ചണ്ഡിഗഡിനെ ഭരണഘടനയുടെ 240-ാം അനുച്ഛേദത്തില്‍ ഉള്‍പ്പെടുത്താനുള്ള ബില്‍ തത്്കാലം അവതരിപ്പിക്കുന്നില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍. അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്സഭയുടെ ശീതകാല സമ്മേളനത്തിനായുള്ള ബില്‍ അവതരിപ്പിക്കാനായിരുന്നു നീക്കം. ഇതേ തുടര്‍ന്ന് പഞ്ചാബില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേന്ദ്രത്തിന്റെ പിന്‍വാങ്ങല്‍ എന്നാണ് വിവരം. ബില്‍ പരിഗണനയിലാണെന്നും, എന്നാല്‍ വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയത്തില്‍ ഒരു ബില്ലും അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് കേന്ദ്രം ഞായറാഴ്ച അറിയിച്ചത്.
കേന്ദ്രഭരണ പ്രദേശങ്ങളായ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാദ്ര -നഗര്‍ ഹവേലി- ദാമന്‍ -ദിയു, പുതുച്ചേരി (അവിടുത്തെ നിയമസഭ പിരിച്ചുവിടുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യുമ്പോള്‍) എന്നിവയുമായി യോജിപ്പിച്ച്, ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശത്തെ ഇന്ത്യന്‍ ഭരണഘടനയുടെ 240-ാം അനുച്ഛേദത്തില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഭരണഘടനാ (131ാം ഭേദഗതി) ബില്‍ 2025, ശീതകാല സമ്മേളനത്തിനായി തയ്യാറാക്കി 10 പുതിയ ബില്ലുകളുടെ കൂട്ടത്തില്‍ അവതരിപ്പിക്കാനും, പാസാക്കാനുമുള്ള സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇതിനെതിരേ പഞ്ചാബില്‍ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. 1984 മുതല്‍ പഞ്ചാബ് ഗവര്‍ണറാണ് ചണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റര്‍. ഈ ബില്‍ നടപ്പായാല്‍, നഗരത്തിന്റെ ഭരണച്ചുമതല ഒരു സ്വതന്ത്ര അഡ്മിനിസ്ട്രേറ്റര്‍ക്കോ അല്ലെങ്കില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കോ നല്‍കാനും, അതുവഴി ഇരു സംസ്ഥാനങ്ങളുടെയും (പഞ്ചാബ്, ഹരിയാന) തലസ്ഥാനമായ നഗരത്തിന്മേലുള്ള സംസ്ഥാനത്തിന്റെ അവകാശം ദുര്‍ബലമാക്കാനും വഴിയൊരുക്കുമെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം.
‘ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയമനിര്‍മ്മാണ പ്രക്രിയ ലളിതമാക്കാനുള്ള നിര്‍ദ്ദേശം മാത്രമാണ് ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഈ നിര്‍ദ്ദേശത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ചണ്ഡീഗഡിന്റെ ഭരണപരമായ ഘടന മാറ്റാനോ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുമായുള്ള നിലവിലെ പരമ്പരാഗത ക്രമീകരണങ്ങളില്‍ മാറ്റം വരുത്താനോ ഈ നിര്‍ദ്ദേശം ഒരു തരത്തിലും ലക്ഷ്യമിടുന്നില്ല.’ എന്നായിരുന്നു ഞായറാഴ്ച്ച പങ്കുവച്ച എക്‌സ് പോസ്റ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞത്.
‘എല്ലാ പങ്കാളികളുമായും ആവശ്യമായ കൂടിയാലോചനകള്‍ നടത്തിയ ശേഷം, ചണ്ഡീഗഡിന്റെ താല്‍പ്പര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് ഉചിതമായ ഒരു തീരുമാനമെടുക്കും. ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ല. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ വിഷയത്തില്‍ ഒരു ബില്ലും അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശമില്ല,’ എന്നും മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നു. ‘ചണ്ഡീഗഡിനായി ഒരു മുഴുവന്‍ സമയ ലെഫ്റ്റനന്റ് ഗവര്‍ണറെ നിയമിക്കാന്‍ സൗകര്യമൊരുക്കുന്ന ഒരു ഭരണഘടനാ ഭേദഗതി ബില്‍, ശീതകാല സമ്മേളനത്തിനായുള്ള പാര്‍ലമെന്റ് ബുള്ളറ്റിനില്‍ അവതരിപ്പിക്കാനായി ഉള്‍പ്പെടുത്തിയിരുന്നതാണ്. ഇതിനെ, ഗവര്‍ണര്‍ അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ പഞ്ചാബിലെ കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ശക്തമായി എതിര്‍ത്തിരുന്നു. ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ പറയുന്നു. ഇത് മോദി സര്‍ക്കാരിന്റെ ഭരണത്തിലുള്ള FAST (First Announce, Second Th-ink- ആദ്യം പ്രഖ്യാപിക്കുക, രണ്ടാമത് ചിന്തിക്കുക)സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണ്, എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സില്‍ കുറിച്ചത്.
Content Summary: Chandigarh bill article 240- the Constitution, Central Government says final decision not taken after Punjab protest