‘രാഷ്ട്രീയ പിശാചുകളെ തളയ്ക്കാന്‍ ഒരു പാപ്പാനും ഇന്നേവരെ ജനിച്ചിട്ടില്ല. ഇനി ജനിക്കുകയുമില്ല. നരകത്തിലെ തീക്കൊള്ളികളാണ് ആ പിശാചുകള്‍. നരകം കത്തിച്ചാമ്പലായാലും ഈ ചുടലമുത്ത് തന്റെ വോട്ടും തേടി അനാഥപ്രേതങ്ങളെപ്പോലും പ്രാപിക്കും. മനുഷ്യനന്മയില്‍ ഇവന് വിശ്വാസമില്ല. ഇവന്റെ വിശ്വാസം അധികാരത്തിലാണ്.’
പുനത്തില്‍ കുഞ്ഞബ്ദുള്ള.
2001-ല്‍ ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള തീരുമാനിച്ചപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. പക്ഷേ യഥാര്‍ത്ഥത്തില്‍ കേരളം ഞെട്ടിയത്, ബേപ്പൂര്‍ മത്സരിക്കാന്‍ കുഞ്ഞബ്ദുള്ള ബിജെപി ടിക്കറ്റ് തിരഞ്ഞെടുത്തപ്പോഴാണ്.
കുഞ്ഞിക്കയെന്ന ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ചരിത്രം സൃഷ്ടിച്ച ബേപ്പൂരിലെ ‘തെരഞ്ഞടുപ്പ് സ്മാരകശിലകള്‍’ വായിക്കുക.

2001 ലെ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്ത് അത്യന്തം കൗതുകം ജനിപ്പിച്ച നിയമസഭാ മണ്ഡലമായിരുന്നു ബേപ്പൂര്‍. ‘ഉരു’നിര്‍മാണത്തിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ പ്രസിദ്ധിയാര്‍ജ്ജിച്ച ദേശമാണ് ബേപ്പൂര്‍. പെട്ടന്ന് തന്നെ ശ്രദ്ധേയമായ നിയമസഭാ മണ്ഡലമായി മാറി. പ്രധാനമായും രണ്ട് കാരണങ്ങള്‍കൊണ്ടായിരുന്നു. ഒന്ന് ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ബി.ജെ.പിയായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ രാഷ്ട്രീയ സാസ്‌കാരിക സാഹിത്യ മേഖലയില്‍ പലരും ഞെട്ടുകയും ചിലര്‍ അത്ഭുതപ്പെടുകയും ചെയ്തു. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി വടകരയില്‍ നിന്ന് വന്നിറങ്ങിയ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള.

എല്ലാ തിരഞ്ഞെടുപ്പടുക്കുമ്പോഴും വരുന്ന സ്ഥിരം ആരോപണമാണ് ബി.ജെ.പിക്കാര്‍ ന്യൂനപക്ഷ വിരുദ്ധന്മാരാണെന്നത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട പ്രശസ്ത സാഹിത്യകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവാന്‍ തയ്യാറായി മുന്നോട്ടുവരുന്നത്, ന്യൂനപക്ഷവിരുദ്ധരെന്ന ആരോപണത്തിന്റെ മുനയൊടിക്കാന്‍ കിട്ടിയ ഒരവസരമായാണ്. ഒപ്പം കൊള്ളാവുന്ന തലയെടുപ്പുള്ള സ്ഥാനാര്‍ത്ഥിയും. ഒരു വെടിക്ക് രണ്ടുപക്ഷി. അങ്ങനെ പുനത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ബി.ജെ.പി. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഒ.കെ. പറഞ്ഞു.
കുഞ്ഞബ്ദുള്ളയെ ബി.ജെ.പി സ്വതന്ത്രനായി നിര്‍ത്താനായിരുന്നു പാര്‍ട്ടി തീരുമാനം. ചിഹ്നമായി ആവശ്യപ്പെട്ടത് താമരയും. എന്നാല്‍ ബി.ജെ.പിയുടെ പേരില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി ഡമ്മിയായി നാല് നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതോടെ കുഞ്ഞബ്ദുള്ളയ്ക്ക് താമരചിഹ്നം കിട്ടിയില്ല. അതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിക്കുന്ന ഏതെങ്കിലും സ്വതന്ത്രചിഹ്നം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നു സാരം. ബി.ജെ.പി പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ ചിഹ്നം താമര പ്രധാനമാണ്. അത് മാറിയാല്‍ സംഗതി കുഴഞ്ഞതുതന്നെ.

