July 14, 2026 |
Share on

ഗാസയുടെ ഭരണത്തിനായി ടെക്‌നോക്രാറ്റുകളുടെ സമിതി

പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പിഎല്‍ഒ)
പുനരുജ്ജീവിപ്പിക്കാനും തീരുമാനം

യുദ്ധം തകര്‍ത്ത ഗാസയെ പുനര്‍നിര്‍മിക്കുന്നതിനായി മേഖലയുടെ ഭരണച്ചുമതല ഒരു സ്വതന്ത്ര ടെക്‌നോക്രാറ്റ് സമിതിയെ ഏല്‍പ്പിക്കാന്‍ സമ്മതിച്ചതായി വിവിധ പലസ്തീന്‍ വിഭാഗങ്ങള്‍ അറിയിച്ചിരിക്കുന്നു. ഗാസയില്‍ സമാധാനം സ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ച മധ്യസ്ഥര്‍ ‘യുദ്ധം ഫലത്തില്‍ അവസാനിച്ചു’ എന്ന വ്യക്തമായ ഉറപ്പുകള്‍ നല്‍കിയതായി ഹമാസ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭരണച്ചുമതല കൈമാറാന്‍ മറ്റ് ഘടകങ്ങളും സമ്മതമറിയിച്ചിരിക്കുന്നത്.

ഹമാസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കെയ്റോയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് വിവിധ ഘടകള്‍ ഒരു തീരുമാനത്തിലെത്തിയതായി പ്രസ്താവനയില്‍ പറയുന്നു. ‘ഗാസ മുനമ്പിന്റെ ഭരണം സ്വതന്ത്ര ‘ടെക്‌നോക്രാറ്റുകള്‍’ ഉള്‍പ്പെടുന്ന ഒരു താല്‍ക്കാലിക പലസ്തീന്‍ സമിതിക്ക് കൈമാറും. ഈ സമിതി അറബ് സഹോദരന്മാരുമായും അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും സഹകരിച്ച് ജീവിതകാര്യങ്ങളും അടിസ്ഥാന സേവനങ്ങളും കൈകാര്യം ചെയ്യും.’; പ്രസ്താവനയില്‍ വാചകങ്ങളാണ്.

പ്രസ്താവനയില്‍, ഒരു ദേശീയ തന്ത്രത്തെക്കുറിച്ച് ധാരണയിലെത്താനും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പിഎല്‍എഫ്) പലസ്തീന്‍ ജനതയുടെ ഏക നിയമാനുസൃത പ്രതിനിധിയായി പുനരുജ്ജീവിപ്പിക്കാനും, അതിന്റെ ഭാഗമായി ഒരു യോഗം വിളിച്ചുചേര്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹമാസ് പിഎല്‍എഫിന്റെ ഭാഗമല്ല. പിഎല്‍എഫിന്റെ ചിരവൈരികളായ ഫത്താഹ് വിഭാഗത്തിന്റെ കീഴിലാണ് ഹമാസ്.

അതേസമയം നിര്‍ണായകമായ മറ്റൊരു നീക്കം നടക്കുന്നത്, മര്‍വാന്‍ ബര്‍ഗൂത്തിയുടെ മോചനത്തിനായാണ്. പലസ്തീനികളുടെ ഏറ്റവും ജനപ്രിയനായ നേതാവാണ് മര്‍വാന്‍ ബര്‍ഗൂത്തി. ഇസ്രയേലില്‍ ജയില്‍ നിന്നും അദ്ദേഹത്തെ മോചിപ്പിക്കുന്നതിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബര്‍ഗൂത്തിയുടെ ഭാര്യ ഫദ്വ ബഗൂര്‍ത്തി കത്തയച്ചിട്ടുണ്ട്. ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കത്ത്. ബര്‍ഗൂത്തിയുടെ കാര്യത്തില്‍ ‘ഒരു തീരുമാനമെടുക്കും’ എന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞതിനു പിന്നാലെയാണിത്.

ഇപ്പോള്‍ 66 വയസ്സുള്ള ബര്‍ഗൂത്തി കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഇസ്രയേല്‍ ജയിലിലാണ്. അഞ്ച് സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനാണ് അഞ്ച് ജീവപര്യന്തവും 40 വര്‍ഷവും തടവിനും അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. ഇസ്രയേല്‍ നടത്തിയ ഗൂഢാലോചനയാണ് ബര്‍ഗൂത്തിയുടെ തടവെന്നാണ് വിമര്‍ശനം.

‘മിസ്റ്റര്‍ പ്രസിഡന്റ്, ഈ മേഖലയില്‍ നീതിയും ശാശ്വതവുമായ സമാധാനത്തെക്കുറിച്ചുള്ള നമ്മുടെ ഒരുമിച്ചുള്ള സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിക്കാന്‍ കഴിയുന്ന ഒരു യഥാര്‍ത്ഥ പങ്കാളി താങ്കളെ കാത്തിരിക്കുന്നു,’ എന്നാണ് ഫദ്‌വയുടെ കത്തില്‍ പറയുന്നത്. ‘പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും ഭാവി തലമുറകള്‍ക്കെല്ലാം വേണ്ടിയുള്ള സമാധാനത്തിനും വേണ്ടി, മര്‍വാന്‍ ബര്‍ഗൂത്തിയെ മോചിപ്പിക്കാന്‍ സഹായിക്കുക എന്നും ഫദ്‌വ അപേക്ഷിക്കുന്നുണ്ട്.

ബര്‍ഗൂത്തിയുടെ മോചനം പലസ്തീന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

വ്യാഴാഴ്ച ടൈം മാഗസിനോട് സംസാരിക്കുമ്പോഴാണ് ബര്‍ഗൂത്തിയുടെ മോചനവുമായി ബന്ധപ്പെട്ട് ട്രംപ് പ്രതികരിച്ചത്. ജയിലില്‍ കഴിയുന്ന ഫത്താഹ് നേതാവിന്റെ മോചനത്തെ പിന്തുണയ്ക്കണമോ എന്ന് താന്‍ ആലോചിക്കുകയാണെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. അക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമെന്നാണ് യു എസ് പ്രസിഡന്റ് അറിയിച്ചിട്ടുള്ളത്.

സമാധാന പദ്ധതിയുടെ ഭാഗമായി നടന്ന ബന്ദി മോചനത്തില്‍, ഹമാസിന്റെ ആവശ്യപ്രകാരം ഇസ്രയേലില്‍ നിന്നും മോചിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ബര്‍ഗൂത്തിയെയും ഉള്‍പ്പെടുത്തിയിരുന്നു, പക്ഷേ ഇസ്രയേല്‍ ആ ആവശ്യം നിരസിക്കുകയാണുണ്ടായത്.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×