19 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഒരു ചാരിറ്റി കലണ്ടറിനു വേണ്ടി ജൊവാന് മോന്‍ഫോര്‍ട്ട് ആ ഫോട്ടോ ഷൂട്ട് നടത്തിയത്. നീളന്‍ മുടിക്കാരനായ ഇരുപതുകാരനും ആറു മാസം പ്രായമുള്ളൊരു കൈക്കുഞ്ഞുമായിരുന്നു മോഡലുകള്‍. നീളന്‍ മുടിക്കാരന് പയ്യനെ കുറിച്ച് ജൊവാന് കൃത്യമായ ധാരണയുണ്ടായിരുന്നു; ഒരുനാള്‍ അവന് ഫുട്ബോള്‍ ലോകത്തെ രാജാവാകും. അത് തന്നെ സംഭവിച്ചു; അവനെ ലോകം ‘മിശിഹ’ എന്ന് വിളിച്ചു, സാക്ഷാല്‍ ലയണല്‍ മെസ്സി! എന്നാല്‍ മെസ്സിയുടെ കൈയിലിരുന്ന ആറുമാസക്കാരന് കുഞ്ഞിനെ കുറിച്ച് ജൊവാന് ഒന്നും അറിയില്ലായിരുന്നു.
ലോകത്തെ കോരിത്തരിപ്പിക്കാന്‍ പോകുന്നൊരു താരത്തെയാണ് താന്‍ കൈയിലെടുത്തിരിക്കുന്നതെന്ന് മെസ്സി അന്ന് മനസ്സിലാക്കിയിരുന്നോ? തന്റെ കാമറ കണ്ണിലൂടെ ഭാവിയുടെ പുല്‍മൈതാനങ്ങളെ കാണാന്‍ ജൊവാന് സാധിച്ചിരുന്നോ? ആരറിയുന്നു കാലത്തിന്റെ തീരുമാനങ്ങള്‍!
ഫുട്ബോള്‍ മൈതാനത്തെ തന്റെ മാന്ത്രിക കാലുകള്‍ കൊണ്ട് കീഴടക്കാന്‍ പിറവിയെടുത്ത സാക്ഷാല്‍ ലാമിന് യമാല്‍ ആയിരുന്നു ആ കൈക്കുഞ്ഞ്. 18 വര്‍ഷങ്ങള്‍ക്കിപ്പുറം, ജൊവാന് മോന്‍ഫോര്‍ട്ട് പകര്‍ത്തിയ ചിത്രത്തിലെ ആ രണ്ടു പേരും ലോകത്തിന് മുന്നില്‍ നേര്‍ക്കുനേര്‍ വരികയാണ്; ലോകകപ്പ് ഫൈനലില്‍!
കഴിഞ്ഞ ആഴ്ചയാണ് യമാല്‍ തന്റെ 19-ാം ജന്മദിനം ആഘോഷിച്ചത്. ഈ ലോക കപ്പിലെ ‘അത്ഭുത ബാലനായി’ മാറിയ യമാല്‍, ഇത്തവണ സ്പെയിനെ ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ഈ ചെറിയ പ്രായത്തില്‍ തന്നെ ലോകം അവനെ താരതമ്യപ്പെടുത്തുന്നത് സാക്ഷാല്‍ മെസ്സിയോടൊപ്പമാണ്.

2007-ല്‍ എടുത്ത ഈ അപൂര്‍വ്വ ഫോട്ടോ, 2024-ലെ യൂറോ കപ്പിനിടയിലാണ് യമാലിന്റെ പിതാവ് ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തിന് മുന്നില്‍ പങ്കുവെക്കുന്നത്. ‘രണ്ട് ഇതിഹാസങ്ങളുടെ തുടക്കം’ എന്നായിരുന്നു ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍.
ഇപ്പോള്‍ 59 വയസ്സുള്ള ജൊവാന് മോന്‍ഫോര്‍ട്ട് അസോസിയേറ്റഡ് പ്രസ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ക്ക് വേണ്ടി കാമറ ചലിപ്പിച്ചിട്ടുള്ള പ്രമുഖനാണ്. 2007-ലെ ഒരു ശരത്കാലത്താണ് ബാഴ്സലോണയുടെ നൗകാമ്പിലെ സന്ദര്‍ശക മുറിയില്‍ മെസ്സിയെയും യമാലിനെയും അദ്ദേഹം ഒരുമിച്ച് ഫ്രെയിമിലാക്കിയത്. പ്രാദേശിക മാധ്യമമായ ഡയറിയോ സ്പോര്‍ട്ടും യുനിസെഫും സംയുക്ടമായി സംഘടിപ്പിച്ച വാര്‍ഷിക ചാരിറ്റി കലണ്ടറിന് വേണ്ടിയായിരുന്നു ആ ഫോട്ടോഷൂട്ട്. കുട്ടികളുമായി ബാഴ്സലോണ താരങ്ങള്‍ നില്ക്കുന്ന ചിത്രങ്ങളായിരുന്നു ലക്ഷ്യം. അവിടെ മെസ്സിയുടെ കൈകളിലേക്ക് കുഞ്ഞു യമാല്‍ എത്തിയത് കാലത്തിന്റെ കാവ്യനീതിയാകാം.
