കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച രാജി സമർപ്പിച്ചു. മോദി സർക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങളും ഭരണരീതിയും വിലയിരുത്തുമ്പോൾ തികച്ചും അപ്രതീക്ഷിതവും അവിശ്വസനീയവുമായ ഒരു നീക്കമായാണ് ഇത് കാണപ്പെടുന്നത്. എന്നാൽ സംഭവത്തോട് പ്രതികരിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഭരണപരമായ ഉത്തരവാദിത്തം എന്ന ആശയത്തെത്തന്നെ പരിഹസിക്കുന്ന രീതിയിലുള്ള സമീപനമാണ് സ്വീകരിച്ചത്. ചെയ്ത തെറ്റിന് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുക എന്ന ജനാധിപത്യ മര്യാദയെ കളിയാക്കുന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പന്ത്രണ്ട് വർഷമായി ആരാലും ചോദ്യം ചെയ്യപ്പെടാനാകാത്ത ഒന്നായി തുടർന്ന മോദി സർക്കാരിന്റെ പ്രതിച്ഛായയെ തകർത്തുകൊണ്ട്, വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ശക്തമായ ജനരോഷത്തെ തുടർന്ന് ഗത്യന്തരമില്ലാതെയാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രതിഷേധങ്ങളെ ശക്തി ഉപയോഗിച്ച് അടിച്ചമർത്തുന്ന സർക്കാരിന്റെ പതിവ് ശൈലിയെ മറികടന്ന യുവാക്കൾ, മന്ത്രിയുടെ രാജിക്ക് പുറമെ സമാധാനപരമായി സമരം ചെയ്തവർക്കെതിരെ അനധികൃതമായെടുത്ത കേസുകൾ പിൻവലിക്കാനും, പരീക്ഷാ ക്രമക്കേടുകൾ മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും, പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനും സർക്കാരിനെക്കൊണ്ട് സമ്മതിപ്പിച്ച ശേഷമാണ് സമരത്തിന് അന്ത്യംകുറിച്ചത്.
മോദി സർക്കാരിന്റെ വാഗ്ദാനങ്ങൾ എപ്പോഴും വെള്ളത്തിൽ വരച്ച വര പോലെയാണെന്നും, പ്രക്ഷോഭങ്ങൾ ഒതുക്കിത്തീർക്കാനും തെരുവിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും നൽകുന്ന ഉറപ്പുകൾ പിന്നീട് പാലിക്കപ്പെടുമോ എന്ന് വരുംദിവസങ്ങളിൽ കണ്ടറിയണമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്കിലും, ഈ നീക്കത്തിലൂടെ ഒടുവിൽ ജനങ്ങൾക്ക് മുന്നിൽ മറുപടി പറയാൻ കേന്ദ്ര ഭരണകൂടം നിർബന്ധിതരായിരിക്കുന്നു എന്നത് വ്യക്തമാണ്.
തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അംഗീകരിക്കാൻ സർക്കാർ ഇപ്പോഴും തയ്യാറല്ലെന്നതിന് തെളിവാണ് ധർമേന്ദ്ര പ്രധാന്റെ രാജിസന്ദേശം. പരീക്ഷാ തട്ടിപ്പിൽ വിദ്യാർത്ഥികളുടെ ജീവിതം തകർന്നതിൽ ഖേദം പ്രകടിപ്പിക്കുന്നതിന് പകരം, യുവാക്കളെ ‘നിയമക്കുരുക്കുകളിൽ’ നിന്ന് രക്ഷിക്കാനും ‘ദേശവിരുദ്ധ ശക്തികൾ’ സമരം കൈയടക്കുന്നത് തടയാനുമുള്ള ഒരു വലിയ ‘ത്യാഗ’മായാണ് അദ്ദേഹം തന്റെ രാജിയെ സ്വയംവിശേഷിപ്പിച്ചത്. തുടർന്ന് അമിത് ഷാ, രാജ്‌നാഥ് സിംഗ്, യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ മന്ത്രിയെ പ്രകീർത്തിച്ച് രംഗത്തെത്തുകയും ചെയ്തു. പോലീസിനെയും സേനയേയും ഉപയോഗിച്ച് നരനായാട്ടിന് സമമായി സമരത്തെ നേരിട്ട സർക്കാർ, ഇപ്പോൾ തങ്ങളെ വിദ്യാർത്ഥികളുടെ രക്ഷകരായി പുനഃചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. എങ്കിലും, സർക്കാരിന്റെ ഗൂഢതന്ത്രങ്ങളെയും പ്രതിരോധത്തെയും മറികടന്ന് ജനകീയ പ്രതിഷേധം വിജയം കണ്ടുവെന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം.
എത്രയൊക്കെ വാക്കുകൾ കൊണ്ട് മറച്ചുവെക്കാൻ ശ്രമിച്ചാലും വസ്തുതകൾ ഒരിക്കലും മാഞ്ഞുപോകില്ല. ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് യുവാക്കളെ സംരക്ഷിക്കണമെന്ന തോന്ന്യവാദം ഉള്ളിലുണ്ടായതുകൊണ്ടല്ല; മറിച്ച് സമരം ചെയ്ത യുവാക്കൾ എത്രയൊക്കെ ശ്രമിച്ചിട്ടും പിന്മാറാൻ തയ്യാറാകാതിരുന്നതുകൊണ്ട് മാത്രമാണ്. സർക്കാർ പടുത്തുയർത്തിയ പ്രതിരോധത്തിന്റെ ഭിത്തിയിൽ വീണ ഏറ്റവും വലിയ വിള്ളലാണിത്. എങ്ങനെയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഇതിനെ മറയ്ക്കാൻ കഴിയില്ല.
തിഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ ജനങ്ങൾ മിണ്ടാതിരിക്കണം എന്നതാണ് മോദി സർക്കാരിന്റെ ജനാധിപത്യ സങ്കൽപ്പം. ചോദ്യങ്ങൾ ചോദിക്കാതെ അനുസരിക്കുക മാത്രമാണ് പൗരന്മാരുടെ കടമയെന്ന് സർക്കാർ കരുതുന്നു. പരാതികളുമായി ആരെങ്കിലും ശബ്ദമുയർത്തിയാൽ, അവരെ ‘ദേശവിരുദ്ധർ’ എന്നും ‘വിദേശ ശക്തികളുടെ ഏജന്റുകൾ’ എന്നും മുദ്രകുത്തി പോലീസിനെ വിട്ട് അടിച്ചമർത്തുകയാണ് പതിവ്.
ചോദ്യപേപ്പർ ചോരുമ്പോഴും ക്രമക്കേടുകൾ നടക്കുമ്പോഴും ‘അന്വേഷണം പ്രഖ്യാപിച്ചു’, ‘കമ്മിറ്റിയെ നിയോഗിച്ചു’ എന്നൊക്കെയുള്ള സ്ഥിരം മറുപടികൾക്കപ്പുറം, “ആരാണ് ഇതിന് ഉത്തരവാദി?” എന്ന പ്രധാന ചോദ്യത്തിന് സർക്കാർ മറുപടി പറയാറില്ല. കാരണം, അധികാരം ഭരണാധികാരികളിൽ മാത്രം കേന്ദ്രീകരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.
പക്ഷെ, ഇത്തവണ സ്ഥിതിഗതികൾ മാറിമറഞ്ഞു. വോട്ട് ചെയ്യുന്ന ദിവസം മാത്രമല്ല, എല്ലാ ദിവസവും ഭരണാധികാരികൾ ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന് ധർമേന്ദ്ര പ്രധാന്റെ രാജിയോടെ തെളിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ആരാണ് രാജിവെച്ചത് എന്നതിനപ്പുറം രാജിയുടെ രാഷ്ട്രീയ പ്രാധാന്യം വളരെ വലുതാണ്.
മോദി സർക്കാരിനെതിരെ ജനങ്ങൾ നേടിയ വിജയങ്ങൾ ചരിത്രപരമായ യാഥാർത്ഥ്യമാണ്. ഈ വിജയങ്ങളെ മറന്നുപോകുന്നത് ഭരണകൂടം അജയ്യരാണ് എന്ന സർക്കാരിന്റെ പ്രചാരണത്തിന് കൂടുതൽ ബലം പകരുക മാത്രമേ ചെയ്യൂ. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2020-ൽ പാർലമെന്റിൽ ദ്രുധഗതിയിൽ പാസാക്കിയ മൂന്ന് കർഷക നിയമങ്ങൾക്കെതിരെ ഉയർന്ന ശക്തമായ പ്രതിരോധം. അത്യന്താപേക്ഷിതമെന്ന് സർക്കാർ അവകാശപ്പെട്ട ഈ നിയമങ്ങൾ, ഒരു വർഷത്തോളം നീണ്ട കർഷകരുടെ നിരന്തര സമരത്തിന് മുന്നിൽ മുട്ടുകുത്തി പിൻവലിക്കാൻ നിർബന്ധിതരായി. അത് വെറുമൊരു പ്രഹസനമായിരുന്നില്ല, മറിച്ച് സംഘടിതമായ ജനകീയ മുന്നേറ്റത്തിന് മുന്നിൽ ഭരണകൂടം ഏറ്റുവാങ്ങിയ യഥാർത്ഥ പരാജയമായിരുന്നു. എന്നാൽ, ഈ പിന്മാറ്റത്തിൽ സർക്കാർ സ്വീകരിച്ച ശൈലി വളരെ ശ്രദ്ധേയമാണ്. വരാനിരിക്കുന്ന നിർണായക സംസ്ഥാന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുകൊണ്ട്, തങ്ങളുടെ ഹൃദയവിശാലത കൊണ്ടും മഹത്വം കൊണ്ടുമാണ് നിയമങ്ങൾ പിൻവലിക്കുന്നത് എന്ന് വരുത്തിത്തീർക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.
“എന്റെ പ്രിയപ്പെട്ട സഹോദരങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു. നല്ല ഉദ്ദേശ്യത്തോടെയായിരുന്നിട്ടും, വിളക്കിന്റെ വെളിച്ചം പോലെ പരിശുദ്ധമായിരുന്ന നിയമങ്ങളുടെ പ്രാധാന്യം നിങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്തത് ഞങ്ങളുടെ കുറവുകൊണ്ടായിരിക്കാം.”എന്നായിരുന്നു അന്ന് നരേന്ദ്ര മോദിയുടെ പ്രതികരണം.
സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും; നിയമങ്ങൾ റദ്ദാക്കുകയും നയങ്ങൾ തിരുത്തുകയും ചെയ്തപ്പോഴും, ഈ വീഴ്ചയുടെ ഉത്തരവാദിത്തം വ്യക്തിപരമായി ആരും ഏറ്റെടുക്കാൻ സർക്കാർ അനുവദിച്ചില്ല. എന്നുമാത്രമല്ല മാധ്യമങ്ങളുടെ സഹായത്തോടെ ഈ തിരിച്ചടിയെ വേഗത്തിൽ മറച്ചുവെച്ച ഭരണകൂടം, നേതാക്കളുടെ പ്രതിച്ഛായ അപ്പോഴും കാത്തുസൂക്ഷിക്കുകയാണ് ചെയ്തത്.
ജനകീയ പ്രക്ഷോഭങ്ങളും കോവിഡും: അജയ്യത എന്ന മിഥ്യ
2019-ലും 2020-ലും രാജ്യത്തുണ്ടായ ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ച് ചിന്തിച്ചുനോക്കുമ്പോൾ. തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വേതന കുടിശ്ശിക, പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ പൗരത്വ രജിസ്റ്റർ (NRC) ഉണ്ടാക്കിയ ഭീതി പോലുള്ള പലതരത്തിലുള്ള കാരണങ്ങളാൽ ഒന്നുചേർന്ന തൊഴിലാളികളെയും കർഷകരെയും വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രൊഫഷണലുകളെയുമെല്ലാം ഇന്ത്യ അന്ന് കണ്ടു.
ജനകീയ പ്രക്ഷോഭങ്ങൾ രാജ്യത്തുടനീളം ഇത്രയധികം മേഖലകളിലേക്ക് പടർന്നുപന്തലിച്ചതാണ് ആ സമരത്തിന്റെ ശക്തിയെന്നാണ് അന്ന് കരുതിയത്. ആറു വർഷങ്ങൾക്കിപ്പുറവും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്; എങ്കിലും, ആ വ്യാപ്തി തന്നെയാണ് സമരത്തിന്റെ ബലഹീനതയായി മാറിയതെന്നും ഇന്ന് മനസ്സിലാകും. പൗരത്വ ഭേദഗതി നിയമമായിരുന്നു പ്രക്ഷോഭത്തിന് കാരണമായതെങ്കിലും, കാലക്രമേണ സർക്കാരിനെതിരെയുള്ള എല്ലാ അതൃപ്തികളും ഒഴുകിയെത്തുന്ന സംഗമഭൂമിയായി ആ സമരം മാറി. ഭരണകൂടം ഒറ്റപ്പെടുത്തിയ ആളുകൾക്ക് പരസ്പരം കണ്ടെത്താനും, ദുരിതമനുഭവിക്കുന്നവരുടെ ഒരു കൂട്ടായ്മയായി മാറാനും അത് വഴിയൊരുക്കി.
എന്നാൽ, സർക്കാരിനോടുള്ള എല്ലാത്തരം പരാതികളും ഉൾക്കൊള്ളുന്ന ഒരു പ്രക്ഷോഭത്തെ, ഏതെങ്കിലും ഒരു ആനുകൂല്യം നൽകി തൃപ്തിപ്പെടുത്താൻ കഴിയില്ല. മാത്രമല്ല അന്നത്തെ സമരങ്ങളെ വെറുതെ ഭാവനാത്മകമായി പുകഴ്ത്തുന്നത് യാഥാർത്ഥ്യങ്ങളെ മൂടിവെക്കാനേ സഹായിക്കൂ. കാരണം, സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും, തല്ലിച്ചതയ്ക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് 2020 മാർച്ചിൽ, ഭരണകൂടത്തിന്റെ അതിക്രമങ്ങൾക്ക് ചെയ്യാൻ കഴിയാതിരുന്നത് കോവിഡ് മഹാമാരി ചെയ്തു — അത് തെരുവുകളെ വിജനമാക്കി. ലോക്ക്ഡൗണിന്റെ മറവിൽ ഷഹീൻ ബാഗും അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നടന്ന നൂറുകണക്കിന് ധർണ്ണകളും അധികാരികൾ ഒഴിപ്പിച്ചു. അങ്ങനെ, മറ്റ് മാർഗ്ഗങ്ങളിലൂടെ അവസാനിപ്പിക്കാൻ കഴിയാതിരുന്ന ഒരു വലിയ ജനകീയ മുന്നേറ്റത്തിന് കോവിഡ് എന്ന മഹാമാരി അന്ത്യം കുറിച്ചു. ഒരു ജനകീയ സമരം തടസ്സപ്പെട്ടു; ആ തടസ്സം പിന്നീട് പരാജയമായി ചിത്രീകരിക്കപ്പെട്ടു; ആ പരാജയം മോദിയുടെ ‘ചോദ്യം ചെയ്യപ്പെടാനാകാത്ത അജയ്യത’ എന്ന മിഥ്യാധാരണയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. അന്നുമുതൽ, ആ മിഥ്യാധാരണയുടെ കരുത്തിലാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്.
