July 15, 2025 |
Share on

വിവാഹദിനത്തില്‍ ആമിര്‍ ഖാനെ ‘ ഡിപ്രഷനില്‍’ ആക്കിയ ജാവേദ് മിയാന്‍ദാദ്

ആമിർ ഖാന് അന്ന് 21 തികഞ്ഞിരുന്നില്ല

ബോളിവുഡ് താരം ആമിർ ഖാനും ആദ്യ ഭാര്യ റീന ദത്തയും അയൽക്കാരായിരിക്കെയാണ് തമ്മിൽ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളരുകയും വിവാഹത്തിലെത്തുകയും ചെയ്തു. വീട്ടിൽ എതിർപ്പുകൾ ഉയർന്നതിനാൽ ആരോടും പറയാതെ രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം. അന്നത്തെ ദിവസത്തെ കൗതുകകരമായ ഒരോർമ പങ്കുവെച്ചിരിക്കുകയാണ് ആമിർ ഖാൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ.

ഇരുവർക്കുമിടയിലെ പ്രണയം വീട്ടുകാർ അറിഞ്ഞതോടെ വലിയ എതിർപ്പായി. ആമിർ ഖാനെ കാണില്ലെന്ന് റീന ദത്തയുടെ വീട്ടുകാർ പ്രതിജ്ഞയെടുപ്പിച്ചു. എന്നാൽ, ഇരുവർക്കും തമ്മിൽ കാണാതിരിക്കാൻ കഴിഞ്ഞില്ല. വീട്ടുകാർ എതിർപ്പ് ശക്തമാക്കിയതോടെ പരസ്പരം നഷ്ടപ്പെട്ടുപോകുമോയെന്ന പേടിവന്നു. ഇത് മറികടക്കാനായി രഹസ്യമായി വിവാഹിതരാകാൻ ഇരുവരും ചേർന്ന് തീരുമാനിച്ചു. എന്നാൽ, ആമിർ ഖാന് അന്ന് 21 തികഞ്ഞിരുന്നില്ല. വിവാഹപ്രായമെത്താനായി ഇരുവരും കാത്തിരുന്നു. 1986 മാർച്ച് 14ന് 21 തികഞ്ഞു. ഏതാനും ദിവസങ്ങൾക്ക് ശേഷം ഇരുവരും രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു.

ഏപ്രിൽ 18നായിരുന്നു ആമിർ ഖാനും റീന ദത്തയും വിവാഹം രജിസ്റ്റർ ചെയ്തത്. അന്ന് വീട്ടിൽ തിരിച്ചെത്താൻ ഏറെ വൈകി. ഇരുവരുടെയും വീട്ടുകാർ ഇത് ചോദ്യം ചെയ്യുമെന്നാണ് വിചാരിച്ചത്. എന്നാൽ, അന്ന് ടി.വിയിൽ ഇന്ത്യ-പാകിസ്‌താൻ ക്രിക്കറ്റ് മത്സരം നടക്കുകയായിരുന്നു. രണ്ട് വീടുകളിലും എല്ലാവരും ടി.വിക്ക് മുന്നിൽ ആവേശത്തോടെ കളി കാണുകയായിരുന്നു. ആമിറും റീനയും വൈകി വന്നത് അതുകൊണ്ടുതന്നെ ആരും ശ്രദ്ധിച്ചില്ല. ആമിർ ഖാനും കളി കാണാൻ വീട്ടുകാർക്കൊപ്പമിരുന്നു. എന്നാൽ, ആ മത്സരം വിവാഹദിവസം തന്നെ വിഷാദത്തിലേക്ക് തള്ളിയിട്ടെന്ന് ആമിർ ഖാൻ പറയുന്നു. വിവാഹദിവസത്തെ സന്തോഷം നശിപ്പിച്ചത് പാക് സൂപ്പർ താരം ജാവേദ് മിയാർദാദായിരുന്നു. ഇന്ത്യ ജയിക്കുമായിരുന്ന മത്സരം അവസാന പന്തിൽ നേടിയ സിക്‌സറിലൂടെ മിയാൻദാദ് പാകിസ്താന് നേടിക്കൊടുത്തു. അതോടെ അന്നത്തെ എല്ലാ സന്തോഷവും പോയതായി ആമിർ ഖാൻ പറയുന്നു. ഏറെക്കാലത്തിന് ശേഷം വിമാനയാത്രക്കിടെ മിയാൻദാദിനെ കണ്ടപ്പോൾ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നെന്ന് ആമിർഖാൻ വെളിപ്പെടുത്തി. ‘നിങ്ങളാണെന്റെ വിവാഹദിവസത്തെ സന്തോഷം നശിപ്പിച്ചത്’ എന്നായിരുന്നു തമാശരൂപേണ പറഞ്ഞത്. എങ്ങനെയെന്ന് മിയാൻദാദ് ചോദിച്ചു. ‘നിങ്ങളുടെ സിക്സർ എന്നെ വിഷാദത്തിലേക്ക് തള്ളിയിട്ടു’ എന്ന് താൻ മറുപടി നൽകിയതായി ആമിർഖാൻ പറയുന്നു.

ആ സംഭവം നടന്ന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ആമിറും റീന ദത്തയും രഹസ്യമായി വിവാഹം ചെയ്തതത് വീട്ടുകാർ അറിയുന്നത്. ആമിർ അന്ന് വലിയ താരമായിരുന്നില്ല. റീനയുടെ വീട്ടുകാർ കടുത്ത എതിർപ്പുയർത്തി അവളുമായുള്ള ബന്ധം തന്നെ ഉപേക്ഷിച്ചു. റീനയുടെ പിതാവിന് ഹൃദയാഘാതമുണ്ടായി. പിന്നീട് വളരെ പതുക്കെ റീനയുടെ വീട്ടുകാർ ബന്ധം അംഗീകരിച്ചത്. ആമിർ ഖാന്റെ ഇളയ സഹോദരി ഹർഹാത്, റീനയുടെ സഹോദരൻ രാജീവിനെ വിവാഹം ചെയ്തു. ഇതോടെ റീനയുടെ പിതാവ് ആമിർ ഖാനുമായി ഏറെ അടുത്തു. ആമിർ ഖാനും റീന ദത്തയും തമ്മിലുള്ള വിവാഹബന്ധം 16 വർഷം നീണ്ടുനിന്നു. 2002ൽ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. ജുനൈദ് ഖാനും ഇറ ഖാനും ഇവരുടെ മക്കളാണ്.

content summary: Aamir Khan claims that Pakistani cricketer Javed Miandad disrupted his wedding with Reena Dutta

Leave a Reply

Your email address will not be published. Required fields are marked *

×