ട്വിറ്റര്‍ സഹസ്ഥാപകനായ ജാക്ക് ഡോര്‍സി വികസിപ്പിച്ച ഓഫ്‌ലൈൻ മെസേജിംഗ് ആപ്ലിക്കേഷനായ ബിറ്റ്ചാറ്റ് ഹോസ്റ്റുചെയ്യുന്ന ഡെവലപ്പര്‍ പ്ലാറ്റ്ഫോമായ ‘ഗിറ്റ്ഹബ്ബിന്’ (GitHub) വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ആപ്പിന്റെ റെപ്പോസിറ്ററികളിലേക്കുള്ള (
ഡിജിറ്റല്‍ സ്റ്റോറേജ് അല്ലെങ്കില്‍ ഡിജിറ്റല്‍ ഫോള്‍ഡര്‍) ആക്സസ് തടയാനാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ഡല്‍ഹി ജന്തര്‍മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് മധ്യ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ ടെലികോം സേവനദാതാക്കളോട് മൊബൈല്‍ ഡാറ്റ വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഈ പുതിയ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍’ (I4C) അയച്ച ഉത്തരവിന്റെ പകര്‍പ്പ് ജാക്ക് ഡോര്‍സി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ഇന്റര്‍നെറ്റോ മൊബൈല്‍ നെറ്റ്വര്‍ക്കോ ഇല്ലാതെ ബ്ലൂടൂത്ത് മെഷ് ടെക്‌നോളജി ഉപയോഗിച്ച് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് ബിറ്റ്ചാറ്റ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിട്ടും പ്രതിഷേധക്കാര്‍ ആശയവിനിമയത്തിനായി ഇത്തരം ആപ്പുകളെ ആശ്രയിക്കുന്നുവെന്ന കണ്ടെത്തലാണ് കേന്ദ്രത്തിന്റെ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഇന്ത്യന്‍ സര്‍ക്കാരിന് ബിറ്റ്ചാറ്റ് പോലുള്ള സാങ്കേതികവിദ്യകളോട് താല്‍പര്യമില്ല, ഇവ നീക്കം ചെയ്യാനാണ് അവര്‍ ആഗ്രഹിക്കുന്നത്,” എന്ന് ജാക്ക് ഡോര്‍സി എക്സിലൂടെ കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍’ ജൂലൈ 23-നാണ് ഗിറ്റ്ഹബ്ബിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് അയച്ചത്. ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്തിയാലും സന്ദേശങ്ങള്‍ അയക്കാന്‍ ബിറ്റ്ചാറ്റിലൂടെ കഴിയും. അതിനാല്‍, ഇന്റര്‍നെറ്റ് നിരോധനമുള്ള സമയത്ത് പോലീസിന്റെയും സര്‍ക്കാരിന്റെയും കണ്ണുവെട്ടിച്ച് നിയമവിരുദ്ധമായി ആളുകളെ സംഘടിപ്പിക്കാന്‍ ഈ ആപ്പ് ഉപയോഗിച്ചേക്കാം എന്നാണ് അധികൃതരുടെ വിശദീകരണം.
ഐ.ടി ആക്ട് സെക്ഷന്‍ 79(3)(b), 2021ലെ ഐ.ടി ചട്ടങ്ങള്‍ (Rule 3(1)(d)) എന്നിവ മുന്‍നിര്‍ത്തിയാണ് ജൂലൈ 23-ലെ ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഗിറ്റ്ഹബ്ബിന് നിര്‍ദേശം നല്‍കിയത്. ബിറ്റ്ചാറ്റുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ലിങ്കുകള്‍ (Repositories) 3 മണിക്കൂറിനകം നീക്കം ചെയ്യാനായിരുന്നു നോട്ടീസ്. ആപ്പിന്റെ മെയിന്‍ സോഴ്സ് കോഡ്, ആന്‍ഡ്രോയിഡ് റെപ്പോസിറ്ററി, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഫയല്‍ ലഭ്യമാക്കിയിരുന്ന പേജ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എന്താണ് ബിറ്റ്ചാറ്റ് ?