അധിക്ഷേപങ്ങളിൽ നിന്ന് ഉയർന്ന പോരാട്ടം
അധിക്ഷേപവും അവഹേളനവും അതിരു കടന്നപ്പോഴാണ് സി.ജെ.പി-യുടെ (Cockroach Janta Party) ജനകീയ പ്രക്ഷോഭത്തിന് തുടക്കമായത്.
മാധ്യമരംഗത്തും സാമൂഹിക സേവനത്തിലും സജീവമാകുന്ന തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോടും’ ‘പരാന്നഭോജികളോടും’ ഉപമിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സംസാരിച്ചതായി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അഭിജിത് ദിപ്‌കെ എന്ന യുവാവ് ഒരു വലിയ പ്രക്ഷോഭത്തിന് തിരികൊളുത്തിയ ആ ചോദ്യം ഉന്നയിച്ചത്.
‘യോഗ്യത’ എന്ന വാക്കിനെക്കുറിച്ച് വലിയ മഹത്വവചനങ്ങൾ കേട്ടാണ് ഒരു തലമുറ ഇവിടെ വളർന്നത്. “പഠിക്കൂ, മത്സരിക്കൂ, കഠിനാധ്വാനം ചെയ്യൂ, സൗജന്യങ്ങൾ ചോദിക്കരുത്, പരീക്ഷയെഴുതി സ്വന്തം കഴിവുകൊണ്ട് മുന്നേറൂ” എന്ന് ലോകം നിരന്തരം അവരെ പഠിപ്പിച്ചു. ദശലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഈ ഉറപ്പിൽ തങ്ങളുടെ ജീവിതം കെട്ടിപ്പടുത്തത്. മക്കളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ വസ്തുവകകൾ വിറ്റും, കടമെടുത്തും, സ്വന്തം ആവശ്യങ്ങൾ മാറ്റിവെച്ചും പണം കണ്ടെത്തി. യുവാക്കൾ കോച്ചിംഗ് കേന്ദ്രങ്ങളുള്ള നഗരങ്ങളിലേക്ക് ചേക്കേറി; ഇടുങ്ങിയ മുറികളിൽ കഴിഞ്ഞ്, ഉറക്കം പോലും ഉപേക്ഷിച്ച് അവർ പഠിച്ചു.
എന്നാൽ അതിനിടയിലാണ് ചോദ്യപേപ്പറുകൾ ചോർന്നത്! ചോദ്യങ്ങൾ ലേലം വിളിച്ച് വാങ്ങുകയും, പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ വർഷങ്ങളുടെ കഠിനാധ്വാനം യാതൊരു വിലയുമില്ലാതെ തച്ചുടയ്ക്കപ്പെടുകയും ചെയ്തു. യോഗ്യതയെക്കുറിച്ച് യുവാക്കളെ ഉപദേശിച്ച ഭരണകൂടത്തിന് പക്ഷേ, പരീക്ഷകളിലെ സുതാര്യത കാത്തുസൂക്ഷിക്കാൻ കഴിഞ്ഞില്ല. നൈരാശ്യത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയ ആ തലമുറയിൽ അഭിജിത് ദിപ്‌കെയുടെ വാക്കുകൾ വലിയ തരംഗമായി മാറി. അവർ തെരുവിലിറങ്ങിയപ്പോൾ, “പ്രതിഷേധക്കാർക്ക് വിദേശശക്തികളുടെ പിന്തുണയുണ്ട്, അവർ ദേശവിരുദ്ധരാണ്, ആഗോള ഗൂഢാലോചനയുടെ ഭാഗമാണ്” എന്നിങ്ങനെ ഭരണകൂടത്തിന്റെ പ്രതികരണം പതിവുപല്ലവി തന്നെയായിരുന്നു.
എന്നാൽ, ഈ പ്രക്ഷോഭത്തിൽ വെച്ച് അത്തരം ഒരു ‘ദേശവിരുദ്ധ ശക്തി’ എന്ന് മുദ്രകുത്തിയ വ്യക്തി തന്നെത്തന്നെ പരിചയപ്പെടുത്തി. മനീഷ് കുമാർ എന്നാണ് അദ്ദേഹത്തിന്റെ പേര്. ബിഹാറിലെ ഗയ ജില്ലക്കാരനാണ്. ബ്ലിങ്കിറ്റിൽ (Blinkit) ദിവസവും പത്തു മണിക്കൂർ ജോലി ചെയ്യുന്ന അദ്ദേഹം, ഒഴിവ് കിട്ടുന്ന മണിക്കൂറുകളിലാണ് പഠിക്കുന്നത്; സ്വന്തം കുടുംബത്തിന്റെ വിശപ്പടക്കാൻ കഷ്ടപ്പെടുന്ന ഒരാൾ. ജൂലൈ 12-ന് ഇന്ത്യൻ ആർമിയിലേക്ക് നടന്ന പരീക്ഷ എഴുതിയ അദ്ദേഹത്തിന് വെറും ഒറ്റ മാർക്കിനാണ് അവസരം നഷ്ടമായത്.
രാജ്യം ആവശ്യപ്പെടുന്നതെല്ലാം അനുസരിച്ചിട്ടും പുരോഗതിയുടെ വാതിലുകൾ കൊട്ടിയടക്കപ്പെടുന്ന, ‘ഒരിക്കലും ഒന്നും ലഭിക്കാത്തവരുടെ’ വലിയ സമൂഹത്തിന്റെ പ്രതിനിധിയാണ് മനീഷ്.
