രാജ്യത്തിനെതിരെ ‘പ്രചാരണ പ്രവര്‍ത്തനങ്ങള്‍’ നടത്തി എന്നാരോപിച്ച്, വിഖ്യാത സംവിധായകന്‍ ജാഫര്‍ പനാഹിക്ക് ഒരു വര്‍ഷത്തെ തടവും യാത്രാവിലക്കും വിധിച്ച് ഇറാന്‍. ഇറാനില്‍ ഇല്ലാത്ത സംവിധായകന്റെ അസാന്നിധ്യത്തിലാണ് അദ്ദേഹത്തിനെതിരേ ശിക്ഷ വിധിച്ചിരിക്കുന്നത്.
ഇറാന്‍ വിട്ടുപോകാന്‍ രണ്ട് വര്‍ഷത്തെ വിലക്കും, ഏതെങ്കിലും രാഷ്ട്രീയ- സാമൂഹിക ഗ്രൂപ്പുകളില്‍ അംഗമാകുന്നതില്‍ നിന്നുള്ള വിലക്കും ഉള്‍പ്പെടുന്നുണ്ടെന്നാണ് പനാഹിയുടെ അഭിഭാഷകന്‍ മൊസ്തഫ നിലി വിശദീകരിച്ചത്. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.
ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നതാണ് സംവിധായകനെതിരെയുള്ള ഒരു കുറ്റമായി അഭിഭാഷകന്‍ പറഞ്ഞത്, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. പനാഹി ഇപ്പോള്‍ ഇറാന് പുറത്താണുള്ളതെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
65-കാരനായ പനാഹിക്ക്, ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ തന്റെ ‘ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്’ എന്ന സിനിമക്ക് പുരസ്‌കാരം ലഭിച്ചിരുന്നു. മുന്‍ തടവുകാരായ അഞ്ച് പേര്‍ തങ്ങളുടെ മുന്‍ ജയിലറാണെന്ന് വിശ്വസിക്കുന്ന ഒരാളോട് എങ്ങനെ പ്രതികാരം ചെയ്യണമെന്ന് ആലോചിക്കുന്നതാണ് സിനിമയുടെ പ്രമേയം.
ഓസ്‌കര്‍ പ്രതീക്ഷയുള്ള തന്റെ പുതിയ സിനിമയുടെ പ്രചാരണത്തിനായി പനാഹി കഴിഞ്ഞ മാസം ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ടെല്ലുറൈഡ് (കൊളറാഡോ) എന്നിവിടങ്ങളില്‍ പര്യടനം നടത്തിയിരുന്നു. ഫ്രാന്‍സ് ആണ് പനാഹി ചിത്രം ഓസ്‌കര്‍ അവാര്‍ഡിനുള്ള ഔദ്യോഗിക നോമിനേഷനായി തിരഞ്ഞെടുത്തത്. മാര്‍ച്ചില്‍ നടക്കുന്ന അവാര്‍ഡ് പ്രഖ്യാപനത്തില്‍, മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമയുടെ ഷോര്‍ട്ട്ലിസ്റ്റില്‍ പനാഹി ചിത്രം ഇടം നേടുമെന്നാണ് പ്രതീക്ഷ.
പനാഹിക്ക് കാന്‍ പുരസ്‌കാരം ലഭിച്ചത് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ ചിത്രം സഹിതം അവര്‍ ഈ അവാര്‍ഡിനെ പ്രശംസിക്കുകയാണ് ചെയ്തത്.
2009 ല്‍ നടന്ന ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ചു എന്ന പേരില്‍ 2010-ല്‍, ഇറാന്‍ വിട്ടു പോകുന്നതിനും സിനിമ എടുക്കുന്നതിനും പനാഹിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തന്റെ സിനിമകളിലൂടെ ഇറാന്റെ ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്ന സംവിധായകനാണ് അദ്ദേഹം.
ഭരണകൂടത്തിനെതിരായ പ്രചാരണം നടത്തിയെന്ന പേരില്‍ അദ്ദേഹത്തിന് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. എങ്കിലും രണ്ട് മാസം മാത്രമാണ് തടവില്‍ കഴിയേണ്ടി വന്നത്. അതിനു പിന്നാലെ ജാമ്യം ലഭിച്ചു പുറത്തിറങ്ങി.
സിനിമകള്‍ എടുക്കുന്നതിന് 20 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ‘ഇതൊരു സിനിമയല്ല’ എന്ന പേരിലുള്ള ഒരു ഡോക്യുമെന്ററി അദ്ദേഹം ഒരു കേക്കിനുള്ളില്‍ ഒളിപ്പിച്ച ഫ്‌ലാഷ് ഡ്രൈവില്‍ കാന്‍ ചലച്ചിത്രമേളയിലേക്ക് അയച്ചിരുന്നു.
2022-ല്‍, ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റിലായെങ്കിലും ഏഴ് മാസത്തിന് ശേഷം മോചിതനായി.
ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഇറാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ കര്‍ശനമായ നിരീക്ഷണത്തിലാണ്. വിമര്‍ശനാത്മകമായ ഉള്ളടക്കങ്ങളെന്ന സംശയത്തില്‍ ഇവരുടെ സൃഷ്ടികള്‍ എല്ലാം തന്നെ സെന്‍സറിംഗിന് വിധേയമാക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മറ്റൊരു പ്രമുഖ സംവിധായകനായ മുഹമ്മദ് റസൂലോഫ് ഇറാനില്‍ നിന്ന് പലായനം ചെയ്തത്. രസൂലോഫിനെയും തടവറയിലാക്കാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു.
Content Summary: Iranian government sentences award winning director Jafar Panahi to one-year travel ban and prison sentence
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.