യുഎസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധം മുറുകുകയാണ്. മിഡില്‍ ഈസ്റ്റില്‍ നിന്നും യുദ്ധത്തിന്റെ പ്രത്യഘാതം ആഗോള തലത്തില്‍ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെയും ഏറ്റവും പുതിയ വിവരങ്ങള്‍ താഴെ നല്‍കുന്നു
200 ബില്യണ്‍ ചോദിച്ച് പെന്റഗണ്‍
ഇറാനുമായുള്ള യുദ്ധത്തിനായി പെന്റഗണ്‍ 200 ബില്യണ്‍ ഡോളറിലധികം തുക വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടു. യുക്രെയ്ന്‍ യുദ്ധത്തിന് ചെലവായ തുകയെക്കുറിച്ച് തെറ്റായ കണക്കുകള്‍ നിരത്തി ട്രംപ് ഈ ഭീമമായ തുകയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കടിഞ്ഞാണ്‍ ഇല്ലാതെ ട്രംപ്
യുദ്ധം പ്രഖ്യാപിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ അധികാരത്തിന്മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഡെമോക്രാറ്റുകളുടെ ശ്രമം യുഎസ് സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വോട്ടിംഗിലൂടെ തടഞ്ഞു. ട്രംപിന്റെ ലക്ഷ്യങ്ങളോ യുദ്ധം എത്രകാലം നീണ്ടുനില്‍ക്കുമെന്നോ വ്യക്തമല്ലെന്ന് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷുമര്‍ കുറ്റപ്പെടുത്തി.
ഖത്തര്‍-ഇറാന്‍ സംഘര്‍ഷം
ഖത്തര്‍ എനര്‍ജിയുടെ എല്‍എന്‍ജി (ഘചഏ) പ്ലാന്റുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുണ്ടായ ആക്രമണത്തില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളും തീപിടുത്തവും റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് ഖത്തര്‍ രണ്ട് ഇറാനിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കി.
യുഎഇയുടെ പ്രതിരോധം
അബുദാബിയിലെ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിനും ബാബ് ഓയില്‍ ഫീല്‍ഡിനും നേരെ ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ യുഎഇ പ്രതിരോധിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഗ്യാസ് പ്ലാന്റുകള്‍ താത്കാലികമായി അടച്ചുപൂട്ടി.
സൗദിയിലേക്ക് പായുന്ന ഡ്രോണുകളും മിസൈലുകളും
റിയാദിന് നേരെ വന്ന നാല് ബാലിസ്റ്റിക് മിസൈലുകളും കിഴക്കന്‍ മേഖലയിലെ ഗ്യാസ് പ്ലാന്റുകള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളും സൗദി തകര്‍ത്തു. റിയാദിന് തെക്കുള്ള റിഫൈനറിക്ക് സമീപം മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു.
ഇറാന്റെ മുന്നറിയിപ്പ്
ഇസ്രയേല്‍ ഇറാന്റെ ‘സൗത്ത് പാഴ്‌സ്’ ഗ്യാസ് ഫീല്‍ഡ് ആക്രമിച്ചതിനെത്തുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി തുടങ്ങിയത്. തങ്ങളുടെ മേഖലകളില്‍ ഇനിയും ആക്രമണമുണ്ടായാല്‍ ശത്രുരാജ്യങ്ങളുടെ ഊര്‍ജ്ജ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
പലസ്തീനികള്‍ കൊല്ലപ്പെട്ടു
ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ മൂന്ന് പലസ്തീന്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഈ യുദ്ധത്തില്‍ പലസ്തീനികള്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്.
ഇസ്രയേലില്‍ മരണസംഖ്യ ഉയരുന്നു
ഇസ്രയേലിലെ മോശവ് അദാനിമിലുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഒരു വിദേശ തൊഴിലാളി കൊല്ലപ്പെട്ടു. ഇതോടെ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം 15 ആയി.
എണ്ണവില ഉയരുന്നു
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ആഗോള എണ്ണ വിപണിയെ ബാധിച്ചു. ബാരലിന് 110 ഡോളര്‍ എന്ന നിരക്കിലേക്ക് എണ്ണവില ഉയര്‍ന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.
ആഗോള സമ്പദ് വ്യവസ്ഥ തകരുന്നു
സംഘര്‍ഷം തുടരുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഇത് പലിശ നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനും ആസ്തി മൂല്യം ഇടിയുന്നതിനും കാരണമായേക്കാം.
ഫ്രാന്‍സിന്റെ ആഹ്വാനം
സിവിലിയന്‍ കേന്ദ്രങ്ങളെയും ജല-വൈദ്യുത വിതരണ സംവിധാനങ്ങളെയും ആക്രമിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആഹ്വാനം ചെയ്തു. അദ്ദേഹം ഖത്തര്‍ അമീറുമായും ട്രംപുമായും ഫോണില്‍ സംസാരിച്ചു.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.