July 14, 2026 |
Share on

ഓസ്‌കര്‍ നാമനിര്‍ദേശം നേടിയ ജാഫര്‍ പനാഹി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഇറാനില്‍ അറസ്റ്റില്‍

ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച തിരക്കഥയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള വിഭാഗങ്ങളില്‍ ‘ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്’ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്

ഓസ്‌കര്‍ നാമനിര്‍ദേശം നേടിയ ഇറാനിയന്‍ ചിത്രം ‘ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്’-ന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ മെഹ്ദി മഹ്‌മൂദിയാനെ ടെഹ്റാനില്‍ വെച്ച് അറസ്റ്റ് ചെയ്തു. ലോകപ്രശസ്ത ഇറാനിയന്‍ ചലച്ചിത്രകാരന്‍ ജാഫര്‍ പനാഹി സംവിധാനം ചെയ്ത ചിത്രമാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്. ഓസ്‌കര്‍ പ്രഖ്യാപനത്തിന് ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തിരക്കഥാകൃത്തിന്റെ അറസ്റ്റ്.

ശനിയാഴ്ചയാണ് മഹ്‌മൂദിയാന്‍ അറസ്റ്റിലായതെന്ന് ചിത്രത്തിന്റെ പ്രതിനിധികള്‍ ഞായറാഴ്ച പുറത്തു വിട്ട വിവരത്തില്‍ പറയുന്നു. എന്തൊക്കെ കുറ്റങ്ങളാണ് മഹ്‌മൂദിയാനെതിരേ ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമായിട്ടില്ല. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും ഭരണകൂടം പ്രതിഷേധക്കാര്‍ക്കെതിരെ നടത്തുന്ന അക്രമാസക്തമായ അടിച്ചമര്‍ത്തലുകളെയും അപലപിച്ച് മഹ്‌മൂദിയാന്‍ ഉള്‍പ്പെടെ 17 പേര്‍ ഒപ്പിട്ട പ്രസ്താവന പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ അറസ്റ്റ് നടന്നത്. പ്രസ്താവനയില്‍ ഒപ്പിട്ട വിഡ റബ്ബാനി, അബ്ദുള്ള മൊമേനി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

തന്റെ സിനിമയുടെ സഹരചയിതാവിന്റെ അറസ്റ്റില്‍ അപലപിച്ച് ജാഫര്‍ പനാഹി ഞായറാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. ‘മെഹ്ദി മഹ്‌മൂദിയാന്‍ കേവലം ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനോ മനസ്സാക്ഷിയുള്ള തടവുകാരനോ മാത്രമല്ല; അദ്ദേഹം ഒരു സാക്ഷിയും കേള്‍വിക്കാരനും അപൂര്‍വ്വമായ ധാര്‍മ്മിക സാന്നിധ്യവുമാണ് – ജയിലിനകത്തും പുറത്തും ഒരുപോലെ ആ സാന്നിധ്യത്തിന്റെ അഭാവം ഉടന്‍ തന്നെ അനുഭവപ്പെടും,’ പനാഹി പറഞ്ഞു.

ജനുവരി 28-ന് പുറത്തിറക്കിയ പ്രതിഷേധ പ്രസ്താവനയില്‍ പനാഹിയും ഒപ്പിട്ടിരുന്നു. ‘അവിഹിത ഭരണകൂടത്തിന് അന്ത്യം കുറിക്കാന്‍ ധീരമായി തെരുവിലിറങ്ങിയ പൗരന്മാരെ ആസൂത്രിതമായും വ്യവസ്ഥാപിതമായും കൊലപ്പെടുത്തുന്നത് മനുഷ്യത്വത്തിനെതിരായ സംഘടിത സ്റ്റേറ്റ് കുറ്റകൃത്യമാണ്,’ എന്ന് പ്രസ്താവനയില്‍ പറയുന്നു.

മാര്‍ച്ച് 15-ന് നടക്കുന്ന ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച തിരക്കഥയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള വിഭാഗങ്ങളില്‍ ‘ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്’ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനില്‍ അതീവ രഹസ്യമായി നിര്‍മ്മിച്ച ഈ ചിത്രം മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള ഫ്രാന്‍സിന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ നേടിയ ഈ ചിത്രം പനാഹിയുടെ ജയില്‍വാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ്. അവിടെ വെച്ചാണ് അദ്ദേഹം മഹ്‌മൂദിയാനെ പരിചയപ്പെട്ടത്. മഹ്‌മൂദിയാനെ മറ്റ് തടവുകാര്‍ക്ക് ഒരു ‘തൂണ്‍’ എന്നാണ് പനാഹി വിശേഷിപ്പിച്ചത്. പനാഹി, മഹ്‌മൂദിയാന്‍, നാദര്‍ സൈവര്‍, ഷാദ്മര്‍ റാസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം എഴുതിയിരിക്കുന്നത്.

ഭരണകൂട വിരുദ്ധ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് പനാഹിക്കും കഴിഞ്ഞ വര്‍ഷം ഒരു വര്‍ഷത്തെ തടവും രണ്ട് വര്‍ഷത്തെ യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. പനാഹി ഇപ്പോള്‍ വിദേശത്താണ്. താന്‍ ഇറാനിലേക്ക് തന്നെ മടങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ പുതിയ ചിത്രവുമായി അന്താരാഷ്ട്ര തലത്തില്‍ യാത്ര ചെയ്യുകയാണ് ഇപ്പോള്‍ അദ്ദേഹം.

യു.എസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സിയുടെ കണക്കനുസരിച്ച്, ഇറാനില്‍ ഭരണകൂടം നടത്തിവരുന്ന അടിച്ചമര്‍ത്തലുകളില്‍ സമീപകാലത്തായി മാത്രം 6,713-ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 49,500 പേര്‍ എങ്കിലും തടവറകളില്‍ അടയ്ക്കപ്പെട്ടു. എന്നാല്‍ ഇറാനിലെ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതിനാല്‍ അസോസിയേറ്റഡ് പ്രസ് പോലുള്ള വാര്‍ത്താ ഏജന്‍സികള്‍ക്ക് ഈ കണക്കുകള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ നടന്ന നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ അവാര്‍ഡ്ചടങ്ങിനിടയില്‍ പനാഹി ഇറാനിലെ സാഹചര്യത്തെക്കുറിച്ച് തുറന്നടിച്ചിരുന്നു:

‘നമ്മള്‍ ഇവിടെ നില്‍ക്കുമ്പോള്‍, ഇറാന്‍ ഭരണകൂടം പ്രതിഷേധക്കാരെ വെടിവെച്ചു വീഴ്ത്തുകയാണ്. ഒരു ക്രൂരമായ കൂട്ടക്കൊല ഇറാനിലെ തെരുവുകളില്‍ തുടരുന്നു. ഇന്ന് യഥാര്‍ത്ഥ ദൃശ്യങ്ങള്‍ സിനിമാ സ്‌ക്രീനുകളിലല്ല, മറിച്ച് ഇറാനിലെ തെരുവുകളിലാണ്. ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ പതനം വൈകിപ്പിക്കാന്‍ ഒരു രക്തച്ചൊരിച്ചില്‍ തന്നെ സൃഷ്ടിച്ചിരിക്കുകയാണ്’ – ഇതായിരുന്നു പനാഹിയുടെ വാക്കുകള്‍.

Content Summary; Mehdi Mahmoudian, Oscar-nominated screenwriters of Jafar Panahi movie It Was Just an Accident has been arrested i Iran

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×