അദ്ദേഹത്തിന്റെ ആരോപണം തികച്ചും ലളിതവും എന്നാൽ ഭരണകൂടത്തെ തുലാസിലാക്കുന്നതുമാണ്: “പണം കൊടുത്ത് സീറ്റുകൾ വാങ്ങാൻ കഴിയുമെങ്കിൽ, പിന്നെന്തിനാണ് ഒരു വിദ്യാർത്ഥിയുടെ കഴിവിനെ പരീക്ഷിക്കുന്നത് ? അവന്റെ അറിവിനെയാണോ, അതോ അറിവില്ലായ്മയെ മറികടക്കാനുള്ള പണത്തിന്റെ ശേഷിയെയാണോ ഇവിടെ അളക്കുന്നത്?”
“ഞങ്ങൾ ഇവിടെ അടിപിടികൂടാൻ വന്നതല്ല,” മനീഷ് പറഞ്ഞു. “ഞങ്ങൾ വിദ്യാർത്ഥികളാണ്. പഠിച്ച് നേടിയ വിദ്യയുടെ പിൻബലത്തിലാണ് ഞങ്ങൾ പോരാടുന്നത്.” ഗൂഢാലോചന വാദങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് മനീഷിന്റെ വാക്കുകൾ. ഭരണകൂടം ആരോപിക്കുന്ന ‘വിദേശ ശക്തി’ എന്നാൽ ബിഹാറിലെ ഒരു പാവപ്പെട്ട തൊഴിലാളിയായ, കുടുംബം പുലർത്താൻ പത്തു മണിക്കൂർ ജോലി ചെയ്ത്, രാത്രിയിൽ പഠിച്ച്, ഈ രാജ്യത്തെ സേവിക്കാനായി ആർമി യൂണിഫോം സ്വപ്നം കാണുന്ന ഒരു ചെറുപ്പക്കാരനല്ലാതെ മറ്റാരാണ്?
ജന്തർ മന്തറിൽ തടിച്ചുകൂടിയ മനീഷിനെയും അദ്ദേഹത്തെപ്പോലുള്ള ലക്ഷക്കണക്കിന് യുവാക്കളെയും ഇല്ലാതാക്കാനാണ് ‘ആഗോള ഗൂഢാലോചന’ ആരോപണങ്ങൾ ഉപയോഗിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന പൗരന്മാരെ അവഗണിച്ച്, അവർക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും അദൃശ്യശക്തിയെ തിരയാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഏകാധിപത്യ ഭരണകൂടങ്ങൾ ഉപയോഗിക്കുന്ന കാലപ്പഴക്കം വന്ന തന്ത്രം മാത്രമാണിത്. തങ്ങളുടെ വക്താക്കളിലൂടെയും മാധ്യമങ്ങളിലൂടെയും ഇത്തരം പഴഞ്ചൻ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത് ഭരണകൂടം ഇപ്പോഴും തുടരുകയാണ്.
ഡൽഹിയിൽ നടന്ന സംഭവങ്ങളെ ഭരണകൂടം ചിത്രീകരിക്കുന്നത് രാജ്യത്തെ ക്രമസമാധാനം തകർക്കാനുള്ള ശ്രമമായാണ്. തുടർച്ചയായി ചോദ്യപേപ്പറുകൾ ചോർന്നപ്പോൾ ഈ രാജ്യത്ത് ഒന്നും സംഭവിച്ചില്ല! കോഴ കൊടുത്ത് സീറ്റുകൾ വിറ്റപ്പോഴും റിപ്പബ്ലിക് തകർന്നില്ല. അഴിമതി നിറഞ്ഞ സംവിധാനത്തിൽ പെട്ട് കുടുംബങ്ങൾ വലഞ്ഞപ്പോഴും, അവരുടെ മക്കളുടെ ജീവിതം തകർന്നടിഞ്ഞപ്പോഴും “അന്വേഷണം പ്രഖ്യാപിച്ചു” എന്ന ഒറ്റ മറുപടികൊണ്ട് സർക്കാർ കൈകഴുകി. എന്നാൽ, തങ്ങളനുഭവിച്ച അനീതിക്കെതിരെ പരാതിക്കാരായ ആയിരക്കണക്കിന് ആളുകൾ സംഘടിച്ച് തെരുവിലിറങ്ങുകയും, അതവഗണിക്കാനാവാത്ത വിധം വലിയ പ്രതിഷേധമായി മാറുകയും ചെയ്തപ്പോൾ മാത്രമാണ് സർക്കാരിനത് അരാജകത്വമായി തോന്നിയത്!
ആയിരക്കണക്കിന് യുവാക്കളാണ് ഡൽഹിയിലേക്ക് ഒഴുകിയെത്തിയത്. ബാരിക്കേഡുകളും ലാത്തിച്ചാർജും കണ്ണീർവാതകവും ഉപയോഗിച്ചാണ് പോലീസ് അവരെ നേരിട്ടത്. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റതായി വൈദ്യപരിശോധനാ റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും പോലീസ് അത് നിഷേധിച്ചു. മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി, ഇന്റർനെറ്റ് വിച്ഛേദിച്ചു. തങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് നേരെ ജനങ്ങൾ നീങ്ങിയപ്പോൾ, ജനാധിപത്യത്തിന് തന്നെ ഭീഷണിയുണ്ടായി എന്ന മട്ടിലാണ് ഭരണകൂടം അതിനോട് പ്രതികരിച്ചത്.
