June 26, 2026 |
Share on

സവര്‍ണ ജാതിമതില്‍ തകര്‍ത്ത് കോടതി; അവര്‍ണ താന്ത്രികപീഠങ്ങള്‍ക്ക് അംഗീകാരം

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ നിയമനം

അവര്‍ണ സമുദായക്കാര്‍ സ്ഥാപിച്ചിട്ടുള്ള തന്ത്രവിദ്യാപീഠങ്ങള്‍ക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും അംഗീകാരം നല്‍കുന്നതിനെ എതിര്‍ത്ത് അഖില കേരള തന്ത്രി സമാജം സമര്‍പ്പിച്ച റിട്ട് ഹര്‍ജി, ഹൈക്കോടതിയുടെ ദേവസ്വം ഡിവിഷന്‍ ബെഞ്ച് തള്ളി. അവര്‍ണ വിഭാഗത്തില്‍ പെട്ട ആളുകള്‍ സ്ഥാപിച്ച് നടത്തിക്കൊണ്ടിരിക്കുന്ന തന്ത്രവിദ്യാപീഠങ്ങളുടെ യോഗ്യത ശരിവയ്ക്കുന്ന നിര്‍ണായക ഉത്തരവാണ് കോടതിയുടെ ഇടപെടലിലൂടെ ഉണ്ടായത്. ജസ്റ്റിസ് രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവ അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്തവിച്ചത്.

ക്ഷേത്രങ്ങളില്‍ പാരമ്പര്യ സവര്‍ണാധിപത്യം നിലനില്‍ക്കണമെന്ന ഫ്യൂഡല്‍ ചിന്താഗതിക്ക് മേലേറ്റ കനത്ത തിരിച്ചടിയാണ് വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. അഖില കേരള തന്ത്രി സമാജം ജനറല്‍ സെക്രട്ടറി ജയനാരായണന്‍ നമ്പൂതിരി, പ്രസിഡന്റ് ഈശാനന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് ഹര്‍ജിക്കാര്‍.

2024 ല്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശാന്തിമാരുടെയും പാര്‍ട്ട്ടൈം ശാന്തിമാരുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത്. ഇതിനോടൊപ്പം ഇവര്‍ താന്ത്രിക വിദ്യകള്‍ പഠിച്ച തന്ത്രവിദ്യാപീഠങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഹാജരാക്കണമായിരുന്നു. എന്നാല്‍ പല സമുദായങ്ങളില്‍ പെട്ടവരുടെ കീഴിലുള്ള തന്ത്രപീഠങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്.

എന്നാല്‍ നിലവാരമില്ലാത്ത തന്ത്രവിദ്യാപീഠങ്ങളില്‍ നിന്നും പഠിച്ചിറങ്ങിവരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നായര്‍ സമുദായം മുതല്‍ താഴേക്കുള്ളവര്‍ നടത്തുന്ന തന്ത്രവിദ്യാപീഠങ്ങള്‍ക്ക് അധികാരമില്ലെന്നും, ഇവര്‍ ഗുരുകുല സമ്പ്രദായത്തില്‍ വിദ്യ അഭ്യസിച്ചവരല്ലെന്നും ആരോപിച്ചാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

താന്ത്രിക വിദ്യകള്‍ പഠിപ്പിക്കാന്‍ കഴിവും പ്രാപ്തിയുമുള്ളത് ബ്രാഹ്‌മണ സമുദായത്തില്‍ കഴിഞ്ഞ അഞ്ച് തലമുറകളായി ചെയ്ത് വരുന്നവര്‍ക്ക് മാത്രമാണെന്നും അതിനാല്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തിയ റിക്യൂട്ട്മെന്റ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കൂടാതെ, ശാന്തിമാരുടെ ലിസ്റ്റ് റദ്ദ് ചെയ്യണം, ബ്രാഹ്‌മണ സമൂഹത്തിന് കീഴിലുള്ള തന്ത്രപീഠങ്ങള്‍ക്ക് ഒന്നും അംഗീകാരം നല്‍കരുത് തുടങ്ങിയ വാദങ്ങളായിരുന്നു ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചത്.

കഴിഞ്ഞ ഒരുവര്‍ഷമായി അനില്‍ കെ നരേന്ദ്രന്റെ ബെഞ്ചായിരുന്നു ഇത് സംബന്ധിച്ച് വാദം കേട്ടിരുന്നത്. അദ്ദേഹം മാറിയപ്പോഴാണ് രാജാ വിജയരാജയുടെ ബെഞ്ചിലേക്ക് കേസ് എത്തിയത്. അവര്‍ണ വിഭാഗങ്ങള്‍ക്കായി അഡ്വ. ടി.ആര്‍ രാജേഷാണ് ഹാജരായത്.

ഭരണഘടനയുടെ 25, 26 എന്നീ അനുച്ഛേദങ്ങള്‍ മതപരമോ വിഭാഗീയപരമോ ആയ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് അപേക്ഷകരുടെ അവകാശം സംരക്ഷിക്കുന്നതാണെങ്കിലും, നിലവിലെ പരാതിക്കാര്‍ക്ക് ഒരു പ്രത്യേക മതപരമോ വിഭാഗീയപരമോ ആയ സ്ഥാപനവുമായി നേരിട്ടുള്ള ബന്ധമില്ല എന്ന വസ്തുതയും കോടതി കണക്കിലെടുത്തു. അഖിലകേരള തന്ത്രി സമാജം നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പാര്‍ടൈം ശാന്തിമാരുടെ നിയമന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ നിയമനം ലഭിക്കും.

Content Summary: lower caste tantric peethams get recognition in court

Leave a Reply

Your email address will not be published. Required fields are marked *

×