കേരളത്തിലെ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ മുൻനിരക്കാരാണ് മലങ്കര മലങ്കര ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ്. എന്നാൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരുമായുള്ള ബന്ധത്തെ തുടർന്ന് ഇന്ന് മലങ്കര മലങ്കര ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് സംശയത്തിന്റെ നിഴലിലാണ്. ഈ സ്വര്‍ണ വ്യാപാരിയെ തുറന്നു കാണിക്കുന്ന ഒരു അന്വേഷണ പരമ്പര അഴിമുഖവും ദി ന്യൂസ് മിനിട്ടും ചേര്‍ന്ന് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. അതില്‍ നിര്‍ണായകമായൊരു അധ്യായമാണ് മലങ്കര സൊസൈറ്റിയും. ആ സ്ഥാപനത്തെ ബോബി ചെമ്മണൂര്‍ എങ്ങനെ തന്റെ സ്വകാര്യ താത്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു എന്ന് അന്വേഷണ പരമ്പര വിശദീകരിക്കുന്നുണ്ട്.
എന്നാൽ, ഇത്തരം വെളിപ്പെടുത്തലുകൾ പുറത്തുവരുമ്പോൾ, കേരളത്തിലെ പൊതു സഹകരണ മേഖലയെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രാദേശിക സഹകരണ സ്ഥാപനങ്ങളും, മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്? ആ സംശയങ്ങൾക്കുള്ള വ്യക്തമായ മറുപടിയും ഈ സ്ഥാപനങ്ങൾ തമ്മിലുള്ള അന്തരം തുറന്നു കാണിക്കുന്നതുമാണ് അഴിമുഖത്തിന്റെ ഈ പ്രത്യേക റിപ്പോർട്ട്.
കേരളത്തിലെ സാധാരണക്കാര്‍ വിശ്വാസത്തോടെ ആശ്രയിക്കുന്ന സഹകരണ മേഖല, സമീപ വര്‍ഷങ്ങളില്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്ന പുതിയ പ്രതിസന്ധി നേരിടുകയാണ്. നിക്ഷേപകരെ സംബന്ധിച്ച്, ഒരു സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുമ്പോള്‍ ഏറ്റവും വലിയ ഉറപ്പ് നിയമപരമായ സംരക്ഷണമാണ്. സംസ്ഥാന സഹകരണ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സ്ഥാപനങ്ങള്‍ കര്‍ശനമായ ഓഡിറ്റിംഗിനും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കും വിധേയമാകുമ്പോള്‍, കേരളത്തില്‍ അങ്ങോളമിങ്ങോളം കൂണുകള്‍ പോലെ മുളച്ചു പൊന്തുകയും ഒരു സുപ്രഭാതത്തില്‍ കാണാതാവുകയും ചെയ്യുന്ന, കേന്ദ്ര നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ഒരു ചോദ്യചിഹ്നമായി മാറുകയാണ്.

കേരളത്തിന്റെ സഹകരണ മേഖലയും മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റികളും
കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ കേരള സഹകരണ നിയമത്തിന് (Kerala Co-operative Societies Act, 1969) കീഴിലാണ് പ്രധാനമായും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സഹകരണ മേഖല മുന്‍പ് പൂര്‍ണമായും സംസ്ഥാന വിഷയമായിരുന്നു. നിലവില്‍ സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന അധികാരം, ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടപടികളും പുരോഗമിക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളെ ഒരു പരിധി വരെ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഇടപെടാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാനാണ് ശ്രമം.
കേന്ദ്ര നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളെയാണ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്ന് വിളിക്കുന്നത്. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്, 2002 ന് കീഴിലാണ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 2021 ല്‍ കേന്ദ്ര സഹകരണ മന്ത്രാലയം നിലവില്‍ വന്നു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ് വകുപ്പിന്റെ ചുമതല.
മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര കാര്യക്ഷമല്ലെന്നാണ് പരാതി. ആര്‍ബിഐ ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നിരവധി മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഓരോ വര്‍ഷവും കണക്കെടുപ്പ്
സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും കൃത്യമായ വാര്‍ഷിക ഓഡിറ്റിംഗ് നിര്‍ബന്ധമാണ്. ഇതിനായി സഹകരണ ഓഡിറ്റ് വകുപ്പ് നിലവിലുണ്ട്. എല്ലാ വര്‍ഷവും ഓഡിറ്റിംഗ് നടത്തി ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കണം. ഓഡിറ്റ് റിപ്പോര്‍ട്ടും സാമ്പത്തിക വര്‍ഷത്തെ മറ്റു രേഖകളും പൊതുയോഗത്തിന്റെ അംഗീകാരത്തിനായി വെക്കണം. സഹകരണ സ്ഥാപനത്തിന്റെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കുന്നതും പൊതുയോഗമാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് സാധാരണയായി സാമ്പത്തിക വര്‍ഷം അവസാനിച്ച ശേഷം നിശ്ചിത സമയപരിധിക്കുള്ളില്‍ (ചിലപ്പോള്‍ സെപ്റ്റംബര്‍ മാസം പോലുള്ള സമയങ്ങളില്‍) പൊതുയോഗത്തിന്റെ അംഗീകാരത്തിനായി വെക്കാറുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ന്യൂനതകള്‍ പരിഹരിച്ച് ‘ഓഡിറ്റ് ന്യൂനത പരിഹരണ റിപ്പോര്‍ട്ട്’ തയ്യാറാക്കി പൊതുയോഗത്തിന് മുന്നില്‍ അവതരിപ്പിക്കണം.

പ്രാദേശിക തലത്തില്‍ (താലൂക്ക്/യൂണിറ്റ് തലത്തില്‍) സഹകരണ സ്ഥാപനങ്ങളുടെ ചുമതല അസിസ്റ്റന്റ് രജിസ്ട്രാര്‍ അല്ലെങ്കില്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ്. ജില്ലാ തലത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ ആയിരിക്കും പ്രധാന ഉദ്യോഗസ്ഥന്‍. സംസ്ഥാന തലത്തില്‍ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആയിരിക്കും വകുപ്പിന്റെ തലവന്‍. രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (RCS) തസ്തികയില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ആയിരിക്കും ചുമതല വഹിക്കുക. ജോയിന്റ് രജിസ്ട്രാര്‍ പോലുള്ള തസ്തികകളില്‍ സാധാരണയായി പി.എസ്.സി. വഴി നിയമനം ലഭിച്ച, വകുപ്പില്‍ നിന്നുള്ള പ്രൊമോഷന്‍ വഴിയുള്ള ഉദ്യോഗസ്ഥര്‍ ആയിരിക്കും ഉണ്ടായിരിക്കുക.
സംസ്ഥാന സഹകരണ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ സുതാര്യമാണ്. സ്ഥാപനത്തിന്റെ ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറി (ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍), എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. ഇതില്‍ എന്തെങ്കിലും പരാതികളോ തര്‍ക്കങ്ങളോ ഉണ്ടായാല്‍, സഹകരണ വകുപ്പില്‍ അതിനായി പരിഹാര സംവിധാനങ്ങളും, സഹകരണ കോടതികളും നിലവിലുണ്ട്. മറ്റെല്ലാ നടപടിക്രമങ്ങള്‍ക്കും പുറമെ, സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി റെഗുലേറ്റ് ചെയ്യുന്നുണ്ട്.
