അമേരിക്കന്‍ പൗരന്മാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുള്ള പ്രധാന നടപടിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്കുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പരമാവധി 10 ശതമാനം പരിധി ഏര്‍പ്പെടുത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ട്രംപ് ഭരണകൂടത്തിന്റെ ഒന്നാം വാര്‍ഷികമായ 2026 ജനുവരി 20 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.
നിലവില്‍ പല ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും 20 മുതല്‍ 30 ശതമാനം വരെ പലിശ ഈടാക്കുന്നത് അമേരിക്കന്‍ ജനതയെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഉപഭോക്തൃ സംരക്ഷണത്തിന്റെ ഭാഗമായി കൊണ്ടുവരുന്ന ഈ നീക്കം, സാധാരണക്കാരായ അമേരിക്കക്കാരുടെ വായ്പാ ചെലവ് കുറയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സാമ്പത്തിക നയം ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കിടയിലും വലിയ പ്രതീക്ഷകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. നിലവില്‍ ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ കുടിശ്ശികയുള്ള തുകയ്ക്ക് പ്രതിവര്‍ഷം 42 ശതമാനം വരെ ഭീമമായ പലിശ ഈടാക്കുന്നുണ്ട്. ഇത്തരം ഉയര്‍ന്ന നിരക്കുകള്‍ മൂലം കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് പലിശ നിയന്ത്രിക്കാനുള്ള ട്രംപിന്റെ തീരുമാനം വലിയൊരു ആശ്വാസമായാണ് അനുഭവപ്പെടുന്നത്.
സമാനമായ പലിശ നിയന്ത്രണങ്ങള്‍ ഇന്ത്യയിലും വേണമെന്ന ചര്‍ച്ചകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്കുകള്‍ക്ക് പരിധി നിശ്ചയിക്കാന്‍ സമാനമായ നടപടി ഇന്ത്യന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വന്‍കിട ബാങ്കുകള്‍ അമിതമായ പലിശ ഈടാക്കുന്ന നയത്തിനെതിരെ ശക്തമായ നിയമനിര്‍മ്മാണം ഇന്ത്യയിലും വേണമെന്ന വാദത്തിന് ട്രംപിന്റെ പുതിയ നീക്കം വലിയ കരുത്തുപകരുന്നു.
2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് തന്റെ ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ വീണ്ടും മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍, ഈ നിര്‍ദ്ദേശം പ്രായോഗികമാക്കുന്നതിന് യുഎസ് കോണ്‍ഗ്രസിന്റെ (അമേരിക്കന്‍ പാര്‍ലമെന്റ്) അംഗീകാരവും സാമ്പത്തിക നിയന്ത്രണ ഏജന്‍സികളുടെ സഹകരണവും അനിവാര്യമാണ്.
മുന്‍പും സമാനമായ നിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സെനറ്റര്‍മാരായ ബെര്‍ണി സാന്‍ഡേഴ്സ്, ജോഷ് ഹാവ്ലി, പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ് തുടങ്ങിയ പ്രമുഖര്‍ ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക് 10 ശതമാനമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളിലെ വിവിധ നേതാക്കളുടെ പിന്തുണ ഈ നീക്കത്തിന് ഇടയ്ക്കിടെ ലഭിക്കാറുണ്ടെങ്കിലും, ധനകാര്യ സേവന മേഖലയില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് വലിയൊരു തടസ്സമാണ്.
ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്കുകളില്‍ കര്‍ശനമായ പരിധി ഏര്‍പ്പെടുത്തുന്നത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരമൊരു പരിധി നിലവില്‍ വന്നാല്‍ വായ്പ നല്‍കുന്ന ബാങ്കുകളും സ്ഥാപനങ്ങളും കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ഇത് വായ്പ ലഭ്യത പരിമിതപ്പെടുത്തുമെന്നും, പ്രത്യേകിച്ച് ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞവരും ഉയര്‍ന്ന റിസ്‌ക് ഉള്ളവരുമായ വായ്പക്കാര്‍ക്ക് പുതിയ കാര്‍ഡുകള്‍ ലഭിക്കുന്നത് പ്രയാസകരമാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പലിശ വരുമാനത്തില്‍ ഉണ്ടാകുന്ന കുറവ് നികത്താന്‍ ബാങ്കുകള്‍ മറ്റ് വഴികള്‍ തേടിയേക്കാം. ഇത് നിലവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന റിവാര്‍ഡുകള്‍, ആനുകൂല്യങ്ങള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിവ വെട്ടിക്കുറയ്ക്കുന്നതിന് കാരണമാകും. കൂടാതെ, ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാത്തവര്‍ കൂടുതല്‍ പലിശ ഈടാക്കുന്നതും നിയമപരമായ നിയന്ത്രണങ്ങള്‍ കുറഞ്ഞതുമായ മറ്റ് സ്വകാര്യ വായ്പാ ഉറവിടങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായേക്കാമെന്നും വിദഗ്ധര്‍ ആശങ്കപ്പെടുന്നു.
അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് വിപണി തികച്ചും വിഭിന്നമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയില്‍ നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്കുകള്‍ക്ക് നിയന്ത്രണങ്ങളോ പരിധികളോ നിലവിലില്ല. പല പ്രമുഖ ബാങ്കുകളും കാര്‍ഡ് ഉടമകളില്‍ നിന്ന് പ്രതിവര്‍ഷം 36% മുതല്‍ 48% വരെ എന്ന ഭീമമായ പലിശയാണ് ഈടാക്കുന്നത്. സാധാരണയായി 42 ശതമാനം വരെ പലിശ ഈടാക്കുന്ന രീതി ഇവിടെ വ്യാപകമാണ്.
ഈ ചൂഷണത്തിന് നിയമപരമായ പിന്തുണ ലഭിക്കുന്ന വിധിയായിരുന്നു 2024 അവസാനത്തോടെ സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്.
ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയിന്മേല്‍ 30 ശതമാനത്തിന് മുകളില്‍ പലിശ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. പലിശ നിരക്കുകള്‍ പരിമിതപ്പെടുത്തിയിരുന്ന മുന്‍പത്തെ ചില ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെയും വിധികളെയും അസാധുവാക്കുന്നതായിരുന്നു ഈ തീരുമാനം. ഇതോടെ, അമിത പലിശ ഈടാക്കുന്നതില്‍ നിന്ന് ബാങ്കുകളെ തടയാന്‍ നിലവില്‍ ഇന്ത്യയില്‍ ശക്തമായ നിയമപരമായ തടസ്സങ്ങളില്ലാത്ത സ്ഥിതിയാണ്.
Content Summary: Revolutionary move by Trump: credit card interest capped at 10%