ഒടുവില്‍ ഒരു വഴി കണ്ടുപിടിച്ചു. താമര ചിഹ്നം കിട്ടാന്‍ കുഞ്ഞബ്ദുള്ള ബി.ജെ.പി.ക്കാരനാണെന്നു തെളിയിക്കുന്ന മെമ്പര്‍ഷിപ്പ് ഹാജരാക്കുക. ബി.ജെ.പിയുടെ ആശയാദര്‍ശങ്ങളോട് ഒരു യോജിപ്പും ഇല്ലാത്ത കുഞ്ഞബ്ദുള്ള അതിന് തയ്യാറായി, വിശ്വാസം രേഖപ്പെടുത്തുന്നിടത്ത് – മെമ്പര്‍ഷിപ്പില്‍ പതിവ് ചിരിയോടെ വലിച്ചുനീട്ടി ഒപ്പുവച്ചു. അങ്ങനെ ബി.ജെ.പിയുടെ താമര ചിഹ്നം, സ്ഥാനാര്‍ത്ഥി പുനത്തില്‍ കുഞ്ഞബ്ദുള്ള നേടി.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ബേപ്പൂര്‍ ശക്തമായ സംഘടനാ സംവിധാനമുള്ള, ധാരാളം പ്രവര്‍ത്തകരുള്ള ഒരു മണ്ഡലമാണ്. അംഗബലം കുറയുമെങ്കിലും ഇരുമുന്നണികള്‍ക്കുമൊപ്പം ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ ഇവിടെ പാര്‍ട്ടിക്ക് എക്കാലവും സാധിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ അന്ന് വാജ്പേയിയാണ് പ്രധാനമന്ത്രി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെന്നൊരു പരിവേഷം കൂടി ബിജെപിക്കുണ്ട്. ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ പേരുകൂടി പുറത്തുവന്നതോടെ സംസ്ഥാനതലത്തിലും, അഖിലേന്ത്യാതലത്തിലും ബേപ്പൂര്‍ ശ്രദ്ധയാകര്‍ഷിച്ചു.
പുനത്തില്‍ കുഞ്ഞബ്ദുള്ള ശരിക്കും ചികിത്സിക്കുന്ന ഡോക്ടറാണ്. പ്രശസ്ത സാഹിത്യകാരന്‍, പങ്തിക്കാരന്‍, സിനിമയിലും എഴുതിയിട്ടുണ്ട്. അതുവരെ അരാഷ്ട്രീയക്കാരനായി അറിയപ്പെട്ട സാംസ്‌കാരിക നായകന്‍, എം.ടിയുമായി നല്ല അടുപ്പമാണ്. സാക്ഷാല്‍ എം.ടി. യാണ് സാഹിത്യരംഗത്ത് കുഞ്ഞബ്ദുള്ളയുടെ തലതൊട്ടപ്പന്‍.

മലയാളത്തില്‍ സാഹിത്യം മനോഹരമായി എഴുതപ്പെട്ടു എന്ന് പലരും വിശ്വസിക്കുന്ന, പറയുന്ന കാലത്ത് എഴുതി തുടങ്ങിയ സാഹിത്യകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. ജീവിതത്തിലും സാഹിത്യത്തിലും ആഘോഷിച്ചു ജീവിച്ചയാള്‍. വെറും എഴുത്തുകാരനല്ല. നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയ സാഹിത്യകാരനാണ്. ഈ രണ്ട് പുരസ്‌കാരം നേടിയ ‘സ്മാരകശിലകള്‍’ മലയാളത്തിലെ ഒരു ക്ലാസിക്കാണ്.
കുഞ്ഞബ്ദുള്ള എല്ലായ്‌പ്പോഴും തുറന്നെഴുതി. ഒന്നും ഒളിക്കാന്‍ ശ്രമിച്ചില്ല. തന്റെ മദ്യപാനവും, സ്ത്രീ ബന്ധവുമൊക്കെ തുറന്നെഴുതി. ലളിതമായി ആര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ എഴുതിയ കുഞ്ഞബ്ദുള്ളയെപ്പോലെ മലയാളത്തില്‍ അധികം പേരില്ല. ബുദ്ധിജീവിയാകാനോ താത്വികനാകാനോ അദ്ദേഹം ഒരിക്കലും വേഷം കെട്ടിയില്ല. തന്റെ ലേഖനങ്ങളില്‍ പടിഞ്ഞാറന്‍ സായിപ്പ് ബുദ്ധിജീവികളുടെ ഉദ്ധരണികള്‍ ഉപയോഗിക്കാതെ ഗാന്ധിയേയും, നെഹ്‌റുവിനേയും, മൗലാന ആസാദിനേയും ഉദാഹരിച്ചു. ഇത്ര തുറന്നെഴുതിയ ഒരു എഴുത്തുകാരന്‍ മലയാളത്തില്‍ വെറെയില്ല.
അദ്ദേഹത്തിന്റെ രാഷ്ട്രീയ മോഹങ്ങള്‍ പെട്ടെന്ന് പൊട്ടി മുളച്ചതൊന്നുമല്ല. കുഞ്ഞബ്ദുള്ളയ്ക്ക് എം.പി. യാകണം. ഈ ആഗ്രഹം ആത്മസുഹൃത്തായ കഥാകാരന്‍ പോള്‍ സഖറിയയോട് ഒരിക്കല്‍ പറഞ്ഞു. കുഞ്ഞബ്ദുള്ളയുടെ ആഗ്രഹത്തെ അപ്പാടെ നിരാകരിച്ച്, നിരാശപ്പെടുത്തിക്കൊണ്ട് സക്കറിയ പറഞ്ഞു ‘അതിനുള്ള യോഗ്യത നിനക്കില്ല’.

പിന്നീടൊരിക്കല്‍ ഒരു പ്രഭാഷണത്തിനെത്തിയ സക്കറിയയോട് കുഞ്ഞബ്ദുള്ള ചോദിച്ചു: ‘കറിയാച്ചാ ഇന്നു സംസാരിക്കാന്‍ പോകുന്ന വിഷയം എന്താണ് ?’
സക്കറിയ പറഞ്ഞു: ‘രാഷ്ട്രീയമാണ് ഞാന്‍ സംസാരിക്കാനുദ്ദേശിക്കുന്നത് എടാ കുഞ്ഞിക്കാ, നിനക്കത് മനസ്സിലാവില്ല. കാരണം രാഷ്ട്രീയബോധം നിനക്കൊട്ടുമില്ല.’ വീണ്ടും കുഞ്ഞബ്ദുള്ള നിരാശനായി. എന്നാല്‍ എം.പി. ആകണമെന്ന കുഞ്ഞബ്ദുള്ളയുടെ ആഗ്രഹം വളരെ പണ്ടേ ഉണ്ടെന്ന സത്യം സക്കറിയയ്ക്കറിയില്ല.
