ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്. നവി മുംബൈയിലെ ഡോ. ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഐസിസി വനിതാ ലോകകപ്പ് ഫൈനലിന്റെ വാശിയേറിയ പോരാട്ടത്തിനായുള്ള കാത്തിരിപ്പിന് മാത്രമല്ല, മുംബൈയുടെ പ്രവചനാതീതമായ ആകാശമാണ് ഏവരുടെയും ആശങ്ക.
ഹര്‍മന്‍പ്രീത് കൗറിന്റെ ടീം ചരിത്രനേട്ടത്തിന് തൊട്ടരികിലാണ്. എന്നാല്‍, ഒരു ബ്ലോക്ക്ബസ്റ്റര്‍ കിരീടപ്പോരാട്ടം ആകേണ്ട ഈ മത്സരത്തില്‍, ഏത് നിമിഷവും മഴ കളി മുടക്കിയേക്കാം എന്ന ഭയം ആരാധകരെ അലട്ടുന്നു.
ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം അനുസരിച്ച്, ഉച്ചയ്ക്ക് ശേഷം 25 മുതല്‍ 50 ശതമാനം വരെ മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പം ഉയര്‍ന്നുതന്നെ നിലനില്‍ക്കും.
ഇടവിട്ടുള്ള മേഘാവൃതമായ അന്തരീക്ഷം കാരണം മത്സരം പലപ്പോഴും തടസ്സപ്പെടാനും പുനരാരംഭിക്കാനുമുള്ള സാധ്യതയുണ്ട്. പകല്‍ സമയത്ത് താപനില 34°C വരെ ഉയരുമെങ്കിലും, രാത്രിയോടെ അത് 25°C ആയി കുറയും.
മഴ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തിനിടെ മഴ പെയ്യുകയാണെങ്കില്‍, കളി അന്നുതന്നെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ ശ്രമിക്കും. ഇതിനായി ഓവറുകള്‍ കുറയ്ക്കാന്‍ വരെ സാധ്യതയുണ്ട്.
ഐ.സി.സി.യുടെ നിയമപ്രകാരം, ഒരു ഫലം നിര്‍ണയിക്കണമെങ്കില്‍ രണ്ട് ടീമുകളും കുറഞ്ഞത് 20 ഓവറുകളെങ്കിലും നിര്‍ബന്ധമായും കളിച്ചിരിക്കണം എന്നതാണ്. അതിനും സാധിച്ചില്ലെങ്കില്‍ കളി എവിടെവച്ചാണോ നിര്‍ത്തിയത്, അവിടെ നിന്ന്് തന്നെ അടുത്ത ദിവസം മത്സരം പുനഃരാരംഭിക്കും.
മത്സരത്തിനായി റെക്കോര്‍ഡ് കാണികളെയാണ് പ്രതീക്ഷിക്കുന്നത്. ഇരു ടീമുകളും തങ്ങളുടെ ആദ്യ വനിതാ ലോകകപ്പ് കിരീടത്തിനായുള്ള പോരാട്ടത്തിലാണ്. ഏഴ് തവണത്തെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ സെമിയില്‍ ആവേശകരമായി തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറിന്റെ ടീം. നവി മുംബൈയില്‍ കാലാവസ്ഥ കനിഞ്ഞാല്‍, ചരിത്രം തിരുത്തിക്കുറിക്കാനുള്ള ഈ സുവര്‍ണ്ണാവസരം ഇന്ത്യന്‍ സംഘം കൈപ്പിടിയിലൊതുക്കും.
ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും വിധി നിര്‍ണയിക്കുന്ന ഈ ദിനത്തില്‍, മുംബൈയിലെ ഏവരുടെയും കണ്ണുകള്‍ ഇപ്പോള്‍ ആകാശത്താണ്. കാരണം, ക്രിക്കറ്റിനൊപ്പം മഴയും ഒരു വാശിയേറിയ പോരാട്ടത്തിന് ഒരുങ്ങുകയാണ്.
Content Summary: India and South Africa chase maiden title; Mumbai wary of rain!