June 26, 2026 |

വിഎസ് വിളിച്ചു; ‘പലിശ നടേശന്‍’

മൈക്രോഫിനാന്‍സ് തട്ടിപ്പ്; രണ്ട് ശതമാനത്തിന് കിട്ടിയ തുക വായ്പ്പ കൊടുത്തത് 12 ശതമാനത്തിന്‌

വിഎസ് അച്യുതാനന്ദന്‍ വിടാതെ പിന്തുടര്‍ന്ന കേസുകളില്‍ ഒന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ്. അനാരോഗ്യം മൂലം പൊതുരംഗത്ത് നിന്നും മാറിനില്‍ക്കേണ്ട സാഹചര്യം വരുന്നതു വരെ, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് വെള്ളാപ്പളി നടത്തിയ ഏറ്റവും വലിയ അഴിമതിയായായി മൈക്രോഫിനാന്‍സ് തട്ടിപ്പിനെ വിഎസ് സജീവമാക്കി നിര്‍ത്തിയിരുന്നു. ഈഴവ സമുദായത്തിലെ പാവപ്പെട്ട മനുഷ്യര്‍, പ്രത്യേകിച്ച സ്ത്രീകള്‍ വഞ്ചിക്കപ്പെട്ടുവെന്നും അവര്‍ക്ക് നീതി കിട്ടാനുമായിരുന്നു വിഎസ് പോരാട്ടത്തിന് ഇറങ്ങിയത്‌.

വലത്-ഇടത് സര്‍ക്കാരുകളുടെ കാലത്ത് ഈ കേസ് സജീവമായിരുന്നുവെങ്കിലും വിഎസിനെ പോലെ ഒരു രാഷ്ട്രീയ നേതാവും വെള്ളാപ്പള്ളിക്കെതിരേ നിലപാട് എടുക്കാന്‍ തയ്യാറായില്ല. അതുമാത്രമല്ല, സര്‍ക്കാരുകള്‍ കാര്യമായ അന്വേഷണത്തിനും മുതിര്‍ന്നില്ല.

വിഎസ് കേരള സമൂഹത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ തുടങ്ങിയതു മുതല്‍ ആ സാമ്പത്തിക തട്ടിപ്പ് കേരളത്തില്‍ ചര്‍ച്ച വിഷയമല്ലാതായി. ഒരാഴ്ച്ച മുമ്പ് വിഎസ് അന്തരിച്ചു. എന്നാല്‍ അച്യുതാനന്ദന്റെ അസാന്നിധ്യത്തോടെ ഈ കേസും പൂര്‍ണമായി നിശബ്ദമാകും എന്ന് കരുതിയിടത്താണ് കേരള ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

മൈക്രോഫിനാന്‍സ് കേസിലെ വിജിലന്‍സ് അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനൊപ്പം സുപ്രധാനമായൊരു നിര്‍ദേശം കൂടി കോടതി നല്‍കിയിട്ടുണ്ട്. എസ്പി എസ് ശശീധരന്‍ അന്വേഷണം തുടരണം. എറണാകുളം വിജിലന്‍സ് എസിപി ആയിരുന്ന കാലത്ത് ശശീധരനാണ് അന്വേഷണം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ശശീധരനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കോടതി പറഞ്ഞത് അദ്ദേഹം തന്നെ ഈ കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കട്ടെ എന്നാണ്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പും വിഎസും