അനിയന്ത്രിത പലിശ നിരക്കുകള്‍
നമ്മുടെ നാട്ടിലെ സഹകരണ ബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കുമ്പോള്‍ അതിന്റെ പലിശ നിരക്ക്, നിക്ഷേപത്തിന്റെ കാലാവധി അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. സ്ഥിര നിക്ഷേപങ്ങളുടെ മിനിമം കാലാവധി 15 ദിവസമാണ്. 15 മുതല്‍ 45 ദിവസം, 46 മുതല്‍ 90 ദിവസം, 91 ദിവസം മുതല്‍ 180 ദിവസം, 181 ദിവസം മുതല്‍ ഒരു വര്‍ഷം, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം, രണ്ടുവര്‍ഷത്തിനു മുകളില്‍ എന്നിങ്ങനെ വിവിധ സ്ലാബുകളായി നിശ്ചയിച്ചിരിക്കുന്നു. സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് പലിശ നിരക്കുകള്‍ തീരുമാനിക്കാന്‍ സാധ്യമല്ല.

ഓരോ കാലയളവിലും സഹകരണ വകുപ്പ് സര്‍ക്കുലറുകള്‍ പുറത്തിറക്കും. ഈ സര്‍ക്കുലറുകള്‍ പ്രകാരം, ഓരോ വിഭാഗം സഹകരണ സ്ഥാപനങ്ങള്‍ക്കും (ഉദാഹരണത്തിന്: പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍) നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കും നല്‍കേണ്ടതും ഈടാക്കേണ്ടതുമായ പലിശ നിരക്കുകളുടെ പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ടാകും. സംഘങ്ങള്‍ ഈ പരമാവധി പരിധിയില്‍ കവിഞ്ഞ പലിശ നിരക്കുകള്‍ നല്‍കാനോ ഈടാക്കാനോ പാടില്ല.
സംഘം നിയമപരമായി അനുവദിച്ചതിലും അധികമായി പലിശ ഈടാക്കുകയോ, അല്ലെങ്കില്‍ കൂടുതലായി പലിശ നല്‍കുകയോ ചെയ്താല്‍, അത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഒരു ‘ഒബ്ജക്ഷനായി’ രേഖപ്പെടുത്തും. ഇത്തരം അധിക പലിശ ഈടാക്കിയത് കാരണം സ്ഥാപനത്തിന് നഷ്ടം സംഭവിച്ചാല്‍, അത് നഷ്ടത്തിന് കാരണക്കാരനായ സെക്രട്ടറിയുടെയോ മറ്റ് ഭരണസമിതി അംഗങ്ങളുടെയോ കയ്യില്‍ നിന്ന് ഈടാക്കുന്നതിനായി ഓഡിറ്റ് വിഭാഗം ശുപാര്‍ശ ചെയ്‌തേക്കാം.
എന്നാല്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ കാര്യത്തില്‍, കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെപ്പോലെ സംസ്ഥാന സഹകരണ വകുപ്പിന്റെ കര്‍ശനമായ പലിശ നിരക്ക് നിയന്ത്രണങ്ങള്‍ നിലവിലില്ല. ഈ സ്ഥാപനങ്ങള്‍ക്ക് തോന്നിയ നിരക്കില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാനും വായ്പകള്‍ നല്‍കാനും സാധിക്കുന്നുണ്ട്. ചില സൊസൈറ്റികള്‍ ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്ത് (ഉദാഹരണത്തിന്, 18% വരെ വാര്‍ഷിക പലിശ) നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു സ്ഥാപനം 15% മുതല്‍ 18% വരെ പലിശ നിരക്കില്‍ നിക്ഷേപം സ്വീകരിച്ചാല്‍, സ്ഥാപനം നഷ്ടമില്ലാതെ പ്രവര്‍ത്തിക്കണമെങ്കില്‍, അവര്‍ നല്‍കുന്ന വായ്പകള്‍ക്ക് മിനിമം 20% മുതല്‍ 25% വരെ പലിശ ഈടാക്കേണ്ടിവരും. പ്രവര്‍ത്തനച്ചെലവ്, ജീവനക്കാരുടെ ശമ്പളം, സ്ഥാപനത്തിന്റെ ലാഭം എന്നിവയ്ക്കായി കുറഞ്ഞത് 3% മുതല്‍ 5% വരെ മാര്‍ജിന്‍ ആവശ്യമാണ്.

