June 04, 2026 |

കൊച്ചിയുടെ ഓർമ്മകളുടെ തീരത്തേക്ക്, ബ്രിസ്റ്റോ സായിപ്പിന്റെ ‘വാസ്കോ’

വില്ലിങ്ടൺ ഐലന്റിന്റെ നിർമ്മിതിയ്ക്ക് സാക്ഷ്യം വഹിച്ച കപ്പൽ

1920ലായിരുന്നു ബ്രിട്ടീഷുകാരനായ റോബർട്ട് ചാൾസ് ബ്രിസ്റ്റോ എറണാകുളത്ത് തീവണ്ടിയിറങ്ങുന്നത്. ബ്രിസ്റ്റോയുടെ വരവും കൊച്ചിയിലെ ജീവിതവും കൊച്ചിയുടെ ഭൂമിശാസ്ത്രത്തയാകെ മാറ്റിമറിച്ചു. കൊച്ചിക്കായലിലെ മണ്ണും ചെളിയും മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് കോരി മാറ്റി വില്ലിങ്ടൺ ഐലന്റ് റോബർട്ട് ചാൾസ് ബ്രിസ്റ്റോ പണി കഴിപ്പിച്ചപ്പോൾ ഇന്ത്യയിലെ മനുഷ്യനിർമ്മിതമായ ഏക ദ്വീപെന്ന വിശേഷണമാണ് വില്ലിങ്ടൺ ഐലന്റിന് ലഭിച്ചത്.  കൊച്ചിക്കാരുടെ ബ്രിസ്റ്റോ സായിപ്പിന്റെ അക്കാലത്തെ യാത്രകളെല്ലാം വാസ്കോയെന്ന കപ്പലിലായിരുന്നു. ഇപ്പോൾ നൂറു വർഷത്തെ പഴക്കം കാണും വാസ്കോയ്ക്ക്. അന്നത്തെ കൊച്ചിയുടെ ഓർമ്മകളിൽ നിന്ന് മുങ്ങാംകുഴിയിട്ട വാസ്കോയേയും കൊച്ചിയുടെ ഓർമ്മകളെയും പോളിഷ് ചെയ്തെടുക്കാനുള്ള തത്രപ്പാടിലാണ് കൊച്ചിയിലെ വ്യാപാരിയായ സീതി സാജിർ.

കൊച്ചിൻ പോ‌‍‍ർട്ടിന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കളെല്ലാം പോർട്ട് അധികൃതർ ലേലത്തിൽ വിൽക്കുന്നത് 2010ലാണ്. അന്ന് വിറ്റഴിച്ച വസ്തുക്കളുടെ കൂട്ടത്തിൽ ഈ അമൂല്യനിധിയുണ്ടായിരുന്ന വിവരം അവർ അറിഞ്ഞിരുന്നില്ല. എന്നാൽ അത് ലഭിച്ച ഭാ​ഗ്യവാനാവട്ടെ തോപ്പുംപടിക്കാരുടെ ഷാജിക്കയെന്ന സീതി സാജിറും.

തോപ്പുംപടിക്കാരനായ എന്റെ ചെറുപ്പത്തിൽ കേട്ടു വളർന്ന കഥകളായിരുന്നു ബ്രിസ്റ്റോ സായിപ്പിന്റേത്. കഥകളിലൂടെ എനിക്കത്ര പരിചയമുള്ള ആ കാലഘട്ടത്തെ മറ്റുള്ളവർക്കൂടി കാണണമെന്നും അറിയണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കൊച്ചിയിലെത്തുന്നവർക്ക് ബ്രിസ്റ്റോ റോഡ് കടന്നല്ലാതെ പോകാൻ കഴിയില്ല. അതൊക്കെയാവാം എന്നെ ഇതുമായി ബന്ധിപ്പിക്കുന്ന ഘടകം.കൊച്ചിയുടെ നിർമ്മിതിയിലും ഉയർച്ചയിലും ഒരു പോലെ പങ്കുവഹിച്ചിരിക്കുന്ന വ്യക്തിയാണ് ബ്രിസ്റ്റോ സായിപ്പ്. കൊച്ചിയേയും എറണാകുളത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളും, ഈ റെയിൽവേ സംവിധാനവുമെല്ലാം ബ്രിസ്റ്റോ സായിപ്പിന്റെ സംഭാവനയാണ്. കൊച്ചിയെങ്ങനെ ഉണ്ടായതെന്നും കൊച്ചിയുടെ ചരിത്രത്തെക്കുറിച്ചും ഇന്നത്തെ യുവതലമുറയ്ക്ക് വലിയ അറിവില്ല. അത്തരം ചില ഓർമപ്പെടുത്തലുകൾ നടത്താൻ ഈ കപ്പലിനായേക്കുമെന്നും സീതി സാജിർ പറയുന്നു.

നൂറു വർഷത്തിന് മുകളിൽ പഴക്കമുള്ള ഒരു കപ്പലാണ് വാസ്കോ. തേക്കിലാണ് ഈ ബോട്ട് പണികഴിപ്പിച്ചിരിക്കുന്നത്. തടിയ്ക്കോ മറ്റു ഭാ​ഗങ്ങൾക്കോ യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. സ്റ്റിയറിം​ഗ്, എഞ്ചിൻ ബോക്സ് ഉൾപ്പെടെ എല്ലാം പണി കഴിപ്പിച്ചിരിക്കുന്നത് തടിയിലാണ്. ബോട്ടുകളെ പഴമ കൈവിടാതെ പുനർനിർമ്മിക്കുന്നതിൽ വൈദ​​ഗ്ദ്ധ്യം നേടിയിട്ടുള്ള വിദ​ഗ്ധരുടെ സഹായത്തോടെയാണ് മൂന്ന് മാസത്തോളമായി ബോട്ടിന്റെ പണി നടക്കുന്നത്.

