February 14, 2025 |
Share on

സ്വപ്നയാത്ര

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 8

യാത്രകള്‍ ചെയ്യാന്‍ സാധിക്കാത്ത ഇടങ്ങളിലേക്ക് ഒരു യാത്ര പോകുക എന്നത് സ്വപ്നങ്ങളിലാണ് സാധാരണ സാധ്യമായിരുന്നത്. ശൂന്യാകാശത്തിലേക്ക് ഒരു യാത്ര. കടലിനടിയിലേക്ക് ഒരു യാത്ര. ഇതൊക്കെ നമ്മള്‍ സ്വപ്നത്തില്‍ മാത്രം കണ്ടിട്ടുള്ളതാണ്. ഇങ്ങനെ സ്വപ്നത്തില്‍ കാണുന്ന പല യാത്രകളും യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. കടലിനടിയിലേക്ക് വിനോദസഞ്ചാരയാത്ര തരപ്പെടുത്തി കൊടുക്കുന്ന ഏജന്‍സികള്‍ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നു. അതുപോലെ തന്നെയാണ് ശൂന്യാകാശത്തിലേക്കുള്ള യാത്ര ഒരുക്കുന്നതിനുവേണ്ടി ഏജന്‍സികള്‍ മുന്നോട്ടുവന്നിരിക്കുന്നത്. നമ്മുടെ സങ്കല്‍പ്പത്തിനേക്കാള്‍ അപ്പുറത്താണ് ഈ യാത്രകള്‍ എന്നുള്ളത് കൊണ്ട് തന്നെ യാത്ര പോകുന്നവര്‍ ഭാഗ്യവാന്‍മാര്‍ എന്ന് മാത്രമേ പറയാനാകൂ. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരം യാത്രകള്‍ക്ക് ഏജന്‍സികള്‍ ഈടാക്കുന്നത് എന്നുള്ളത് മറ്റൊരു വശം. സാധാരണക്കാര്‍ക്ക് ഇത്തരം യാത്രകള്‍ നടത്തുവാന്‍ സാധിക്കുക വളരെ പ്രയാസമാണ് എന്നുള്ളതും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.a journey under the sea and into outer space

ഈ യാത്ര സുരക്ഷിതമാണോ എന്ന് ചോദിച്ചാല്‍, സുരക്ഷിതമല്ല എന്നതാണ് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുക. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ തേടി കടലിനടിയിലേക്ക് പോയ ലോകത്തിലെ ഏറ്റവും ധനവാനായ ഒരു ബിസിനസ്സുകാരന്റെ ദാരുണാന്ത്യം നമ്മള്‍ മാധ്യമങ്ങളിലൂടെ വായിച്ചതാണ്. ഓഷ്യന്‍ ഗേറ്റിന്റെ മൂന്നാമത്തെ പര്യവേക്ഷണ യാത്രയാണ് അപകടത്തില്‍ പെട്ടത്. 1912 ല്‍ ലോകത്തെ അതിശയിപ്പിച്ച ഒരു നിര്‍മ്മിതിയായിരുന്നു ടൈറ്റാനിക്ക് എന്ന യാത്രാ കപ്പല്‍. എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ച് അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ തകര്‍ന്നു. യാത്രക്കാരും കപ്പല്‍ ജീവനക്കാരുമായി 2,200 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ എത്രപേര്‍ കൃത്യമായി മരിച്ചുവെന്നത് തന്നെ ഇന്നും വ്യക്തമല്ല. എന്നാല്‍ 1985ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയത്.

1912 ല്‍ അറ്റ്‌ലാന്റിക്കില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ സഞ്ചാരികളെ എത്തിക്കുന്ന പര്യവേക്ഷണമായിരുന്നു അത്. 2021ലാണ് പര്യവേക്ഷക സംഘം ടൈറ്റാനിക് കാണാനെത്തിയത്. ടൈറ്റന്‍ എന്നായിരുന്നു ഈ യാത്രയുടെ പേര്. ടൈറ്റാനിക് കപ്പല്‍ കാണാന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനുള്ളിലെ ആഴങ്ങളിലേക്ക് സാഹസിക യാത്ര പോകാന്‍ വരുന്ന യാത്രക്കാരില്‍ നിന്നും ആളിന് 250,000 ഡോളറാണ് (രണ്ടുകോടി രൂപ) കമ്പനി ഈടാക്കിയത്. അഞ്ച് യാത്രക്കാരില്‍ നിന്നും കമ്പനിക്ക് ലഭിച്ചത് 10 കോടി രൂപ. 4,000 മീറ്റര്‍ അഥവാ 13,120 അടിവരെ സുരക്ഷിതമായി പോകാനുള്ള കഴിവ് അന്തര്‍വാഹിനിക്കുണ്ടെന്ന് ഓഷ്യന്‍ ഗേറ്റ് കമ്പനി പറഞ്ഞിരുന്നു.