ഇത്രയധികം ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പയെടുക്കാന്‍ ആളുകള്‍ തയ്യാറാകാനുള്ള സാധ്യത കുറവാണ്. അഥവാ വായ്പയെടുത്താല്‍ തന്നെ, വന്‍ പലിശ ഭാരം കാരണം കൃത്യമായി തിരിച്ചടവ് നടത്താനുള്ള സാധ്യതയും കുറയും. വായ്പകള്‍ തിരിച്ചടയ്ക്കാതെ വരുമ്പോള്‍ നിക്ഷേപകരുടെ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരം സാമ്പത്തിക തകര്‍ച്ച ഉണ്ടായാല്‍, ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന ചോദ്യം ബാക്കിയാകുന്നു. സംസ്ഥാന സ്ഥാപനങ്ങളെപ്പോലെ ശക്തമായ സര്‍ക്കാര്‍ നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാല്‍, ഇവിടെ നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വലിയ വെല്ലുവിളികള്‍ നിലനില്‍ക്കുന്നു.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ സംസ്ഥാന സഹകരണ നിയമത്തിന് കീഴില്‍, സഹകരണ വകുപ്പിന്റെ കര്‍ശനമായ ഓഡിറ്റിംഗിനും പലിശ നിരക്ക് നിയന്ത്രണങ്ങള്‍ക്കും (സര്‍ക്കുലറുകള്‍ വഴി പരമാവധി പരിധി നിശ്ചയിച്ച്) വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഇവിടെ സ്ഥാപനം പൂട്ടിയാല്‍ പോലും സെക്രട്ടറി മുതല്‍ ഭരണസമിതി അംഗങ്ങള്‍ വരെ പൊതുജനങ്ങള്‍ക്ക് പരിചിതരും നിയമപരമായി ഉത്തരവാദികളുമാണ്. കൂടാതെ, നിക്ഷേപകരുടെ പണം സുരക്ഷിതമാക്കുന്നതിനായി, എല്ലാ സഹകരണ സ്ഥാപനങ്ങളും നിര്‍ബന്ധമായും വിഹിതം നല്‍കുന്ന കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് എന്ന സുരക്ഷാ സംവിധാനവും നിലവിലുണ്ട്.
എന്നാല്‍, ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ പലിശ നിരക്കുകള്‍ തോന്നിയപടി നിശ്ചയിക്കുന്നു. ഇവര്‍ക്ക് സംസ്ഥാന നിയമത്തിലെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ബാധകമല്ല, കൂടാതെ ഇവ പൂട്ടിയാല്‍ അതിന്റെ തലപ്പത്തുള്ളവര്‍ ആരാണെന്ന് പോലും പൊതുജനങ്ങള്‍ക്ക് വ്യക്തമല്ലാത്തതിനാല്‍ സുതാര്യതയും കുറവാണ്. ഇത്തരം സൊസൈറ്റികളിലെ നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കില്ലെന്ന് സര്‍ക്കുലര്‍ വഴി വ്യക്തമാക്കിയിട്ടുള്ളതും കേരളത്തിലെ സുരക്ഷാ സംവിധാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയൊരു വെല്ലുവിളിയാണ്.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ എന്തെങ്കിലും പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടായാല്‍, നിക്ഷേപകര്‍ക്കും പൊതുജനങ്ങള്‍ക്കും സെക്രട്ടറിക്കും പ്രസിഡന്റിനും ഭരണസമിതിക്കും എതിരെ നേരിട്ട് പരാതി നല്‍കാനും, സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ വകുപ്പിനെയോ അല്ലെങ്കില്‍ സഹകരണ കോടതികളെയോ സമീപിക്കാനും നിയമപരമായ അവസരം ലഭിക്കുന്നുണ്ട്. ഇവിടെ ഉത്തരവാദിത്തമുള്ള വ്യക്തികളെയും അധികാര കേന്ദ്രങ്ങളെയും തിരിച്ചറിയാന്‍ എളുപ്പമാണ്.

മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ തകര്‍ച്ച
മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ, ‘മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കണ്ണൂര്‍ അര്‍ബന്‍ നിധി’ പോലുള്ള പല സ്ഥാപനങ്ങളും നിക്ഷേപം സ്വീകരിച്ച ശേഷം സാമ്പത്തികമായി തകരുകയും പൂട്ടിപ്പോവുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് കേരളത്തില്‍ നിരവധി മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളാണ് പ്രവര്‍ത്തനം ആരംഭിച്ച് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂട്ടി പോയത്. കോഴിക്കോടും കോട്ടയത്തും ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാരത് ലാഞ്ചന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് സൊസൈറ്റി, വിന്നര്‍ റോയല്‍ വര്‍ഷ ക്രെഡിറ്റ് ഹൗസിങ് സൊസൈറ്റി, ജീവന്‍ ജ്യോതി ക്രെഡിറ്റ് ഹൗസിങ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ ആര്‍ബിഐ ചട്ടങ്ങള്‍ ലംഘിച്ച് 16 മുതല്‍ 20 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചതില്‍ ഈ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി, അഗ്രി ടൂറിസം മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി, തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ജനങ്ങളെ പറ്റിച്ച് കോടികള്‍ തട്ടിയത്.
ഇത്തരം സാഹചര്യങ്ങളില്‍, സ്ഥാപനത്തിന്റെ ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ആരെന്ന് പോലും പലപ്പോഴും നിക്ഷേപകര്‍ക്ക് അറിയാത്ത അവസ്ഥ വരുന്നു. തന്മൂലം, ആര്‍ക്കെതിരെ പരാതി നല്‍കണമെന്നോ, നിയമപരമായ പരിഹാരത്തിനായി ഏത് അതോറിറ്റിയെ സമീപിക്കണമെന്നോ ഉള്ള വ്യക്തതയില്ലാതെ നിക്ഷേപകര്‍ക്ക് അവരുടെ പണം നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുക്കുന്നു. നമ്മുടെ നാട്ടിലെ സംസ്ഥാന സഹകരണ നിയമത്തിന് കീഴിലുള്ള സഹകരണ സംഘങ്ങള്‍ ഒരു കുടുംബത്തിന്റെയോ, ഒറ്റ വ്യക്തിയുടെയോ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളല്ല. അവ അംഗങ്ങള്‍ കൂട്ടായി ചേര്‍ന്ന് രൂപീകരിക്കുന്ന ജനാധിപത്യ സ്വഭാവമുള്ള സ്ഥാപനങ്ങളാണ്.
എന്നാല്‍, മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ചില സാഹചര്യങ്ങളില്‍ ഒരു വ്യക്തിക്കോ ഒരു കൂട്ടം വ്യക്തികള്‍ക്കോ എളുപ്പത്തില്‍ രൂപീകരിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കേന്ദ്ര നിയമത്തിന്റെ ചില വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമായി ഉടലെടുക്കുന്നതാണ്. എംഎസ് സിഎസ് പോലുള്ള സ്ഥാപനങ്ങള്‍ വലിയ തുകയ്ക്ക് നിക്ഷേപം സ്വീകരിക്കുന്നുണ്ട്. എന്നാല്‍, ഇവര്‍ ഈടാക്കുന്ന വായ്പകളുടെ പലിശയില്‍ നിന്ന് മാത്രം ഈ തുകയ്ക്ക് ആദായം നല്‍കാനും സ്ഥാപനത്തിന്റെ ചെലവുകള്‍ വഹിക്കാനും കഴിയാറില്ല.