എസ്.കെ. പൊറ്റെക്കാട്ട് എം.പി ആയി നോര്‍ത്ത് അവന്യൂവില്‍ താമസം തുടങ്ങിയതു തൊട്ടേയുള്ള കുഞ്ഞബ്ദുള്ളയുടെ ആഗ്രഹമാണത്. മുന്‍പ് ഡല്‍ഹിയില്‍ നോര്‍ത്ത് അവന്യൂവില്‍ താമസിക്കുന്ന എം പിയായ എസ്.കെ. പൊറ്റെക്കാട്ടിനെ സന്ദര്‍ശിക്കാന്‍ കുഞ്ഞബ്ദുള്ള പോയിട്ടുണ്ട്. നോര്‍ത്ത് അവന്യുവും സൗത്ത് അവന്യുവും അക്കാലത്ത് ഡല്‍ഹിയിലെ ഉന്നതര്‍ പാര്‍ക്കുന്ന വിലപിടിച്ച മനോഹരമായ മാളികകള്‍ നിറഞ്ഞ സ്ഥലമായിരുന്നു.
അന്ന് എസ്.കെ.യുടെ എം.പി. ക്വാര്‍ട്ടേഴ്സില്‍ നിറയെ കമ്മ്യൂണിസ്റ്റുകാരും സാംസ്‌കാരികപ്രവര്‍ത്തകരും കുടിയേറിപ്പാര്‍ക്കുകയായിരുന്നു. ഒരു മുറി നിറയെ പുസ്തകങ്ങളും പത്രമാസികകളുംകൊണ്ട് നിറഞ്ഞിരുന്നു. തപാലില്‍ പത്രമാസികകളില്‍ അധികവും റാപ്പര്‍പോലും പൊട്ടിക്കാതെ കിടക്കുന്നതും കുഞ്ഞബ്ദുള്ള കണ്ടു.

പൊറ്റെക്കാട്ടിനെ കാണാന്‍ കുഞ്ഞബ്ദുള്ള പോയത് സാഹിത്യകാരന്‍ കൂടിയായ ഒരു എം.പി. എങ്ങനെ ജീവിക്കുന്നു എന്നു മനസ്സിലാക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു. പ്രസംഗം ഒട്ടും വശമില്ലാത്ത പൊറ്റെക്കാട്ട്, പ്രഭാഷണ കലയിലെ ‘കമലഹാസനായി’ വിരാജിക്കുന്ന സുകുമാര്‍ അഴീക്കോടിനെ തോല്‍പ്പിച്ച് തറപറ്റിച്ചാണ് പാര്‍ലമെന്റിലേക്ക് വന്നത്. അന്ന് തുടങ്ങിയതാണ് കുഞ്ഞബ്ദുള്ളയ്ക്ക് രാഷ്ട്രീയ മോഹം. അതില്‍ തെറ്റൊന്നുമില്ല ഇ.വി കൃഷ്ണപിള്ള തൊട്ട് മാധവിക്കുട്ടി വരെയുള്ള എഴുത്തുകാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട് പിന്നെന്താ? രാഷ്ട്രീയബോധത്തെക്കാളും അവബോധത്തെക്കാളും വേണ്ട മറ്റു കാര്യങ്ങളൊക്കെ കുഞ്ഞബ്ദുള്ളയ്ക്കുണ്ട്.
എന്നാല്‍ രാഷ്ട്രീയ പാരമ്പര്യമോ ?
വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കുഞ്ഞബ്ദുള്ള സ്‌കൂള്‍ പാര്‍ലമെന്റില്‍ മത്സരിച്ചിട്ടുണ്ട്. അന്നു വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി) സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന ഡോ. കെ.ബി. മേനോനുവേണ്ടി ചുവരെഴുത്ത് നടത്തുകയും അദ്ദേഹത്തിന്റെ സ്റ്റഡി ക്ലാസ്സുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ വിമോചനസമരം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികളെല്ലാം വിമോചന സമരത്തിനിറങ്ങി. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ആദ്യമായി വിദ്യാലയങ്ങളുടെ പടി തുറന്ന് റോഡിലിറങ്ങി വിമോചനസമരത്തില്‍ പങ്കാളികളായി.

”നാടുഭരിക്കാനറിയില്ലെങ്കില്‍ താടിവടിച്ചോ നമ്പൂതിരി”
എന്ന മുദ്രാവാക്യം മുഷ്ടിചുരുട്ടി വിളിച്ച് തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ കുഞ്ഞബ്ദുള്ള എന്ന വിദ്യാര്‍ത്ഥിയും ഉണ്ടായിരുന്നു. കൂടാതെ അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പ്രഫസര്‍ ഹബീബിന്റെ (പ്രശസ്ത ചരിത്രകാരനും ഇടതുപക്ഷ ചിന്തകനുമായ ഇര്‍ഫാന്‍ ഹബീബിന്റെ പിതാവ്) സ്റ്റഡി ക്ലാസ്സുകളില്‍ എസ്.എഫ്.ഐ ക്കാരോടൊപ്പം കുഞ്ഞബ്ദുള്ള പങ്കെടുത്തിട്ടുണ്ട്. അഞ്ച് വര്‍ഷക്കാലം ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ യോഗങ്ങളില്‍ ദേശാഭിമാനി വാരിക പത്രാധിപരായ എം എന്‍ കുറുപ്പിനോടൊപ്പവും കുഞ്ഞബ്ദുള്ള സജീവമായി പങ്കെടുത്തിട്ടുണ്ട്. ഒരാള്‍ക്ക് തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ യോഗ്യത ഇതൊക്കെ പോരെ?