oceanography

സമുദ്രത്തിന്റെ അടിത്തട്ടിലൂടെയുള്ള യാത്രയും ഗവേഷണവും ടൂറിസവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓഷ്യന്‍ഗേറ്റ്. അവരുടെ ദൗത്യം ടൈറ്റാനിക്ക് മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് ടൂറിസ്റ്റുകളെയും ഗവേഷകരേയും എത്തിക്കുന്നതാണ്. ലോഹം തിന്നുന്ന ബാക്ടീരിയകള്‍ ദിവസവും ടൈറ്റാനിക്കിന്റെ ഭാഗമായ കിലോക്കണക്കിന് ഇരുമ്പാണ് ജലത്തില്‍ ലയിപ്പിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ടൈറ്റാനിക്കിന്റെ ഒരു അവശിഷ്ടവും സമുദ്ര അടിത്തട്ടില്‍ കാണുവാന്‍ കഴിയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തില്‍ അലിയുകയാണ്. ഇത് പൂര്‍ത്തിയാകും മുന്‍പ് അവിടെ നിന്നും പരമാവധി വിവരം ഗവേഷകരെ കൊണ്ട് ശേഖരിക്കുകയും ടൈറ്റാനിക്കിന്റെ അവശിഷ്ടം കടലിന്റെ അടിത്തട്ടില്‍ കാണുവാന്‍ താത്പര്യമുള്ള യാത്രക്കാരെ കാണിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.

നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി തകര്‍ന്നാണ് യാത്രക്കാരായ അഞ്ച് പേരുടെ മരണങ്ങളും ഉണ്ടായത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്‍ അന്തര്‍വാഹിനിയിലെ യാത്രക്കാരായ അഞ്ചു പേരും മരിച്ചത് അവര്‍ യാത്ര ചെയ്ത ടൈറ്റന്‍ എന്ന മുങ്ങിക്കപ്പലിനുള്ളിലെ മര്‍ദ്ദം കൂടി ഉള്ളിലേക്ക് പൊട്ടിത്തെറിച്ചത് മൂലമായിരുന്നു. ബ്രിട്ടീഷ് പര്യവേക്ഷകനും, ശതകോടീശ്വരനും സഞ്ചാരിയുമായ ഹാമിഷ് ഹാര്‍ഡിംഗ്, ഫ്രഞ്ച് അന്തര്‍വാഹിനി വിദഗ്ധന്‍ പോള്‍-ഹെന്റി നര്‍ജിയോലെറ്റ്, പാക്-ബ്രിട്ടീഷ് വ്യവസായി ഷഹ്‌സാദ് ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലെമാന്‍, ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സിന്റെ സിഇഒ സ്റ്റോക്ക്ടണ്‍ റഷ് എന്നിവരാണ് ടൈറ്റന്റെ അകത്ത് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനും സഞ്ചാരിയുമായ ഹാമിഷ് ഹാര്‍ഡിംഗ് മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളുള്ള സാഹസിക സഞ്ചാരി കൂടിയാണ്. 2021 മാര്‍ച്ചില്‍ ഹാമിഷും സമുദ്രപര്യവേക്ഷകനായ വിക്ടര്‍ വെസ്‌കോവോയും മരിയാന ട്രഞ്ചിന്റെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് മുങ്ങി യാത്ര ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു.

കടല്‍ ഒരു അത്ഭുതമാണ്. ഭൂമിയിലെ ഏറ്റവും കൂടുതല്‍ നിഗൂഢത നിറഞ്ഞ സ്ഥലമാണ് കടലിലെ മരിയാന ട്രഞ്ച്. പസഫിക് സമുദ്രത്തിലെ മരിയാന ദ്വീപില്‍ നിന്നും 200 കിലോമീറ്ററോളം മാറിയാണ് മരിയാന ട്രഞ്ച്. ഭൂമിയിലെ സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമാണ് മരിയാന ട്രഞ്ച്. ഏകദേശം 2,540 കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്നതാണ് മരിയാന ട്രഞ്ച്. 1875 ല്‍ മരിയാന ട്രഞ്ച് കണ്ടെത്തിയെങ്കിലും ഇതുവരെ ഇതിന്റെ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയ്ക്ക് പോലും സാധ്യമായില്ല എന്നതാണ് സത്യം. രഹസ്യം തേടിയുള്ള യാത്രയ്ക്ക് പോയവര്‍ തിരിച്ച് വന്നിട്ടില്ല. പലരും ദൗത്യം മതിയാക്കി മടങ്ങി.

1986 ല്‍ ജപ്പാനില്‍ കടലിനടിയില്‍ ഒരു വലിയ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യോനാഗുനി എന്ന ജപ്പാന്റെ ദ്വീപിനരികിലായി മുങ്ങല്‍ വിദഗ്ധരാണ് ഇത് കണ്ടെത്തിയത്. ഒരു സംസ്‌കാരത്തിന്റെ കഥകള്‍ പറയാനുണ്ട് പ്ലാറ്റോയുടെ പുരാണ നഗരമായ അറ്റ്‌ലാന്റീസിന്. ഗവേഷകര്‍ പുതിയ കണ്ടെത്തലുകള്‍ക്കായി ഇവിടേക്ക് ഇപ്പോഴും യാത്ര ചെയ്തു കൊണ്ടിരിക്കുന്നു.

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബര്‍മുഡ ട്രയാങ്കിള്‍ ഇന്നും നിഗൂഢതകള്‍ നിറഞ്ഞതാണ്. 1492 ക്രിസ്റ്റഫര്‍ കൊളംബസ് ബര്‍മുഡ ട്രയാങ്കിളിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ബര്‍മുഡ ട്രയാങ്കിളില്‍ ഒട്ടേറെ കപ്പലുകളും ബോട്ടുകളും വിമാനങ്ങളും മനുഷ്യരും അപ്രത്യക്ഷമായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അപ്രത്യക്ഷമായ ഇവയെ കുറിച്ച് പിന്നീട് ഒരു അറിവും ലഭിച്ചിട്ടില്ല എന്നുള്ളത് സമുദ്ര സഞ്ചാരികളുടെ പേടിസ്വപ്നമായി ഈ പ്രദേശത്തെ മാറ്റി.

സമുദ്രത്തിന്റെ അടിയിലേക്കുള്ള യാത്ര പോലെ തന്നെയാണ് ശൂന്യാകാശത്തിലേക്കുള്ള യാത്രയും. ഇതിനും ഇപ്പോള്‍ സാധ്യമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടിന്‍ടിന്‍ എന്ന കാര്‍ട്ടൂണ്‍ പരമ്പരയില്‍ സാങ്കല്‍പ്പികമായി ജോര്‍ജീസ് പ്രോസ്പര്‍ റെമി എന്ന കാര്‍ട്ടൂണിസ്റ്റ് ഹെര്‍ജി ശൂന്യാകാശയാത്ര ചിത്രീകരിച്ചിട്ടുണ്ട്. 1954ല്‍ എക്‌സ്‌പ്ലോറേഴ്‌സ് ഓന്‍ ദി മൂണ്‍ എന്ന ടിന്‍ടിന്‍ കോമിക്കിലാണ് ശൂന്യാകാശ യാത്ര ചിത്രീകരിച്ചിരിക്കുന്നത്. ഡെസ്റ്റിനേഷന്‍ മൂണില്‍ തുടങ്ങുന്ന പ്രവചനാത്മകമായ ടിന്‍ടിന്‍ സാഹസികത താരകഥാപാത്രങ്ങളെ ബഹിരാകാശത്തേക്ക് അയച്ചുകൊണ്ട് ഹെര്‍ഗെ പുതിയ വഴിത്തിരിവായി. ബഹിരാകാശത്തേക്കുള്ള യാത്ര ഇന്ന് സാധാരണമായി മാറിയിട്ടുണ്ടെങ്കിലും 1950-കളുടെ തുടക്കത്തില്‍ അത്തരമൊരു ആശയവും, സയന്‍സ് ഫിക്ഷനും ആയിരുന്നു. നീല്‍ ആംസ്‌ട്രോങ് 1969-ല്‍ ചന്ദ്രനിലേക്ക് തന്റെ ആദ്യ ചുവടുകള്‍ വെച്ചപ്പോള്‍, 1954-ല്‍ ഈ കഥ പ്രസിദ്ധീകരിച്ചുവെന്നത് ഓര്‍ക്കേണ്ടതുണ്ട്. ശൂന്യാകാശത്തിലേക്ക് ഗവേഷകര്‍ എക്‌സ്‌പ്ലോറേഴ്‌സ് ഓന്‍ ദി മൂണ്‍ എന്ന ടിന്‍ടിന്‍ കോമിക്കിസ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമാണ് പോയിട്ടുള്ളത് എന്നത് എടുത്ത് പറയണം. ശൂന്യാകാശത്തിലേക്ക് ഗവേഷകര്‍ പിന്നീട് പോയിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്.

പുരാതനകാലം മുതല്‍, ലോകമെമ്പാടുമുള്ള ആളുകള്‍ ബഹിരാകാശത്തെക്കുറിച്ച് പഠിക്കുകയും നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ബഹിരാകാശത്ത് എത്തുന്നത് അവര്‍ സ്വപ്നം കണ്ടു. ഫ്രഞ്ച് ആക്ഷേപഹാസ്യകാരന്‍ സൈറാനോ ഡി ബെര്‍ഗെറാക്ക് പതിനേഴാം നൂറ്റാണ്ടില്‍ ഹിസ്റ്റോയര്‍ കോമിക് ഡെസ് എറ്റാറ്റ്‌സ് എറ്റ് എംപയേഴ്‌സ് ഡി ലാ ലൂണ്‍ (1656), ഹിസ്റ്റോയര്‍ കോമിക് ഡെസ് എറ്റാറ്റ്‌സ് എറ്റ് എംപയേഴ്‌സ് ഡു സോലെയില്‍ (1662 ) എന്നീ ക്യതികള്‍ രചിച്ചു. രണ്ടും ബഹിരാകാശ യാത്രയെ സങ്കല്‍പ്പിച്ചായിരുന്നു. രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഫ്രഞ്ച് എഴുത്തുകാരന്‍ ജൂള്‍സ് വെര്‍ണും ഇംഗ്ലീഷ് നോവലിസ്റ്റും ചരിത്രകാരനുമായ എച്ച്ജി വെല്‍സും എഴുതിയ കഥകളില്‍ ബഹിരാകാശത്തേയും ബഹിരാകാശ യാത്രയേയും കുറിച്ചുള്ള വിവരണങ്ങളാല്‍ നിറഞ്ഞതായിരുന്നു. ബഹിരാകാശ യാത്രയും അന്യഗ്രഹ ജീവികളുമായുള്ള ഏറ്റുമുട്ടലുകളും വിവരിക്കാന്‍ വെര്‍ണിന്റെ ഡെ ലാ ടെറെ എ ലാ ലൂണ്‍ (1865; ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് ) വെല്‍സിന്റെ ദി വാര്‍ ഓഫ് ദി വേള്‍ഡ്‌സ് (1898), ദ ഫസ്റ്റ് മെന്‍ ഇന്‍ ദി മൂണ്‍ (1901) എന്നീ രചനകളില്‍ ബഹിരാകാശ ശാസ്ത്രീയ തത്വങ്ങള്‍ ഉപയോഗിച്ചതായും കാണാം.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടുകൂടി ലോകരാഷ്ട്രങ്ങള്‍ എല്ലാം രണ്ട് ചേരികളിലായി തിരിഞ്ഞു. അമേരിക്കയുടെ നേതൃത്വത്തില്‍ ഒരുപക്ഷവും, മറുവശത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള പക്ഷവും. രണ്ട് ചേരികളും സാങ്കേതികവിദ്യകള്‍ വളര്‍ത്തുന്നതിന് വേണ്ടിയും വിവിധ രംഗങ്ങളില്‍ മേല്‍ക്കൈ നേടുന്നതിന് വേണ്ടിയും മത്സരിക്കുകയുണ്ടായി. ഇത് 1991 വരെ നീണ്ടുനിന്നതായിട്ടാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. ശീതയുദ്ധകാലം എന്നാണ് ഇതിനെ അവര്‍ പറഞ്ഞിരുന്നത്. ശീതയുദ്ധകാലത്ത് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സാങ്കേതിക മേഖലയാണ് ബഹിരാകാശ ഗവേഷണം. ബഹിരാകാശത്ത് കിട്ടുന്ന മേല്‍ക്കൈ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കും എന്ന തിരിച്ചറിവാണ് ഇരു വിഭാഗങ്ങളെയും സ്‌പേസ് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് പ്രേരകശക്തി ആയത്.

