പേര് കൊച്ചു കുട്ടികള്‍ക്കും പോലും പരിചിതമായി. ‘എന്റര്‍ ദി ഡ്രാഗണ്‍ ‘ പടം കണ്ട് ആവേശഭരിതരായി കുറെ മലയാളികള്‍ ചേര്‍ന്ന് ശ്രീലങ്കയിലെ കരാട്ടെ ചാമ്പ്യനും, മലേഷ്യയിലും ചൈനയിലും പോയി ആയോധന കല പഠിച്ച ബോണി റോബര്‍ട്ട്‌സ്‌നെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടു വന്നു.

1976ലായിരുന്നു ഇത്, പെട്ടെന്ന് തന്നെ അയാളുടെ പരിശീലന ക്ലാസുകള്‍ പ്രശസ്തമായി. തുടര്‍ന്ന് കേരളമെങ്ങും കരാട്ടെ ക്ലാസുകള്‍ പൊട്ടിമുളച്ചു. റേഷന്‍ കടകളെക്കാള്‍ കൂടുതല്‍ കരാട്ടെ ക്ലാസുകള്‍ കേരളത്തില്‍ അക്കാലത്തുണ്ടായി. ‘ഒറ്റയടിക്ക് പതിനാല് ഇഷ്ടിക തകര്‍ക്കുന്ന ഏത് കരാട്ടെ കാരനുണ്ട് കേരളത്തില്‍? ‘ജോര്‍ജ് ഡാനിയല്‍ എന്ന കരാട്ടെ മാസ്റ്റര്‍, ഇന്നസെന്റ് അഭിനയിച്ച , തലയിണ മന്ത്രത്തിലെ കഥാപാത്രത്തെ ഓര്‍മ്മയില്ലെ? കഥ എഴുതിയ ശ്രീനിവാസന്‍ അന്നത്തെ മലയാളി കരാട്ടെ ഭ്രമക്കാരെ ഒന്ന് പരിഹസിച്ചതാണ്.

innocent scene in Malayalam movie thalayana matntram
കരാട്ടെ മാസ്റ്ററായി നടൻ ഇന്നസെൻ്റ്, (തലയിണ മന്ത്രം 1990)

ഇതിന്റെ മറ്റൊരു വശം കൂടി അറിയണം. അക്കാലത്ത് ബ്രൂസ് ലീയുടെ വാണിജ്യ സാധ്യതകള്‍ ഏറ്റവും നന്നായി കേരളത്തില്‍ ഉപയോഗിക്കപ്പെട്ടു. ബ്രൂസ് ലീ സിനിമാ ചിത്രങ്ങള്‍ കേരളത്തില്‍ വന്‍ പ്രചാരം നേടി. ബ്രൂസ് ലീ ബനിയന്‍ , സ്റ്റിക്കറുകള്‍, കലണ്ടറുകള്‍ എന്തിന് ഏറെ കുന്നംകുളം നോട്ട്ബുക്കുകളില്‍ വരെ എന്റര്‍ ദി ഡ്രാഗണിലെ ബ്രൂസ് ലീയുടെ പ്രശസ്ത ചിത്രം കവറായി അച്ചടിച്ചു വിറ്റുപോയി. ഇന്ത്യയിലോ കേരളത്തിലോ ഒരു നടനും ലഭിക്കാത്ത മാര്‍ക്കറ്റ് വാല്യൂവായിരുന്നു അത്. ബ്രൂസ് ലീ യെന്ന പേരിന്റെ മാസ്മരികത അതായിരുന്നു.

ചൈനയിലെ ആയോധന കലക്ക് പ്രചാരം വര്‍ദ്ധിക്കാനെടുത്ത ഒരു ചലചിത്രവും അതിലെ താരവും കേരളത്തിലെ എറ്റവും വിറ്റഴിയുന്ന ബ്രാന്‍ഡ് നെയിം ആയി മാറിയെന്നുള്ളതുകൂടി ഓര്‍ക്കേണ്ട ചരിത്രമാണ്. ‘ എടുക്കുന്ന പാത്രമേതാണ്, അതിന്റെ ആകൃതിയാണ് ജലത്തിന് . കുപ്പിയിലെടുത്താല്‍ അത് കുപ്പിയാകും. ചായക്കപ്പിലെടുത്താല്‍ കപ്പാകും. ശാന്തമായൊകുകാനും സ്‌ഫോടനം നടത്താനും ജലത്തിനേ സാധിക്കൂ അതിനാല്‍ പ്രിയ സുഹൃത്തേ , നിങ്ങള്‍ ജലമാവുക.’ ബ്രൂസ് ലീ ഏറെ ഇഷ്ടപ്പെട്ടിരുന്ന സെന്‍ വാക്യങ്ങളാണിത്.

bruce lee  movies
ബ്രൂസ് ലീ സിനിമകൾ

തന്റെ ഹ്രസ്വമായ ജീവിതത്തിലൂടെ ബ്രൂസ് ലീ ലോകത്തിന് നല്‍കിയ സന്ദേശവും ഇതായിരുന്നു.

53 years since the passing of Bruce Lee

Leave a Reply

Your email address will not be published. Required fields are marked *

×