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഫസറായ ജോസഫ് മുണ്ടശ്ശേരിയെയും ഡോക്ടറായ എ.ആര്‍. മേനോനെയും, ഒരു വക്കീലായ വി.ആര്‍. കൃഷ്ണയ്യരെയും (ജസ്റ്റിസ് കൃഷ്ണയ്യര്‍ കുറച്ചുകാലം തലശ്ശേരിയില്‍ വക്കീലായിരുന്നു) മന്ത്രിമാര്‍ വരെയാക്കി. പിന്നെന്തുകൊണ്ട് കുഞ്ഞബ്ദുള്ളയ്ക്ക് തെരഞ്ഞടുപ്പില്‍ മത്സരിച്ചുകൂടാ, ജയിച്ചു മന്ത്രിയായി കൂടാ ?
തെരഞ്ഞെടുപ്പ് നോമിനേഷന്‍ കൊടുത്ത് വന്ന കുഞ്ഞബ്ദുള്ളയെ പത്രക്കാര്‍ വളഞ്ഞു ചോദ്യങ്ങള്‍ ചോദിച്ചു വശം കെടുത്തി.

പത്രക്കാരുടെ ചോദ്യം: എന്തുകൊണ്ടു ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി ?
കുഞ്ഞബ്ദുള്ളയുടെ മറുപടി : ആദ്യം ക്ഷണിച്ചത് ബി.ജെ.പി.ക്കാരായതുകൊണ്ട്
രണ്ടാമത്തെ ചോദ്യം. ആദ്യം ക്ഷണിച്ചത് മറ്റാരെങ്കിലുമായിരുന്നെങ്കിലോ?
ഉത്തരം: നിശ്ചയമായും അവരെ പരിഗണിക്കുമായിരുന്നു എന്ന് പുനത്തില്‍.
(അതിനിടയില്‍ കുറച്ചു നാള്‍ മുന്‍പ് മാധവിക്കുട്ടി മതം മാറിയതിന് കുഞ്ഞബ്ദുള്ളയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കി പകരം വീട്ടിയിരിക്കുകയാണെന്നൊരു കിംവദന്തി അതിനകം തന്നെ വ്യാപകമായിത്തന്നെ പ്രചരിച്ചു തുടങ്ങിയിരുന്നു)
വൈക്കം മുഹമ്മദ് ബഷീറിന്റെ വീടായ ബേപ്പൂരിലെ വൈലാലിലെ സാഹിത്യത്തറവാട്ടില്‍ വച്ചായിരുന്നു കുഞ്ഞബ്ദുള്ളയുടെ പ്രചാരണോദ്ഘാടനം. സ്ഥാനാര്‍ത്ഥി പരിവാരസമേതം പുലര്‍കാലത്ത് തന്നെ വീട്ടിലെത്തി ബി.ജെ.പി നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ പ്രചരണം ഉദ്ഘാടനം ചെയ്തു.
സ്ഥിരംവേഷമായ പാന്റ്‌സ് അഴിച്ചുമാറ്റി മുണ്ടുടുപ്പിച്ച് ഒറിജിനല്‍ രാഷ്ട്രീയക്കാരനാവണം എന്ന് നിര്‍ദേശിച്ചെങ്കിലും മുണ്ടുടുത്ത് പുറത്തിറങ്ങി ശീലമില്ലാത്തതിനാല്‍ അഴിഞ്ഞു താഴെപ്പോകുമെന്നതിനാല്‍ കുഞ്ഞബ്ദുള്ള അതിന് വഴങ്ങിയില്ല.

ഒരു വിനോദ സഞ്ചാരിയെ പോലെ ബേപ്പൂരില്‍ വന്നിറങ്ങിയ പുനത്തില്‍ പ്രചരണവും ഒരു വിനോദയാത്രയായി കരുതി. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ സ്ഥാനാര്‍ത്ഥിക്ക് ഉറക്കമില്ല. സ്വീകരണ യോഗങ്ങള്‍ അവസാനിക്കുമ്പോഴേക്കും രാത്രി വളരെ വൈകും. തുടര്‍ന്ന് അന്നത്തെ പ്രവര്‍ത്തനം വിലയിരുത്താനും അടുത്ത ദിവസത്തെ പരിപാടികള്‍ക്ക് അവസാനരൂപം നല്‍കാനുമുള്ള സമയമാണ്. അതു കഴിഞ്ഞാല്‍ എതിരാളികളുടെ കണ്ണില്‍പ്പെടാതെ ചില പ്രത്യേക സ്ഥലങ്ങളില്‍ ചെന്ന് വോട്ടര്‍മാരെ കാണാനുള്ള ഊഴമായി. എല്ലാം കഴിയുമ്പോഴേക്കും നേരം വെളുക്കും. ഭക്ഷണം ഉറക്കമൊക്കെ ക്രമം തെറ്റിയായിരിക്കും. പക്ഷെ പുനത്തില്‍ കുഞ്ഞബ്ദുള്ള പരമാവധി പതിനൊന്നു മണിയോടെ പ്രചാരണം അവസാനിപ്പിച്ച്, തനിക്ക് താമസസൗകര്യമേര്‍പ്പെടുത്തിയ കോഴിക്കോട്ടെ ഹോട്ടല്‍ അളകാപുരിയിലെത്തി രണ്ട് പെഗ് അടിച്ച്, ഭക്ഷണം കഴിച്ച് സുഖനിദ്രയിലാണ്ടിരിക്കും.
