ഇന്ത്യന്‍ വ്യോമമേഖല വന്‍നഷ്ടത്തില്‍; 81 വിമാനത്താവളങ്ങളുടെ 10 വര്‍ഷത്തെ നഷ്ടം 10,853 കോടി

22 എണ്ണം പ്രവര്‍ത്തനരഹിതം

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) യുടെ കീഴിലുള്ള 81 വിമാനത്താവളങ്ങള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 10,852.9 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 22 വിമാനത്താവളങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. 2015-16 മുതല്‍ 2024-25 വരെയുള്ള കാലയളവിലെ കണക്കാണിത്.

ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് വിമാനത്താവളത്തിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം, ഏകദേശം 673.91 കോടി രൂപ. അഗര്‍ത്തല (605.23 കോടി), ഹൈദരാബാദ് (564.97 കോടി), ഡെറാഡൂണ്‍ (488.01 കോടി), വിജയവാഡ (483.69 കോടി) എന്നിവയാണ് തൊട്ടുപിന്നില്‍.

വലിയ നഷ്ടം നേരിട്ട സഫ്ദര്‍ജംഗ് വിമാനത്താവളം ഇപ്പോള്‍ വാണിജ്യ വിമാനങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ല. വിവിഐപികളെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കാന്‍ മാത്രമാണ് നിലവില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടാതെ ഭോപ്പാല്‍ വിമാനത്താവളം (480.43 കോടി), ഔറംഗബാദ് (447.83 കോടി), തിരുപ്പതി (363.71 കോടി), ഖജുരാഹോ (355.53 കോടി), ഇംഫാല്‍ (355.19 കോടി) എന്നിവയാണ് പ്രധാനമായും നഷ്ടത്തിലുള്ള മറ്റ് വിമാനത്താവളങ്ങള്‍.

പ്രവര്‍ത്തനരഹിതമായ വിമാനത്താവളങ്ങള്‍

ഡോണകൊണ്ട, ദാപറിസോ, ജോഗ്ബാനി, മുസാഫര്‍പൂര്‍, രക്‌സൗള്‍, ദീസ, ചകുലിയ, ധല്‍ഭുംഗഡ്, ഖാണ്ഡവ, പന്ന, ഷെല്ല, ഐസ്വാള്‍, തഞ്ചാവൂര്‍, വെല്ലൂര്‍, നദിര്‍ഗുല്‍, വാറങ്കല്‍, കൈലാസഹര്‍, കമല്‍പൂര്‍, ഖോവായ്, അസന്‍സോള്‍, ബലൂര്‍ഘട്ട്, മാള്‍ഡ എന്നിവയാണ്.

സാമ്പത്തിക സഹായവും മറ്റ് പദ്ധതികളും

പ്രാദേശിക വ്യോമഗതാഗതം മെച്ചപ്പെടുത്താനും നഷ്ടം നികത്താനും സര്‍ക്കാര്‍ റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീം ഉഡേ ദേശ് കാ ആം നാഗരിക് (RCS-UDAN) എന്ന പദ്ധതി ആരംഭിച്ചു. 2016 ഒക്ടോബര്‍ 21 ന് ആരംഭിച്ച ഈ പദ്ധതി, വിമാനക്കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. പ്രവര്‍ത്തനച്ചെലവും വരുമാനവും തമ്മിലുള്ള അന്തരം നികത്താന്‍ ഇതുവഴി സഹായകമാകും.

2025-26 സാമ്പത്തിക വര്‍ഷത്തേക്ക് RCS-UDAN പദ്ധതിക്ക് 300 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഈ പദ്ധതിയിലൂടെ ഇതുവരെ 92 വിമാനത്താവളങ്ങള്‍, 15 ഹെലിപോര്‍ട്ടുകളും, രണ്ട് വാട്ടര്‍ എയറോഡ്രോമുകളും ഉള്‍പ്പെടെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. 81 airports in India have suffered a loss of 10,853 crore rupees in 10 years

Content Summary: 81 airports in India have suffered a loss of 10,853 crore rupees in 10 years

This post was last modified on August 9, 2025 10:51 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment