June 26, 2026 |
Share on

ഓസ്‌കര്‍ 2026; പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറം

98-മത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം

98-മത് ഓസ്‌കര്‍ അവാര്‍ഡുകളുടെ ലൈവ് തിങ്കളാഴ്ച (ഇന്ത്യന്‍ സമയം) പുലര്‍ച്ചെ 4.30 നു തുടങ്ങും. ഹോളിവുഡിലെ ഡോള്‍ബി തീയേറ്ററിലാണ് ചടങ്ങുകള്‍ നടക്കുന്നത്. കോനന്‍ ഒ’ ബ്രിന്‍ തന്നെയാണ് ഈ വര്‍ഷത്തെയും ഹോസ്റ്റ്.

പലരും ചോദിക്കാറുണ്ട്, ഓസ്‌കര്‍ അവാര്‍ഡുകളെക്കുറിച്ചു പ്രെഡിക്ഷന്‍സ് ഉണ്ടോ, ആകാംഷ ഉണ്ടോ എന്നൊക്കെ. ചില സിനിമകളുടെ ക്രാഫ്റ്റും, അഭിനേതാക്കളുടെ പ്രകടനവും ഓസ്‌കര്‍ അര്‍ഹിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും തോന്നാറുണ്ട്. കിട്ടിയാല്‍ കൊള്ളാം എന്നല്ലാതെ വലിയ ആകാംഷയൊന്നും ഇല്ല. ഓസ്‌കര്‍ അവാര്‍ഡുകളുടെ മാറിയ രാഷ്ട്രീയത്തെകുറിച്ചു പലതും വായിക്കാറുണ്ട്. പക്ഷെ എഴുതുന്നവര്‍ക്കൊന്നും ഇതില്‍ ഒരു കൃത്യത ഉണ്ടെന്ന് ഇത് വരെ തോന്നിയിട്ടില്ല. ചില പ്രധാന ഓസ്‌കറുകളുടെ നിര്‍ണ്ണയത്തില്‍ മാറ്റങ്ങള്‍ പ്രകടമാണ്. വിദേശ സിനിമകള്‍ ഫോക്കസ് ചെയ്യുന്ന വെബ്‌സൈറ്റുകളില്‍ നിന്നും, അത്തരം വീഡിയോകളില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ അതെപടി അതൊന്നും ഒരിക്കലും റിസര്‍ച്ച് ചെയ്യാത്ത മനുഷ്യരിലേക്ക് എത്തിക്കാന്‍ എളുപ്പമാണ്. അത് ചെയ്യാറില്ല. അറിയാത്ത വിവരങ്ങള്‍ റിസര്‍ച്ച് ചെയ്യാറുണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ കണ്ടു സ്വയം വിലയിരുത്താനാണ് ഇഷ്ടം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. അവയൊക്കെ പ്രോസസ്സ് ചെയ്യുമ്പോള്‍ പോലും, കണ്ട ചില ലോക സിനിമകള്‍ക്കു കിട്ടുന്ന ഓവര്‍ ഹൈപ്പ് ദഹിക്കാറില്ല.

റയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത 16 നോമിനേഷന്‍സ് ഉള്ള സിന്നേഴ്‌സ് തന്നെ ഒരുദാഹരണമാണ്. അത്രക്കും ഗംഭീര സിനിമയാണെന്ന് വ്യക്തിപരമായി അഭിപ്രായം ഇല്ല. പൊതുവെ അഭിനയം, പീരീഡ്-സെറ്റ് ഡിസൈന്‍, സ്‌കോര്‍, ആക്ഷന്‍ ഇവയൊക്കെ നല്ലതാണ് ഈ സിനിമയില്‍. ബോഡി ഡബിളും, ടെക്‌നോളജിയും പുറകില്‍ ഉണ്ടെങ്കിലും Smoke-stack ഇരട്ട വേഷം ഗംഭീരമാക്കിയിട്ടുണ്ട് മൈക്കല്‍ ബി ജോര്‍ദ്ദാന്‍. പറയുന്ന രാഷ്ട്രീയത്തിനും പ്രാധാന്യമുണ്ട്. ബ്ലാക്ക് സിനിമ ഹൊറര്‍ എന്ന ഓമനപ്പേരില്‍ തന്നെ അത് നിഴലിക്കുന്നുണ്ട്. ഈയിടെ ശ്രദ്ധിച്ചത്, സംവിധായകര്‍ ചെറുതായി പറഞ്ഞു പോകുന്ന കറുത്ത ചരിത്രങ്ങളെയൊക്കെ വിമര്‍ശകര്‍ അതുക്കും മേലെ പോയി വര്‍ണിച്ചെഴുതുന്നതാണ്. (അനോറയില്‍ ഇത് അമേരിക്കയിലെ റഷ്യന്‍ oligarch സ്വാധീനമായിരുന്നു) വിരോധമില്ല. പക്ഷെ സിനിമ അത് ലേയറുകളില്‍, അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രതിഫലിപ്പിക്കണം. അത്രക്കൊക്കെയുണ്ടോ സിന്നേഴ്‌സ്? സോമ്പി രംഗങ്ങള്‍ അടക്കം എത്രയോ പഴയതാണ്.