പ്രചരണം ഒന്നാം റൗണ്ട് പര്യടനം പൂര്‍ത്തിയായപ്പോഴെക്കും പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരു പരുവത്തിലായി. എഴുത്ത് പോലെയല്ല. വോട്ടും തേടിയുള്ള പകലന്തിയോളമുള്ള അലച്ചില്‍. കഥാകാരനാകെ തളര്‍ന്നിരിക്കും. ശരീരത്തിലാകമാനം വലിഞ്ഞുമുറുകുന്ന വേദനയും. പിന്നെ ഒരു ഭാഗ്യമുള്ളത് അദ്ദേഹത്തിന് മരുന്നന്വേഷിച്ച് എവിടേയും പോകേണ്ടതായി വന്നില്ല. കാരണം ഒരുവിധം രോഗങ്ങള്‍ക്കൊക്കെയുള്ള മരുന്ന് അദ്ദേഹത്തിന്റെ വലത് കൈയിന്റെ ഭാഗമായി മാറിയ ബ്രീഫ് കെയ്സില്‍ കാണുമായിരുന്നു (വീര്യഔഷധം). സുഖിമാനായി ഏസി കാറില്‍ മാത്രം സഞ്ചരിക്കാറുള്ള കുഞ്ഞബ്ദുള്ള നാടുതോറും അലഞ്ഞുള്ള ഈ തെരഞ്ഞെടുപ്പ് പ്രചരണ പാച്ചിലില്‍ വലഞ്ഞുപോയി.
പ്രചരണം തുടങ്ങുമ്പോള്‍ തന്നെ സ്ഥാനാര്‍ഥി തൊഴുകൈയും പുഞ്ചിരിയുമായാണ് ജനമധ്യത്തില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുക. എന്നാല്‍ വോട്ടര്‍മാരെ കാണുമ്പോള്‍ പുഞ്ചിരിതൂകി കൈകൂപ്പാന്‍ എത്ര ഓര്‍മ്മിപ്പിച്ചാലും കുഞ്ഞബ്ദുള്ള മറക്കും. പറഞ്ഞിട്ട് കാര്യമില്ല ഇതൊന്നും എഴുത്തുകാരന് ശീലമില്ലല്ലോ ? വലതു കൈയിലെപ്പോഴും ബ്രീഫ് കെയ്സും തൂക്കി നടക്കുന്നതുകൊണ്ടാണോ എന്നറിയില്ല കൈയുയര്‍ത്തി വോട്ടര്‍മാരെ അഭിവാദ്യം ചെയ്യാന്‍ വീണ്ടും, വീണ്ടും പ്രവര്‍ത്തകര്‍ ഈ കുഞ്ഞബ്ദുള്ളയെ ഓര്‍മ്മിപ്പിക്കണം.
കേരളസംസ്ഥാനത്തിന്റെ പ്രത്യേക ചുമതലയുള്ള അഖിലേന്ത്യാ ട്രഷറര്‍ വേദ് പ്രകാശ് ഗോയല്‍ (പിന്നീട് കേന്ദ്രമന്ത്രിയായി) ഇടയ്ക്കിടെ വിളിച്ച് പ്രവര്‍ത്തനത്തിന്റെ പുരോഗതി താല്‍പ്പര്യത്തോടെ അന്വേഷിക്കുമായിരുന്നു. ബി.ജെ.പിയുടെ കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ അവരെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഇലക്ഷനില്‍ ഒരു ശക്തി പകരുന്നതായിരുന്നു. അതോടെ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പ്രശസ്തി വാനോളം ഉയര്‍ന്നു. അത് വരെ എഴുതിയ സാഹിത്യം നല്‍കിയതിനേക്കാള്‍ പ്രശസ്തി കുഞ്ഞബ്ദുള്ള തെരഞ്ഞെടുപ്പ് വേളയില്‍ നേടിയെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
എങ്ങനെ നോക്കിയാലും അഹങ്കരിക്കാനുള്ള വകുപ്പ് കുഞ്ഞബ്ദുള്ളക്കുണ്ടായിരുന്നു. എന്നാല്‍ സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരാളായി അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞും അനേഷിച്ചും ഒരു തികഞ്ഞ ജനകീയനായാണ് കുഞ്ഞബ്ദുള്ള ബേപ്പൂര്‍ തെരഞ്ഞെടുപ്പിലുടനീളം പെരുമാറിയത്. ഇ.എം.എസ് ഏതു യോഗത്തിലും പ്രസംഗം തുടങ്ങുന്നത്, ‘സഹോദരീ സഹോദരന്മാരെ ഈ പ്രദേശത്ത് വരാനും നിങ്ങളെയെല്ലാം കാണാനും സാധിച്ചതില്‍ സന്തോഷമുണ്ട്’ എന്നായിരുന്നു. അതുപോലെ തന്നെ കുഞ്ഞബ്ദുള്ളയും പ്രസംഗിച്ചു.

മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ‘അസ്സലാമു അലൈക്കും’ പറയുകയും ചെയ്തു ആളുകളൊക്കെ പ്രതീക്ഷിച്ചിരുന്നത് കുഞ്ഞബ്ദുള്ള ചന്ദനക്കുറിയൊക്കെ തൊട്ട് വരുമെന്നാണ്. എന്നാല്‍ വോട്ടിന് വേണ്ടി ഇത്തരം വേഷം കെട്ടി സ്വന്തം വ്യക്തിത്വം കളയാന്‍ കുഞ്ഞബ്ദുള്ള തയ്യാറായില്ല. പുനത്തില്‍ കുഞ്ഞബ്ദുള്ള പഴയ ഒഞ്ചിയത്തെ പി.കെ. മമ്മുവിന്റെ മകന്‍ കുഞ്ഞിക്ക തന്നെ! അത് അറിഞ്ഞപ്പോള്‍ ബേപ്പൂരിലെ ജനങ്ങള്‍ക്കെല്ലാം പെരുത്ത്. സന്തോഷം.
‘വിജയിക്കാന്‍ വേണ്ടിയല്ല ഞാന്‍ മത്സരിക്കുന്നത്, അനുഭവങ്ങള്‍ക്ക് വേണ്ടിയാണ്. ഇനി വല്ല കുട്ടിച്ചാത്തന്‍ സേവ കൊണ്ടോ, ദൈവാധീനം കൊണ്ടോ ഞാന്‍ ജയിക്കുകയാണെങ്കില്‍ വളരെ സന്തോഷം. തോല്‍ക്കുകയാണെങ്കില്‍ അതിന്റെ കാരണം ഇത്രമാത്രം. എല്ലാ പാര്‍ട്ടിക്കാരും എനിക്കു വോട്ട് ചെയ്യാത്തതുകൊണ്ട്’ കുഞ്ഞബ്ദുദുള്ള പ്രസംഗിച്ചു.
കോഴിക്കാട്ടെ വ്യവസായിയായ വി.കെ.സി. മുഹമ്മദ് കോയയായിരുന്നു ബേപ്പൂരില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. യു.ഡി.എഫിന്റെത് എം.സി. മായിന്‍ ഹാജിയും ഇരു സ്ഥാനാര്‍ത്ഥികളും മണ്ഡലത്തില്‍ അവരവരുടെ നിലയ്ക്ക് കരുത്തരായിരുന്നു. വീടുകളില്‍ കയറിച്ചെന്ന് കുട്ടികളോട് കളി പറഞ്ഞും, വീട്ടുകാരെ കൈയ്യിലെടുക്കുന്ന, സാദാ ഇലക്ഷന്‍ ചെപ്പടി വിദ്യകളില്‍ ഈ രണ്ടു സ്ഥാര്‍ത്ഥികളും പ്രഗല്‍ഭരായിരുന്നു. അത് പതിന്‍പടി നടന്നു.
എന്നാല്‍ തികച്ചും വ്യത്യസ്തമായൊരു ലോകത്തുനിന്നും രാഷ്ട്രീയ രംഗത്തുവന്നിറങ്ങിയ കുഞ്ഞബ്ദുള്ള അതിനൊന്നും പോയില്ല. സ്വീകരണ യോഗങ്ങള്‍ നടക്കുമ്പോള്‍ പോകുന്ന സ്വീകരണ കേന്ദ്രത്തെക്കുറിച്ച്, അവിടുത്തെ പ്രശ്നങ്ങളെക്കുറിച്ച്, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പങ്കിനെക്കുറിച്ച് ഒക്കെ ഒരേകദേശ ധാരണ കൊടുക്കാന്‍ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാസ്റ്ററും മറ്റു പ്രവര്‍ത്തകരും കുഞ്ഞബ്ദുള്ളയെ സഹായിക്കാന്‍ എപ്പോഴും കാണും. പക്ഷെ പ്രസംഗം തുടങ്ങിയാല്‍ കുഞ്ഞബ്ദുള്ള വഴിമാറും. പിന്നെ സ്വന്തമായൊരു ശൈലിയിലും രീതിയിലും പല വിഷയങ്ങളില്‍ പ്രസംഗിക്കും. പതിവ് രാഷ്ട്രീയശൈലിയില്‍ നിന്നു വ്യത്യസ്തമായതുകൊണ്ടാവാം ബേപ്പൂരിലെ വോട്ടര്‍മാര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു.
പണ്ട് കുഞ്ഞബ്ദുള്ളയുടെ ആരാധ്യനായ സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പൊറ്റെക്കാട്ടിനെ വിജയിപ്പിക്കാന്‍ അന്ന് ഒട്ടുമിക്ക എഴുത്തുകാരും രംഗത്തിറങ്ങി. എന്‍.വി കൃഷ്ണവാര്യര്‍, എം.ടി വാസുദേവന്‍ നായര്‍, വയലാര്‍ രാമവര്‍മ, എം.വി ദേവന്‍ എന്നിവര്‍ എസ് കെയുടെ പല യോഗങ്ങളിലും പ്രസംഗിച്ച് ജനങ്ങളെ ആവേശഭരിതരാക്കിയിരുന്നു. സ്വാഭാവികമായും കുഞ്ഞബ്ദുള്ളയ്ക്കും ആ സഹായം സാഹിത്യ ലോകത്ത് നിന്ന് ലഭിക്കേണ്ടതാണ്.