എന്നാൽ, ഒരു കാര്യമുണ്ട്: സ്വന്തം ജനങ്ങളിലും നിലനിൽപ്പിലും പൂർണ്ണ വിശ്വാസമുള്ള ഒരു ഭരണകൂടത്തിന് ഇത്തരത്തിൽ പൗരന്മാരെ അടിച്ചമർത്തി ഇല്ലാതാക്കേണ്ടി വരില്ല. മെട്രോ സ്റ്റേഷനുകളും വാർത്താവിനിമയ സംവിധാനങ്ങളും അടച്ചുപൂട്ടുകയും, പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുകയും, ആയുധമേന്തിയ നിയമപാലകരെ ജനങ്ങൾക്ക് നേരെ തിരിച്ചുവിടുകയും ചെയ്തപ്പോൾ സർക്കാർ ശരിക്കും പ്രകടിപ്പിച്ചത് തങ്ങളുടെ ഭയമായിരുന്നു! ജനങ്ങൾ തങ്ങളുടെ അവകാശങ്ങളെയും ശക്തിയെയും കുറിച്ച് ബോധവാന്മാരായാൽ, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഭരണാധികാരികളെ സംരക്ഷിച്ചു നിർത്തുന്ന ആ പ്രതിരോധത്തിന്റെ മതിൽ തകരുമെന്ന ഭയം.
ഈ സമരത്തെ ഒരു സിനിമാക്കഥ പോലെ ചിത്രീകരിക്കാൻ എളുപ്പമാണ്: ഒരു അധിക്ഷേപ പരാമർശം ഉണ്ടാകുന്നു, അതിനെതിരെയുള്ള കളിയാക്കൽ ഒരു ആഹ്വാനമായി മാറുന്നു, ജനങ്ങൾ തെരുവിലിറങ്ങുന്നു, ഒടുവിൽ ഭരണകൂടത്തിന്റെ സർവ്വ സന്നാഹങ്ങളെയും മറികടന്ന് മന്ത്രിയെകൊണ്ട് രാജിവെപ്പിക്കുന്നു.
എന്നാൽ ഈ സമരം വിജയിച്ചതിന്റെ യഥാർത്ഥ കാരണം പരിശോധിക്കേണ്ടതുണ്ട്. ധർമേന്ദ്ര പ്രധാനിന്റെ രാജി, ക്രമക്കേടുകൾ മൂലം ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, പോലീസ് അടിച്ചമർത്തലുകളിൽ നിന്ന് സംരക്ഷണം, വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കൽ, ക്രമക്കേട് നിറഞ്ഞ പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കാരം തുടങ്ങി വിദ്യാർത്ഥികൾക്ക് മുന്നിൽ നിരവധി ആവശ്യങ്ങളുണ്ടായിരുന്നു. പരീക്ഷാ സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാതെ ഒരു മന്ത്രിയുടെ രാജി കൊണ്ട് മാത്രം ഒന്നും മാറില്ലെന്ന് പ്രക്ഷോഭകർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നെങ്കിലും, സർക്കാരിന്റെ ആത്മാർത്ഥത അളക്കാനുള്ള പ്രധാന മാനദണ്ഡമായി (Litmus Test) മന്ത്രിയുടെ രാജിയെത്തന്നെയാണ് വിദ്യാർത്ഥികൾ മുന്നോട്ടുവെച്ചത്.
പ്രതിഷേധം ശക്തമായപ്പോൾ സർക്കാർ തങ്ങളുടെ പതിവ് തന്ത്രങ്ങൾ പുറത്തെടുത്തു: “പഠന സമിതികൾ” പ്രഖ്യാപിച്ചു, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പറഞ്ഞു, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി. ഉത്തരവാദിത്തങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും, ചെറിയ ആനുകൂല്യങ്ങൾ നൽകി ഒത്തുതീർപ്പിലെത്താനും ഭരണകൂടം എപ്പോഴും ഉപയോഗിക്കാറുള്ള തന്ത്രമാണിത്. എന്നാൽ ഇത്തവണ അത് ഫലിച്ചില്ലെന്ന് മാത്രമല്ല, മന്ത്രി രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ തറപ്പിച്ചുപറഞ്ഞു. ഭരണകൂടത്തിന് നൽകിയ ആനുകൂല്യങ്ങൾ കൊണ്ടോ പാതിരാത്രിയിലെ ഇൻസ്റ്റാഗ്രാം റീലുകൾ കൊണ്ടോ തങ്ങളെ തൃപ്തിപ്പെടുത്താനാവില്ലെന്നും, ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ എന്നും യുവജനം സർക്കാരിനോട് വ്യക്തമായി പറഞ്ഞു.
