June 04, 2026 |

അൻപത്തിയഞ്ച് വർഷങ്ങൾ ഭ്രമണപഥത്തിൽ; പരാജയപ്പെട്ട സോവിയറ്റ് ബഹിരാകാശ പേടകം ഭൂമിയിലേക്ക്

മണിക്കൂറിൽ 242 കിലോമീറ്റർ വേഗതയിൽ പേടകം ഭൂമിയിൽ പതിച്ചേക്കുമെന്നാണ് വിലയിരുത്തൽ

55 വർഷങ്ങൾക്ക് മുൻപ് പരാജയപ്പെട്ട സോവിയറ്റ് ദൗത്യത്തിന്റെ ഭാ​ഗമായിരുന്ന ബഹികാരാശ പേടകം വൈകാതെ ഭൂമിയിൽ പതിച്ചേക്കുമെന്ന് സൂചന. പരാജയപ്പെട്ട ബഹിരാകാശ പേടകം മെയ് 10 ഓടെ വീണ്ടും ഭൂമിയിൽ പതിച്ചേക്കുമെന്നാണ് ഡച്ച് ശാസ്ത്രജ്ഞനായ മാർക്കോ ലാങ്ബ്രൂക്ക് പറയുന്നത്. മണിക്കൂറിൽ 242 കിലോമീറ്റർ വേഗതയിൽ പേടകം ഭൂമിയിൽ പതിച്ചേക്കുമെന്നാണ് വിലയിരുത്തൽ.1972 മാര്‍ച്ച് 31ന് വിക്ഷേപിച്ച കോസ്‌മോസ് 482ന് 500 കിലോയോളം ഭാരമാണുള്ളത്. ഇത് ഉല്‍ക്ക പതിക്കുന്നതിന് സമാനമായ അപകടസാധ്യത ഉയര്‍ത്തുന്നുവെന്നും റിപ്പോർട്ടുണ്ട്.

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശുക്രനിലേക്ക് അയച്ചതാണ് ഈ സോവിയറ്റ് പേടകം. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ഇത് ഭൂമിയെ ചുറ്റുന്ന സ്ഥിരമായ ഭ്രമണപഥത്തില്‍ അകപ്പെട്ടു. മെയ് 10ഓടെ നിയന്ത്രണമില്ലാത്ത പുനഃപ്രവേശത്തിലൂടെ ഇത് ഭൂമിയിലേക്ക് തിരികെ പതിക്കാന്‍ തുടങ്ങുമെന്നാണ് മാർക്കോ ലാങ്ബ്രൂക്ക് പറയുന്നത്. പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശത്തെ കേടുപാടുകള്‍ കൂടാതെ അതിജീവിക്കാനും, ഭൂമിയില്‍ പതിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 53 വർഷമായി ഈ പേടകം ചലിച്ചുകൊണ്ടിരിക്കുകയാണ്.

മിക്ക ബഹിരാകാശ വസ്തുക്കളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചിതറിപ്പോകാറാണ് പതിവ്. എന്നാല്‍, ശുക്രനിലെ ഉയര്‍ന്ന മര്‍ദ്ദം, കഠിനമായ ചൂട് എന്നിവയെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ഈ പേടകം പുനഃപ്രവേശത്തെ അതിജീവിച്ചേക്കാന്‍ ചെറിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ദൈര്‍ഘ്യമേറിയ പുനഃപ്രവേശ പാതയും വസ്തുവിന്റെ പഴക്കവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഈ സാധ്യതയെ തള്ളിക്കളയുന്നതാണ്. അതേസമയം പേടകം ഭൂമിയില്‍ എവിടെ പതിക്കുമെന്ന കാര്യം ഇപ്പോള്‍ പറയാൻ കഴിയില്ലെന്നാണ് ഡച്ച് സാറ്റലൈറ്റ് ട്രാക്കര്‍ പറയുന്നത്. പേടകം ഏതെങ്കിലും ജലാശയത്തില്‍ പതിക്കാനാണ് കൂടുതല്‍ സാധ്യതയെങ്കിലും, അത് കരയില്‍ പതിക്കാനും ചെറിയ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ഒരു ദശാബ്ദത്തിനുള്ളിൽ അതിൽ ഭൂരിഭാഗവും തകർന്നു. ഏകദേശം 3 അടി (1 മീറ്റർ) വ്യാസമുള്ള ഒരു ഗോളാകൃതിയിലുള്ള വസ്തു ആയ ലാൻഡിംഗ് കാപ്സ്യൂൾ കഴിഞ്ഞ 53 വർഷമായി വളരെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂഗോളത്തെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നും പതുക്കെ അതിന്റെ ഉയരം നഷ്ടപ്പെടുന്നുണ്ടെന്നും ലാങ്ബ്രൂക്കിന്റെ വിലയിരുത്തൽ. ഇത്രയും വർഷങ്ങൾക്ക് ശേഷം പാരച്യൂട്ട് സംവിധാനം പ്രവർത്തിക്കുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഭൂമിയിൽ പതിക്കുന്ന ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങൾ എവിടെ വീഴുമെന്നതിലും ചില ഊഹാപോഹങ്ങളുണ്ട്. 51.7 ഡിഗ്രി വടക്കും തെക്കും അക്ഷാംശങ്ങൾക്കിടയിലോ, ലണ്ടനും കാനഡയിലെ ആൽബെർട്ടയിലെ എഡ്മണ്ടണിനും വടക്കോ, തെക്കേ അമേരിക്കയിലെ കേപ് ഹോണിനടുത്തോ എവിടെയും ബഹിരാകാശ പേടകം വീണ്ടും പ്രവേശിക്കാമെന്നാണ് വിലയിരുത്തലുകൾ. ഭൂമിയുടെ ഭൂരിഭാ​ഗം ഭാ​ഗങ്ങളും വെള്ളമായതിനാൽ സമുദ്രത്തിൽ വീഴാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

content summary: A Soviet-era spacecraft is expected to make an uncontrolled reentry into Earth’s atmosphere soon

Leave a Reply

Your email address will not be published. Required fields are marked *

×