13 നോമിനേഷനുകള്‍ ഉള്ള പോള്‍ തോംസണ്‍ ആന്‍ഡേഴ്‌സണ്‍ ചിത്രമായ വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍-നെകുറിച്ചും അഭിപ്രായഭിന്നത ഉണ്ട്. ട്രമ്പിനെതിരെ തന്നെയാണ് ഈ സിനിമ സംസാരിക്കുന്നത്. മാറുന്ന കുടിയേറ്റനിയമങ്ങളും, അത് തകര്‍ക്കുന്ന സാധാരണ മനുഷ്യരുടെ ജീവിതങ്ങളും, അതിനെതിരെയുള്ള വിപ്ലവവും ഒരു വശത്ത്. വൈറ്റ് സുപ്രീമസിയുടെ പ്രാധാന്യം മറുവശത്ത്. ഇടകലരാത്ത രക്തം. ജീനുകള്‍. ഇതിപ്പോ അമേരിക്കയില്‍ മാത്രമൊന്നുമല്ലല്ലോ വിഷയമാകുന്നത്. നമ്മുടെയൊക്കെ കുടുംബങ്ങളിലെ പാരമ്പര്യവാദികള്‍ വേറെന്താണ് ചെയ്യുന്നത്? സംവിധായകന് ഇതിലൊക്കെ കാഴ്ചപ്പാടുണ്ട്. പക്ഷെ, സെക്കന്റ് ഹാഫില്‍ സിനിമ അഴയുന്നുണ്ട്. പ്രാദേശിക സിനിമകളില്‍ അടക്കം കണ്ടു പരിചയമുള്ള മൃദുലമാക്കപ്പെട്ട, ഓവര്‍ പ്രൊട്ടക്റ്റീവ് അച്ഛന്‍-വിപ്ലവകാരി മോഡിലേക്ക് കാപ്രി ഒതുങ്ങുന്നുണ്ട്. ഇതിലെ ഹ്യൂമറും പഴയതാണ്. ആ അപകടവും, തുടര്‍ന്നുള്ള സീനുകളും ഷോണ്‍ പെന്നിനെയും ചെറുതാക്കുന്നുണ്ട്. മ്യൂസിക്കും, എഡിറ്റിംഗും മൈക്കല്‍ ബൗമാന്റെ ക്യാമറയും സിനിമയെ രക്ഷിക്കുന്നുണ്ട്. ഈയിടെ ഫാന്റം ത്രെഡ് എന്ന പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ സിനിമ ആദ്യമായ് കണ്ടപ്പോള്‍, ശൈലിയില്‍ വന്ന വ്യത്യാസം ഒന്ന് കൂടി ഉറപ്പിച്ചു. പക്ഷെ ആന്‍ഡേഴ്‌സണ്‍, റയാന്‍ കൂഗ്ലറുടെ ശക്തമായ എതിരാളി തന്നെയാണ് ഈ ഓസ്‌കറില്‍.

മുന്‍നിരയിലുള്ള മാര്‍ട്ടി സുപ്രീം, ഹാംനെറ്റ്, സീക്രട്ട് ഏജന്റ്, ഫ്രാങ്കെന്‍സ്റ്റൈന്‍, ബ്യൂഗോണിയ തുടങ്ങിയ സിനിമകള്‍ കണ്ടിട്ടില്ല. ആ അഭിപ്രായങ്ങള്‍ മാറ്റി വെക്കുന്നു. സീക്രട്ട് ഏജന്റ് ബോറടിച്ചു എന്ന് പലരും രഹസ്യമായി അറിയിച്ചിട്ടുണ്ട്. പക്ഷെ, ജസ്സി ബക്ലിയുടെ ഹാംനെറ്റിലെ അഭിനയം ഗംഭീരമാണെന്നു പറയാത്തവര്‍ ഇല്ല. നല്ല സാധ്യത കാണുന്നു. സ്വാഭാവികമായും ബ്യൂഗോണിയ താരം എമ്മ സ്‌റ്റോണിനു സാധ്യത കുറയുന്നു. മികച്ച സഹനടി ടിയാന ടൈലര്‍ ആവണം എന്നുണ്ട്. പക്ഷെ ‘മൊസാകു ‘ അടക്കം എല്ലാവരും മികച്ചു നില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ ആണ് ഈ ക്യാറ്റഗറിയില്‍.
Clint Bentley-ക്ലിന്റ് ബെന്റ്‌ലിയുടെ ട്രെയ്ന്‍ ഡ്രീംസ് ഒരു സാധാരണ കഥയായാണ് തോന്നിയത്. ഒരു മരംവെട്ടുകാരന്റെ ജീവിതപരിസരങ്ങള്‍, ദുരിതങ്ങള്‍, ഒരു ദുരന്തം, ട്രോമകള്‍, അതിജീവനം, കാത്തിരുപ്പ്, അപ്രസക്തമായ മരണം-അങ്ങനെയൊക്കെ. ഷോട്ടുകള്‍ കൊള്ളാം. എവിടെ കാമറ വെച്ചാലും അത് എളുപ്പമാണെന്ന് തോന്നിക്കുന്ന ഒരു കണ്‍ട്രി സൈഡ്. കാലഘട്ടം വെച്ച് നോക്കിയാല്‍ പഴയ അമേരിക്ക റിക്രിയേറ്റ് ചെയ്യാന്‍ സെറ്റുകള്‍ വേണ്ടി വരും. വേറിട്ട് നില്‍ക്കുന്നത് ഇതിലെ ട്രെയിന്‍ ഷോട്ടുകള്‍ ആണ്. ഓസ്‌കര്‍ സാധ്യത കുറവാണ്.

മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ നോമിനേഷനുകള്‍ ഉള്ള ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്, സെന്റിമെന്റല്‍ വാല്യൂ എന്നിവയെക്കുറിച്ചും ഇതേ പ്ലാറ്റ്‌ഫോമില്‍ വിശദമായി എഴുതിയിട്ടുണ്ട് (ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്; വെറുമൊരു അപകടത്തെ ചൊല്ലിയുള്ള കലഹം മാത്രമല്ല, സെന്റിമെന്റല്‍ വാല്യൂ; പഴമയിലെ പുതുമ ഓസ്‌കറിനെ സ്വാധീനിക്കുമോ?) ഈ കാറ്റഗറിയില്‍ ഏറ്റവും പ്രിയപ്പെട്ടത് സ്‌പെയിനില്‍ നിന്നുള്ള സിറാത്ത് ആണ്. വല്ലാത്തൊരു തിയേറ്റര്‍ അനുഭവമായിരുന്നു ഈ സിനിമ. പക്ഷെ പ്രെഡിക്ഷന്‍ വോട്ടുകള്‍ സ്വാധീനിച്ച മട്ടില്ല.

ഡോക്യൂമെന്ററി- ഫീച്ചര്‍ കാറ്റഗറിയില്‍ ദി പെര്‍ഫക്ട് നെയ്ബര്‍ ഇഷ്ടപ്പെട്ടിരുന്നു. കണ്ടപ്പോഴേ ഓസ്‌കര്‍ സാധ്യത തോന്നി. അത്രയ്ക്കും റേസിസ്റ്റ് സൈക്കോ ആണ് ഈ യഥാര്‍ത്ഥ കഥാപാത്രം.

ഡോക്യൂമെന്ററി-ഷോര്‍ട് കാറ്റഗറിയില്‍ ഓള്‍ ദി എംപ്റ്റി റൂംസ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ജോഷ്വ സെഫ്റ്റല്‍ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം അമേരിക്കയിലെ സ്‌കൂളുകളില്‍ നടന്ന വെടിവയ്പ്പുകളില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ മുറികള്‍ ഫീച്ചര്‍ ചെയ്യുന്നു. മെലോഡ്രാമ ഇല്ല, പക്ഷെ കണ്ണ് നിറഞ്ഞു പോകും. ദി അഗ്ലി സ്റ്റെപ്‌സിസ്റ്റര്‍ കണ്ടിരുന്നു. അധികം പോപ്പുലര്‍ അല്ലെങ്കിലും ബെസ്റ്റ് മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിനുള്ള നോമിനേഷന്‍ അര്‍ഹിക്കുന്ന ചിത്രമാണ്. ഫ്രാങ്കെന്‍സ്റ്റൈന്‍ ആണ് മുഖ്യ എതിരാളി.

ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായി വരുന്ന പുതിയ കാറ്റഗറി ആണ് ബെസ്റ്റ് കാസ്റ്റിംഗ്. ഇവിടെയും സിന്നേഴ്‌സ് മുന്നിട്ടു നില്‍ക്കുന്നു. കിട്ടുമായിരിക്കും. കാസ്റ്റിംഗ് കൊള്ളാം.

ഏതായാലും ഓസ്‌കര്‍ നിശയിലെ സുവര്‍ണ്ണ താരങ്ങളെ പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചില വികാരനിര്‍ഭര നിമിഷങ്ങളും, സ്പീച്ചുകളും ട്രെന്‍ഡിങ് ആവാന്‍ പോകുന്ന ദിവസങ്ങളാണ് വരുന്നത്.

Content Summary: Oscar award 2026; Expectations and predictions

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×