June 26, 2026 |
Share on

ഇടത് കോട്ടകള്‍ തകര്‍ത്ത്; കേരളം യുഡിഎഫ് ‘കൈ’കളില്‍

ചരിത്രത്തില്‍ ആദ്യമായി കൊല്ലം കോര്‍പറേഷന്‍ ഇടതിന് നഷ്ടമായി

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ജില്ലാ പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും അടക്കം യുഡിഎഫ് മുന്നിലാണ്. 2010 ന് ശേഷമുള്ള യുഡിഎഫിന്റെ വലിയ തിരിച്ച് വരവാണ് ഉണ്ടായിരിക്കുന്നത്.

എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റം നടത്താന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തിരിച്ച് വരവിനുള്ള സൂചനയായാണ് യുഡിഎഫ് നേതൃത്വം ഈ മുന്നേറ്റത്തെ കാണുന്നത്.

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ നാലിടത്തും യുഡിഎഫിനാണ് മേല്‍ക്കൈ. കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിന് മുന്നറാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ തിരുവനന്തപുരം കോര്‍ഷനില്‍ എന്‍ഡിഎ വിജയത്തിനരികിലാണ്. വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിച്ചിരുന്നത് സിപിഎം ആയിരുന്നു. 54 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറുമ്പോള്‍ എല്‍ഡിഎഫ് 29 ഇടത്തും എന്‍ഡിഎ രണ്ടിടത്തുമാണ് മുന്നേറ്റം നടത്തുന്നത്.

കൊല്ലം കോര്‍പറേഷന്‍ രൂപീകരണം മുതല്‍ ഇടതിന്റെ കുത്തയായിരുന്നെങ്കിലും ഇക്കുറി വന്‍ തിരിച്ചടിയാണ് നേരിട്ടത്. നിലവിലെ മേയര്‍ ഹണി ബെഞ്ചമിന്‍ പരാജയപ്പെട്ടു. കൊല്ലത്ത് ഇക്കുറി ചരിത്രം തിരുത്തുമെന്ന പ്രഖ്യാപനവുമായാണ് യുഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്.

കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെട്ട യുഡിഎഫ് ഇക്കുറി ഭരണം തിരിച്ച് പിടിക്കുകയായിരുന്നു. വിമതരെ കൊണ്ട് പൊറുതിമുട്ടിയ കോര്‍പറേഷനായിരുന്നു കൊച്ചി. അവരെയെല്ലാം പിന്തള്ളിയാണ് യുഡിഎഫ് മുന്നേറ്റം.

കോഴിക്കോട് കോര്‍പറേഷനില്‍ ഇക്കുറി വാശിയേറിയ മത്സരമാണ് നടന്നത്. കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്നുണ്ടെങ്കിലും മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എല്‍ഡിഎഫിന്റെ സിപി മുസാഫര്‍ അഹമ്മദ് പരാജയപ്പെട്ടു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി പിഎം നിയാസും പരാജയപ്പെട്ടു.

സംസ്ഥാനത്ത് ഇക്കുറി ഇടത്, വലത് മുന്നണികളെ ഞെട്ടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് എന്‍ഡിഎ പല സ്ഥലങ്ങളിലും നടത്തിയിരിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഇക്കുറി എന്‍ഡിഎ ക്ക് ആകുമെന്നതില്‍ സംശയമില്ല. കൂടാതെ, പാലക്കാട് നഗരസഭയ്ക്ക് പുറമെ തൃപ്പൂണിത്തുറ നഗരസഭയിലും എന്‍ഡിഎ ഭരണം പിടിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് തൃപ്പൂണിത്തുറ നഗരസഭാ ഭരണം ബിജെപി പിടിക്കുന്നത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎയുടെ വിജയം. പാലക്കാട് നഗരസഭയില്‍ 25 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

എല്‍ഡിഎഫിന്റെ പരമ്പരാഗതമായ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാന്‍ യുഡിഎഫിന് കഴിഞ്ഞു. ക്ഷേമപെന്‍ഷന്‍ വര്‍ധനയടക്കം പ്രഖ്യാപിച്ചാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഇക്കുറി ഇത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തുണച്ചില്ല. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 49 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. 14 സീറ്റുകളിലേക്ക് യുഡിഎഫ് ഒതുങ്ങിയപ്പോള്‍ ഏഴ് സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നു.

Content Summary: Kerala local polls: UDF registers stunning victory across the state

Leave a Reply

Your email address will not be published. Required fields are marked *

×