April 19, 2025 |
Share on

കോഫി വിത്ത് സ്നേക്ക്സ്; വ്യത്യസ്ത ആശയവുമായി പൈത്തോണിസം

ഈ വർഷത്തെ തായ്‌വാൻ ജനതയുടെ സോഡിയാക് മൃ​ഗം പാമ്പാണ്

ജീവിതത്തിൽ അൽപം സാഹസികത ആ​ഗ്രഹിക്കുന്നവരാണ് അധികം പേരും. അങ്ങനെയുള്ള ഉപഭോക്താക്കളെ ആകർഷിക്കുകയാണ് തായ്പേയിലെ പെറ്റ് ഷോപ്പ്. പാമ്പുകളുമായി ഇടപഴകി കോഫി ആസ്വദിക്കാം, അതാണ് തായ്‌വാൻ്റെ തലസ്ഥാനമായ തായ്പേയിലെ പെറ്റ് ഷോപ്പ് ആയ പൈത്തോണിസം ഉപഭോക്താക്കൾക്ക് നൽകുന്ന ഓഫർ.

2017ലാണ് പൈത്തോണിസം ആരംഭിക്കുന്നത്. മൃ​ഗങ്ങളോടുള്ള ജനങ്ങളുടെ മുൻവിധികൾ ഇല്ലാതാക്കുന്നതിനാണ് ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചതെന്നാണ് പെറ്റ് ഷോപ്പ് ഉടമയായ 42 കാരൻ ലുവോ ചിഹ് യു പറയുന്നത്.

പുതിയൊരു അനുഭവം ഉണ്ടാക്കുന്നതിനുള്ള സ്ഥലം ഒരുക്കി കൊടുക്കുകയാണ് ഞാൻ ചെയ്യുന്നത്. യാതൊരു മുൻവിധികളുമില്ലാതെ ജീവികളെ ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോയെന്ന് എനിക്കറിയണമായിരുന്നു. ഞാൻ എന്റെ മകളെയും ഷോപ്പിൽ കൊണ്ട് വരാറുണ്ട്. കൗതുകത്തോടെയാണ് അവൾ പാമ്പുകളെ നിരീക്ഷിക്കുന്നത്. ഈയൊരു അനുഭവത്തിലൂടെ അവൾക്ക് മൃ​ഗങ്ങളെ എങ്ങനെ പരിപാലിക്കണമെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ലുവോ ചിഹ് യു പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച മുതൽ തായ്‌വാനിൽ ലൂണാർ ഇയർ ആരംഭിക്കുകയാണ്. ഈ വർഷത്തെ തായ്‌വാൻ ജനതയുടെ സോഡിയാക് മൃ​ഗം പാമ്പാണ്. അതുകൊണ്ട് തന്നെ തായ്‌വാനിലുടനീളം കടകളിലും മറ്റും പാമ്പുകളുടെ ചിത്രങ്ങൾ പതിച്ചിരിക്കുകയാണ്.

തായ്‌വാനിലെ ചില തദ്ദേശീയരായ ജനങ്ങൾ പാമ്പുകളെ രക്ഷാധികാരികളായി കണ്ട് ആരാധിക്കുന്നു. ദ്വീപിൽ അണലി, മൂർഖൻ തുടങ്ങിയ വിഷമുള്ള പാമ്പുകളുണ്ടെങ്കിലും വിഷ വിരുദ്ധ വിഷം എളുപ്പത്തിൽ ലഭ്യമാകുന്നതിനാൽ മരണം അപൂർവമാണ്.

പരമ്പരാഗത തായ്‌വാനീസ്, ചൈനീസ് സംസ്കാരങ്ങളിൽ പാമ്പുകളെ രണ്ട് രീതിയിലാണ് കാണുന്നത്. നന്മയുടേയും തിന്മയുടേയും പ്രതീകങ്ങളായി പാമ്പുകളെ കാണുന്നത്. ഉഷ്ണ മേഖല പ്രദേശങ്ങളും പർവ്വതപ്രദേശങ്ങളുമുള്ള തായ്‌വാനിൽ ഏകദേശം 60 ഇനം പാമ്പുകളുണ്ടെന്നാണ് പറയപ്പെടുന്നത്.

Content Summary: A pet shop in Taipei lets customers enjoy coffee while spending time with snakes.
Taipei Taiwan Luo Chih-yu Pythonism 

Leave a Reply

Your email address will not be published. Required fields are marked *

×