ഈ സ്ഥാപനങ്ങള്‍ നിക്ഷേപകരുടെ പണം മറ്റ് സംരംഭങ്ങളിലേക്ക് ഉദാഹരണത്തിന്, സ്വകാര്യ ചിട്ടികള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് ബിസിനസ്സുകള്‍ എന്നിവയിലേക്ക് വകമാറ്റുകയോ അല്ലെങ്കില്‍ ഓഹരി വിപണിയിലേക്ക് മറിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് തടയാന്‍ എംഎസ് സിഎസ് നിയമത്തിന് കീഴില്‍ വേണ്ടത്ര കര്‍ശനമായ നിരീക്ഷണ സംവിധാനങ്ങള്‍ നിലവിലില്ല. കേരളത്തിലെ സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും നിക്ഷേപകരുടെ പണം വിനിയോഗിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. നിക്ഷേപം സ്വീകരിക്കുന്ന പണം മറ്റാവശ്യങ്ങള്‍ക്കായി വകമാറ്റുന്നതിനോ ഉപയോഗിക്കുന്നതിനോ പ്രത്യേക അനുമതി ആവശ്യമാണ്. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്താന്‍ പാടില്ല.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വാങ്ങാനോ നിക്ഷേപം നടത്താനോ, രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ (RCS) മുന്‍കൂട്ടിയുള്ള അനുമതി തേടേണ്ടതുണ്ട്. ഇതിനായുള്ള ഡോക്യുമെന്റേഷനും പ്രോസസ്സും നിര്‍ബന്ധമാണ്. ഈ നിയന്ത്രണങ്ങള്‍ കാരണം, കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗം കൂടുതല്‍ സുരക്ഷിതവും സുതാര്യവുമാണ്. എന്നാല്‍ എംഎസ് സിഎസ്-ല്‍ ഈ നിയമലംഘനങ്ങള്‍ തടയാന്‍ കാര്യക്ഷമമായ സംവിധാനമില്ലാത്തത് നിക്ഷേപകര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ഫണ്ട് വകമാറ്റലും, സുരക്ഷാ ഭീഷണിയും
മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളില്‍, കേരളത്തിലെ സഹകരണ ബാങ്കുകളെപ്പോലെ കര്‍ശനമായ നിയന്ത്രണങ്ങളോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍, യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ ഉയര്‍ന്ന തുക ഒരു വസ്തുവിന്റെയോ വീടിന്റെയോ ഈടിന്മേല്‍ വായ്പയായി നല്‍കാന്‍ സാധ്യതയുണ്ട്. ബോബി ചെമ്മണൂരുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ബന്ധമുള്ള കമ്പനികളാണ് മലങ്കര സൊസൈറ്റിയുടെ പ്രധാന ഗുണഭോക്താക്കളില്‍ ചിലത്. ചെമ്മണൂര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികള്‍ മലങ്കരയില്‍ നിന്ന് 157 കോടി രൂപയിലധികം വായ്പയെടുത്തതായി രേഖകള്‍ പറയുന്നു.

ഇവിടെയും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. 2021-22 കാലയളവിലെ കമ്പനി രേഖകള്‍ പ്രകാരം, സൊസൈറ്റിയില്‍ നിന്ന് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗോള്‍ഡ് പാലസ് ലിമിറ്റഡ് 60 കോടി രൂപ എടുത്തിട്ടുണ്ട്. ഇതില്‍ 20 കോടി രൂപ ഓവര്‍ഡ്രാഫ്റ്റാണ്. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഹോളിഡേയ്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സിനും സൊസൈറ്റി 15 കോടി രൂപ വായ്പ അനുവദിച്ചു. ഇത് കൂടാതെ, ബോബിയുടെ റോള്‍സ് റോയ്‌സ് ഫാന്റം ഈട് വെച്ച് അഞ്ചു കോടി രൂപ അധികമായും നേടി.
നിയമങ്ങള്‍ നിലവിലുണ്ടെങ്കില്‍ പോലും, അവ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കാര്യക്ഷമമായ നിരീക്ഷണ സംവിധാനങ്ങള്‍ നിലവിലില്ല. ഒരു വ്യക്തി മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങുകയും, അതിലെ നിക്ഷേപ തുകകള്‍ അയാള്‍ക്ക് തന്നെയുള്ള മറ്റ് സ്ഥാപനങ്ങളിലേക്കോ ബിസിനസുകളിലേക്കോ വകമാറ്റുകയും ചെയ്യുന്നത് നിരീക്ഷിക്കാനോ തടയാനോ ഉള്ള ശക്തമായ സംവിധാനങ്ങള്‍ കേന്ദ്ര നിയമത്തിന് കീഴില്‍ അപര്യാപ്തമാണ്. ഇതാണ് നിക്ഷേപകരുടെ പണത്തിന് വലിയ ഭീഷണിയുയര്‍ത്തുന്നത്.