ഒരു മന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റുക എന്നത് സർക്കാരിനെ സംബന്ധിച്ച് വലിയ ത്യാഗമൊന്നുമല്ല. എന്നാൽ, ഈ രാജി വെറുമൊരു കാര്യമായിരുന്നില്ല. പലതരത്തിലുള്ള മുഠട്ടാപ്പോക്ക് വാദങ്ങൾ പറഞ്ഞ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയിരുന്ന ഒരു സംവിധാനത്തെക്കൊണ്ട്, അവരുടെ വീഴ്ചയുടെ യഥാർത്ഥ ഉത്തരവാദികളെക്കൊണ്ട് പരസ്യമായി ഉത്തരവാദിത്തം ഏറ്റെടുപ്പിക്കാൻ ഈ സമരത്തിന് കഴിഞ്ഞു. അഞ്ചുവർഷത്തിലൊരിക്കൽ വോട്ട് ചോദിക്കുമ്പോൾ മാത്രമല്ല, എപ്പോഴും തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളോട് മറുപടി പറയാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന തത്വം അംഗീകരിക്കാൻ ഭരണകൂടം നിർബന്ധിതരായി. ഇതൊരു ചെറിയ വിജയമാണെന്നും, സിസ്റ്റം മാറിയിട്ടില്ലെന്നും ചിലർ വാദിച്ചേക്കാം. എന്നാൽ ജനകീയ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ് ഭരണകൂടത്തിന്റെ പ്രതിരോധ ഭിത്തികളെ തകർത്തു കളഞ്ഞു. നിരന്തരമായ ജനകീയ സമ്മർദ്ദത്തിന് സർക്കാരിനെ തിരുത്താൻ കഴിയുമെന്ന വലിയ പാഠമാണ് ഈ സമരം നൽകുന്നത്.
പൗരത്വത്തിന്റെ വിജയം
മന്ത്രിയുടെ രാജിയിലൂടെ സർക്കാരിന്റെ പരമ്പരാഗതമായ അടിച്ചമർത്തൽ ശൈലിയിൽ വലിയൊരു മാറ്റമാണ് വന്നിരിക്കുന്നത്. ഈ രാജി ഒരു അവസാനമല്ല, മറിച്ച് ഒരു തുടക്കം മാത്രമാണ്. രാജി കൊണ്ടുമാത്രം കാര്യങ്ങൾ പൂർണ്ണമാകുന്നില്ല എന്നത് സത്യമാണ്; എങ്കിലും മാറ്റത്തിന്റെ പ്രാധാന്യത്തെ കുറച്ചുകാണാൻ കഴിയില്ല. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ജനങ്ങൾ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്.
ഓരോ വിജയത്തിന് ശേഷവും അത് നേടിത്തരാത്ത കാര്യങ്ങളുടെ പട്ടിക നിരത്തി വരാൻ പോകുന്ന മാറ്റങ്ങളെ നിസ്സാരവൽക്കരിക്കുന്ന ഒരു ശീലം നമ്മൾക്കുണ്ട്. തെരുവിലെ ഒറ്റ സമരം കൊണ്ട് തകർന്ന് തരിപ്പണമായിരിക്കുന്ന ഒരു റിപ്പബ്ലിക്കിനെ ധ്രുതഗതിയിൽ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്ന് നമ്മൾ മറന്നുപോകുന്നു. അധികാരത്തിലിരിക്കുന്നവർ ജനങ്ങളോട് പെരുമാറുന്ന രീതി മാറ്റാൻ ഈ സമരത്തിന് കഴിഞ്ഞോ എന്ന് പരിശോധിക്കലാണ് ഇനി പ്രധാനം. ‘കഴിഞ്ഞു’ എന്ന് തന്നെയാണ് ഇതിനുള്ള ഉത്തരം. കാരണം ജനങ്ങളോട് മാത്രം സംസാരിച്ചിരുന്ന സർക്കാരിനെ ജനങ്ങളുമായി സംസാരിക്കാൻ സമരം നിർബന്ധിതരാക്കി, ഉറപ്പുകൾ വാങ്ങി. എല്ലാറ്റിനുമുപരിയായി, പൗരന്മാർ രാഷ്ട്രീയമായി നിശ്ശബ്ദരായിരിക്കേണ്ടവരല്ലെന്ന് നമ്മെ ഓർമ്മിപ്പിച്ചു.
സി.ജെ.പി സമരത്തിന്റെ ഏറ്റവും വലിയ വിജയം ഇതുതന്നെയാണ്. അഞ്ചുവർഷത്തിലൊരിക്കൽ വോട്ടുചെയ്യാൻ മാത്രം എത്തുന്ന, വോട്ട് ചെയ്ത് കഴിഞ്ഞാൽ വീട്ടിലിരിക്കേണ്ട വെറുമൊരു വോട്ടറായി പൗരനെ മാറ്റാനാണ് ഈ ഭരണകൂടം ശ്രമിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷവും ചോദ്യങ്ങൾ ചോദിക്കുന്ന, ജനങ്ങളെ സംഘടിപ്പിക്കുന്ന, ആവശ്യമെങ്കിൽ ഭരണാധികാരികൾ തങ്ങളുടെ കടമകൾ വേണ്ട വിധത്തിൽ നിറവേറ്റാതെ വരുമ്പോൾ അതിന്റെ ഉത്തരവാദിത്തം ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്ന ചിന്തിക്കുന്ന പൗരനാണ് തങ്ങളെന്ന് ഈ സമരം പ്രഖ്യാപിച്ചു.