ഒരു പ്രശ്‌നമുള്ളത് കുഞ്ഞബ്ദുള്ള മത്സരിക്കുന്നത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതിനാല്‍ സാംസ്‌കാരിക സാഹിത്യകാരന്മാര്‍ ഒന്നു മടിക്കും. പിന്നീട് എതിരാളികള്‍ തങ്ങളെ വര്‍ഗീയ വാദിയായി മുദ്രകുത്തി നാറ്റിച്ചാലോ. അവര്‍ ധര്‍മ്മസങ്കടത്തിലായി. തലയില്‍ മുണ്ടിട്ട് ഇലക്ഷന്‍ പ്രചരണം പറ്റില്ലല്ലോ. ഈ പ്രതിസന്ധി അറിയാവുന്നതിനാലാകണം, തന്റെ സ്വജാതിയെ, രക്ഷിക്കാന്‍ കുഞ്ഞബ്ദുള്ള ഒരു അടവ് നയം സ്വീകരിച്ചത്.
കുഞ്ഞബ്ദുള്ള തന്റെ പ്രസംഗത്തില്‍ ആഞ്ഞടിച്ചു: ‘സാഹിത്യകാരന്മാര്‍ പ്രചരണത്തിന് വന്നാല്‍ വോട്ടു കുറയും. ഒ.എന്‍. വി കുറുപ്പ് തോറ്റത് ഞാനടക്കമുള്ള സാഹിത്യകാരന്മാര്‍ അദ്ദേഹത്തിനുവേണ്ടി പ്രസംഗിച്ചതുകൊണ്ടാണ്. ആരെങ്കിലും എനിക്കുവേണ്ടി പ്രചരണത്തിന് വരാമെന്ന് പറഞ്ഞാല്‍ ഞാന്‍ വേണ്ടെന്ന് പറയും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാനറില്‍ സ്വതന്ത്രനായി മത്സരിച്ചിട്ടുപോലും ഒ.എന്‍.വി.യെ തോല്പിച്ച്, മണ്ണും ചാരിനിന്നവന്‍ പെണ്ണിനെ കൊണ്ടുപോയതുപോലെ എം.പി. ടിക്കറ്റുംകൊണ്ട് എ. ചാള്‍സ് ഡല്‍ഹിയിലെത്തിയത് എന്തുകൊണ്ടാണ്?
‘ഞാനടക്കമുള്ള കുറെ സാഹിത്യകാരന്മാര്‍ രാഷ്ട്രീയത്തിനതീതമായി ഒ.എന്‍.വി.ക്കുവേണ്ടി വെയിലും കൊണ്ട് നാലഞ്ചുനാള്‍ പ്രസംഗിച്ചു നടന്നു എന്ന ഒറ്റക്കാരണംകൊണ്ട്.’
കൂട്ടത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്ക് കുഞ്ഞബ്ദുള്ള ഒരു കൊട്ടും കൊടുത്തു.
”സാംസ്‌കാരിക നായകരുടെ അഭിപ്രായം തേടുന്നവരുണ്ട്. എല്ലാ കാര്യത്തിലും അഭിപ്രായം പറയാന്‍ ഇവര്‍ ആര് ? ഇത്രയും കാലം അഭിപ്രായം പാസാക്കിയിട്ടും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. സ്വന്തം പ്രശസ്തി വര്‍ധിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ ഈ നായകര്‍ക്കുള്ളൂ.”
”വര്‍ഗീയതയെ ഒന്ന് ലഘൂകരിക്കാമെന്നേ വിചാരിച്ചുള്ളൂ. ന്യൂനപക്ഷത്തിന്റെ കടുത്ത വിരോധികളാണ് ബി.ജെ.പിക്കാര്‍ എന്ന ഒരു ധാരണയുണ്ട്. അതു ശരിയല്ല. മുസ്ലിങ്ങളെ പാകിസ്ഥാനിലേക്കും ക്രിസ്ത്യാനികളെ ഇംഗ്ലണ്ടിലേക്കും വത്തിക്കാനിലേക്കും കെട്ടു കെട്ടിച്ച് വെജിറ്റബിള്‍ ശാപ്പാടടിച്ച് കഴിഞ്ഞുകൂടാമെന്ന് ഒരു ഹിന്ദുവും വിചാരിക്കുന്നില്ല. ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ വര്‍ഗീയതയായിരുന്നില്ല. രാഷ്ട്രീയമായിരുന്നു. പണ്ട് മുഹമ്മദ് ഗോറി ക്ഷേത്രങ്ങള്‍ തകര്‍ത്തത് ക്ഷേത്രവിരോധം കൊണ്ടായിരുന്നില്ല, അവിടെ കുന്നുകൂടിയ സമ്പത്ത് പിടിച്ചെടുക്കാനായി രുന്നു. ആദ്യം ഇതു മനസ്സിലാക്കണം.” തന്റെ പുതിയ ബി ജെ പി സ്ഥാനാര്‍ത്ഥി അവതാരത്തെ കുറിച്ച് കുഞ്ഞബ്ദുള്ള പത്രക്കാരാട് പറഞ്ഞു.
ബേപ്പൂര്‍ തെരഞ്ഞെടുപ്പ് മുതലാണ് ഇടതുമുന്നണിക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥി എന്നൊരാശയം ഉയര്‍ന്നുവന്നത്. പുനത്തില്‍ കുഞ്ഞബ്ദുള്ള നിന്നതോടെ ഒരു പൊരിഞ്ഞ പോരാട്ടത്തിന് അരങ്ങൊരുങ്ങുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പാണ് കേരള രാഷ്ട്രീയത്തിലെ പരീക്ഷണശാലയെന്നൊരു ഖ്യാതി ബേപ്പൂരിന് നേടിക്കൊടുത്തത്. ബേപ്പൂര്‍ മോഡലെന്ന് പിന്നീട് പലപ്പോഴും ഉദ്ധരിക്കുന്ന ശൈലിയായി മാറി.