ശൂന്യാകാശത്തെത്തിയ ആദ്യ റോക്കറ്റ് (189 കിലോമീറ്റര്‍) ജര്‍മനിയുടെ വി-2 റോക്കറ്റായിരുന്നു. 1944 ജൂണിലെ പരീക്ഷണ പറക്കലിലായിരുന്നു ഈ നേട്ടം കൈവരിക്കപ്പെട്ടത്. 1957ല്‍ സോവിയറ്റ് യൂണിയന്‍ സ്പുട്‌നിക്ക് എന്ന റോക്കറ്റ് ശൂന്യാകാശത്തേക്ക് വിക്ഷേപിച്ചതോടുകൂടി ബഹിരാകാശ ശാസ്ത്രരംഗത്തെ മത്സരം ആരംഭിക്കുകയായിരുന്നു. അമേരിക്കയിലെ ശാസ്ത്രജ്ഞന്‍മാര്‍ മെര്‍ക്കുറി റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് ഇതിന് മറുപടി നല്‍കിയത്. 1958 ല്‍ അമേരിക്ക ആദ്യ ഉപഗ്രഹം ആയ എക്‌സ്‌പ്ലോറര്‍ ഒന്ന് വിക്ഷേപിച്ചു. അമേരിക്കന്‍ ബഹിരാകാശ പദ്ധതിയെ മെര്‍ക്കുറി എന്നും, സോവിയറ്റ് പദ്ധതിയെ വോസ്റ്റോക്ക് എന്നും വിളിച്ചു. 1957 ല്‍ നവംബര്‍ 3 ന് മോസ്‌കോ നഗരത്തില്‍ അലഞ്ഞു നടന്നിരുന്ന ലൈക്ക എന്ന തെരുവുനായയെ ബഹിരാകാശത്ത് സോവിയറ്റ് യൂണിയന്‍ സ്പുട്‌നിക്ക് 2 എന്ന റോക്കറ്റ് വഴി എത്തിച്ചു. ബഹിരാകാശത്ത് എത്തുന്ന ആദ്യത്തെ ജീവിയാണ് ലൈക്കാ എന്ന തെരുവുനായ. എന്നാല്‍ ബഹിരാകാശത്തെത്തി മൂന്നുനാലു മണിക്കൂറിനുള്ളില്‍ അമിതമായ ചൂടുകാരണം ജീവന്‍ വെടിഞ്ഞുവെന്നാണ് കരുതപ്പെടുന്നത്.

space

ബഹിരാകാശ യാത്ര വളരെ കഠിനം നിറഞ്ഞതാണ്. 1961 ഏപ്രില്‍ 12ന് രാവിലെ, മോസ്‌കോ സമയം 5.30. മനുഷ്യചരിത്രത്തിലെ പുതിയ ഒരു കുതിച്ചുചാട്ടത്തിന് കളമൊരുങ്ങിയത് അപ്പോഴാണ്. വോസ്റ്റോക്ക് 1 എന്ന ബഹിരാകാശ വാഹനത്തില്‍ സ്‌പേസ് സ്യൂട്ട് അണിഞ്ഞ് ഗഗാറിന്‍ എന്ന മനുഷ്യന്‍ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു. ഭൂമിക്ക് മുകളില്‍ നൂറുകിലോമീറ്റര്‍ ദൂരത്തിനപ്പുറമാണ് നാം ബഹിരാകാശമായി കണക്കാക്കുന്നത്. 9.07ന് കുതിച്ചുയര്‍ന്ന വിക്ഷേപണ വാഹനത്തിന്റെ ഒന്നാംഘട്ട റോക്കറ്റ് രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ വേര്‍പെട്ടു. ആറു മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ടാംഘട്ടവും. 9.18 ആയപ്പോള്‍ ഗഗാറിന്‍ ബഹിരാകാശത്തെത്തി. വോസ്റ്റോക്ക് ഭൂമിയെ ചുറ്റാന്‍ തുടങ്ങി. ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കി സെമേലാവ്ക എന്ന ഗ്രാമത്തില്‍ വിജയകരമായി ഗഗാറിന്‍ പ്യാരച്ചൂട്ടില്‍ നിലത്തിറങ്ങി. പിന്നീട് യുദ്ധവിമാനങ്ങളുടെ പരിശീലന പറത്തലായിരുന്നു പ്രധാന ജോലി. 1968 ല്‍ പരിശീലനപ്പറക്കലിനിടെ മിഗ് വിമാനം തകര്‍ന്നാണ് ഗഗാറിന്‍ അന്തരിച്ചത്. ബൈക്കന്നൂറില്‍ വോസ്റ്റോക്ക് വിക്ഷേപിച്ച ഇടത്തെ ഇപ്പോള്‍ ഗഗാറിന്‍ സ്റ്റാര്‍ട്ട് എന്നാണ് വിളിക്കുന്നത്.

ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരനാണ് രാകേഷ് ശര്‍മ്മ. സോവിയറ്റ് വാഹനമായ സോയൂസ് ടി 11 ല്‍ 1984 ഏപ്രില്‍ രണ്ടിനാണ് രാകേഷ് ശര്‍മ ബഹിരാകാശത്ത് എത്തിയത്. ഏഴ് ദിവസവും 21 മണിക്കൂറും 40 മിനിറ്റും അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചു, പരീക്ഷണങ്ങള്‍ നടത്തി ഭൂമിയെ നിരീക്ഷിച്ചു. അദ്ദേഹം ഒരു നായകനായി ഭൂമിയിലേക്ക് മടങ്ങി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമായി അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ വനിതയാണ് വാലന്റീന തെരഷ്‌കോവ. സോവിയറ്റ് യൂണിയന്‍ 1963 ജൂണ്‍ 16ന് വിക്ഷേപിച്ച വോസ്റ്റോക്ക് 6 എന്ന വാഹനത്തിലാണ് വാലന്റീന ബഹിരാകാശത്ത് എത്തിയത്. പക്ഷേ, ആദ്യ ബഹിരാകാശ യാത്രികയായ ഇന്ത്യന്‍ വംശജ കല്‍പനാ ചൗള 1997 നവംബറില്‍ തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തില്‍ വിജയിച്ചു. 2003ല്‍ കല്‍പന ബഹിരാകാശ യാത്ര നടത്തിയപ്പോള്‍ ഉണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായി.

ബഹിരാകാശ പര്യവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന കല്‍പനാ ചൗള അടക്കമുള്ള ഏഴ് ബഹിരാകാശ യാത്രികര്‍ക്കാണ് 2003ലെ കൊളംബിയ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. ബഹിരാകാശ യാത്രാ ദൗത്യത്തിന് ശേഷം ഭൂമിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ലോകം നടുങ്ങിയ അപകടം നടന്നത്. റിക് ഹസ്ബന്റ്, വില്യം മക്കൂല്‍, മൈക്കല്‍ ആന്റേര്‍സണ്‍, കല്‍പന ചൗള, ഡേവിഡ് ബ്രൗണ്‍, ലോറല്‍ ക്ലാര്‍ക്, ഇലന്‍ രമോന്‍ എന്നീ ഏഴ് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.

ഗവേഷകരെ പോലെ ടൂറിസ്റ്റുകളെയും കൂടി ശൂന്യാകാശത്തേക്ക് കൊണ്ടുപോവുക എന്നുള്ളതാണ് ഇപ്പോള്‍ ട്രാവല്‍ ഏജന്‍സികള്‍ ലക്ഷ്യംവയ്ക്കുന്നത്. നിലവില്‍ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ബഹിരാകാശ യാത്ര നടത്തുന്ന രാജ്യങ്ങള്‍. സ്വകാര്യ ബഹിരാകാശ യാത്രകള്‍ ഇന്ന് സര്‍വസാധാരണമായി കഴിഞ്ഞു. ചില സ്വകാര്യ കമ്പനികളും വ്യക്തികള്‍ തന്നെയും ഇത്തരം യാത്രകള്‍ക്ക് പണം മുടക്കുന്നു. ഫാള്‍ക്കന്‍ 9 പോലുള്ള സ്വകാര്യ സംരംഭങ്ങള്‍ ഇന്ന് സജീവമാണ്. അങ്ങനെ സ്‌പേസ് വിനോദസഞ്ചാരവും ബഹിരാകാശവാസവും അന്യഗ്രഹങ്ങള്‍ വരെ ലക്ഷ്യംവച്ച് സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.a journey under the sea and into outer space

Content Summary: a journey under the sea and into outer space

ബാബു പണിക്കര്‍

ബാബു പണിക്കര്‍

പണിക്കേഴ്‌സ് ട്രാവല്‍സ് സിഇഒ ആണ് ബാബു പണിക്കര്‍

More Posts

×