അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയിൽ ഹമാസിൻ്റെ പ്രതികരണമെന്തെന്ന് അറിയാനായി ലോകരാജ്യങ്ങൾ കാത്തിരിക്കുകയാണ്. അതേസമയം, ഇക്കാര്യത്തിൽ ചർച്ച വേണ്ടിവരുമെന്നാണ് മധ്യസ്ഥരായ ഖത്തറും ഈജിപ്തും വ്യക്തമാക്കിയിരിക്കുന്നത്.
ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യ തന്നെയാണ് എന്ന് യുഎന്നിന്റെ സ്വതന്ത്ര അന്വേഷണ കമീഷനും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്കെതിരെ ഉയരുന്ന പ്രതിഷേധ സ്വരങ്ങൾ അധിനിവേശ ശക്തിയെ ബാധിക്കുകയും ചെയ്യുന്നുണ്ട്. യുദ്ധം തകർത്ത പ്രദേശത്തേക്ക് സഹായമെത്തിക്കാൻ ശ്രമിക്കുന്നതിനിടെ പലസ്തീൻ ഫ്‌ളോട്ടിലയെ ഇസ്രയേൽ തടയുകയും ചെയ്തിരുന്നു.
ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയിലെ അമ്പതിലധികം ചെറുകപ്പലുകളിലായി 48 രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരും മനുഷ്യാവകാശ പ്രവർത്തകരും മതപണ്ഡിതരും നിയമജ്ഞരും നാവികരുമെല്ലാമടങ്ങുന്ന നൂറുകണക്കിന് മനുഷ്യർ അന്താരാഷ്ട്ര സമുദ്രത്തിലൂടെ ഗാസ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ പലസ്തീനികളുടെ പ്രതീക്ഷക്കൊപ്പം ലോകമെങ്ങും അവർക്കു വേണ്ടി ശബ്ദമുയർത്തുന്നവരുടെ മാനവികതയിലുള്ള വിശ്വാസം കൂടിയാണ് ശക്തിപ്പെടുന്നത്.
ഇസ്രയേൽ ഏർപ്പെടുത്തിയിട്ടുള്ള ഗാസ മുനമ്പിലേക്കുള്ള കടൽ ഉപരോധം തകർക്കാൻ ലക്ഷ്യമിട്ട്, ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരും പലസ്തീൻ അനുകൂല കൂട്ടായ്മകളും ചേർന്ന് നടത്തുന്ന കപ്പൽ യാത്രകളുടെ ഒരു പരമ്പരയാണ് ഫ്രീഡം ഫ്ലോട്ടില്ല. ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, നിർമാണ സാമഗ്രികൾ ഉൾപ്പെടെയുള്ള മാനവിക സഹായങ്ങൾ നേരിട്ട് എത്തിക്കുകയും ഇസ്രയേലിന്റെ ഉപരോധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിൽ സമ്മർദ്ദം ചെലുത്തുക, അവിടുത്തെ ജനതയുടെ ദുരിതം ലോകശ്രദ്ധയിൽ കൊണ്ടുവരിക തുടങ്ങിയവയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. 2010 ൽ നടന്ന ആദ്യ ഫ്ലോട്ടില്ല, ഇസ്രായേലി കമാൻഡോകൾ തടഞ്ഞതിനെ തുടർന്ന് ആക്ടിവിസ്റ്റുകൾ കൊല്ലപ്പെടുകയും കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തതോടെ ലോകമെമ്പാടും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
വിവിധ രാജ്യങ്ങളിലെ കാമ്പെയ്‌നുകളും സംരംഭങ്ങളും ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര ജനകീയ ഐക്യദാർഢ്യ പ്രസ്ഥാനമാണ് ഫ്രീഡം ഫ്ലോട്ടില്ല കോളിഷൻ (FFC). സമാധാനപരവും അഹിംസാത്മകവുമായ ഈ ദൗത്യങ്ങൾ ഇസ്രായേലിന്റെ ഉപരോധത്തെ വെല്ലുവിളിക്കുകയും ഗാസയിലെ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇസ്രയേൽ സൈന്യം ഈ കപ്പൽ വ്യൂഹങ്ങളെ പലപ്പോഴും അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് പോലും തടയുകയോ പിടിച്ചെടുക്കുകയോ ചെയ്യാറുണ്ട്.
Content Summary: A movement for the survival of Gaza; What is the Freedom Flotilla?