2015 ലാണ് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ വലിയൊരു അഴിമതിയാരോപണം വെള്ളാപ്പള്ളി നടേശനെതിരേ ഉയര്‍ത്തുന്നത്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നും വെള്ളാപ്പള്ളി നടേശന്‍ 15 കോടി രൂപ മൈക്രോ ഫിനാന്‍സിന്റെ പേരില്‍ പാവപ്പെട്ട ഈഴവര്‍ക്ക് വായ്പ നല്‍കാനായി എടുത്തിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്ന് 600 കോടിയോളം രൂപ ഈവിധത്തില്‍ എടുത്തിട്ടുണ്ട്. പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ ദേശീയ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്താണ് കാലാകാലങ്ങളില്‍ മൈക്രോ ഫിനാന്‍സ് പദ്ധതി നടത്തുന്നത്. ഇപ്രകാരം 15 കോടി രൂപ കേവലം രണ്ടു ശതമാനം വാര്‍ഷിക പലിശയ്ക്കാണ് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ എസ്.എന്‍.ഡി.പിക്ക് കീഴിലുളള സ്വയം സഹായസംഘങ്ങള്‍ വഴി ദാരിദ്ര്യ രേഖയ്ക്ക് താഴെയുളളവര്‍ക്ക് നല്‍കിയത്. വായ്പ പരമാവധി അഞ്ചു ശതമാനം പലിശയ്ക്ക് വേണം ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടത്; വി എസ് ഉന്നയിച്ച ആരോപണങ്ങളില്‍ പറയുന്നതാണ്.

എന്നാല്‍ എസ്.എന്‍.ഡി.പി യോഗം വായ്പ നല്‍കിയതാകട്ടെ, 12 ശതമാനം പലിശയ്ക്കാണ്. എന്നുമാത്രമല്ല, വ്യാജമായ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിക്കൊണ്ട് ഈ പണം സ്വകാര്യ ആവശ്യത്തിന് നടേശന്‍ തട്ടിയെടുത്തിരിക്കുകയാണ്. പേരിന് കേവലം പത്തു ശതമാനത്തിന് താഴെ ആളുകള്‍ക്കാണ് എസ്.എന്‍.ഡി.പി യോഗം വായ്പ നല്‍കിയിരിക്കുന്നത്. ആളുകളുടെ പേരും, വ്യാജമായ അഡ്രസ്സും നല്‍കിയാണ് കോര്‍പ്പറേഷനെ കബളിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സി.എം.ഡി (സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ്) നടത്തിയ പദ്ധതി അവലോകന റിപ്പോര്‍ട്ടില്‍, എസ്.എന്‍.ഡി.പി 12 ശതമാനം പലിശയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് വായ്പ വിതരണം ചെയ്തിരിക്കുന്നതെന്നും, ഈ സ്വയം സഹായസംഘങ്ങള്‍ക്ക് എസ്.എന്‍.ഡി.പി യാതൊരു പിന്തുണയും നല്‍കുന്നില്ല എന്നും പറഞ്ഞിരിക്കുന്നു. എന്നുമാത്രമല്ല, ഇത് പരിശോധിക്കാന്‍ ചെന്ന ഉദ്യോഗസ്ഥര്‍ക്ക് റിക്കാര്‍ഡുകളോ, കണക്കുകളോ നല്‍കിയില്ല. അവരെ തല്ലിയോടിക്കുകയും ചെയ്തിരുന്നു; വിഎസിന്റെ ആരോപണങ്ങളാണിത്.

2010 ഡിസംബര്‍ 15-ന് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ നടത്തിയ പരിശോധനയില്‍, പിന്നാക്ക വിഭാഗ കോര്‍പ്പറേഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ടുശതമാനം പലിശയ്ക്ക് എടുത്ത പണം എസ്.എന്‍.ഡി.പി 12 ശതമാനം പലിശയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കിയിരിക്കുന്നതെന്ന് എന്ന ആക്ഷേപവും വിഎസ് അന്ന് ഉന്നയിച്ചിരുന്നു.

ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അവയെല്ലാം അവഗണിക്കുകയും വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയുമാണ് ചെയ്തതെന്നും അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്തയിച്ചിരുന്നു. ആ കത്തിലാണ് വെള്ളാപ്പള്ളിയെ ; പലിശ നടേശന്‍’ എന്ന് വിഎസ് വിളിക്കുന്നത്.