ശക്തമായ പോരാട്ടം നടത്തിയ സാഹിത്യകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായുള്ള തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലിന്റെ ഉജ്ജ്വലമായ ഓര്‍മ്മകള്‍ രണ്ട് എതിര്‍ സ്ഥാനാര്‍ത്ഥികളും പിന്നീട് അനുസ്മരിച്ചു
‘തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഞാന്‍ ആദ്യമായി എഴുത്തുകാരനായ പുനത്തിലിനെ കാണുന്നത്. അദ്ദേഹം ശക്തനായ ഒരു മത്സരാര്‍ത്ഥിയായിരുന്നു, പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനെപ്പോലെ അദ്ദേഹം തിരഞ്ഞെടുപ്പില്‍ പോരാടി. തിരഞ്ഞെടുപ്പിലുടനീളം അദ്ദേഹം നടത്തിയ പ്രചാരണരീതി എന്നെ അത്ഭുതപ്പെടുത്തി,’ വി.കെ.സി. മുഹമ്മദ് കോയ പറഞ്ഞു: ‘അദ്ദേഹം എപ്പോഴും ഞങ്ങളെ ബഹുമാനത്തോടെ സ്വാഗതം ചെയ്തു. പ്രചാരണ വേളയില്‍ ഒരിക്കലും തന്റെ രാഷ്ട്രീയ എതിരാളികളായി ഞങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹം പരിധി വിട്ടില്ല,’ മുഹമ്മദ് കോയ കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹത്തിന്റെ ജീവിതരീതിയെക്കുറിച്ച് എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, അദ്ദേഹം ഒരു മികച്ച എഴുത്തുകാരനായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള വ്യക്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.സി. മായിന്‍ ഹാജി പറഞ്ഞു. വി.കെ.സി. മുഹമ്മദ് കോയ തെരഞ്ഞെടുപ്പില്‍ 62, 636 വോട്ട് നേടി വിജയിച്ചു. മൂന്നാം സ്ഥാനത്ത് എത്തിയ, കുഞ്ഞബ്ദുള്ള പൊരുതിയത് വെറുതെയായില്ല. 10,934 വോട്ട് നേടി. യു.ഡി.എഫിന്റെ മായിന്‍ ഹാജിക്ക് 57,625 വോട്ട് ലഭിച്ചു. അങ്ങനെ തോറ്റെങ്കിലും പുനത്തില്‍ കുഞ്ഞബ്ദുള്ള പരാജയത്തിലും ചരിത്ര പുരുഷനായി മാറി.
ഇനി ഒരു ഇലക്ഷനാനന്തര കഥ – ശരിയാണോ കഥയാണോ എന്ന് അറിയില്ല. ചലച്ചിത്ര നടന്‍ മുരളി പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കാണുമ്പോള്‍ സ്ഥിരമായി ഈണത്തില്‍ ഒരു പാട്ട് പാടുന്നു. അത് ഇങ്ങനെ:
‘എങ്ങനെ പോകും കുഞ്ഞിക്ക
എങ്ങനെ പോകും കുഞ്ഞിക്ക
എങ്ങനെ പോകും കല്യാണത്തിന് കുഞ്ഞിക്ക…
എങ്ങനെ പോകും എങ്ങനെ പോകും കുഞ്ഞിക്ക
താലിയില്ല മാലയില്ല എങ്ങനെ പോകും
കല്യാണത്തിന് കുഞ്ഞിക്ക
എങ്ങനെ പോകും കുഞ്ഞിക്ക ‘

ഈ രണ്ട് പേരും, കുഞ്ഞബ്ദുള്ളയും മുരളിയും, സമാനമായി ഇലക്ഷനില്‍ പരാജയപ്പെട്ടവരാണ്. രണ്ട് വര്‍ഷം മുന്‍പ്, 1999 ല്‍ ആലപ്പുഴ പാര്‍ലമെന്റില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മുരളി പരാജയപ്പെട്ടു. ശക്തനായ സുധീരനെ നേരിടാന്‍ വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു മുരളി. അന്ന് വി.എം സുധീരന്‍. 35,094 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. മുരളി 3,70,107 വോട്ട് നേടി.
തനിക്ക് ശേഷം, ഇലക്ഷനില്‍ നിന്ന് തോറ്റ കുഞ്ഞിക്കയെ ഒന്ന് ഞോണ്ടാനാണ് ഈ പാട്ട് കുഞ്ഞബ്ദുള്ളയെ കാണുമ്പോള്‍ നോക്കി മുരളി പാടുന്നതെന്ന് ആരോ പറഞ്ഞു. അത് ഇരുവരുടെയും ശത്രുക്കള്‍ പറഞ്ഞുണ്ടാക്കിയതാണെന്ന് മറ്റ് ചിലരും. ഏതായാലും പുനത്തില്‍ കുഞ്ഞബ്ദുള്ള ഇതൊന്നും വക വെച്ചില്ല. 2017 ഒക്ടോബറില്‍ മരിക്കും വരെ എഴുത്തുകാരനായി തന്നെ, പൂര്‍വ്വാധികം ശക്തിയാല്‍ മുന്നോട്ടുപോയി.
Content Summary: A literary rebel in politics: Punathil Kunjabdulla’s Beypore experiment