ഇന്റര്‍നെറ്റോ സെന്‍ട്രല്‍ സെര്‍വറുകളോ മൊബൈല്‍ നമ്പറോ ഇല്ലാതെ തന്നെ തൊട്ടടുത്തുള്ള ആളുകളുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഒരു ഓപ്പണ്‍ സോഴ്സ്, ഡിസെന്‍ട്രലൈസ്ഡ് ആപ്പാണ് ബിറ്റ്ചാറ്റ്. ബ്ലൂടൂത്ത് (Bluetooth Low Energy) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുക. അടുത്തടുത്തുള്ള ഫോണുകള്‍ തമ്മില്‍ കണക്ട് ചെയ്ത് ഒരു ശൃംഖല (Mesh Network) ഉണ്ടാക്കുന്നു. തുടര്‍ന്ന് ഒരാള്‍ അയക്കുന്ന സന്ദേശം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനിടയിലുള്ള മറ്റ് 7 ഫോണുകളിലേക്ക് വരെ സന്ദേശമയക്കാന്‍ ഈ ബിറ്റ്ചാറ്റിന് കഴിയും. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാകുന്ന സമയത്ത് ‘Nostr’ എന്ന ഡിസെന്‍ട്രലൈസ്ഡ് പ്രോട്ടോക്കോള്‍ ഉപയോഗിച്ചുകൊണ്ട് ഇന്റര്‍നെറ്റ് വഴിയും മെസ്സേജ് അയക്കാം. സന്ദേശങ്ങള്‍ എന്റ്-ടു-എന്റ് എന്‍ക്രിപ്റ്റഡ് ആണ്. കൂടാതെ, ആപ്പ് ഉപയോഗിക്കാന്‍ അക്കൗണ്ട് ഉണ്ടാക്കുകയോ ഫോണ്‍ നമ്പറോ മറ്റ് വിവരങ്ങളോ നല്‍കുകയോ വേണ്ടതില്ല എന്നതും ബിറ്റ്ചാറ്റിന്റെ സവിശേഷതയാണ്.
സുരക്ഷാ ഭീഷണി
സാധാരണ ടെലികോം നെറ്റ്‌വർക്കുകളെ ആശ്രയിക്കാതെതന്നെ, ബ്ലൂടൂത്ത് വഴി സന്ദേശങ്ങള്‍ അയക്കാന്‍ കഴിവുള്ള ‘പിയര്‍-ടു-പിയര്‍’ (Peer-to-Peer) സംവിധാനമാണ് ബിറ്റ്ചാറ്റിലുള്ളതെന്ന് I4C നല്‍കിയ ഉത്തരവില്‍ പറയുന്നു. ഇത്തരം സാങ്കേതികവിദ്യയുടെ ഘടന മൂലം, നിരീക്ഷണങ്ങള്‍ നടത്താനും കുറ്റവാളികളെ കണ്ടെത്താനും വലിയ തടസ്സം സൃഷ്ടിക്കുന്നതായി ഏജന്‍സി വ്യക്തമാക്കി.
ഇന്റര്‍നെറ്റ് നിരോധനം നിലനില്‍ക്കുമ്പോഴും ആശയവിനിമയം സാധ്യമാകുന്നത് വഴി, രാജ്യവിരുദ്ധ ശക്തികള്‍, ഭീകരസംഘടനകള്‍, സംഘടിത കുറ്റകൃത്യ സംഘങ്ങള്‍, സൈബര്‍ കുറ്റവാളികള്‍ എന്നിവര്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യാന്‍ വലിയ സാധ്യതയുണ്ട്. അക്രമസ്വഭാവമുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും, ഗൂഢാലോചനകള്‍ നടപ്പാക്കാനും ഇത്തരം ആപ്പുകള്‍ ഉപയോഗിച്ചേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ജന്തര്‍മന്തറിലെ പ്രതിഷേധ സ്ഥലത്തിന് 1.5 കിലോമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു
ഒരു ആഴ്ചയ്ക്കുള്ളില്‍ ഇത് ആറാം തവണയാണ് ഈ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ പ്രതിഷേധക്കാരെ മാത്രമല്ല, പ്രദേശത്തുള്ള ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, യാത്രക്കാര്‍ എന്നിവരെയും സാരമായി ബാധിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തതിനാല്‍ കടകളിലും ബിസിനസ് സ്ഥാപനങ്ങളിലും യുപിഐ വഴിയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനാകുന്നില്ലെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു. മെസ്സേജിങ് ആപ്പുകളും ഓണ്‍ലൈന്‍ ടാക്‌സി, ഡെലിവറി ആപ്പുകളും പ്രവര്‍ത്തിക്കാതായതോടെ സാധാരണക്കാരായ യാത്രക്കാരും പ്രദേശവാസികളും വലിയ തോതില്‍ ദുരിതത്തിലായിരിക്കുകയാണ്.
Centre asks GitHub to block Bitchat, messaging app that works without internet, amid students protest