ബോബിയെ പോലുള്ളവര്‍ മുതലെടുക്കുന്നതും ഇതേ അവസരങ്ങളാണ്. പലപ്പോഴും നിക്ഷേപകര്‍ക്ക് അവരുടെ പണം തിരികെ ലഭിക്കാതിരിക്കുന്നതോടെയാണ് ഇത്തരം സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പുറത്തുവരുന്നത്. ഇത്തരം പല സ്ഥാപനങ്ങളും നിക്ഷേപം സ്വീകരിച്ച ശേഷം ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം വരാറുണ്ട്. മിക്കവാറും ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ മെച്യൂരിറ്റി കാലാവധി (ഉദാഹരണത്തിന്, ഒരു വര്‍ഷം അല്ലെങ്കില്‍ രണ്ടു വര്‍ഷം) ആകുമ്പോഴാണ് നിക്ഷേപകര്‍ പണം തിരികെ ചോദിച്ച് കൂട്ടത്തോടെ വരിക.
നിക്ഷേപകരെ കബളിപ്പിക്കാന്‍ എളുപ്പം!
മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ സുതാര്യതയില്ലായ്മയുടെയും നിയമപരമായ മേല്‍നോട്ടമില്ലായ്മയുടെയും ഫലമായി, സ്ഥാപനം ആരംഭിക്കുന്ന വ്യക്തിക്ക് (പ്രൊമോട്ടര്‍ക്ക്) ഒരു തട്ടിപ്പ് നടത്താന്‍ എളുപ്പത്തില്‍ സാധിക്കും. ഒരു വ്യക്തി ഒരു മള്‍ട്ടി സ്റ്റേറ്റ് ബാങ്ക് തുടങ്ങി, നിക്ഷേപകരുടെ പണം തന്റെ മറ്റ് സ്വകാര്യ കമ്പനികളിലേക്ക് വകമാറ്റുകയും, പിന്നീട് ഈ സ്ഥാപനം സാമ്പത്തികമായി തകരുകയും (ബാങ്ക് പൂട്ടുകയും) ചെയ്താല്‍ പോലും, വകമാറ്റിയ പണം ആ വ്യക്തിക്ക് നിയമനടപടികളില്ലാതെ സ്വന്തമാക്കാന്‍ സാധിക്കും.
എന്നാല്‍, ഈ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ച സാധാരണക്കാരെ സംബന്ധിച്ചിടത്തോളം, നിക്ഷേപ തുക തിരികെ ലഭിക്കാന്‍ യാതൊരു നിയമപരമായ വഴിയും ഇല്ലാതാവുന്നു. ഇത്തരത്തില്‍ ഫണ്ട് വകമാറ്റല്‍ കാരണം സാമ്പത്തികമായി തകര്‍ന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തില്‍ പൂട്ടിപ്പോയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കുകളിലെ വായ്പാ വിതരണത്തില്‍ ഈടിന്മേലുള്ള സുരക്ഷ ഉറപ്പാക്കുന്നുണ്ട്.
സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ മൂല്യത്തിന്റെ പരമാവധി 75% മുതല്‍ 80% വരെയാണ് സാധാരണയായി വായ്പയായി അനുവദിക്കാറുള്ളത്. വസ്തുവിന്റെ സര്‍ക്കാര്‍ മൂല്യനിര്‍ണ്ണയം, അതുപോലെ ബാങ്ക് നിശ്ചയിക്കുന്ന മൂല്യനിര്‍ണയം എന്നിവ പരിഗണിച്ച്, ഈടിന്റെ മൊത്തം മൂല്യത്തിന്റെ ഏകദേശം 50% മാത്രമാണ് വായ്പയായി നല്‍കാറുള്ളത്. വായ്പ അനുവദിക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള വാല്യുവേഴ്‌സ് വസ്തുവിന്റെ മൂല്യം നിര്‍ണയിക്കും. കൂടാതെ, നിയമപരമായ പരിശോധനകള്‍ക്കായി അഡ്വക്കേറ്റുമാരെക്കൊണ്ട് ഈടിന്റെ രേഖകള്‍ പരിശോധിപ്പിക്കുകയും ചെയ്യും.
വായ്പയെടുത്തയാള്‍ പണം തിരിച്ചടയ്ക്കാതെ വന്നാല്‍, ഈട് വെച്ച വസ്തു വിറ്റ് വായ്പയുടെ മുതലും പലിശയും അനുബന്ധ ചെലവുകളും ബാങ്കിന് റിക്കവര്‍ ചെയ്യാന്‍ കഴിയണം എന്ന അടിസ്ഥാന തത്വത്തെ മുന്‍നിര്‍ത്തിയാണ് ഈ പരിധി നിശ്ചയിക്കുന്നത്.
ഒരു ബാങ്ക് വായ്പ നല്‍കിയ വ്യക്തി (ഉദാഹരണത്തിന്, പ്രമുഖ വ്യക്തികളോ ബിസിനസുകാരോ) വായ്പ തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ബാങ്കിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ഈട് വെച്ച വസ്തു ഏറ്റെടുത്ത് വിറ്റ് വായ്പാ തുക തിരികെ പിടിക്കുക എന്നത് മാത്രമാണ്. അതുകൊണ്ട് തന്നെ, ഒരു ബാങ്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍, ഈടിന്റെ മൂല്യത്തേക്കാള്‍ കൂടുതല്‍ തുക വായ്പയായി നല്‍കുന്നത് അതിന്റെ സാമ്പത്തിക നിലനില്‍പ്പിന് ഭീഷണിയാണ്.

ടി.ഡി.എസ്. ഇളവുകള്‍ മറയാകുമ്പോള്‍
ഒരാള്‍ക്ക് പലിശ ലഭിക്കുമ്പോള്‍ ആ വരുമാനം നല്‍കുന്നയാള്‍ തന്നെ നിശ്ചിത ശതമാനം നികുതിയായി കുറച്ച് ബാക്കി തുക ഗുണഭോക്താവിന് നല്‍കുന്നു. കുറച്ച തുക, വരുമാനം നല്‍കിയ സ്ഥാപനം കേന്ദ്ര സര്‍ക്കാരിന് നേരിട്ട് അടയ്ക്കുന്നു. ബാങ്കുകളിലോ മറ്റ് സ്ഥാപനങ്ങളിലോ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ടി.ഡി.എസ്. ബാധകമാണ്. നികുതി പിരിവ് കൂടുതല്‍ എളുപ്പവും കാര്യക്ഷമവുമാക്കുക എന്നതാണ് ടി.ഡി.എസ്. സിസ്റ്റം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ കാര്യത്തില്‍, നികുതി അഥവാ ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ് (ടി.ഡി.എസ്) അടയ്ക്കുന്നതില്‍ ചില നിയമപരമായ ഇളവുകള്‍ നിലവിലുണ്ട് (ഇളവുകളുടെ പരിധി സര്‍ക്കാര്‍ നിര്‍ണയിക്കുന്നത് അനുസരിച്ചിരിക്കും). എന്നാല്‍, ഈ ടി.ഡി.എസ്. ഇളവുകള്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ദുരുപയോഗം ചെയ്യാനും, നിക്ഷേപങ്ങളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ക്ക് ഈ സ്ഥാപനങ്ങള്‍ വേദിയാകാനും സാധ്യതയുണ്ട്.
content summary: How Boby Chemmanur’s Case Exposes the Multi-State Threat to Kerala’s Co-operative Trust
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.