അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരേ നടത്തുന്ന യുദ്ധവും തന്മൂലം ആഗോളതലത്തില്‍ ഉണ്ടാകുന്ന എണ്ണ-വാതക ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയിലുമെല്ലം ലോകത്തിന്റെ ഉത്കണ്ഠ കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന യാഥാര്‍ത്ഥ്യമാണ് ഇറാനിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍. തടവിലാക്കപ്പെട്ട പ്രതിഷേധക്കാര്‍ക്കുനേരെയുള്ള ഭരണകൂട ഭീകരത വര്ദ്ധിക്കുകയാണവിടെ. ജനുവരിയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ അതിവേഗ വധശിക്ഷകളും ക്രൂരമായ പീഡനങ്ങളുമാണ് അരങ്ങേറുന്നത്.
പെയ്വന്ദ് നൈമി എന്ന 30കാരന്റെ ജീവിതം ഇറാനിലെ തടവറകളിലെ ഭീകരതയുടെ സാക്ഷ്യമാണ്. കഴിഞ്ഞ മൂന്ന് മാസമായി തടവിലാണ് അദ്ദേഹം. ഒരു മാസത്തിലധികം നീണ്ട ഏകാന്തവാസത്തിന് അദ്ദേഹത്തെ വിധിച്ചു. കുറ്റസമ്മതത്തിനായി രണ്ടുതവണ കഴുത്തില്‍ കുരുക്കിട്ട് വധശിക്ഷയുടെ വക്കോളമെത്തിച്ചു തിരിച്ചിറക്കിയെന്നും നൈമി നേരിട്ട ക്രൂരതയായി പറയുന്നു.
ക്രൂരമായ ശാരീരിക മര്‍ദ്ദനത്തിനു വിധേയനാക്കിയ നൈമിയെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ചെയ്തു. മനഃശാസ്ത്രപരമായ പീഡനങ്ങള്‍ക്കും അയാളെ വിധേയനാക്കി.
നിയമസഹായം തേടാന്‍ പോലും നൈമിക്ക് അനുവാദം നല്‍കിയിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണം ആഘോഷിച്ചു എന്നാരോപിച്ച് ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുമെന്ന ഭീതിയിലാണ് കുടുംബം.
യുഎസ്-ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ മറവില്‍ ഇറാന് വധശിക്ഷകള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതായി മനുഷ്യാവകാശ സംഘടനയായ ‘ഇറാന് ഹ്യൂമന്‍ റൈറ്റ്സ്’ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 145 പേരുടെ വധശിക്ഷ സ്ഥിരീകരിച്ചു. സ്ഥിരീകരിക്കാത്ത കണക്കുകള്‍ പ്രകാരം ഇത് 400 കടന്നേക്കാം.
19 വയസ്സുകാരനായ ഗുസ്തി താരം സാലിഹ് മുഹമ്മദി ഉള്‍പ്പെടെ മൂന്ന് പേരെ ഈ മാസം പരസ്യമായി തൂക്കിലേറ്റിയിരുന്നു.
വധശിക്ഷയുടെ വിവരങ്ങള്‍ തടവുകാരെയും കുടുംബാംഗങ്ങളെയും മാത്രമേ അറിയിക്കുന്നുള്ളൂ. വെറും 7% വധശിക്ഷകള്‍ മാത്രമാണ് ഔദ്യോഗികമായി പുറംലോകം അറിയുന്നത്.
‘ദൈവത്തിനെതിരെ യുദ്ധം ചെയ്യുക’ എന്നര്‍ത്ഥം വരുന്ന ‘മൊഹാരെബെ’ എന്ന കുറ്റമാണ് പ്രതിഷേധക്കാര്‍ക്കുമേല്‍ പ്രധാനമായും ചുമത്തുന്നത്. 18 വയസ്സുകാരനായ ഷെര്‍വിന്‍ ബഗേരിയന് ജബാലി തനിക്ക് ചുമത്തപ്പെട്ട ഈ കുറ്റത്തിന്റെ അര്‍ത്ഥം ചോദിച്ചപ്പോള്‍ ‘വധശിക്ഷ’ എന്നാണ് ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥന് നല്കിയ മറുപടി.
കുര്‍ദിഷ് വിഭാഗത്തില്‍പ്പെട്ട 18 കാരന് ഡാനിയല്‍ നിയാസി നേരിട്ട പീഡനങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടിരുന്നു. മര്‍ദ്ദനം മൂലം നടക്കാന്‍ പോലും കഴിയാത്ത നിലയിലാണ് നിയാസി. കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ മാതാവിനെയും സഹോദരനെയും ഉപദ്രവിക്കുമെന്നാണ് നിയാസിയെ ഭീഷണിപ്പെടുത്തിയത്.
ഇറാനിലെ ആഭ്യന്തര വിഷയങ്ങള്‍ യുദ്ധം കാരണം ലോകം ശ്രദ്ധിക്കാതെ പോകുന്നുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആശങ്ക. ലോകം എണ്ണവിലയെക്കുറിച്ചും യുദ്ധത്തെക്കുറിച്ചും ആകുലപ്പെടുമ്പോള്‍, ഇറാന് ഭരണകൂടം ജനങ്ങളില്‍ ഭീതി വിതയ്ക്കാന്‍ വധശിക്ഷയെ ആയുധമാക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു.
തടവറകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതിനാലും തടവുകാരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനാലും യഥാര്‍ത്ഥ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Summary: A surge in human rights abuses and executions in Iran, overshadowed by the war. Executions and human rights violations in Iran
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.