സ്ക്രാപ്പെന്ന നിലയിൽ ഒരു ബോട്ട് വിൽക്കാനുണ്ടെന്ന കൊച്ചിൻ പോർട്ടിന്റെ പരസ്യം കണ്ടതിനെ തുടർന്നാണ് പോർട്ടിനെ സമീപിക്കുന്നത്. പഴയ സാധനങ്ങളെല്ലാം വാങ്ങി വിൽപ്പന നടത്തുന്ന ഒരു കമ്പനിയാണ് ഞങ്ങളുടേത്. സിത്താര ഗ്രൂപ്പെന്നാണ് സ്ഥാപനത്തിന്റെ പേര്. 2010ലായിരുന്നു ഈ ബോട്ട് ഞങ്ങൾ വാങ്ങുന്നത്. എന്നാൽ വാങ്ങിയതിന് പിന്നാലെയാണ് ഇത് കൊച്ചിയുടെ ചരിത്രത്തിൽ വഹിക്കുന്ന സ്ഥാനത്തേക്കുറിച്ച് മനസിലാക്കുന്നത്. ബോട്ടു വാങ്ങി കൊണ്ടുപോകാനായി വണ്ടിയിലേക്ക് കയറ്റുന്ന സമയത്താണ് ഈ ബോട്ട് ബ്രിസ്റ്റോ സായിപ്പിന്റേതാണെന്നും വില്ലിങ്ടൺ ഐലന്റ് നിർമ്മിക്കുന്ന സമയത്ത് സായിപ്പിന്റെ സന്തത സഹചാരിയായിരുന്നു ഈ ബോട്ടെന്നും അറിയുന്നത്. ലണ്ടൻ ബോട്ട് യാർഡിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ മോട്ടർ ബോട്ട് കൂടിയാണ് ബ്രിസ്റ്റോ സായിപ്പിന്റെ വാസ്കോ. ഈ ബോട്ടിന്റെ മൂല്യം തിരിച്ചറിഞ്ഞതോടെയാണ് ഇത് പുനസ്ഥാപിക്കാനുള്ള തീരുമാനത്തിലേക്ക് ഞങ്ങളെത്തുന്നത്. എന്നാൽ അന്ന് ഞങ്ങളുടെ കൈവശം അതിനായുള്ള ഒരു ഭൂമി ഇല്ലായിരുന്നു. ഞങ്ങളുടെ ആഗ്രഹത്തിന് ഒത്തവിധം ഈ ബോട്ടിനെ പ്രദർശിപ്പിക്കുന്നത് ഇപ്പോഴാണ് ഒരു സ്ഥലം ലഭിക്കുന്നത്. ബോട്ട് കൈവശം വന്നതിന് ശേഷം കൃത്യമായ ഒരു അന്വേഷണം നടത്തിയാണ് ഈ ബോട്ട് ബ്രിസ്റ്റോ സായിപ്പിന്റേതാണെന്ന് കണ്ടെത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോർട്ടിലും തിരക്കിയിരുന്നുവെന്ന് സാജിർ പറഞ്ഞു.

വില്ലിങ്ടൺ ഐലന്റിന്റെ നിർമ്മാണ സമയത്ത് വെള്ളത്തിന്റെ ഒഴുക്ക് വിലയിരുത്തുന്നതിനായി ബ്രിസ്റ്റോ സായിപ്പ് കൊച്ചിക്കായലിലൂടെ സഞ്ചരിച്ചിരുന്നത് ഈ ബോട്ടിലായിരുന്നു. കൊച്ചിയുടെ ചരിത്രം പറയുന്ന കൊച്ചിൻ സാഗ എന്ന പുസ്തകത്തിൽ പല സ്ഥലങ്ങളിലായി ഈ ബോട്ടിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഉണക്കത്തേങ്ങയുടെ പുറത്തായി പെയിന്റടിച്ച് അത് ബോട്ടിൽ കെട്ടി വലിച്ചാണ് അന്ന് ഒഴുക്ക് കൂടുതലുള്ള ദിശ മനസിലാക്കിയിരുന്നത്. പിന്നീട് ബ്രിസ്റ്റോ സായിപ്പ് സ്വന്തമായി ഒരു ബോട്ട് പണി കഴിപ്പിച്ചതോടെയാവാം ഈ ബോട്ട് ഉപേക്ഷിക്കുന്നത്. ഏകദേശം 5 ലക്ഷത്തോളം രൂപയാണ് സീതി സാജിർ ഇതിനായി ചിലവായിരിക്കുന്നത്. കൊച്ചി കരുവേലിപ്പടിയിലെ തന്റെ വീടിനടുത്ത് തന്നെയുള്ള സ്ഥലത്താവും സീതി സാജി‌‍ർ പ്രദർശിപ്പിക്കുക.

content summary: A 100 year old wooden boat used by Robert Bristow during the construction of Willingdon Island has been restored

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×