യുനിസെഫിന്റെ സഹായത്തോടെ മാറ്റാരോയിലെ റോക്ക ഫോണ്ട പ്രദേശത്തുനിന്നാണ് ഫോട്ടോഷൂട്ടിനുള്ള കുട്ടികളെ തിരഞ്ഞെടുത്തത്. യമാലിന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്നതും ഇവിടെയായിരുന്നു. ബാഴ്സ താരങ്ങള്‍ക്കൊപ്പം തങ്ങളുടെ കുഞ്ഞും ഫോട്ടോയില്‍ വരാന്‍ മാതാപിതാക്കള്‍ നല്കിയ അപേക്ഷകളില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് കുഞ്ഞ് യമാലിന് ആ ഭാഗ്യം ലഭിച്ചത്.

അത്ര എളുപ്പമുള്ള ഫോട്ടോ ഷൂട്ട് ആയിരുന്നില്ല അതെന്ന് ജൊവാന് ഓര്‍ക്കുന്നു. കുഞ്ഞ് യമാലിനെ ഒരു പ്ലാസ്റ്റിക് ടബ്ബില്‍ വെച്ച് ലാളിക്കുന്നതായിരുന്നു ആശയം. ‘ഒരു കുഞ്ഞിനോട് എങ്ങനെ ഇടപഴകണമെന്ന് മെസ്സിക്ക് അത്ര നിശ്ചയമില്ലായിരുന്നു. മെസ്സിയാണെങ്കില്‍ വളരെ അന്തര്‍മുഖനും നാണക്കാരനുമായ ചെറുപ്പക്കാരനായിരുന്നു. കുഞ്ഞിനെ എങ്ങനെ പിടിക്കണമെന്നറിയാതെ അവന് പതറി,’ ജൊവാന് പറയുന്നു.
പിന്നീട് യമാല്‍ ലോകഫുട്ബോളില് വൈറലായപ്പോഴാണ് അന്നത്തെ ആ കൈക്കുഞ്ഞ് യമാല്‍ ആണെന്ന് ഒരു സുഹൃത്ത് പറഞ്ഞു ജൊവാന് അറിയുന്നത്. 1991 മുതല്‍ സ്പോര്‍ട്സ് ഫോട്ടോഗ്രാഫറായ ജൊവാന്റെ കാമറയില്‍ ബാഴ്സലോണയുടെയും ലോക ഫുട്ബോളിന്റെയും നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ കരിയറില്‍ ഇത്രയ്ക്ക് വൈകാരികമായൊരു അനുഭൂതി നല്കിയ മറ്റൊരു ചിത്രം ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഫോട്ടോ എടുക്കുമ്പോള്‍ 20 വയസ്സായിരുന്ന മെസ്സി തന്റെ കഴിവ് തെളിയിച്ചിരുന്നെങ്കിലും, ബാഴ്സലോണയിലും അര്‍ജന്റീനയിലും ഒരു ഇതിഹാസമായി മാറുന്നതിനും രണ്ടു വര്‍ഷം മുമ്പായിരുന്നു ഈ ഫോട്ടോഷൂട്ട്.
മെസ്സിയെപ്പോലെ തന്നെ ബാഴ്സയുടെ പ്രശസ്തമായ ‘ലാ മസിയ’ അക്കാദമിയിലൂടെയാണ് ലാമിന് യമാലും വളര്‍ന്നുവന്നത്. ലോക ഫുട്ബോളില്‍ ഇനിയൊന്നും തെളിയിക്കാനില്ലാത്ത ഇതിഹാസമാണ് ഇന്ന് മെസ്സി. ഈ ലോകകപ്പ് ഫൈനല്‍ മെസ്സിയുടെ അവസാന രാജ്യാന്തര മത്സരമായിരിക്കാം. തുടര്‍ച്ചയായ രണ്ടാം ലോകകിരീടം നേടി കളംവിടുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. മറിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍, മെസ്സിയെ കളംവിടുമ്പോള്‍ തലകുനിപ്പിക്കാന്‍ ഫൈനലില്‍ കാരണക്കാരനാവുക വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നെഞ്ചോടു ചേര്‍ത്ത ഈ കൈക്കുഞ്ഞായിരിക്കുമോ എന്നാണ് ഫുട്ബോള്‍ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Content Summary; The iconic 2007 photo comes full circle as Lionel Messi and Lamine Yamal face each other in the World Cup final. A look back at the historic photoshoot
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.