മനീഷ് കുമാർ എന്ന ചെറുപ്പക്കാരൻ പറഞ്ഞതുപോലെ, തിരഞ്ഞെടുപ്പ് സമയത്ത് പിച്ചച്ചട്ടിയുമായി വോട്ട് ചോദിക്കാൻ വരുന്ന രാഷ്ട്രീയക്കാർ, ജയിച്ചുകഴിഞ്ഞാൽ തങ്ങളെ സ്വയം ചക്രവർത്തിമാരായി അവരോധിക്കുന്നു. ഭരണാധികാരികൾ രാജാക്കന്മാരെപ്പോലെയും പൗരന്മാർ യാചകരെപ്പോലെയും പെരുമാറുന്ന ഈ കാലഘട്ടത്തിൽ, ഡൽഹിയിലെത്തി മന്ത്രിയോട് നിങ്ങൾ അമർന്നിരിക്കുന്ന ആ കസേര നിബന്ധനകൾക്ക് വിധേയമാണ്”എന്ന് വിളിച്ചുപറയാൻ മനീഷിനെപ്പോലെയുള്ള ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് കഴിഞ്ഞു.
കഴിഞ്ഞ പന്ത്രണ്ട് വർഷമായി “തെറ്റുകൾ സംഭവിച്ചു, പ്രശ്നങ്ങൾ ഉടനടി പരിഹരിക്കും” എന്നൊക്കെയുള്ള തീർത്തും നിരുത്തരവാദപരമായ വാദങ്ങൾ കൊണ്ടാണ് ഭരണകൂടം മുന്നോട്ടുപോയത്. അതിൽ വീഴ്ച വരുത്തിയ വ്യക്തിക്ക് യാതൊരു വിധത്തിലുള്ള പ്രസക്തിയുമുണ്ടായിരുന്നില്ല. എന്നാലിന്ന് ഉത്തരവാദിയായ വ്യക്തിയെക്കൊണ്ട് മറുപടി പറയിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.
സമരങ്ങൾ അവസാനിക്കുകയും ജനങ്ങൾ തങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുമ്പോൾ, പതുക്കെ പഴയ പല്ലവി തന്നെ പാടാൻ ഭരണകൂടം ശ്രമിച്ചേക്കാം. എങ്കിലും ഇതൊരു വലിയ വിജയമാണ്. താൽക്കാലികമായി ജനങ്ങളെ സേവിക്കാൻ അവർ വിശ്വസിച്ചേൽപ്പിച്ച അധികാരത്തെ സ്ഥിരമായ ഉടമസ്ഥതയായി തെറ്റിദ്ധരിച്ചവരിൽ നിന്ന് റിപ്പബ്ലിക്കിനെ തിരിച്ചെടുക്കാൻ പുതിയ തലമുറയായ ജെൻ സി-ക്ക് കഴിഞ്ഞു. എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളവരാണ് നാം എന്ന് സ്വയം നമ്മുടെ കാഴ്ചപ്പാടിനെത്തന്നെ അവർ മാറ്റിമറിച്ചു.
അധികാരത്തിന് മുന്നിൽ പോരാട്ടം അസാധ്യമാണെന്ന് കരുതിയിരുന്നവർക്ക് മുന്നിൽ, അതേ അധികാരികളെക്കൊണ്ട് മറുപടി പറയിപ്പിക്കാമെന്നും രാജ്യത്തെ ചെറുപ്പക്കാർ തെളിയിച്ചു. തങ്ങളെ അധിക്ഷേപിക്കാൻ ഭരണകൂടം ഉപയോഗിച്ച വാക്കുകളെത്തന്നെ ആയുധമാക്കി, അതിനെ പരിഹസിച്ചുകൊണ്ട് അവർ തിരിച്ചടിച്ചു. സമരം പിൻവലിച്ചു, ആളുകൾ ഒഴിഞ്ഞുപോയി. മനീഷ് കുമാറിനെപ്പോലെയുള്ളവർ തങ്ങളുടെ 10 മണിക്കൂർ ഷിഫ്റ്റിലേക്കും രാത്രിയിലെ പഠനത്തിലേക്കും മടങ്ങിപ്പോയി. ഒരു മന്ത്രി രാജിവെച്ചതുകൊണ്ട് ആരുടെയും ജീവിതം പെട്ടെന്ന് മാറിമറിഞ്ഞിട്ടില്ല. എന്നാൽ നമുക്ക് ചുറ്റുമുള്ള രാഷ്ട്രീയ ലോകം തന്നെ മാറിയിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി മോദി ഭരണകൂടം ചിന്താശേഷിയുള്ള പൗരനെ അടിച്ചമർത്താനാണ് ശ്രമിച്ചത്; എന്നാലിന്ന് അതേ യുവത അടിച്ചമർത്തപേപെട്ട പൗരനെത്തന്നെ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് തിരികെ പ്രതിഷ്ഠിച്ചിരിക്കുന്നു!
Active Voice; Dharmendra Pradhan’s resignation and shattered myths
This post was last modified on July 27, 2026 4:05 pm
Leave a Comment