മൈക്രോ ഫിനാന്‍സിന്റെ പേരില്‍ പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും, ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ മൈക്രോ ഫിനാന്‍സിന്റെ പേരില്‍ രണ്ടുശതമാനം പലിശയ്ക്ക് നടേശന്‍ കൈവശപ്പെടുത്തുകയും, ഈ തുക 12 ശതമാനം പലിശയ്ക്ക് പാവപ്പെട്ട ശ്രീനാരായണീയരായ സ്ത്രീകള്‍ക്ക് നല്‍കി പത്തുശതമാനം ‘പലിശ നടേശന്‍’ കൈക്കലാക്കിയിരിക്കുകയാണ് എന്നാണ് കത്തില്‍ വിഎസ് പറയുന്നത്.

അദ്ദേഹം തുടരുന്നു; ‘പാവപ്പെട്ട സ്ത്രീകള്‍ തൊണ്ട് തല്ലിയും, കയര്‍പിരിച്ചും, കൂലിപ്പണി ചെയ്തും സ്വരൂപിച്ച് യോഗത്തിന്റെ ശാഖകളില്‍ അടച്ച പണം കോര്‍പ്പറേഷനിലും, ബാങ്കിലും തിരിച്ചടച്ചിട്ടുമില്ല. അതിനാല്‍ ബാങ്ക് നടപടി ഉണ്ടാകുമ്പോള്‍ ഈ പാവപ്പെട്ടവരുടെ കിടപ്പാടം നഷ്ടപ്പെടുമെന്ന് മാത്രമല്ല, ഇവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയും വന്നുചേരും.’

സമുദായത്തിലെ പാവപ്പെട്ട നിരവധി സ്ത്രീകള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, അവരെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനുവേണ്ടി സമഗ്രമായ അന്വേഷണം നടത്തണമെന്നുമായിരുന്നു വിഎസ് ആവശ്യപ്പെട്ടു കൊണ്ടിരുന്നത്.

യാതൊരു ജാമ്യവും ഇല്ലാതെയാണ് എസ്.എന്‍.ഡി.പിക്ക് വായ്പകള്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്നും പത്തുശതമാനം സമുദായാംഗങ്ങള്‍ക്ക് വായ്പയായി നല്‍കിയശേഷം ബാക്കി മുഴുവന്‍ തുകയും എസ്.എന്‍.ഡി.പി യോഗ നേതാക്കള്‍ സ്വകാര്യ ആവശ്യത്തിന് വിനിയോഗിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. വിനിയോഗ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയില്ല. പല സംഘടനകളുടെയും പേരില്‍ വ്യാജമായി രേഖയുണ്ടാക്കിയാണ് വായ്പ എടുത്തതെന്ന് കോര്‍പ്പറേഷന്റെ ജില്ലാ മാനേജര്‍മാര്‍ ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പാ ദുര്‍വിനിയോഗം തെളിഞ്ഞ സാഹചര്യത്തില്‍ എസ്.എന്‍.ഡി.പി യോഗം പിഴപ്പലിശയോടുകൂടി തിരിച്ചടക്കേണ്ടതാണ്- വിഎസ് ഉന്നയിച്ച കാര്യങ്ങളാണ്.

മൈക്രോഫിനാന്‍സ് കേസ് സിബിഐക്ക് വിടണമെന്നായിരുന്നു വിഎസിന്റെ ആവശ്യം. വെള്ളാപ്പള്ളി എല്ലാക്കാലവും ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. കേസ് അന്വേഷിച്ചുകൊണ്ടിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് വിഎസിന്റെ നിര്യാണത്തിന് പിന്നാലെയാണെന്നത് പിണറായി സര്‍ക്കാരിനെതിരായ വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടപെടലാണ് വീണ്ടും ഈ കേസ് വാര്‍ത്ത ശ്രദ്ധയില്‍ എത്തിച്ചത്. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ എന്നതാണ് ഇനി കേരളം കാത്തിരിക്കുന്നത്.  Micro finance fraud case; VS Achuthanandan-Vellappally Natesan

Content Summary; Micro finance fraud case; VS Achuthanandan-Vellappally Natesan

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×